Friday 22 June 2018

വ്യവസായങ്ങള്‍ പൂട്ടിക്കാനല്ല

By inervie of k sajeevan by vadayar sunil .20 Apr, 2017

imran-azhar

നിയനിയമാനുസൃതം എല്ളാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ചുമതല എന്താണ്? ചോദ്യം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ എന്‍ജിനീയര്‍ കെ.സജീവനോടാണ്. ഉത്തരം വ്യക്തം. സുചിന്തിതം.


""മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിയമം മൂലം വ്യവസ്ഥ ചെയ്തിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ആരോഗ്യകരമായ വ്യവസായങ്ങള്‍ ഉണ്ടാകുന്നതിനു വേണ്ടിയാണ്. മലിനീകരണ നിര്‍മ്മാര്‍ജ്ജന ബോര്‍ഡോ ചിലരൊക്കെ ആഗ്രഹിക്കുന്നതു പോലെ വ്യവസായ ഉന്മൂലന ബോര്‍ഡോ അല്ള ഇത്. വ്യവസായങ്ങളുടെ ഭാഗമായി മലിനീകരണം സ്വാഭാവികമാണ്. അതു കൊണ്ട് വ്യവസായങ്ങളേ പാടില്ള എന്ന സമീപനം ആപത്കരവും ലോകത്തെന്പാടും നിരസിക്കപ്പെട്ടതുമാണ്. മനുഷ്യകുലത്തിന്‍റെ മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണ് വ്യവസായങ്ങള്‍. അതിന്‍റെ ഭാഗമായി മലിനീകരണം നടക്കുന്നുണ്ടെങ്കില്‍, അത് പ്രകൃതിയേയും മനുഷ്യനെയും ബാധിക്കാത്ത തരത്തില്‍ നിയന്ത്രിച്ചു കൊണ്ടു വരികയാണ് വേണ്ടത്. നമ്മുടെ രാജ്യത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ രൂപീകരിക്കപ്പെട്ടത് തന്നെ ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്.''

കുടിവെള്ളവും നദിയും മലിനീകരണവുമൊക്കെ പ്രതിലോമകരമായ ചര്‍ച്ചകള്‍ക്കായി ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടു വരുന്ന സന്ദര്‍ഭത്തില്‍ കലാകൌമുദിയുമായി നടത്തിയ സംഭാഷണത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.ജനങ്ങള്‍ക്ക് ഇപ്പോഴും കാര്യമായി പിടിയില്ളാത്ത, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പ്രവര്‍ത്തങ്ങളിലേക്ക് വെളിച്ചം വീശുന്ന അഭിമുഖത്തിന്‍റെ പൂര്‍ണ്ണ രൂപം വായിക്കുക.

 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിലപാടുകളെ അവമതിക്കുന്ന ഒരു റിപ്പോര്‍ട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രീന്‍ ട്രിബ്യൂണലില്‍ സമര്‍പ്പിച്ച സാഹചര്യം എങ്ങനെയാണ് ഉണ്ടായത്?


കെ.സജീവന്‍: ബോര്‍ഡിന്‍റെ നിലപാടുകളെയല്ള യഥാര്‍ത്ഥത്തില്‍ ഗ്രീന്‍ ട്രിബ്യൂണലിന്‍റെ ഉത്തരവിനെയാണവര്‍ തിരസ്കരിച്ചത്. ഒപ്പം സംസ്ഥാന ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പച്ചക്കള്ളങ്ങള്‍ വരെ റിപ്പോര്‍ട്ട് എന്ന പേരില്‍ എഴുതിപ്പിടിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ നമ്മുടെ വ്യവസായ മേഖലയെ മുടിച്ചേ അടങ്ങു എന്നൊരു മുന്‍ വിധി അവര്‍ക്കുള്ളതായി ആരെങ്കിലും സംശയിച്ചാലും തെറ്റു പറയാനാവില്ള.

പെരിയാര്‍ നദിയെക്കുറിച്ചും നദീതീരത്തുള്ള വ്യവസായ സ്ഥാപനങ്ങളെക്കുറിച്ചും കേന്ദ്ര~ സംസ്ഥാന ബോര്‍ഡുകള്‍ സംയുക്തമായി പഠിച്ച് റിപ്പോര്‍ട്ടു നല്‍കാനാണ് ഗ്രീന്‍ ട്രിബ്യൂണലിന്‍റെ ദക്ഷിണേന്ത്യന്‍ ബഞ്ച് ഉത്തരവിട്ടത്. ഇതനുസരിച്ച് സംസ്ഥാന ബോര്‍ഡ് എല്ളാ സംവിധാനങ്ങളും ഒരുക്കി. എന്നാല്‍ ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ച പ്രകാരം സംസ്ഥാന ബോര്‍ഡുമായി സഹകരിച്ച് പഠനം നടത്തുന്നതില്‍ വിമുഖതയാണ് സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും എത്തിയവര്‍ കാട്ടിയത്.

