Monday 22 July 2019
നൊബേലില്‍ നാണിച്ച് സാഹിത്യം

By SUBHALEKSHMI B R.05 May, 2018

imran-azhar

അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് ,സാഹിത്യലോകത്തെ ദുഃഖിപ്പിക്കുന്ന ആ തീരുമാനമെത്തി. ഇത്തവണ സാഹിത്യനൊബേല്‍ ആര്‍ക്കും നല്‍കുന്നില്ല. സ്വീഡിഷ് അക്കാദമിയിലെ ലൈംഗിക, സാന്പത്തിക ആരോപണങ്ങളെത്തുടര്‍ന്നാണ് തീരുമാനം. 230 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് സാഹിത്യ നൊബേല്‍ പ്രഖ്യാപിക്കാതിരിക്കുന്നത്. 1943~ല്‍ രണ്ടാംലോകമഹായുദ്ധകാലത്താണ് ആദ്യമായി സാഹിത്യനൊബേല്‍ റദ്ദാക്കിയത്. എന്നാല്‍ ഇത്തവണ പുരസ്കാരം റദ്ദാക്കിയിട്ടില്ല. ഈ വര്‍ഷം പ്രഖ്യാപിക്കുന്നില്ലെന്ന് മാത്രം. അര്‍ഹതയുള്ള രചനകളുടെയും എഴുത്തുകാരുടെയും അഭാവമല്ള കാരണമെന്നും ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പ്രഖ്യാപനം ഒരു വര്‍ഷത്തേക്കു നീട്ടിവച്ച് 2019 ല്‍ രണ്ടു പേര്‍ക്കു പുരസ്കാരം നല്‍കുമെന്നും സ്വീഡിഷ് അക്കാദമി അറിയിച്ചു. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നിശ്ചയിക്കുന്നത് സ്വീഡിഷ് അക്കാദമി നിയോഗിക്കുന്ന 18 അംഗ സമിതിയാണ്. ഈ സമിതിയിലെ അംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്‍റെ ഭര്‍ത്താവ് ഴാങ് ക്ളോദ് ആര്‍നോള്‍ട്ടിന്‍റെ പേരിലുയര്‍ന്ന ലൈംഗിക ആരോപണമാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് അക്കാദമിയെ നയിച്ചത്. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ അര്‍നോള്‍ട്ടിനെതിരെ കഴിഞ്ഞ നവംബറില്‍ 18 സ്ത്രീകളാണ് ലൈംഗികാരാപണവുമായി രംഗത്തെത്തിയത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി
വെയ്ന്സ്റ്റെയിനെതിരായ നടിമാരുടെ ലൈംഗികാരോപണത്തെ തുടര്‍ന്ന് ലോകമെന്പാടും ശക്തയാര്‍ജ്ജിച്ച 'മി ടൂ' പ്രചാരണത്തിന്‍റെ ചുവടുപിടിച്ചായിരുന്നു അര്‍നോള്‍ട്ടിനെതിരായ വെളിപ്പെടുത്തലുകള്‍. സ്വീഡിഷ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ വച്ചാണ് തങ്ങളെ അര്‍നോള്‍ട്ട് ലൈംഗികചൂഷണത്തിന് വിധേയമാക്കിയതെന്നും ഇവര്‍ ആരോപിച്ചു. ആരോപണങ്ങള്‍ അര്‍നോള്‍ട്ട് നിഷേധിച്ചെങ്കിലും ഇയാളുടെ കൈകളില്‍ ജീവനക്കാര്‍ക്കും അംഗങ്ങളുടെ ബന്ധുക്കള്‍ക്കും ‘ആഗ്രഹിക്കാത്ത സൌഹൃദം' അനുഭവിക്കേണ്ടി വന്നെന്ന് അക്കാദമി സ്ഥിരം സെക്രട്ടറി സാറ ഡാനിയസ് സമ്മതിച്ചു. തുടര്‍ന്ന് ഡാനിയസ് അടക്കം ആറു അക്കാദമിയംഗങ്ങള്‍ സ്ഥാനമൊഴിയുകയും ചെയ്തു. ഇതോടെ അക്കാദമിയുമായി ബന്ധപ്പെട്ട ലൈംഗികവിവാദം ചൂടുപിടിച്ചു. അര്‍നോള്‍ട്ടിനെതിരായ ലൈംഗികാരോപണം ഇത് നടാടെയല്ല. അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചെന്നു പറയുന്ന കത്ത് 1996~ല്‍ അക്കാദമിക്കു ലഭിച്ചിട്ടുണ്ടെന്നും സ്വീഡിഷ് നിയമസ്ഥാപനം സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. വിവാദമായതോടെ കത്ത് പരിഗണിക്കാതിരുന്നതില്‍ അക്കാദമി ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ , അര്‍നോള്‍ട്ടിനെതിരായ ആരോപണത്തിന്‍റെ പേരില്‍ കാതറിനയെ സമിതിയില്‍ നിന്ന് പുറത്താക്കേണ്ടതില്ളെന്നാണ് വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്. ലൈംഗികാരോപണത്തിന് പുറമെ, അര്‍നോള്‍ട്ടും കാതറിനയും നടത്തുന്ന സംസ്കാരിക കേന്ദ്രമായ കള്ച്ചര്‍പ്ളാറ്റ്സ് ഫോറത്തിന് സഹായധനം നല്കി നിക്ഷിപ്തതാത്പര്യം കാട്ടിയെന്ന എന്ന ആരോപണവും സ്വീഡിഷ് അക്കാദമി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തവണ സാഹിത്യ നൊബേല്‍ പ്രഖ്യാപിക്കേണ്ടെന്ന തീരുമാനമെടുത്തത്. 1786~ല്‍ സ്വീഡനിലെ ഗുസ്താവ് മൂന്നാമന്‍ രാജാവ് സ്ഥാപിച്ചതാണ് സ്വീഡിഷ് അക്കാദമി. രക്ഷാധികാരി സ്ഥാനത്ത് ഇപ്പോഴും രാജകുടുംബമാണ്