Wednesday 22 May 2019


മുഖ്യമന്ത്രിയുടെ ഭാര്യ

By ബി.ആര്‍.ശുഭലക്ഷ്മി.24 May, 2018

imran-azhar

നാടകീയമായി കര്‍ണ്ണാടകയുടെ മുഖ്യനായ കുമാരസ്വാമിയല്ല ഗൂഗിളില്‍ താരം അദ്ദേഹത്തിന്‍റെ ഭാര്യ രാധികയാണ്. കുമാരസ്വാമിയുടെ വ്യക്തിജീവിതം സംശുദ്ധമല്ലെന്ന് കാണിക്കാനാണ് ശത്രുക്കള്‍ രാധികയുമായുളള ബന്ധം വീണ്ടും പുറത്തെടുത്തത്. എന്നാല്‍, ഇത് അത്ര ഫലം ചെയ്തില്ലെന്ന് മാത്രമല്ല രാധികയുടെ സൌന്ദര്യവും ജീവിതവും നെറ്റില്‍ ട്രെന്‍ഡാവുകയും ചെയ്തു.

 

സിനിമാക്കാര്‍ക്ക് രാധിക കുട്ടി രാധികയാണ്. 14~ാം വയസ്സില്‍ സിനിമയിലേക്ക്. 2002~ല്‍  പുറത്തിറങ്ങിയ കന്നഡ ചിത്രം നീല മേഘ ശാമയിലൂടെയാണ് അരങ്ങേറ്റം. ഇതില്‍ മൂന്നുനായികമാരില്‍ ഒരാളായിരുന്നു. എന്നാല്‍ ആദ്യം പുറത്തിറങ്ങിയത് നായികയായി അഭിനയിച്ച നിനഗാഗിയാണ്. വിജയ രാഘവേന്ദ്രയായിരുന്നു നായകന്‍. തുടര്‍ന്ന് 2002~ല്‍ തന്നെ ശിവരാജ് കുമാറിനൊപ്പം തവാരിഗെ ബാ തങ്കി എന്ന ചിത്രം ചെയ്തു. മൂന്നുചിത്രങ്ങളും ബോക്സോഫീസില്‍ വന്‍ വിജയമായി. ഇതോടെ കുട്ടി രാധികയെ തേടി നിരവധി ഓഫറുകളെത്തി. ഹേമന്ത് ഹെഗ്ഡെയുടെ  കന്നി ചിത്രം ഊ ലാ ലാ, എസ്പിബി ചരണ്‍ ചിത്രം ഹുഡുഗിഗാഗി, യോഗിരാജ് ഭട്ടിന്‍റെ കന്നിചിത്രം മാനി, മാനെ മാഗാല്ലു, തായ് ഇല്ലാഡാ തബ്ബാലി എന്നിങ്ങനെഅഞ്ച് കന്നഡ ചിത്രങ്ങളാണ് 2003~ല്‍ രാധികയുടേതായി പുറത്തിറങ്ങിയത്. എന്നാല്‍ ഇവയെല്ലാം ബോക്സോഫീസില്‍ മൂക്കുകുത്തി. എന്നാല്‍ തായ് ഇല്ലാഡാ തബ്ബാലിയില്‍ ഗൌരിയെന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിന് കര്‍ണ്ണാടക സര്‍ക്കാരിന്‍റെ ആ വര്‍ഷത്തെ  മികച്ച നടിക്കുളള ചലച്ചിത്രപുരസ്കാരം രാധികയെ തേടിയെത്തി. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ രാധികയ്ക്ക് കന്നഡ സിനിമയില്‍ അവസരം കുറഞ്ഞു. ഇതോടെ കോളിവുഡില്‍ കണ്ണുവച്ച നടി തുടര്‍ച്ചയായി അഞ്ചു തമിഴ് ചിത്രങ്ങള്‍ ചെയ്തു. 

