Monday 22 July 2019
നെതന്യാഹുവിന്‍റെ നാടകം പൊളിഞ്ഞു

By SUBHALEKSHMI B R.05 May, 2018

imran-azhar

വന്‍ ഭാവഹാവാദികളോടെ അവതരിപ്പിച്ച ഒരു നാടകം ചീറ്റിപ്പോയതിന്‍റെ സങ്കടത്തിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. 2015~ല്‍ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി ഒപ്പിട്ട കരാര്‍ തങ്ങളുടെ ചിരവൈരികളായ ഇറാന്‍ അന്പേ ലംഘിച്ചുവെന്ന ആരോപണം തുടര്‍ച്ചയായി ഉന്നയിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി വളരെ നാടകീയമായാണ് ഇറാനെതിരായ തെളിവുകള്‍ നിരത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് ടെലിവിഷന്‍ പ്രസംഗത്തിനിടെ തങ്ങളുടെ ചാരസംഘടനയായ ‘മൊസാദ്' അതിസാഹസികമായി കട്ടെടുത്ത രേഖകളുടെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു വെളിപ്പെടുത്തല്‍. ഇപ്പോഴും തുടരുന്ന ഇറാന്‍റെ ആണവപദ്ധതി സംബന്ധിച്ച് അന്‍പതിനായിരത്തിലധികം രഹസ്യരേഖകളും 180 സിഡികളും കയ്യിലുണ്ടെന്നും നെതന്യാഹു പറഞ്ഞു. ""2015ല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ആണവക്കരാറില്‍ ഏര്‍പ്പെടുന്നതിനു വേണ്ടി, തങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് ഇറാന്‍ പറഞ്ഞു, എന്നാല്‍ അതു കള്ളമാണെന്നു തെളിയിക്കുന്ന രേഖകളാണ് എന്‍റെ കയ്യിലുള്ളത്. ആണവായുധം വികസിപ്പിക്കാന്‍ വേണ്ടി ഇറാന്‍ രൂപീകരിച്ച ‘പ്രോജക്ട് അമദ' എന്ന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും രേഖകളിലുണ്ട്'' ~നെതന്യാഹു പറഞ്ഞു. 2017 ലാണ് ടെഹ്റാനിലെ അതീവ സുരക്ഷിതസ്ഥലത്തേക്കു ഒരു ലക്ഷത്തില്‍ പരം രഹസ്യരേഖകള്‍ മാറ്റിയതെന്നും ലോകശ്രദ്ധതിരിക്കാന്‍ ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടമാണ് ഇതിനായി തിരഞ്ഞെടുത്തതെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ അമിട്ടെന്നു കരുതി നെതന്യാഹു പൊട്ടിച്ചത് കത്താത്ത ഓലപ്പടക്കമായിരുന്നു. ട്രംപില്‍ നിന്നുയര്‍ന്ന പതിവ് സീല്‍ക്കാരമൊഴിച്ചാല്‍ മറ്റ് രാജ്യങ്ങളെയൊന്നും ഈ വെളിപ്പെടുത്തല്‍ ഞെട്ടിച്ചില്ല. മറിച്ച് ഈ രേഖകളെല്ലാം ഇറാന്‍~യുഎസ് ആണവകരാറിന്‍റെ സമയത്തുതന്നെ പുറത്തുവന്നവയാണെന്നും നിലവില്‍ ഇറാന്‍ ആണവ പരീക്ഷണമൊന്നും നടത്തുന്നില്ലെന്നുമാണ് രാജ്യാന്തര വിദഗ്ദ്ധര്‍ പ്രതികരിച്ചത്. യൂറോപ്യന്‍ യൂണിയനും ഇത് അംഗീകരിക്കുന്നു. എന്നാല്‍ ഇറാനുമായുളള കരാറില്‍ നിന്ന് പിന്നോക്കം പോകാന്‍ കാരണം തേടി നടക്കുന്ന ട്രംപ് മാത്രം ഇസ്രായേലിനെ പിന്താങ്ങി. ഇറാനെ കുറിച്ച് താന്‍ പറഞ്ഞതെല്ലാം നൂറുശതമാനം സത്യമാണെന്ന് തെളിഞ്ഞില്ലേയെന്നാണ് ട്രംപ് ചോദിക്കുന്നത്.

