Monday 25 March 2019


നീരവ് മോഡി~വലയില്‍ കുടുങ്ങിയ നീരാളി

By SUBHALEKSHMI B R.16 Feb, 2018

imran-azhar


നീരവ് മോഡി എന്ന വന്‍കിട വജ്രവ്യാപാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്; ഒപ്പം ഒരു വന്‍ തട്ടിപ്പിന്‍റെ കഥയും. വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്‍റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൌകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്) രേഖകള്‍ ഉപയോഗിച്ച് 11,346 കോടി രൂപയാണ് നീരവും കുടുംബാംഗങ്ങളും ബിസിനസ് പങ്കാളികളും ചേര്‍ന്ന് തട്ടിയിരിക്കുന്നത്. ഈ തട്ടിപ്പിന്‍റെ നീരാളിക്കുരുക്കില്‍പ്പെട്ട് പിടയുകയാണ് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). പിഎന്‍ബിയുടെ കഴിഞ്ഞ സാന്പത്തികവര്‍ഷത്തെ അറ്റാദായമായ 1325 കോടി രൂപയുടെ 8.5 മടങ്ങാണ് ഈ തുക. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പുകളില്‍ ഒന്നാണിതെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

 

മഞ്ഞുമലയുടെ അഗ്രമെന്നപോലെ 280 കോടിയുടെ തട്ടിപ്പാണ് ആദ്യം വെളിയില്‍വന്നത്. ലോകമെന്പാടും വ്യാപിച്ചുകിടക്കുന്ന നീരവിന്‍റെ ഫയര്‍സ്റ്റാര്‍ ഡയമണ്ട്സ് ഇന്‍റര്‍നാഷണലിന് ന്യൂയോര്‍ക്ക്, ലണ്ടന്‍, ബെയ്ജിങ്, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നിങ്ങനെ ലോകത്താകമാനം 16 വന്‍കിട നഗരങ്ങളില്‍ ശാഖകളുണ്ട്.ഇതില്‍ ഹോങ്കോങ് ശാഖയുമായി ബന്ധപ്പെട്ടാണു യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അല്ളഹാബാദ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ വായ്പനല്‍കിയത്. ഈ ബാങ്കുകളുടെ വായ്പ പിഎന്‍ബി അംഗീകരിക്കാതെ വന്നതോടെയാണു തട്ടിപ്പ് പുറത്തായത്. ഇതെ തുടര്‍ന്ന് നീരവ് മോഡി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍ മോഡി, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്സി എന്നിവര്‍ ബാങ്കിനെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയതായി പിഎന്‍ബി പരാതി നല്‍കി. ബാങ്ക് ജീവനക്കാരായ ഗോകുല്‍നാഥ് ഷെട്ടി, മനോജ് ഹനുമന്ത് എന്നിവരുടെ പേരിലും ബാങ്ക് പരാതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് കേസ് സിബിഐ ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് പിഎന്‍ബി നടത്തിയ വിശദ പരിശോധനയിലാണ് 11,346 കോടിയുടെ ക്രമക്കേടുകള്‍ പുറത്തായത്. 2011 മുതല്‍ തട്ടിപ്പ് തുടരുകയാണെന്നാണ് വിവരം. 2010 മുതല്‍ നീരവ് മോദിയും കുടുംബവും വ്യവസായ പങ്കാളികളും എല്‍ഒയു ഉപയോഗിച്ചു മറ്റു ബാങ്കുകളില്‍ നിന്നു വായ്പകള്‍ എടുക്കുകയും അവ കൃത്യമായി അടച്ചുതീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരി അവസാനത്തോടെ വായ്പ അടയ്ക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്നു സാന്പത്തിക തിരിമറി പുറത്തുവരികയായിരുന്നു.

പിഎന്‍ബിയുടെ മുംബൈ ബ്രാഡി ഹൌസ് ശാഖ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. നീരവ് മോഡിയും കുടുംബാംഗങ്ങളും ചിനുഭായിയും പങ്കാളികളായി നടത്തുന്ന ഡയമണ്ട് ആര്‍യുഎസ്, സോളാര്‍ എക്സ്പോര്‍ട്ട്സ്, സ്റ്റെല്ളാര്‍ ഡയമണ്ട് എന്നീ സ്ഥാപനങ്ങളാല്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പിഎന്‍ബി ശാഖയില്‍ നിന്ന് നല്‍കപ്പെട്ട ലെറ്റര്‍ ഓഫ് കംഫര്‍ട്ട് രേഖകള്‍ ഉപയോഗിച്ച് മറ്റുബാങ്കുകളില്‍ നിന്ന് വായ്പ സംഘടിപ്പിക്കുകയും അത് പിഎന്‍ബിയുടെ വിദേശഅക്കൌണ്ടിലേക്കും (നോസ്ട്ര അക്കൌണ്ട്) പിന്നിട് ചില വിദേശഅക്കൌണ്ടുകളിലേക്കും മാറ്റുകയായിരുന്നു. കൃത്രിമ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശത്തെ ചില അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തത്. പിന്നീട് ഈ അക്കൌണ്ടുകളില്‍ നിന്ന് നീരവും സംഘവും വന്‍തോതില്‍ പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടക്കാതെ വന്നതോടെ വന്‍ബാധ്യത പിഎന്‍ബിക്ക് മേല്‍ വീണു. ഈ തട്ടിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. നീരവിനും കൂട്ടാളികള്‍ക്കും അനധികൃതമായി ലെറ്റര്‍ ഒഫ് കംഫര്‍ട്ട് അനുവദിച്ചത് ഇതിനുതെളിവാണ്. പിഎന്‍ബിയുടെ ഒരു ശാഖയില്‍നിന്ന് മാത്രം ഇത്രയും തുക തട്ടിയെടുത്തതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ഏതാനും ജീവനക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തുകയുടെ വെട്ടിപ്പ് നടക്കില്ളെന്നും ബാങ്കിംഗ്രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കിലുള്ള പണത്തിന്‍റെ ബലത്തില്‍ അക്കൌണ്ട് ഉടമകള്‍ക്ക് വിദേശബാങ്കുകള്‍ പണം കൈമാറാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ തട്ടിപ്പിന്‍റെ കണക്കുകള്‍ ഇനിയും പെരുകും.