 

എസ്പി ജനനാഥന്‍റെ ഇയര്‍ക്കയ് ആയിരുന്നു ആദ്യ തമിഴ് സിനിമ. നാന്‍സി എന്ന നിഷ്കളങ്കയായ പെണ്‍കുട്ടിയായി രാധിക ഈ ചിത്രത്തില്‍ ജീവിക്കുകയായിരുന്നു. 2003~ലെ മികച്ച തമിഴ് സിനിമയ്ക്കുളള ദേശീയ പുരസ്കാരം ഇയര്‍ക്കയ് സ്വന്തമാക്കി. ചിത്രത്തിലെ രാധികയുടെ പ്രകടനം നിരൂപകപ്രശംസ നേടുകയും ചെയ്തു. 2005~ലാണ് മറ്റ് നാല് ചിത്രങ്ങള്‍ റിലീസായത്.ഉളള കാതല്‍ ആണ് രാധികയുടെ അവസാന കോളിവുഡ് റിലീസ്. 2006~ല്‍ കന്നഡസിനിമയിലേക്ക് മടങ്ങിയെത്തിയ രാധിക അഞ്ചു ചിത്രങ്ങള്‍ ചെയ്തു. ഇതില്‍ രവിചന്ദ്രന്‍ ചിത്രമായ ഹട്ടവാഡിയിലെ പ്രകടനം ഏറെ ശ്രദ്ധേയമായി.മികച്ച അഭിനേത്രിയായ രാധിക ഇതിനിടെ നിര്‍മ്മാണത്തിലും വിതരണത്തിലും കൈവച്ചു. ഷാമിക എന്‍റര്‍പ്രൈസസ് എന്ന നിര്‍മ്മാണക്കന്പനിയും ആരംഭിച്ചു. 2008~ല്‍ പുറത്തിറങ്ങിയ നവശക്തി വൈഭവ എന്ന പുരാണ ചിത്രത്തിന് ശേഷം അഞ്ചുവര്‍ഷത്തോളം രാധിക വെളളിത്തിരയില്‍ നിന്ന് വിട്ടുനിന്നു. 2013~ല്‍ സ്വീറ്റി നന്ന ജോഡിയിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ രാധിക നിലവില്‍ മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ്. 2014~ല്‍ തെലുങ്കിലും അരങ്ങേറി.

 

സിനിമയെ വെല്ലുന്ന ജീവിതം
സിനിമയില്‍ വരുന്നതിന് മുന്പേ തന്നെ രാധിക വിവാഹിതയായിരുന്നു. രത്തന്‍കുമാര്‍ എന്ന വിന്‍സന്‍റ് രത്നാകര്‍ ബന്‍ഗാരയെ രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നു. 2000 നവംബര്‍ 26ന് ശ്രീദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സിനിമ ലക്ഷ്യമിട്ടാണ് രാധിക ഈ രഹസ്യദാന്പത്യം തുടങ്ങിയതെന്നാണ് വിവരം. രത്തന്‍കുമാറിന്‍റെ അമ്മ പ്രേമയാണ് രാധികയെ കന്നഡ സിനിമയില്‍ അവതരിപ്പിച്ചത്. എന്നാല്‍, രത്തന്‍കുമാര്‍ മകളുടെ അഭിനയജീവിതത്തിന് തടസ്സം നില്‍ക്കുന്നുവെന്ന് രാധികയുടെ മാതാപിതാക്കള്‍ക്ക് തോന്നി. ഇതിനിടെ രാധികയുടെ ദാന്പത്യത്തിലും അസ്വാരസ്യങ്ങള്‍ നിറഞ്ഞു. രാധിക സ്വഗൃഹത്തിലേക്ക് മടങ്ങി. 2002 ഏപ്രിലില്‍ ഭാര്യയെ കാണാനില്ലെന്നും അവരുടെ മാതാപിതാക്കള്‍ തടഞ്ഞുവച്ചിരിക്കുന്നുവെന്നും കാട്ടി രത്തന്‍കുമാര്‍ പരാതി നല്‍കി. എന്നാല്‍ ആ വിവാഹത്തിന് സാധുതയില്ലെന്ന് കേവലം 14 വയസ്സുളള മകളെ വശീകരിച്ച് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്നും കാട്ടി രാധികയുടെ അമ്മ മറ്റൊരു പരാതി നല്‍കുകയും ഒപ്പം രാധികയെ രത്തന്‍ കുമാര്‍ തീയിട്ടുകൊല്ലാന്‍ ശ്രമിച്ചെന്ന് കാട്ടി പിതാവ് ദേവരാജന്‍ പൊലീസിനെ സമീപിക്കുകയും ചെയ്തു. കേസ് തുടരുന്നതിനിടെ 2002 ആഗസ്റ്റില്‍ രത്തന്‍കുമാര്‍ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. പിന്നീട് സിനിമയിലെത്തിയ രാധികയ്ക്ക് അഭിനയവും സൌന്ദര്യവും സാമര്‍ത്ഥ്യവും ഒത്തിണങ്ങിയ കൌമാരക്കാരി എന്ന നിലയില്‍ മികച്ച തുടക്കമാണ് ലഭിച്ചത്.

