Sunday 16 December 2018


നിര്‍​മല്‍ ബാ​ങ്കേ​ഴ്സ് ചി​ട്ടി​ക്ക​ന്പ​നി ത​ട്ടി​പ്പ്: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

By ബി.വി. അ​രുണ്‍​ കു​മാര്‍ .13 Sep, 2017

imran-azhar

തിരുവനന്തപുരം: സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് പളുകലില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മല്‍ ബാങ്കേഴ്സ് ചിട്ടിക്കന്പനി തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബിനാമി ഇടപാടുകളെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. തമിഴ്നാട്ടിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെങ്കിലും തലസ്ഥാനത്തെ പ്രമുഖരുടെ വന്‍തോതിലുള്ള പണം നഷ്ടപ്പെട്ടിട്ടുണ്ട്.

 

ബിനാമി ഇടപാടുകളില്‍ കോടികളാണ് ഈ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളതെന്ന് ആക് ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇവിടെ നിക്ഷേപമുണ്ട്. അതും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഡിജിപി ഉടന്‍തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

 

കേരളത്തിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പെടെ നിക്ഷേപമുള്ള സ്ഥാപനമെന്ന നിലയില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ആക് ഷന്‍ കൌണ്‍സില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശകതമായ അന്വേഷണം നടത്താമെന്ന് അവര്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിന്‍റെ എംഡി കെ നിര്‍മലന്‍, ജീവനക്കാരും പാര്‍ട്ണര്‍മാരുമായ രവീന്ദ്രന്‍, ശേഖരന്‍നായര്‍, അജിത്കുമാര്‍, സുരേന്ദ്രന്‍നായര്‍, അഭിലാഷ്, നാരായണന്‍നായര്‍, പ്രവീണ്‍കൃഷ്ണ, ഷാജി, രാജു, രാധാകൃഷ്ണന്‍, ചന്ദ്രജിത്, അനില്‍കുമാര്‍, ശ്രീകുമാരി, അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ആക്ഷന്‍ കൌണ്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.


ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിക്ഷേപം സംബന്ധിച്ച് പ്രത്യേകം അന്വേഷണം നടത്തും. ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കും. ഐപിഎസ്~ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ ഈ സ്ഥാപനത്തില്‍ വന്‍ നിക്ഷേപമുണ്ടെന്നാണ് ആരോപണം. രാഷ്ട്രീയക്കാരുടെയും നിക്ഷേപം അന്വേഷിക്കണമെന്ന് പരാതിയിലുണ്ട്.

 

ചില രാഷ്ട്രീയ നേതാക്കള്‍ ബിനാമി ഇടപാടില്‍ വന്‍തോതില്‍ വസ്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ നീക്കം. പരാതിയില്‍ ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

ബിനാമികളുടെ പേരില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചവര്‍ പണം നഷ്ടപ്പെട്ടെങ്കിലും പരാതിയുമായി രംഗത്തു വന്നിട്ടില്ള. പണത്തിന്‍റെ സ്രോതസ് അന്വേഷിക്കുമെന്നു ഭയന്നാണ് ആരും പരാതിയുമായ രംഗത്തു വരാത്തതെന്നും ആക്ഷേപമുണ്ട്. ഇതിനു പുറമെ അനധികൃതമായി സ്വത്തുക്കളും വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണു വിവരം. ഇടത്~വലത്~ബിജെപി നേതാക്കള്‍ക്ക് ഉല്‍പ്പെടെ ഈ ബാങ്കില്‍ നിക്ഷേപമുണ്ടായിരുന്നു. ബാങ്കുടമ നിര്‍മലന്‍റെ അടുത്ത സുഹൃത്തുക്കളാണ് ഇവരെന്നാണ് വിവരം. കേരള രാഷ്ട്രീയത്തിലെ പ്രമുഖരുമായും നിര്‍മലന് ബന്ധമുണ്ട്. ഈ ബന്ധം മുതലാക്കിയാണ് ബാങ്കില്‍ പണം നിക്ഷേപിച്ചതും. മാത്രമല്ള മറ്റു ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ വന്‍ പലിശയാണ് ഇയാള്‍ നല്‍കിയിരുന്നത്.