 

ചെയര്‍മാന്‍, മെന്പര്‍ സെക്രട്ടറി തുടങ്ങിയവരുമായി ഒരു ചര്‍ച്ചയ്ക്കു പോലും തയ്യാറാവാതെ ഏക പക്ഷീയവും രഹസ്യസ്വഭാവത്തിലുമായിരുന്നു അവരുടെ നീക്കങ്ങള്‍. രണ്ടു ബോര്‍ഡുകളും ഒന്നിച്ച് പഠനം നടത്തി സംയുക്തമായി റിപ്പോര്‍ട്ട് നല്‍കണമെന്ന നീതിപീഠത്തിന്‍റെ നിര്‍ദ്ദേശം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അട്ടിമറിച്ചു. അവര്‍ തന്നെത്താന്‍ അവാസ്തവും അബദ്ധ ജഡിലവും നിയമ വിരുദ്ധവുമായ ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കി ഗ്രീന്‍ ട്രിബ്യൂണലില്‍ സമര്‍പ്പിച്ചത് ദുരുദ്ദേശ്യപരമാണ്.

 

ദുരുദേശ്യപരം എന്നു വിശേഷിപ്പിക്കാന്‍ എന്താണ് കാരണങ്ങള്‍?

കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് വായിച്ചാല്‍ തന്നെ അത് വ്യകതമാകും. റിപ്പോര്‍ട്ടിന്‍റെ രണ്ടാം പേജില്‍ തന്നെ ഒരു പച്ചക്കള്ളം എഴുതി വെച്ചു കൊണ്ടാണ് അവര്‍ തുടങ്ങുന്നതു തന്നെ ""പെരിയാര്‍ തീരത്തുള്ള കന്പനികളില്‍ നിന്നും ശുദ്ധീകരിച്ചതും അല്ളാതെയുമുള്ള ജലം നദിയിലേക്ക് ഒഴുക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട് "" എന്നാണ് അത്.

 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സര്‍വയലന്‍സ് സെന്‍റര്‍ ബോര്‍ഡ് അവിടെ പ്രവര്‍ത്തിപ്പിക്കയും ജലത്തിന്‍റെയും വായുവിന്‍റെയും ഗുണ നിലവാരം പരസ്യമായി ഡിസ്പ്ളേ ബോര്‍ഡില്‍ കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്പോഴാണിത്. പുറമെ കൊച്ചി റിഫൈനറി ഉള്‍പ്പെടെയുള്ള കന്പനികളെ ബോര്‍ഡ് ഓണ്‍ലൈനായി ഓരോ നിമിഷവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ അവഗണിച്ചു കൊണ്ടാണ് വ്യാജ പരാമര്‍ശം ഏക പക്ഷീയമായ റിപ്പോര്‍ട്ടില്‍ ചേര്‍ത്ത് സംസ്ഥാന ബോര്‍ഡിനെ ടാര്‍ണിഷ് ചെയ്യാന്‍ ഉള്ള ശ്രമം നടത്തിയിരിക്കുന്നത്.

 

യഥാര്‍ത്ഥത്തില്‍ സംസ്ഥാന ബോര്‍ഡ് കേന്ദ്ര സംഘത്തിനു വേണ്ടുന്ന സഹായങ്ങള്‍ നല്‍കിയോ?

തീര്‍ച്ചയായും. ചെയര്‍മാന്‍ മുതല്‍ താഴോട്ടുള്ള സകലരും കോടതി നിര്‍ദ്ദേശിച്ചപ്രകാരമുള്ള സര്‍വ സഹായങ്ങളും ലഭ്യമാക്കി നിന്നിരുന്നു. 244. കി.മി. നീളമാണ് പെരിയാറിനുള്ളത്. കേന്ദ്ര ബോര്‍ഡില്‍ നിന്നും വരുന്ന ഏതാനും പേര്‍ക്ക് കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഒന്നും ചെയ്യാനാകില്ള എന്നതിനാല്‍ സകല സന്നാഹങ്ങളും ഞങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ അവര്‍ക്ക് അതൊന്നും വേണ്ടായിരുന്നു. മറ്റാരുടെയോ സഹായം തേടാന്‍ തീരുമാനിച്ചുറച്ചു വന്നതു പോലെ ആയിരുന്നു അവരുടെ പ്രവൃത്തികള്‍. ആരുടേത് എന്ന് എനിക്കറിയില്ള. ഒരുദാഹരണം പറയാം.

