Saturday 22 September 2018



അടുത്ത പ്രധാനമന്ത്രി ആര്‍ജി

By SUBHALEKSHMI B R.07 Feb, 2018

imran-azhar

 ഗുജറാത്ത് നല്‍കിയ ആത്മവിശ്വാസവും രാജസ്ഥാനിലെ വിജയവും രാഹുല്‍ബ്രിഗേഡിനെ ഊര്‍ജ്ജിതമാക്കിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിലെ സാധ്യത മനസ്സിലാക്കിയ രാഹുല്‍ ബ്രിഗേഡ് പുതിയൊരു പ്രചാരണതന്ത്രത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്. രാഹുലിനെ പ്രധാനമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടുളള പ്രചാരണതന്ത്രത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ‘രാഹുല്‍ ഗാന്ധി അസ് നെക്സ്റ്റ് പിഎം ഒഫ് ഇന്ത്യ', ‘ആര്‍ജി നെക്സ്റ്റ് പിഎം ഒഫ് ഇന്ത്യ', ‘ നെക്സ്റ്റ് പിഎം ആര്‍ജി'...... എന്നിങ്ങനെയാണ് പ്രചാരണം. സോഷല്‍മീഡിയയില്‍ വിവിധ പേജുകളുമായി സജീവമായ കോണ്‍ഗ്രസ് വൊളന്‍റയര്‍മാരാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ജനങ്ങളുടെ പ്രതികരണം അറിയാനാണിതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

 

രാഹുലിനെ അടുത്ത പ്രധാനമന്ത്രിയായി അവതരിപ്പിച്ച് അനുകൂലജനവികാരം വളര്‍ത്തിയെടുക്കുകയും കൂടാതെ ജനങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്തെന്ന് അറിയുകയുമാണ് ഈ പ്രചാരണത്തിന്‍റെ ലക്ഷ്യം. നേരത്തേ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ അമിത്ഷായും സംഘവും ഇതിന് സമാനമായ രീതിയാണ് അവലംബിച്ചത്. മോദിയെ ഒരു ബ്രാന്‍ഡ്നെയിമായി ഇന്ത്യയിലാകമാനം പ്രചരിപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ബിജെപിയില്‍ അഥവാ എന്‍ഡിഎയില്‍ മോദിയെക്കാള്‍ സാധ്യതയുളളമറ്റൊരാളില്ല എന്ന തരത്തിലായിരുന്നു പ്രചാരണം. നമോയും ചായയ്ക്കൊപ്പം ചര്‍ച്ചയുമൊക്കെ ഇതിന്‍റെ ഭാഗമായിരുന്നു. ഇതിന് പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തിലുളള വിദഗ്ദ്ധസംഘവും നിയോഗിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ രാഹുലിന് വേണ്ടിയും ഒരു ഹൈടെക് ടീം സജീവമാണെന്നത് പരസ്യമായ രഹസ്യമാണ്. ത്രിപുര, കര്‍ണ്ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കുന്പോഴും രാഹുലിനെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനുളള നിലമൊരുക്കല്‍ നടക്കുകയാണ്.

 

 

രാഹുല്‍ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഒരു വര്‍ഷം കൂടിയെന്ന ഹാഷ് ടാഗും ഉപയോഗിക്കുന്നുണ്ട്. മോദിക്ക് കേവലം ഒരു വര്‍ഷമെന്നതും പ്രധാനമന്ത്രിപദത്തിലേക്ക് തനിക്ക് കേവലം ഒരു വര്‍ഷത്തിന്‍റെ ദൂരമെന്നതുമാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. ബെര്‍ക്ക്ലിയില്‍ ഉയിര്‍ത്തെഴുന്നേറ്റ രാഹുല്‍ എന്തായാലും മുന്നോട്ടാണ്....പിന്തുണയുമായി ബ്രിഗേഡും. ഹാഷ്ടാഗ് ജനം സ്വീകരിക്കുമോ എന്നത് 2019~ല്‍ അറിയാം.