Monday 12 November 2018


എന്‍.സി.പിയിലെ ഗണപതി- മുരുകന്‍ കളി പീതാംബര്‍ജി തിയറി ഓഫ് പൊളിറ്റിക്‌സ്.

By ആനന്ദവികടന്‍.15 Nov, 2017

imran-azhar
 
എന്‍.സി.പി എന്ന ശരശയ്യയിലെ ഭീഷ്മപിതാമഹന്‍ ശ്രീ പീതാംബര്‍ജി സാക്ഷാല്‍ ശ്രീ പരമേശ്വര അവതാരമാണെന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. നാള്‍ക്ക് നാള്‍ കഴിയുംതോറും അണികള്‍ക്ക് അത് കൂടുതല്‍ ബോധ്യപ്പെട്ട് വരികയുമാണ്. അല്ലെങ്കില്‍ പുരാണങ്ങളില്‍ പ്രസിദ്ധമായ ഈ കളി ഈ അവസരത്തില്‍ കളിച്ച് കളയുമായിരുന്നോ നമ്മുടെ പീതാംബര്‍ജി ? കണ്ടാല്‍ ആരും അത്രയൊന്നും കാര്യമാക്കാത്ത ഈ മനുഷ്യന്‍ ഇത്രയും ബുദ്ധിയുണ്ടെന്ന് കരുതുന്നതെങ്ങനെ. പണ്ട് നാരദമുനിക്ക് ശ്രീ പരമേശ്വരന്റെ കുടുംബജീവിതം സ്വസ്ഥമായി പോകുന്നതില്‍ അല്‍പ്പം അസ്വസ്ഥതത തോന്നി. നാരദനല്ലെ ആള്‍. ഒരു ചെറിയ വിദ്യ പ്രയോഗിച്ച് ആ ആനന്ദകരമായ കുടുംബത്തില്‍ ഒരു പ്രശ്‌നമുണ്ടാക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പുള്ളി ഒരു കൈയ്യില്‍ വീണയും മറുകൈയ്യില്‍ മാമ്പഴവുമായി കൈലാസത്തിലെത്തി. നോക്കിയപ്പോള്‍ പാര്‍വ്വതീസമേതനായി ഭഗവാന്‍ അവിടെയുണ്ട്. ഒപ്പം മക്കള്‍ ഗണപതിയും മുരുകന്‍ പാര്‍ശ്വങ്ങളിലും നില്‍ക്കുന്നു. മുനിയുടെ വരവ് കണ്ടപ്പോഴേ മഹാദേവന് കാര്യം പിടികിട്ടി. എന്തോ വിദ്യ ഒപ്പിക്കാനുള്ള പുറപ്പാടെണെന്നും പിടികിട്ടി. എങ്കിലും മഹാദേവന്‍ ലോഹ്യഭാവത്തില്‍ കാര്യം തിരക്കി. 
 
 
അപ്പോള്‍ നാരദന്‍ വിദ്യയെടുത്തു. ഒരു ജ്ഞാനപ്പഴമുണ്ട്. ഞാന്‍ അത് അങ്ങേയ്ക്ക് സമ്മാനിക്കുന്നു. താങ്കളുടെ ഇഷ്ടപുത്രന് അത് നല്‍കിയാലും. അപ്പോള്‍ തന്നെ സംഗതി മഹാദേവനും പിടികിട്ടി. അന്തഃചിദ്രമാണ് ഉദ്ദേശം. എന്തായാലും മക്കളില്‍ മിടുക്കനും ബുദ്ധിമാനും ആരെന്ന് അറിയണമല്ലോ. മഹാദേവന്‍ മക്കളോട് പറഞ്ഞു. ആദ്യം ലോകം ചുറ്റി വരുന്നവര്‍ക്ക് പഴം തരും. കാണട്ടെ മക്കളുടെ മിടുക്ക്. അത് കേട്ടപാതി കേള്‍ക്കാത്ത പാതി മുരുകന്‍ മയില്‍വാഹനമെടുത്ത് ലോകം ചുറ്റാന്‍ പോയെന്നും ബുദ്ധിമാനായ ഗണപതി മാതാപിതാക്കളെ ചുറ്റി നിങ്ങള്‍ തന്നെയാണ് എന്റെ ലോകമെന്ന് വിശദീകരിച്ച് വിജയിയായി പഴം കരസ്ഥമാക്കിയെന്നുമാണ് കഥ. ലോകം ചുറ്റി വന്ന മുരുകന്‍ ക്ഷുഭിതനായപ്പോള്‍ ബുദ്ധിമതിയായ പാര്‍വ്വതി ദേവി നീ തന്നെയാണ് മകനെ ഞങ്ങളുടേയും ലോകത്തിന്റേയും ജ്ഞാനപ്പഴം എന്ന് പറഞ്ഞ് സന്തോഷിപ്പിച്ചുവെന്നുമാണ് കഥ. 
 
