Monday 22 July 2019
മലയാളികളെക്കാത്ത് മരണദൂതന്മാര്‍

By SUBHALEKSHMI B R.10 May, 2018

imran-azhar

തമിഴ്നാട്ടില്‍ മലയാളി തീര്‍ത്ഥയാത്രാ സംഘങ്ങള്‍ സഞ്ചരിക്കുന്ന കാറുകളും ചെറുവാഹനങ്ങളും അപകടത്തില്‍പെടുന്നതും യാത്രക്കാരെല്ലാം മരിക്കുന്നതുമായ സംഭവങ്ങള്‍ ഈയടുത്തായി കൂടുതലാണ്. ആദ്യമൊക്കെ രാത്രിയാത്രയിലെ പതിവ് അപകടങ്ങളെന്ന് ഇവ എഴുതിത്തളളപ്പെട്ടു. എന്നാല്‍ , കഴിഞ്ഞ കുറേ നാളുകളായി ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്. തമിഴ്നാട്ടിലെ റോഡുകളില്‍ കേരള രജിസ്ട്രേഷന്‍ വാഹനങ്ങള്‍ പ്രത്യേകിച്ചും വേളാങ്കണ്ണി, പളനി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുളളവ അസമയത്തു അപകടത്തില്‍പെടുന്നതിനെ ചൊല്ലിയുളള സംശയം നേരത്തേ തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പഴനിയില്‍ മലയാളികുടുംബത്തിലെ എട്ടുപേരും മരിച്ച സാഹചര്യത്തില്‍ സംശയം വീണ്ടും ശക്തിപ്പെടുകയാണ്. തിരുട്ടുഗ്രാമങ്ങള്‍ക്കു സമീപമാണ് വാഹനാപകടത്തില്‍ മലയാളി തീര്‍ത്ഥാടകര്‍ കൊല്ലപ്പെടുന്നത്. മിക്കവാറും ഒരേ കുടുംബത്തിലുള്ളവരാണ് അപകടത്തിനിരയാകുന്നത്. അപകടമുണ്ടാക്കുന്നത് ലോറികളാണ്. വാഹനം തകര്‍ന്ന് തരിപ്പണമാകും. എന്നാല്‍ ഇവ കേവലം അപകടങ്ങളല്ല സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യാന്‍ ആസൂത്രിതമായി നടത്തുന്ന കൊലപാതകങ്ങളാണിവയെന്നാണ് ആരോപണം. ഒരു കുടുംബത്തിലെ എല്ലാവരും അപകടത്തില്‍ ജീവന്‍ വെടിയുന്നതോടെ അവരുടെ പക്കല്‍ എന്തുണ്ടായിരുന്നു അതെവിടെ പോയി എന്നതിനൊന്നും വ്യക്തതയുണ്ടാവില്ല. സംഭവമറിഞ്ഞെത്തുന്ന ബന്ധുക്കള്‍ സ്വാഭാവികമായും എത്രയും വേഗം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുക. മൃതദേഹങ്ങള്‍ നാട്ടിലെത്തുന്നതോടെ എല്ലാം കെട്ടണയുന്നു. ലോറി ഡ്രൈവര്‍മാര്‍ക്കെതിരായ നടപടിയെ കുറിച്ചൊന്നും ആരും തിരക്കാറില്ല.

 