 

 


ബയേഴ്സ് ക്രെഡിറ്റ്
ഇന്ത്യയിലെ ബാങ്കില്‍നിന്നു ജാമ്യരേഖ നല്‍കി വിദേശത്തെ ബാങ്കുകളില്‍നിന്നു ഹ്രസ്വകാല വായ്പയെടുക്കുന്ന സംവിധാനമാണ് "ബയേഴ്സ് ക്രെഡിറ്റ്' .ബയേഴ്സ് ക്രെഡിറ്റ് വഴി എടുക്കുന്ന വിദേശ വായ്പയുടെ ഉത്തരവാദിത്തം ജാമ്യം നല്‍കുന്ന ബാങ്കിനാണ്. ബയേഴ്സ് ക്രെഡിറ്റ് വഴി എടുക്കുന്ന വിദേശ വായ്പ ഇടപാടുകാരനില്‍നിന്ന് ഈടാക്കി നല്‍കേണ്ടതും ജാമ്യ ബാങ്കാണ്.ഇവിടെ വ്യവസായിയും ചില ബാങ്ക് ഉദ്യോഗസ്ഥരും ഒത്തുകളിച്ച് ഈ തിരിച്ചടവ് ഒഴിവാക്കുകയും അത് പിഎന്‍ബിക്ക് വന്‍ ബാധ്യതയുണ്ടാക്കുകയുമായിരുന്നു. ഒരു ബാങ്കിന്‍റെ എംഎല്‍യു അതിന് തന്‍റെ ഇടപാടുകാരന്‍റെ മേലുളള വിശ്വാസ്യതയുടെ തെളിവാണ്. സ്വാഭാവികമായും മറ്റു ബാങ്കുകള്‍ അതനുസരിച്ചു വായ്പ അനുവദിക്കും.ഇതാണ് നീരവും സംഘവും ദുരുപയോഗം ചെയ്തത്.


അശോക് വിഹാര്‍ ഇടപാടില്‍ നഷ്ടമായത് 6,172 കോടി
ഇന്ത്യയില്‍ ഇത്തരം തട്ടിപ്പ് ഇത് നടാടെയല്ല. 2014~15 കാലയളവില്‍ ബാങ്ക് ഓഫ് ബറോഡയും ഇത്തരത്തില്‍ തട്ടിപ്പിനിരയായിരുന്നു. 2014 ജൂലൈ മുതല്‍ 2015 ഒക്ടോബര്‍ വരെബാങ്കിന്‍റെ ന്യൂഡല്‍ഹിയിലെ അശോക് വിഹാര്‍ ശാഖ വഴി ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് 6,172 കോടി രൂപ കടത്തിയതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.
കള്ളപ്പേരുകളില്‍, വ്യാജരേഖകളുടെ സഹായത്തോടെ തുറന്ന 59 കറന്‍റ് അക്കൌണ്ടുകള്‍ വഴിയാണ് പ്രതികള്‍ ഹോങ്കോങ്, ദുബായ് എന്നിവിടങ്ങളിലെ അക്കൌണ്ടുകളിലേക്ക് പണം മാറ്റിയത്. വിദേശനാണ്യ വിനിമയ നിയമത്തിലെ പഴുതുകളും തട്ടിപ്പിന് സഹായകമായി. ഒരു ലക്ഷം ഡോളറിലധികം വരുന്ന വിദേശനാണ്യ വിനിമയം കണ്ടെത്തുന്ന സോഫ്റ്റ്വെയര്‍ സംവിധാനം നിലവിലുള്ളതിനാല്‍, ഇതിനു താഴെയുള്ള തുകയുടെ ഇടപാടുകളാണ് നടത്തിയത്. പ്രതിപ്പട്ടികയിലുള്ള ഗൂഢസംഘത്തിലെ ചെറിയ കണ്ണികള്‍ പോലും ഒരുവര്‍ഷം നീണ്ട ഇടപാടിലൂടെ 2540 ലക്ഷം രൂപ സന്പാദിച്ചതായി സിബിഐ കണ്ടെത്തി. ബാങ്ക് ഓഫ് ബറോഡ അഡീഷനല്‍ ജനറല്‍ മാനേജര്‍ എസ്.കെ.ഗാര്‍ഗ്, വിദേശനാണ്യ വിനിമയ വിഭാഗം മേധാവി ജെയ്നിഷ് ദുബെ എന്നിവരുള്‍പ്പെടെയുളളവര്‍ സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്.