 
ആ കഥയെന്തായാലും പീതാംബര്‍ജിയുടെ പുതിയ മന്ത്രിപ്പഴമത്സരം എന്താകും എന്നതാണ് ചോദ്യം. രണ്ടുമക്കളും കുറ്റക്കാര്‍ എന്ന് പീതാംബര്‍ജി സമ്മതിക്കുന്നു. ആദ്യം നീതി ദേവതയെ വലം വച്ച് പാപക്കറ ഡിറ്റര്‍ജന്റ് ഇട്ട് അലക്കി കഴുകി കളഞ്ഞുവരുന്നയാള്‍ക്ക് സ്റ്റിയറിംഗ് നല്‍കും. പവാര്‍ എന്ന ലോകത്തെ ചുറ്റി ചാണ്ടി വരുമോ, എന്‍.സി.പി കേരളഘടകം എന്ന ചെറിയ ലോകത്തെ ചുറ്റി ശശീന്ദ്രന്‍ വരുമോ എന്നതാണ് ചോദ്യം. അതെങ്ങനെയായാലും അതിലൊരാള്‍ ജയിച്ചാല്‍ മറ്റേ ആളോട് പറയാനുള്ള ഡയലോഗ് ഇപ്പോഴേ ബുദ്ധിമാനായ പീതാംബര്‍ജി റെഡിയാക്കിയിട്ടുണ്ട്. ''നീയാണടോ യഥാര്‍ത്ഥത്തില്‍ മന്ത്രിയാകേണ്ടവന്‍. ജനകോടികളുടെ മനസിലും സാക്ഷാല്‍ എന്റെ മനസിലും എന്തിനേറെ മുംബൈയിലെ നാരദര്‍ജിയുടെ മനസിലും നീ മാത്രമാണടാ മോനേ, എന്തു ചെയ്യാം നമ്മുടെ മത്സരകണ്ടീഷന്‍ മാറ്റാന്‍ പറ്റില്ലല്ലോ''. എന്നിട്ട് ഏങ്ങിയേങ്ങിക്കരഞ്ഞുകൊണ്ട് പഞ്ചാബിഹൗസ് എന്ന സിനിമയില്‍ ദിലീപിനെ സര്‍ദാര്‍ജിക്ക് ഏല്‍പ്പിച്ച് മടങ്ങുന്ന കൊച്ചിന്‍ ഹനീഫയെ പോലെ നടന്ന് ഒറ്റപ്പോക്ക്. അതോടെ സംഗതി ക്ലീന്‍.
 
 
ശശിയോ ചാണ്ടിയോ ഒടുവില്‍ ആരു ശശിയാലും പീതാംബര്‍ജിക്ക് നോ പ്രോബ്‌ളം. വലിയ വലിയ പാര്‍ട്ടികള്‍ ഈ സ്റ്റൈല്‍ കണ്ടു പഠിക്കണം എന്നേ പറയാനുള്ളു. യു.ഡി.എഫിനാകും ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ പീതാംബര്‍ജിയുടെ തിയറി വലിയ ഗുണം ചെയ്യുക. കാരണം സരിതയും സോളാറും ആഞ്ഞ് കത്തി നില്‍ക്കുകയല്ലേ. ആദ്യം കേസില്‍ നിന്ന് രക്ഷപ്പെടുന്നയാള്‍ക്ക് നിയമസഭാടിക്കറ്റ്. ബലാത്സംഗക്കേസില്‍ നിന്ന് ആദ്യം രക്ഷ നേടുന്നയാള്‍ക്ക് മന്ത്രിസ്ഥാനം എന്നിങ്ങനെ സ്‌ക്കോപ്പുകള്‍ നിരവധിയാണ്. ചുരുക്കത്തില്‍ കേരളരാഷ്ട്രീയത്തിലെ ഏറ്റവും വിലയേറിയ തിയറി അവതരിപ്പിച്ച പീതാംബര്‍ജിക്ക് ലൈഫ്‌ടൈം- അച്ചീവ്‌മെന്റ് അവാര്‍ഡ് ഇപ്പോള്‍ കൊടുക്കാന്‍ ഏതെങ്കിലും രാഷ്ട്രീയ നിരീക്ഷകസംഘടനകള്‍ തയ്യാറാകണമെന്നേ അപേക്ഷയുള്ളു. ഇനിയിപ്പോള്‍ ചാണ്ടി - ശശീന്ദ്രന്‍ മത്സരം തുടങ്ങട്ടെ. അതുവരെ പീതാംബര്‍ജിക്ക് സുഖം പരമസുഖം.