 

 

ഗോസിപ്പ് കോളങ്ങളില്‍ രാധിക പലപ്പോഴും താരമായി. സഹോദരന്‍റെ സുഹൃത്തുമായുളള ചിത്രം വിവാദമാകുകയും ഇവര്‍ വിവാഹിതരാകുമെന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. എന്നാല്‍,  വീണ്ടും വിവാഹം ചെയ്യാന്‍ തനിക്ക് മാനസികപ്രശ്നമൊന്നുമില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. പിന്നീടാണ് സിനിമാ നിര്‍മ്മാതാവെന്ന നിലയില്‍ എച്ച്.ഡി.കുമാരസ്വാമിയെ പരിചയപ്പെടുന്നത്. കുമാരസ്വാമി~രാധിക ബന്ധം അണിയറയില്‍ ചര്‍ച്ചയായി. ഒടുവില്‍ 2006~ല്‍ രഹസ്യമായി വിവാഹം ചെയ്യുകയും ചെയ്തു. വിവാഹിതരാകുന്പോള്‍ രാധികയ്ക്ക് പതിനെട്ടും കുമാരസ്വാമിക്ക് അന്പതുവയസ്സുമായിരുന്നു പ്രായം. ഇതില്‍ രാധികയുടെ മാതാപിതാക്കള്‍ക്ക് പരാതിയൊന്നുമുണ്ടായില്ല. വിവാഹം പോലെ രാധിക മകള്‍ ഷാമികയുടെ ജനനവും രഹസ്യമാക്കി വച്ചു. എന്നാല്‍, 2010 നടി രമ്യയ്ക്കെതിരെ (നിലവില്‍ കോണ്‍ഗ്രസിന്‍റെ സമൂഹമാധ്യമവിഭാഗത്തിന്‍റെ ചുമതലയുളള ദിവ്യസ്പന്ദന) കുമാരസ്വാമി നടത്തിയ പരാമര്‍ശങ്ങള്‍ അവരെ ചൊടിപ്പിക്കുകയും കുമാരസ്വാമി~രാധിക ബന്ധത്തെ പറ്റി നടി തുറന്നടിക്കുകയും ചെയ്തു. വിഷയം വിവാദമായതോടെ രാധിക താന്‍ കുമാരസ്വാമിയുടെ ഭാര്യയാണെന്നും തങ്ങള്‍ക്ക് ഒരു മകളുണ്ടെന്നും വെളിപ്പെടുത്തി. അനിതയുമായുളള ആദ്യവിവാഹബന്ധം ഒഴിയാതെയാണ് കുമാരസ്വാമി രാധികയെ ഭാര്യയാക്കിയതെന്ന പ്രചാരണം ശക്തമായി. എന്നാല്‍, അനിത ഇതൊന്നും കാര്യമാക്കിയില്ല. രാഷ്ട്രീയത്തില്‍ കുമാരസ്വാമിയുടെ സഹചാരിയായ അനിത 2008 ല്‍~ മധുഗിരി അസംബ്ളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചു. അതില്‍ ചന്നപട്ടണം നിലനിര്‍ത്തി രാമനഗരയിലെ എം.എല്‍.എ സ്ഥാനം രാജിവച്ചു.  രാമനഗരയില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അനിതയാണ് ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി. സിനിമാതാരം നിഖില്‍ഗൌഡയാണ് അനിത കുമാരസ്വാമി ദന്പതികളുടെ ഏക മകന്‍.

 

കുമാരസ്വാമിയുടെ ഭാര്യയെന്ന നിലയില്‍ രാധിക വാര്‍ത്തകളില്‍ നിറയുകയാണ്. ഇത് അവര്‍ ആസ്വദിക്കുകയും ചെയ്യുന്നു. ഇതുവരെ അനിത കുമാരസ്വാമിയുടെ രാഷ്ട്രീയ സഹചാരിയും രാധിക സിനിമമേഖലയിലെ ബിസിനസ്സിന് ചുക്കാന്‍പിടിക്കുന്ന നല്ല പാതിയുമായിരുന്നു. എന്നാല്‍, രാധികയുടെ പുതിയ എന്‍ട്രി രാഷ്ട്രീയം ലക്ഷ്യമിട്ടല്ലേ എന്ന് ചിലര്‍ പുരികമുയര്‍ത്തുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാര്യ ഇനി ചിലപ്പോള്‍......ബാക്കി കാലം പൂരിപ്പിക്കും.