 

 

ഒബാമ പ്രസിഡന്‍റായിരിക്കെയാണ് യു.എസ്~ഇറാന്‍ ബന്ധം ഊഷ്മളമായതും ആണവകരാര്‍ ഒപ്പിട്ടതും. എന്നാല്‍, കരാറിനെ തുടക്കംമുതലേ റിപ്പബ്ളിക്കന്‍ പാര്‍ട്ടി എതിര്‍ത്തിരുന്നു. ഇറാന്‍െറ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ പ്രതിരോധിക്കാനും യെമനിലെയും സിറിയയിലെയും ഇടപെടലുകളെ ചെറുക്കാനുമുളള യാതൊന്നും കരാറില്‍ ഇല്ളെന്നാണ് റിപ്പബ്ളിക്കന്‍ നിലപാട്. ട്രംപ് പ്രസിഡന്‍റായത് മുതല്‍ ഇറാന്‍റെ മേല്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കങ്ങള്‍ സജീവമാകുകയും ചെയ്തു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്ന ഭ്രാന്തന്‍ കരാറെന്നാണ് ആണവകരാറിനെ ട്രംപ് വിശേഷിപ്പിച്ചത്. കരാറുമായി ബന്ധപ്പെട്ടു നല്‍കിയ ഉറപ്പുകളില്‍നിന്നു പിന്മാറുന്നതായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല, കരാര്‍ നിലനില്‍ക്കണമെങ്കില്‍ പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു. ആണവ പദ്ധതികള്‍ പുനരാരംഭിക്കാനാണ് ഇറാന്‍റെ നീക്കമെങ്കില്‍ ഇന്നേവരെ വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സികളുടെ കൈവശമുള്ള, ദശകങ്ങളോളം പഴക്കമുള്ള വിവരങ്ങളെ സ്ഥിരീകരിക്കുന്നവയാണ് നെതന്യാഹു ഇപ്പോള്‍ പുറത്തുവിട്ട രേഖകളെന്നാണ് സിഐഎ മുന്‍ ഡയറക്ടര്‍ മൈക്കിള്‍ ഹെയ്ഡെന്‍റെ നിലപാട്. 2003~ല്‍ ഇറാന്‍ ആണവ പരീക്ഷണം നിര്‍ത്തിയതായി യുഎസിനു തെളിവു ലഭിച്ചിട്ടുണ്ടെന്നും ഹെയ്ഡന്‍ പറഞ്ഞു.കരാര്‍ ലംഘിക്കുന്ന ഒരു കാര്യവും ഇറാന്‍ നടത്തിയതായി വ്യക്തമായിട്ടില്ളെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയും വ്യക്തമാക്കി.

 

 

 