തമിഴ്നാട് പൊലീസിന്‍റെ ഒത്താശയോടെ തിരുട്ടുഗ്രാമക്കാരാണ് ഇത്തരം അപകടക്കൊലകള്‍ക്ക് പിന്നിലെന്ന ആരോപണങ്ങള്‍ ശക്തമാണ്. തീര്‍ത്ഥാടനത്തിന് സ്വന്തം വാഹനങ്ങളില്‍ പോകുന്ന മലയാളികളെ കുറിച്ച് തിരുട്ട് സംഘത്തിന് വിവരം നല്‍കുന്നത് തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്ക് സമീപമുളള ഇടത്തരം ലോഡ്ജുകളിലെയും ഹോട്ടലുകളിലെയും റൂം ബോയ്, റിസപ്ഷന്‍ ജീവനക്കാര്‍ എന്നിവരാണെന്നാണ് വിവരം. മുറി വാടകയ്ക്കെടുക്കുന്നവര്‍ വന്ന വാഹനം, വാഹനത്തിന്‍റെ നന്പര്‍, അംഗസഖ്യ, ആഭരണങ്ങളുണ്ടോ എന്നിവയും അവരുടെ രീതിയില്‍ നിന്ന് മനസ്സിലാക്കിയ സാന്പത്തിക സ്ഥിതിയെക്കുറിച്ചുളള വിവരങ്ങളും തിരുട്ടുസംഘത്തിന് ഹോട്ടല്‍  ജീവനക്കാര്‍ കൈമാറുന്നു. ഒപ്പം അവര്‍ മുറിയൊഴിഞ്ഞ് യാത്ര തുടരുന്ന സമയവും നല്‍കുന്നു. ഇതോടെ, ഒരു ലോറിയും കാറിലുമായി കവര്‍ച്ചാസംഘം സുസജ്ജം. ഇരകളുടെ വാഹനത്തിന് പിന്നാലെ വച്ചുപിടിക്കുന്ന ഇവര്‍ വഴിയില്‍ വാഹനങ്ങള്‍ കുറഞ്ഞ സ്ഥലത്തെത്തുന്പോള്‍ ലോറി കൊണ്ടിടിക്കുകയും രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന കാറിലുളളവര്‍ ഇറങ്ങി പ്രാണനുവേണ്ടി പിടയുന്നവരുടെ ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുകയും ചെയ്യുന്നു.രക്ഷാപ്രവര്‍ത്തനത്തിനായി മറ്റേതെങ്കിലും വാഹനമെത്തിയാല്‍ തിരുട്ടുസംഘം വാഹനം നിര്‍ത്താതെ പോകും.  കവര്‍ച്ച നടത്തുന്നതിനിടയില്‍ ആര്‍ക്കെങ്കിലും ബോധമുളളതായി കണ്ടെത്തിയാല്‍ പൊലീസിനെ അറിയിക്കുന്നു. പൊലീസ് എത്തി  തീര്‍ത്ഥാടകരുടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ചു എന്ന് എഫ്.ഐ.ആര്‍ എഴുതി കേസ് തീര്‍ക്കുന്നു. ലോറി ഡ്രൈവര്‍ക്കെതിരെ കേസുമില്ല. അയാളെക്കുറിച്ച് ഒരു വിവരവും ആര്‍ക്കും ലഭിക്കുന്നുമില്ല. ഇത് ഒരു രീതി.  

 

 

 