 

എന്‍.എ ബി എല്‍. അക്രഡിറ്റേഷനുള്ള അത്യാധുനിക ലാബാണ് ബോര്‍ഡിന്‍റെ സെന്‍ട്രല്‍ ലാബ്. വൈദഗ്ധ്യമല്ളാത്തവര്‍ക്ക് അതിലേക്ക് പ്രവേശനം പോലുമില്ള. കേന്ദ്ര ടീമില്‍ നിന്നു വന്ന ഒരാള്‍ അവിടെ എന്തോ ടെസ്റ്റിംഗ് നടത്തി. ഒരു പൊട്ടിത്തെറിയായിരുന്നു ഫലം. ഒരാള്‍ക്കു പരിക്കുമേറ്റു. തുടര്‍ന്ന് വൈദഗ്ധ്യമല്ളാത്തവര്‍ ലാബ് ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ആരും പിന്നെ അങ്ങോട്ടു വന്നില്ള. ഞങ്ങള്‍ക്കിതേ വരെ മനസിലായിട്ടില്ള, പിന്നെ ഏതു ലാബിലാണ് അവര്‍ പരിശോധനകള്‍ നടത്തിയതെന്ന്! വെറും 14 ദിവസം കൊണ്ട്പെരിയാര്‍ തീരത്തെ നൂറുകണക്കിന് വ്യവസായങ്ങളുടെ പ്രവര്‍ത്തനം എന്തു മായാജാലത്താല്‍ പഠിച്ചെടുത്തു എന്നതും അറിയില്ള...


റിപ്പോര്‍ട്ടില്‍ കേരളത്തിന്‍റെ താല്പര്യങ്ങള്‍ക്ക് എതിരായി എന്തെങ്കിലുമൊക്കെയുണ്ടോ?അനുകൂലമായി വല്ളതുമുണ്ടോ എന്നു ചോദിക്കുന്നതാണ് കൂടുതല്‍ എളുപ്പമെന്നു തോന്നുന്നു. ഒരുദാഹരണം ആദ്യം പറയാം. കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ. യുടെ മാലിന്യ സംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തിച്ചിട്ട് കാലങ്ങളായി എന്ന് അവര്‍ റിപ്പോര്‍ട്ടില്‍ എഴുതി പിടിപ്പിച്ചിട്ടുണ്ട്. സത്യത്തില്‍ ഐ.ആര്‍.ഇ യുടെ പ്ളാന്‍റ് സംസ്ഥാന ബോര്‍ഡിന്‍റെ അനുമതിയോടെ നവീകരണത്തിനായി അടച്ചിരിക്കുകയായിരുന്നു. സംസ്കരണം നടക്കാത്തതിനാല്‍ ജലം പുറത്തേക്ക് ഒഴുക്കുന്നുമില്ളായിരുന്നു. ഇതത്രയും മറച്ചു വെച്ച് നെഗറ്റീവ് ആയ ഒരു റിപ്പോര്‍ട്ട് നീതി പീഠത്തിനു നല്‍കിയാല്‍ , ട്രിബ്യൂണല്‍ ഐ.ആര്‍.ഇ. പൂട്ടാന്‍ ഉത്തരവിട്ടാലോ.? ആലോചിച്ചു നോക്കു. അതിന്‍റെ പ്രത്യാഘാതങ്ങള്‍; ഇതാണ് ഉദ്ദേശ്യ ശുദ്ധിയില്‍ സംശയമുണ്ടെന്നു പറയാന്‍ കാരണം.

നദി കടലില്‍ ചെന്നു ചേരുന്നിടത്തിന് മറൈന്‍ യെശ്ചൂരി എന്നാണ് പേര്. കടല്‍ വെള്ളം വന്നു കയറുന്ന ഈ പ്രദേശത്ത് ടോട്ടല്‍ ഡിസോള്‍വ്ഡ് സാല്‍ട്ടി (ടി.ഡി.എസ്) ന് പരിധി ഒരിടത്തും നിശ്ചയിച്ചിട്ടില്ള. ഇത് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ജനറല്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. എന്നാല്‍ പ്രദേശത്ത് ടി.ഡി.എസ് ലിമിറ്റ് 2100 എന്ന് അവരുടെ റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നു .! വ്യവസായ ശാലകളുടെ ഡിസ് ചാര്‍ജ് യെശ്ചൂരി മേഖലയാണെന്നിരിക്കെ കോടതി മുന്പാകെ ആശയക്കുഴപ്പമുണ്ടാക്കാന്‍ മനപൂര്‍വം നടത്തിയ ഇടപെടലാണിതെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയുമോ?

വ്യവസായശാലകള്‍ക്ക് യശ്ചൂരി മേഖലയില്‍ ഡിസ്ചാര്‍ജ് നടത്താനാണ് അനുമതിയുള്ളത്. അവിടെ നിന്നും 10. കി.മിയിലേറെ മുകളിലേക്കു മാറിയാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള സംഭരണ കേന്ദ്രം. മാലിന്യവും കുടിവെള്ളവും ഒരു തരത്തിലും കൂടിച്ചേരാതിരിക്കാനുള്ള മുന്‍കരുതലാണിത്.

