Tuesday 19 March 2024




ബഹന്‍ജി ആജീവനാന്ത അധ്യക്ഷ

By SUBHALEKSHMI B R.29 May, 2018

imran-azhar

ഒടുവില്‍ ബിഎസ്പി നേതാവ് മായാവതി നയം വ്യക്തമാക്കി. കൊക്കില്‍ ജീവനുളളിടത്തോളം താന്‍ തന്നെയായിരിക്കും പാര്‍ട്ടിയുടെ അധ്യക്ഷ. ആ പദവി കിനാവു കണ്ട് ആരും വെളളമിറക്കേണ്ട. വെയിലും കൊളളണ്ട. ലക്നൌവില്‍ പാര്‍ട്ടി നേതാക്കളുടെ ദേശീയ സമ്മേളനത്തിലാണു സംഘടനാതല മാറ്റങ്ങള്‍ മായാവതി പ്രഖ്യാപിച്ചത്. പാര്‍ട്ടി ഭരണഘടനയിലും മായാവതി മാറ്റം വരുത്തി. ലക്നൌവില്‍ പാര്‍ട്ടി നേതാക്കളുടെ ദേശീയ സമ്മേളനത്തിലാണു സംഘടനാതല മാറ്റങ്ങള്‍ മായാവതി പ്രഖ്യാപിച്ചത്. താന്‍ ആജീവനാന്ത അധ്യക്ഷയായി തുടരുമെങ്കിലും തന്‍റെ അടുത്ത ബന്ധുക്കളൊന്നും മേലില്‍ പാര്‍ട്ടി പദവികള്‍ വഹിക്കില്ലെന്നും ബഹന്‍ജി പറഞ്ഞു. പറയുക മാത്രമല്ല ഇളയസഹോദരന്‍ ആനന്ദ് കുമാറിനെ പാര്‍ട്ടി ഉപാദ്ധ്യക്ഷ പദവിയില്‍ നിന്ന് നീക്കുകയും ചെയ്തു.

 

1984~ലാണ് കാന്‍ഷിറാം ബിഎസ്പി രൂപീകരിച്ചത്. പിന്നോക്കസമുദായക്കാര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍, മറ്റ് മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കായി ഒരു രാഷ്ട്രീയ കക്ഷിയെന്ന ലക്ഷ്യത്തോടെയായിരുന്നു രൂപീകരണം. 1984~ല്‍ തന്നെ മായാവതിയെയും തന്‍റെ പാര്‍ട്ടിയിലേക്ക് കാന്‍ഷിറാം കൈപിടിച്ചു കയറ്റി. ആ കൈപിടിച്ചു തന്നെ പാര്‍ട്ടിയില്‍ മായാവതി വളര്‍ന്നു. 1989~ല്‍ പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് യുപി മുഖ്യമന്ത്രിയായി. ഒന്നല്ല..നാലുതവണ. ഇടയ്ക്ക് കാന്‍ഷിറാം~മായാവതി ബന്ധത്തില്‍ ചെറിയൊരു ഉലച്ചില്‍ തട്ടിയെങ്കിലും പിന്നീട് ഒന്നിച്ചു. കാന്‍ഷിറാമിന് ശേഷം ആര് എന്ന ചോദ്യത്തിന് ബിഎസ്പിയില്‍ ഒരു ഉത്തരമേയുണ്ടായിരുന്നുളളു~ മായാവതി. ""സഹോദരി നിങ്ങള്‍ സധൈര്യം മുന്നോട്ടു പോകു, ഞങ്ങള്‍ ഒപ്പമുണ്ട്'' എന്നതായിരുന്നു മായാവതി പാര്‍ട്ടി അധ്യക്ഷയായപ്പോള്‍ അണികളുയര്‍ത്തിയ മുദ്രാവാക്യം.

ഇന്ത്യയിലെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രിയെന്ന ഖ്യാതിയും മായാവതിക്ക് സ്വന്തം. തികച്ചും ലളിതമായ സാഹചര്യങ്ങളില്‍ നിന്ന് യുപി രാഷ്ട്രീയത്തില്‍ മായാവതിയുടെ ഉദയത്തെ ജനാധിപത്യത്തിന്‍റെ അത്ഭുതം എന്നാണ് മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവു വിശേഷിപ്പിച്ചത്. പിന്നീട് പലപ്പോഴും ദേശീയ രാഷ്ട്രീയത്തിലും മായാവതി നിര്‍ണ്ണായക ഘടകമായി.

നിലവില്‍ ബിജെപിക്കെതിരായ ദേശീയ പ്രതിപക്ഷ കൂട്ടായ്മയില്‍ സജീവമാകാനൊരുങ്ങുകയാണ് മായാവതിയുടെ ബിഎസ്പി. ഇതിലേക്ക് ചുവടുവയ്ക്കുന്നതിന് മുന്നോടിയായാണ് പാര്‍ട്ടി ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയത്. പാര്‍ട്ടിയില്‍ തന്‍റെ അപ്രമാദിത്വം ഉറപ്പിക്കുകയാണ് ഇതിലൂടെ മായാവതി ചെയ്തത്. വരാനിരിക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനാണ് ബഹന്‍ജിയുടെ നീക്കം. ബിഎസ്പിയെ എങ്ങനെയും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നു. ഇതിന്‍റെ ഭാഗമായിരുന്നു കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന വേളയില്‍ നടത്തിയ സ്നേഹപ്രകടനം. എന്നാല്‍, പ്രകടനമൊക്കെ അവിടെ നില്‍ക്കട്ടെ അര്‍ഹിക്കുന്ന സീറ്റ് നല്‍കിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബഹന്‍ജി തുറന്നടിച്ചു കഴിഞ്ഞു. അല്ലറ ചില്ലറയൊന്നും കൊടുത്ത് കോണ്‍ഗ്രസിന് കുമാരി മായാവതിയെ കൂടെനിര്‍ത്താനാവില്ലെന്ന് സാരം. ഇനിയൊരിക്കല്‍ കൂടി യുപി മുഖ്യമന്ത്രി സ്ഥാനത്തോ ഏറെ സ്വപ്നം കണ്ട പ്രധാനമന്ത്രി പദത്തിലോ ആസനസ്ഥയാകാന്‍ പറ്റിയാലും ഇല്ലെങ്കിലും എന്തായാലും ചൈനയിലെ ഷി ജിന്‍പിങ്ങിനെ പോലെ മായാവതിയും മരിക്കും വരെ ബിഎസ്പി അധ്യക്ഷയായിരിക്കും