മറ്റൊരു രീതി കവര്‍ച്ചക്കാര്‍ തന്നെ സാരഥിയാവുക എന്നതാണ്. തിരുവിതാംകൂര്‍ പ്രദേശത്തുനിന്നു വേളാങ്കണ്ണിയിലേക്കും മധുരയിലേക്കും തഞ്ചാവൂരിലേക്കുമൊക്കെ തീര്‍ത്ഥയാത്ര പോകുന്നവര്‍ കുമളി വഴി കന്പത്തെത്തിയാണു ടാക്സി വിളിക്കുക. മലയാളി തീര്‍ത്ഥാടകര്‍ , വിനോദസഞ്ചാരികള്‍ എന്നിവരെ കവര്‍ച്ചാസംഘങ്ങള്‍ ഒറ്റക്കാഴ്ചയില്‍ തിരിച്ചറിയും. ഉടന്‍ ടാക്സിഡ്രൈവര്‍മാരായി ഇവര്‍ അവതരിക്കും. സാധാരണ ടാക്സിക്കാര്‍ വലിയ തുക പറയുന്പോള്‍ ഇവര്‍ പരമാവധി കുറഞ്ഞ തുകയ്ക്ക് ഓട്ടം സമ്മതിക്കും. ആ സ്റ്റാന്‍ഡിലെ ടാക്സിക്കാര്‍ക്ക് ഇക്കാര്യമറിയാം. അവര്‍ക്കും പങ്കുലഭിക്കുമെന്നതിനാല്‍ അനങ്ങില്ല. രാത്രിയില്‍ യാത്രയ്ക്കിടെ അപകടം സംഭവിക്കും. തങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാത്തവിധം ഇവര്‍ യാത്രക്കാരെ അപകടപ്പെടുത്തും. ഈ കാറിനു പിന്നാലെയെത്തുന്ന സംഘാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തകരെന്ന വ്യാജേന പണവും സ്വര്‍ണ്ണവും വിലപിടിച്ച മറ്റ് വസ്തുക്കളും കവരും. ചില സന്ദര്‍ഭങ്ങളില്‍ തിരുട്ടു ഡ്രൈവര്‍ തന്നെയാണ് അപകടത്തില്‍പെട്ട യാത്രക്കാരുടെ പണവും സ്വര്‍ണവും കവരുക. രണ്ടുവര്‍ഷം മുന്പാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അശോകനും കുടുംബവും തിരുച്ചിറപ്പള്ളിയില്‍ അപകടത്തില്‍ മരിച്ച സംഭവത്തോടെയാണ് ഇത്തരത്തിലുളള കവര്‍ച്ചയെ പറ്റി സൂചനകള്‍ ലഭിച്ചത്. വണ്ടിപ്പെരിയാറില്‍നിന്നു ഭാര്യയും മക്കളും മറ്റു ബന്ധുക്കളുമായാണ് അശോകന്‍ വേളാങ്കണ്ണിക്കു തിരിച്ചത്. കന്പത്തുനിന്നുളള ടാക്സിയിലായിരുന്നു യാത്ര. തിരുച്ചിറപ്പള്ളിയില്‍വച്ചു കാറില്‍ ലോറിയിടിച്ചു. അശോകനും ഭാര്യയും തല്‍ക്ഷണം മരിച്ചു. ഡ്രൈവര്‍ക്കു കാര്യമായ പരുക്കുണ്ടായില്ള. അശോകന്‍െറ അച്ഛന്‍ ദാസയ്യ ഗുരുതരമായ പരുക്കേറ്റ് രണ്ടാം ദിവസം ആശുപത്രിയില്‍ മരിച്ചു. അപകടത്തിനു തൊട്ടുപിന്നാലെ അശോകന്‍െറ ഭാര്യയുടെ മുഴുവന്‍ ആഭരണവും ഡ്രൈവര്‍ ഊരിയെടുക്കുന്നതു കണ്ടെന്ന് ദാസയ്യ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ടാക്സി ഡ്രൈവര്‍ കന്പം ഗൂഡലൂര്‍ സ്വദേശി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠന്‍റെ മൊഴിയില്‍ നിന്നാണ് മലയാളി തീര്‍ത്ഥാടകരുടെ അപകമരണങ്ങള്‍ ആസൂത്രിതമായ അപകട കൊലപാതകങ്ങളാണെന്ന സൂചന ലഭിച്ചത്. എന്നാല്‍, ഈ കേസ് പിന്നീട് കാര്യക്ഷമമായി അന്വേഷിക്കപ്പെട്ടില്ല. ഇത്തരം മിക്ക അപകടങ്ങളിലും തമിഴ്നാട് പൊലീസിന്‍റെ ഒത്താശയുണ്ടെന്നാണ് വിവരം. തിരുട്ടുസംഘങ്ങള്‍ അവര്‍ക്ക് പങ്കു നല്‍കുന്നുണ്ടെന്നാണ് ആരോപണം. സൂചനകളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 


ഇവയെല്ലാം മുഖവിലയ്ക്കെടുക്കേണ്ടതില്ലെങ്കിലും സംശയനിവര്‍ത്തി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്പോള്‍ പ്രത്യേകിച്ചും. ഇക്കഴിഞ്ഞ ജനുവരി 30~നാണ് മലയാളി ഡോക്ടറും കുടുംബവും തമിഴ്നാട് കര്‍ണ്ണാടക അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഏപ്രിലില്‍ ഉണ്ടായ അപകടത്തിലും മലയാളി കുടുംബം മരിച്ചു. ഈ സാഹചര്യത്തില്‍ സ്ഥിരം അപകടങ്ങളൊഴിവാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതുപോലെ രാത്രി യാത്ര ഒഴിവാക്കാന്‍ മലയാളികള്‍ ശ്രദ്ധിക്കണം. ടാക്സികള്‍ വിളിക്കുന്പോഴും ലോഡ്ജുകള്‍ തിരഞ്ഞെടുക്കുന്പോഴും ശ്രദ്ധിക്കണം.