 

എന്നാല്‍, ഇപ്പോഴുള്ള ഈ നില മാറ്റി കുടി വെള്ളം വാട്ടര്‍ അതോറിറ്റി ശേഖരിക്കുന്നതിന് മുകളില്‍ വേണം വ്യവസായ ശാലകള്‍ മലിനജലമൊഴുക്കേണ്ടതെന്നു പറഞ്ഞാല്‍ അതിന്‍റെ ലക്ഷ്യം എന്താണന്ന് എല്ളാവര്‍ക്കും മനസിലാവില്ളേ?

 

വ്യവസായ ശാലകളുടെ കണ്‍സന്‍റ് പരിശോധന നടത്തിയതായി ഒരു ടേബിള്‍ അവര്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. കണ്‍സന്‍റ് നല്‍കുന്ന അതോറിറ്റിയായ സംസ്ഥാന ബോര്‍ഡിന്‍റെ സഹകരണം കൂടാതെ ഇത് എങ്ങനെ സാധ്യമാകും എന്നു മനസിലാകുന്നതേയില്ള.

 

ഇടുക്കിയിലെ കല്ളാര്‍കുട്ടി മുതല്‍ 14 കേന്ദ്രങ്ങളില്‍ നിന്നും നദീജലം ഇവര്‍ പരിശോധനക്ക് എടുത്തു. ഇടുക്കി കല്ളാര്‍കുട്ടിയിലെ ജലസാന്പിളില്‍ കണ്ടെത്തിയത് ചെളി, കോളിഫോം, ഇരുന്പ്, സിങ്ക്, മാംഗനീസ് എന്നിവയുടെ സാന്നിധ്യമാണ്. എടുത്ത 14 സാന്പിളുകളിലും ഇവ മാത്രമേയുള്ളു. നദി ഒഴുകി തുടങ്ങി അവസാനിക്കുന്നിടം വരെയുള്ള ദൂരത്തിനിടെ ആലുവയില്‍ മാത്രമേ സീവേജ് ട്രീറ്റ് മെന്‍റ് പ്ളാന്‍റ് ഉള്ളു വെന്നും അതാവട്ടെ പ്രവര്‍ത്തന രഹിതമാണെന്നും റിപ്പോര്‍ട്ടില്‍ കാണാം. മറ്റൊന്നു കൂടിയുണ്ട് ഒരു ഫാക്ടറിയുമില്ളാത്ത ഇടുക്കിയില്‍ ഇരുന്പ് അടക്കമുള്ള ലോഹങ്ങളുടെ സാന്നിധ്യം (നദിയിലും) സ്ഥിരീകരിക്കയും ചെയ്യുന്നു.

ഇത്തരമൊരു റിപ്പോര്‍ട്ടിന്‍റെ കണ്‍ക്ളൂഷന്‍ എന്താകും.? സ്ഥിര ബുദ്ധിയുള്ള ആരും ഇനി പറയും പോലെയേ കണ്‍ക്ളൂഡ് ചെയ്യുകയുള്ളു. ""ലോഹങ്ങളുടെ സാന്നിധ്യം നദിയുടെ പ്രഭവസ്ഥാനമായ ഇടുക്കി മുതലുണ്ട്. കേരളത്തിലെ മണ്ണിന്‍റെ സ്വഭാവം മൂലമാണിത്. അവിടെ നിന്നും താഴേക്ക് ഒഴുകി വരുന്നതാണ് നദിയിലെ സാന്നിധ്യത്തിന് കാരണം. ഇവ കൂടാതെ ഉടനീളം കാണുന്ന അപകടകരമായ വസ്തു കോളിഫോം ബാക്ടീരിയ മാത്രമാണ്. അത് സംസ്കരിക്കപ്പെടാത്ത കക്കൂസ് മാലിന്യം മൂലമാണ്''