ഇറാന്‍ ആണവായുധ നിയന്ത്രണ കരാര്‍ ഒപ്പിട്ടതുമുതല്‍ അമേരിക്കയെയും ഇറാനെയും തമ്മില്‍ തെറ്റിക്കാനുളള ഇസ്രായേല്‍ ശ്രമങ്ങളും ശക്തമാണ്. കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് യുഎസ് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കിയിരുന്നു. ഇതോടെ എണ്ണ വിപണിയിലേക്കും രാജ്യാന്തര വാണിജ്യരംഗത്തേക്കും ഇറാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് രാജ്യത്തെ സാന്പത്തികമായി ശക്തിപ്പെടുത്തുവാനും തുടങ്ങി. ഇതു തന്നെയാണ് ഇസ്രായേലിനെ ചൊടിപ്പിച്ചതെന്നാണ് രാജ്യാന്തര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഷിയ മുസ്ളിങ്ങളുടെ രാജ്യമായ ഇറാന്‍ സാന്പത്തികമായി ഉയര്‍ന്നാല്‍ സിറിയയിലെയും ഇറാഖിലെയും മറ്റും തീവ്രവാദികള്‍ക്ക് സാന്പത്തികസഹായം വര്‍ദ്ധിക്കുമെന്നാണ് ഇസ്രായേലിന്‍റെ ആശങ്ക. അതുകൊണ്ടു തന്നെ എങ്ങനെയും യു.എസിനെ ചൊടിപ്പിച്ച് ഉപരോധങ്ങള്‍ പുനസ്ഥാപിക്കാനും സിറിയ മോഡല്‍ ആക്രമണത്തിലേക്ക് കൊണ്ടെത്തിക്കുകയുമാണ് ഇസ്രായേല്‍ ശ്രമമെന്നും ഒരു പക്ഷമുണ്ട്. എന്നാല്‍, സിറിയന്‍ ആക്രമണത്തില്‍ യു.എസിനെ പിന്തുണച്ചവര്‍ ഇറാന്‍ വിഷയത്തില്‍ കൂടെയില്ല എന്നതാണ് സത്യം. യൂറോപ്യന്‍ യൂണിയന്‍ പൊതുവെ ഇക്കാര്യത്തില്‍ ഇറാനൊപ്പമാണ്. ഫ്രാന്‍സ് യുഎസ് നിലപാടിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയെങ്കിലും 2015~ലെ കരാര്‍ തുടരണമെന്ന ആവശ്യം അമേരിക്കയ്ക്ക് മുന്നില്‍ വച്ചുകഴിഞ്ഞു. എന്നാല്‍ പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് ട്രംപ്. ഈ ആവശ്യത്തെ ഇറാന്‍ മാത്രമല്ല, റഷ്യയും യൂറോപ്യന്‍ യൂണിയനും തള്ളിക്കളഞ്ഞു. നിലവിലെ കരാറിന് ഒരു കുഴപ്പവുമില്ലെന്നും അതു തുടരുന്ന കാര്യം ഉറപ്പാക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് അപ്പോള്‍ നോക്കാമെന്നും യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രവിഭാഗം മേധാവി ഫെഡറിക്ക മൊഗെരീനി കൂട്ടിച്ചേര്‍ത്തു. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് 2015~ലെ കരാര്‍ സാധ്യമായതെന്നും ആ നടപടിക്രമങ്ങളെല്ളാം ഇനിയും ആവര്‍ത്തിക്കാന്‍ പറ്റുമോയെന്നുളളത് സംശയമാണെന്നും റഷ്യ വ്യക്തമാക്കി. 2015ലെ കരാറില്‍ ഒരു ഭേദഗതിയും അംഗീകരിക്കില്ളെന്നാണ് ഇറാന്‍റെ നിലപാട്. മേഖലയുടെ സുരക്ഷ സംബന്ധിച്ച് ചര്‍ച്ചയ്ക്കു തയ്യാറാകണമെന്നും ഗള്‍ഫ് രാജ്യങ്ങളോട് ഇറാന്‍ ആവശ്യപ്പെട്ടു. വന്‍ യുദ്ധങ്ങള്‍ക്കു കാരണമാകുന്ന ""ആധിപത്യപരമായ മിഥ്യാബോധ'ങ്ങളാല്‍ നയിക്കപ്പെടുന്നവരില്‍ നിന്നു മാറി നില്‍ക്കേണ്ട സമയമായി. ഇതിന് ഐക്യരാഷ്ട്ര സംഘടനയും മുന്‍കയ്യെടുക്കണം. കലുഷിതമാകുന്ന മധ്യപൌരസ്ത്യ ദേശത്തെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മേഖലയിലെ വിവിധ രാജ്യങ്ങള്‍ ചേര്‍ന്ന ചര്‍ച്ചാഫോറം രൂപീകരിക്കണം''~ യുഎന്‍ ചര്‍ച്ചയില്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരിഫിന്‍റെ ആവശ്യമിതായിരുന്നു. പോര്‍വിളി തുടരുന്നു
ഇറാനെയും ആണവകരാറിനെയും ചൊല്ലി ലോകം രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. ഒപ്പം ഇറാന്‍ ~ഇസ്രായേല്‍ പോര്‍വിളി തുടരുകയുമാണ്. യുഎസില്‍നിന്ന് എത്ര സഹായം ലഭിച്ചാലും അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇസ്രയേല്‍ ഇല്ലാതാകുമെന്നും ഇനിയൊരു യുദ്ധമുണ്ടായാല്‍ ഇസ്രയേലിന്‍റെ ഉന്മൂലനമാണു സംഭവിക്കുയെന്നും ഇറാനിയന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ സലാമി ഭീഷണിമുഴക്കി. എന്നാല്‍ തങ്ങളുടെ പോരാളികളും സുരക്ഷാവിഭാഗങ്ങളും ഏതു പ്രശ്നവും നേരിടാന്‍ സജ്ജരാണെന്നും ഇസ്രായേലിനെ തകര്‍ക്കാന്‍ നോക്കുന്ന ആര്‍ക്കെതിരെയും പോരാടാന്‍ തയ്യാറാണെന്നും നെതന്യാഹു തിരിച്ചടിച്ചു. തൊട്ടുപിന്നാലെ പ്രകോപനപരമായ പ്രസംഗവുമായി ഇറാന്‍ സൈന്യത്തിന്‍റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ അബ്ദുല്‍റഹിം മൌസാവിയെത്തി. കടലിലേക്കല്ളാതെ മറ്റൊരിടത്തേക്കും ഇസ്രയേലിനു പോകാന്‍ കഴിയാത്ത തരത്തില്‍ അവരെ തുരത്തുമെന്നാണ് മൌസാവി പറഞ്ഞത്.ആണവ കരാറില്‍നിന്നു പിന്മാറി ഏതെങ്കിലും രാജ്യം ഇറാനെ ചതിച്ചാല്‍ കഠിനമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയും വ്യക്തമാക്കി. ഇതോടെ മറ്റൊരു യുദ്ധസമാന അന്തരീക്ഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്.