നോട്ട് നിരോധനത്തിനു മുന്പ് ചില വന്‍കിട നിക്ഷേപകര്‍ പണം ഒരുമിച്ച് പിന്‍വലിച്ചത് കന്പനി ഉടമയെ പ്രതിസന്ധിയിലാക്കിയിരുന്നുവെന്ന് ചില ചെറുകിട നിക്ഷേപകര്‍ പറയുന്നു. നോട്ട് നിരോധനത്തിനു പിന്നാലെ ചിലര്‍ ബാങ്കില്‍ പണമെടുക്കാന്‍ ചെന്നെങ്കിലും അവര്‍ക്ക് ആവശ്യമായ പണം നല്‍കാന്‍ നിര്‍മലന് കഴിഞ്ഞിരുന്നില്ള. അവരെയെല്ളാം അവധി പറഞ്ഞ് അയക്കുകയായിരുന്നു. എങ്കിലും പറഞ്ഞ തിയതിക്കുള്ളില്‍ കുറച്ചു പേര്‍ക്ക് പണം നല്‍കിയിരുന്നു. നിക്ഷേപമുണ്ടായിരുന്ന ചില രാഷ്ട്രീയ നേതാക്കളുടെ പടലപ്പിണക്കത്തിനിടെ വീണ്ടും വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചത് ബാങ്കിന് വന്‍ ബാധ്യതയിലേക്കു തള്ളിവിടുകയായിരുന്നുവെന്ന് ബാങ്കിലെ തന്നെ ചില ജീവനക്കാര്‍ പൊലീസിന് മൊഴികൊടുത്തിട്ടുണ്ട്. 

 

എന്നാല്‍ സാധാരണക്കാരായ 12000ഓളം പേര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. കൂലിപ്പണിയെടുത്തു ജീവിക്കുന്ന ഇവര്‍ തുച്ഛമായ വരുമാനത്തില്‍ നിന്നും നിശ്ചിത തുക അടച്ചു വരികയായിരുന്നു. മറ്റു ചിട്ടിക്കന്പനികളെക്കാള്‍ കൂടുതല്‍ പലിശ നല്‍കാമെന്നു പറഞ്ഞാണ് ഇടപാടുകാരെ ചേര്‍ത്തിരുന്നത്.


ഇതുകൊണ്ടുതന്നെ കൂടുതല്‍ ആള്‍ക്കാര്‍ ഇവിടെ നിക്ഷേപകരായി എത്തി. ഓണം കഴിഞ്ഞിട്ടും സ്ഥാപനം തുറക്കാതെ വന്നതോടെ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ ബാങ്കില്‍ എത്തിയപ്പോഴാണ് ബാങ്ക് പൂട്ടിയതുമായി ബന്ധപ്പെട്ട നോട്ടീസ് ബാങ്കിനു മുന്നില്‍ ഒട്ടിച്ചിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ഇതറിഞ്ഞ് നൂറുകണക്കിനുപേര്‍ ബാങ്കിനു മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇടപാടുകാരുമായി സംസാരിച്ചു. സ്ഥാപന ഉടമ പളുകല്‍ സ്വദേശി നിര്‍മലന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജിയും നല്‍കിയിരുന്നു. ഇതോടെ നിക്ഷേപകര്‍ വെട്ടിലാവുകയായിരുന്നു. വഞ്ചിതരായ നിക്ഷേപകര്‍ ഇപ്പോഴും പൂട്ടിയ സ്ഥാപനത്തിനു മുന്നിലെത്തുന്നുണ്ട്. മലയോര ഗ്രാമങ്ങളില്‍ കഴിഞ്ഞ കാലങ്ങളിലായി കൂണുകള്‍പോലെ മുളച്ച പല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും നിക്ഷേപകരെയും ഇടപാടുകാരെയും വഞ്ചിച്ച് കടന്നു കളഞ്ഞിട്ടും നിയമനടപടികള്‍ എങ്ങുമെത്തിയിട്ടില്ള. ഇന്നു വൈകിട്ട് നാലിന്് കുന്നത്തുകാല്‍ പഞ്ചായത്ത് ഹാളില്‍ ആക്ഷന്‍ കമ്മിറ്റികൂടി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.