എന്നാല്‍ ഇതല്ള കേന്ദ്ര സംഘത്തിന്‍റെ കണ്‍ക്ളൂഷന്‍! സ്വന്തം അന്വേഷണത്തെയും പഠനത്തെയും മാറ്റി വെച്ച് ഇല്യുഷനാല്‍ നയിക്കപ്പെടുന്ന ഒരു കണ്‍ക്ളുഷനിലാണ് എത്തിയിരിക്കുന്നത്. ഒരു പ്രകൃതി ദുരന്ത മുണ്ടായാല്‍, വ്യവസായ ശാലകളുടെ ട്രീറ്റ് മെന്‍റ് പ്ളാന്‍റുകള്‍ തകര്‍ന്നാല്‍ എന്തു ചെയ്യും എന്നൊക്കെ കേന്ദ്ര ""വിദഗ്ദ്ധ'' സംഘത്തിന്‍റെ ഭാവനകള്‍ ചിറകുവിടര്‍ത്തുന്നു. പഠന റിപ്പോര്‍ട്ട് നോവല്‍ രചനയാണോ? മുല്ളപെരിയാര്‍ പൊട്ടിയാല്‍ എന്ത് എന്നതും നമ്മുടെ ഒരാശങ്കയാണന്നത് ഓര്‍മ്മിക്കണം!
ഇനിയുമൊരു വിരോധാഭാസം കാണാം. നദീ ജലത്തിന് അന്താരാഷ്ട്ര നിലവാരം വേണമെന്ന വിചിത്രമായൊരു നിലപാട് കാണാം അതില്‍. നദി സ്വാഭാവികമായി ഒഴുകി വരുന്ന ഒരു സംഗതിയാണ്. അതിനെങ്ങനെ അന്താരാഷ്ട്ര മാനദണ്ഡം ഉറപ്പാക്കും. ? അത് വേണ്ടത് കുടിവെള്ളത്തിനല്ളേ? ഒഴുകി വരുന്ന പ്രദേശത്തിന്‍റെ പരിതസ്ഥിതിക്ക് അനുസൃതമായിരിക്കും നദിയിലെ ജലം എന്നാര്‍ക്കാണ് അറിയാത്തത്, റിപ്പോര്‍ട്ട് ഉണ്ടാക്കിയവര്‍ക്കല്ളാതെ?ഇവര്‍ തന്നെ നദിയില്‍ ഉടനീളം കണ്ടെത്തിയ സീവേജ് മാലിന്യം ഓക്സിജന്‍റെ അളവ് കുറയാനും മത്സ്യക്കുരുതിക്കും ഇടയാക്കും എന്നതിനെക്കുറിച്ചു പക്ഷേ, റിപ്പോര്‍ട്ടില്‍ ഒരക്ഷരമില്ള.!

 


അങ്ങനെയാണെങ്കില്‍ ട്രിബ്യൂണല്‍ മുന്പാകെ നല്‍കിയ റിപ്പോര്‍ട്ട് കേരളത്തിന്‍റെ വ്യവസായ താല്പര്യങ്ങളെ ദോഷകരമായി ബാധിക്കില്ളേ?


തീര്‍ച്ചയായും. ഇത്തരം കാര്യങ്ങളൊന്നും നമ്മുടെ മാധ്യമങ്ങളോ സാമൂഹ്യ പ്രവര്‍ത്തകരോ മനസിലാക്കുന്നില്ള എന്നതാണ് ഖേദകരം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സംഘം ഏതോ ചില ബാഹ്യ പ്രേരണക്കു വഴങ്ങിയെന്ന് ആര്‍ക്കും സംശയം തോന്നുന്ന, തെറ്റായ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന ബോര്‍ഡ് ഗ്രീന്‍ ട്രിബ്യൂണലില്‍ ഒബ്ജക്ഷന്‍ ഫയല്‍ ചെയ്യുന്നുണ്ട്. മെയ് 24, 25 തീയതികളില്‍ ദില്ളിയില്‍ ചേരുന്ന സംസ്ഥാന ബോര്‍ഡ് ചെയര്‍മാന്‍മാരുടെയും മെന്പര്‍ സെക്രട്ടറിമാരുടെയും സമ്മേളനത്തില്‍ കേരളം ഈക്കാര്യം ഉന്നയിക്കുകയും ചെയ്യും.

 

പെരിയാറില്‍ ഉടനീളം കക്കൂസ് മാലിന്യം മൂലമുള്ള കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കേന്ദ്ര സംഘം കണ്ടെത്തിയെന്നു പറഞ്ഞല്ളോ. യഥാര്‍ത്ഥത്തില്‍ ഇത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വീഴ്ചയല്ളേ?

മാലിന്യ സംസ്കരണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെയാണ് നിര്‍ണായക പങ്ക് വഹിക്കേണ്ടത്. അവര്‍ സാമൂഹ്യ ബോധത്തോടെ ഉത്തരവാദിത്വം നിറവേറ്റാന്‍ തയ്യാറാവണം.കഴിഞ്ഞ ഫെബ്രുവരി 22ന് മൂന്നു മാസത്തെ കാലാവധി നല്‍കിക്കൊണ്ട് സുപ്രീം കോടതി ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ ഒരുത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ മാലിന്യസംസ്കരണ വിഷയത്തിലെ ഗോള്‍ സെറ്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് നടപ്പാക്കപ്പെടുന്നതോടെ സ്ഥിതി ഗണ്യമായി മെച്ചപ്പെടും.

 

ഇ~ വേസ്റ്റിന്‍റെ കാര്യത്തിലും സ്ഥിതി മെച്ചപ്പെടണം. പ്രത്യേകിച്ച് ചൈനീസ് ഉല്പന്നങ്ങള്‍. തദ്ദേശ ഭരണ കൂടങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്പോള്‍ തന്നെ കുറഞ്ഞത് 4000 രൂപ വാങ്ങണം. ഉപയോഗശൂന്യമാകുന്ന ഇത്തരം സ്ഥാപനങ്ങള്‍ തിരിച്ചെടുത്ത് സംസ്ക്കരിക്കാനുള്ള സംവിധാനം ഒരുക്കാനാണീ പണം. ഇത് നിയമം മൂലം വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്.

 

പ്ളാസ്റ്റിക്ക് നിരോധനത്തിന്‍റെ കാര്യം തന്നെ നോക്കു. നിയമം ഇപ്പോള്‍ തന്നെയുണ്ട്. നടപ്പാക്കുന്ന കാര്യത്തിലാണ് ശുഷ്കാന്തിയും ജാഗ്രതയും വേണ്ടത്. നിയമ ലംഘനങ്ങള്‍ നടക്കുന്നിടത്ത് ഇനി ബോര്‍ഡ് പൊലീസ് സഹായം വേണ്ടിവന്നാല്‍ തേടും. കേസ് കൊടുക്കാനും തയ്യാറാകും.

 

പെരിയാര്‍ നദിയില്‍ രാസമാലിന്യം നിറഞ്ഞു, കുടി വെള്ളത്തില്‍ വിഷമാണ് തുടങ്ങിയ പ്രചാരണങ്ങളെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എങ്ങനെ കാണുന്നു.?


ആദ്യമേ പറയട്ടെ, കേന്ദ്ര ബോര്‍ഡ് പോലും ഇക്കാര്യത്തില്‍ നടത്തിയത് പഠനമല്ള, പ്രാഥമികാന്വേഷണമാണ്. അതില്‍ തന്നെ രാസമാലിന്യങ്ങളാല്‍ പെരിയാര്‍ മലിനമായി എന്നൊരു കണ്ടെത്തലില്ള. കേന്ദ്ര ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിനെ പൊക്കിക്കൊണ്ടു നടക്കുന്ന കുബുദ്ധികള്‍ ഇക്കാര്യം പക്ഷേ, മറച്ചു വെയ്ക്കുകയും ചെയ്യുന്നു.


ബോര്‍ഡിന്‍റെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് എനിക്ക് ഉറപ്പായി പറയാനാകും. പെരിയാര്‍ മാത്രമല്ള, കേരളത്തിലെ 44 നദികളില്‍ ഒന്നു പോലും വ്യവസായ മാലിന്യത്താല്‍ മലിനീകരിക്കപ്പെടുന്നില്ള. മനുഷ്യജന്യമായ മാലിന്യമാണ് നമ്മുടെ നദികളില്‍ കാണുന്നത്.ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്ര ബോര്‍ഡ് തന്നെ നദികളെ എ മുതല്‍ ഇ വരെയുള്ള കാറ്റഗറികളായി തിരിച്ചിരിക്കുന്നത്.കോളിഫോം മൂലവും മറ്റും ആവാസ വ്യവസ്ഥയില്‍ വരുന്ന മാറ്റമാണ് ഫിഷ് കില്ളിലേക്ക് നയിക്കുന്നത്.


പെരിയാറിലെ നദീജലവും ബോര്‍ഡ് തുടര്‍ച്ചയായി നോക്കുന്നുണ്ട്. കേരള വാട്ടര്‍ അതോറിറ്റിക്ക് ആലുവയില്‍ ഉള്ളത് അത്യാധുനിക ജല ശുദ്ധീകരണ പ്ളാന്‍റാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാനത്ത് എന്പാടുമായി മാസം തോറും 150 ല്‍ ഏറെ സ്ഥലങ്ങളില്‍ നിന്നുള്ള ജല സാന്പിള്‍ പരിശോധിച്ചു വരുന്നുണ്ട്. പെരിയാറില്‍ നിന്ന് പന്പ് ചെയ്യുന്ന ജലത്തില്‍ ഒരു തരത്തിലുള്ള വിഷവസ്തുക്കളുമില്ള. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക നീക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും ഉടന്‍ രംഗത്തിറങ്ങും.


സംസ്ഥാനത്തു വില്പന നടത്തുന്ന കുപ്പിവെള്ളവും ബോര്‍ഡ് പരിശോധിക്കുന്നുണ്ട്. അന്യസംസ്ഥാനത്തു നിന്നു വരുന്ന ചിലതില്‍ കുഴപ്പം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. അവര്‍ ബന്ധപ്പെട്ട സംസ്ഥാനവുമായി തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെടും.

 

റെഡ് കാറ്റഗറി വ്യവസായങ്ങള്‍ അപകടകരമാണോ?

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വ്യവസായങ്ങളെ അവയുടെ സ്വഭാവത്തിന് അനുസരിച്ച് റെഡ്, ഓറഞ്ച്, ഗ്രീന്‍, വൈറ്റ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.
നമ്മുടെ ആശുപത്രികള്‍ ജീവന്‍ രക്ഷിക്കുന്ന കേന്ദ്രങ്ങളല്ളേ. പക്ഷേ, അവയും റെഡ് കാറ്റഗറി യാണ്.! റെഡ് എന്നു പറഞ്ഞ് ആളുകളെ പേടിപ്പിച്ചിട്ട് ഒരു കാര്യവുമില്ള. നിയമം നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കലാണ് പ്രധാനം. വലിയ തോതില്‍ പ്രകൃതി ചൂഷണം നടത്തുന്ന ക്വാറികള്‍ റെഡ് ആയിരുന്നു. കേന്ദ്ര ബോര്‍ഡ് അതിപ്പോള്‍ ഓറഞ്ച് കാറ്റഗറി യാക്കി. ജലം ഉപയോഗിക്കുന്നില്ള എന്ന പേരു പറഞ്ഞാണ് ഈ നടപടി. പക്ഷേ, സംസ്ഥാന ബോര്‍ഡ് ഇപ്പോഴും റെഡ് കാറ്റഗറി പോലെയാണ് അവയെ പരിഗണിക്കുന്നത്. ഫീസ് ഉള്‍പ്പെടെ ഒരു വ്യവസ്ഥയും ഇളവ് ചെയ്തിട്ടില്ള.

 

ബോര്‍ഡിന്‍റെ എക്സ് ലന്‍സ് അവാര്‍ഡ് തുടര്‍ച്ചയായി ചില കന്പനികള്‍ക്ക് നല്‍കുന്നതിന്‍റെ മാനദണ്ഡം എന്താണ്?


മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ മാത്രം മാനദണ്ഡമാക്കിയല്ള ബോര്‍ഡ് അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുന്നത്. മറ്റ് ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തല്‍, ജലത്തിന്‍റെ പുനരുപയോഗം, സാമൂഹ്യ പ്രതിബദ്ധത, ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്. കൊച്ചിന്‍ റിഫൈനറി എടുക്കാം. 14 കോടിയാണ് ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ലാഭവിഹിതത്തില്‍ നിന്നും സര്‍ക്കാരിന് നല്‍കിയത്. നെടുന്പാശ്ശേരി വിമാനത്താവളം ഏവിയേഷന്‍ ഫ്യൂവലിന്‍റെ ഉപയോഗം, ഉയര്‍ന്ന ശബ്ദമൊക്കെ യുള്ള റെഡ് കാറ്റഗറി വ്യവസായമാണ്. പക്ഷേ, അവരുടെ സോളാര്‍ വൈദ്യുതിയുടെ ഉല്പാദനം കാണാതിരുന്നു കൂടാ. മില്‍മയും റെഡ് കാറ്റഗറി തന്നെയാണ്. പക്ഷേ, ജലത്തിന്‍റെ പുനരുപയോഗം, ബോയ്ലറിന്‍റെ ചൂടുകൊണ്ടുള്ള വെള്ളം ചൂടാക്കല്‍ എന്നിവ ശ്രദ്ധേയമാണ്. യഥാര്‍ത്ഥത്തില്‍ അവാര്‍ഡ് ലഭിക്കുന്നതോടെ ഒരു വ്യവസായ സ്ഥാപനത്തിന്‍റെ സാമൂഹ്യ ഉത്തരവാദിത്വം കൂടുകയാണ്. തുടര്‍ച്ചയായി അവാര്‍ഡ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മാനേജ്മെന്‍റ് സ്ഥാപന മേധാവികളെ മാറ്റിയ ചരിത്രം ഇവിടെ ഉണ്ടായിട്ടുണ്ട്. ശാസ്ത്രജ്ഞരും, സര്‍വകലാശാലാ വകുപ്പു മേധാവികളുമൊക്കെ അടങ്ങുന്ന ഒരു വിദഗ്ദ്ധ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നതു തന്നെ.

 

ബോര്‍ഡിലെ ചില ജീവനക്കാര്‍ വ്യവസായങ്ങള്‍ക്ക് എതിരായ മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു എന്ന പരാതിയുണ്ടല്ളോ?

 

പരിസ്ഥിതി പ്രവര്‍ത്തകരെ പോലെയല്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജീവനക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെ ചിലര്‍ പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. അവര്‍ ബോര്‍ഡിന്‍റെ വിജിലന്‍സിന്‍റെ നിരീക്ഷണത്തിലുമാണ്.

 

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 23ന് രാത്രി പെരിയാറില്‍ ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണിക്കാര്യം ശ്രദ്ധയില്‍ പെട്ടത്. നിയമ വ്യവസ്ഥകളും ചട്ടവും പാലിക്കാതെ രാത്രി ഒരു പരിശോധന നടത്തി. തങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടു പോയി എന്നാണ് ജീവനക്കാര്‍ പറഞ്ഞത്. പക്ഷേ റിപ്പോര്‍ട്ടില്‍ അത് കണ്ടില്ള. തുടര്‍ന്ന് വകുപ്പ് അന്വേഷണം നടത്തിയതില്‍ വീഴ്ചകള്‍ വ്യക്തമായി. സാന്പിള്‍ ശേഖരിക്കുന്നത് ബന്ധപ്പെട്ട കന്പനിയുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വേണമെന്ന വ്യവസ്ഥ നിയമമാണ്. അതാണ് ലംഘിക്കപ്പെട്ടത്. മാത്രമല്ള നിയമവിരുദ്ധമായ ഈ ന ട പ ടി യുടേതെന്ന പേരില്‍ വിഷയം ഗ്രീന്‍ ട്രിബ്യൂണല്‍ മുന്പാകെ കൊണ്ടുവരുന്ന നിലയുമുണ്ടായി. ഒരു കള്ളക്കളി ഫീല്‍ ചെയ്തതോടെ ബോര്‍ഡ് ,അന്വേഷണമാവശ്യപ്പെട്ട് മധ്യമേഖലാ ഐ.ജിക്ക് പരാതി നല്‍കി. അന്വേഷണം നടക്കുകയാണ്.


ബോര്‍ഡും ചെയര്‍മാനും പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ അനുസരിച്ചാണ്. മലിനീകരണം നിയന്ത്രണ വിധേയമാക്കി വ്യവസായങ്ങള്‍ നടത്തുകയാണ് ലക്ഷ്യം. അതില്‍ സര്‍ക്കാര്‍ / സ്വകാര്യ കന്പനികള്‍ എന്ന വ്യത്യാസമില്ള. എല്ളാ വ്യവസായങ്ങളും ബോര്‍ഡിന് സ്വന്തം വ്യവസായങ്ങളാണ്.


ആര്‍ക്കു വേണ്ടിയും നിയമത്തില്‍ ഇളവു വരുത്താറുമില്ള. എടയാറിലെ ഒരു കന്പനി ബൈ പ്രൊഡക്ടില്‍ നിന്ന് സിമന്‍റ് നിര്‍മ്മാണത്തിനും ടൈല്‍ വ്യവസായത്തിനും പറ്റുന്ന ഉല്പപന്നമുണ്ടാക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും കേന്ദ്ര മന്ത്രാലയത്തിന്‍റെയും അനുമതി നേടി. . അത് നടപ്പാക്കി കൊടുക്കേണ്ടത് സംസ്ഥാന ബോര്‍ഡിന്‍റെ ബാധ്യതയാണ്. അതെങ്ങനെ ഇളവായി മാറും? പ്രോഡക്ടുകള്‍ ഹസാര്‍ഡസ് വേസ്റ്റ് മാനേജ്മെന്‍റ് ചട്ടങ്ങളുടെ പരിധിയില്‍ വരില്ളെന്ന് കെമിക്കല്‍ എന്‍ജിനീയറായ എനിക്ക് നല്ള ബോധ്യമുണ്ട്.

 

ബോര്‍ഡിന്‍റെ ഭാവി ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?

പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം മുഖ്യമന്ത്രി നേരിട്ടു തന്നെ ബോര്‍ഡിനു നല്ള പിന്തുണ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ കൂടെയുണ്ട് എന്ന് നല്ള പോലെ ഫീല്‍ ചെയ്യുന്നു. അതാണ് പ്രധാനം.

സ്റ്റാഫ് പാറ്റേണ്‍ ഇരട്ടിയാക്കി തന്നതോടെ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമായി മാറാന്‍ കഴിയും .കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ ഈ മാറ്റം ഉടന്‍ വരും .ബോര്‍ഡിന്‍റെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഓരോ അപേക്ഷയുടെയും സ്റ്റാറ്റസും ഉദ്യോഗസ്ഥര്‍ എഴുതിയ കുറിപ്പുകള്‍ വരെയും ആര്‍ക്കും കാണാന്‍ കഴിയും. മൊബൈല്‍ ആപ്പും ഉടന്‍ വരുന്നുണ്ട്. വിവരാവകാശ അപേക്ഷ കൂടാതെ തന്നെ ആര്‍ക്കും എന്തു രേഖയും അതിലൂടെ ഡൌണ്‍ ലോഡ് ചെയ്യാനാകും. ബോര്‍ഡിനെ കൂടുതല്‍ ജനകീയമാക്കുകയാണ് ലക്ഷ്യം.