Monday 22 October 2018



വിജയന് തേരാളിയായി വിജയരാഘവന്‍

By SUBHALEKSHMI B R.02 Jun, 2018

imran-azhar

ഒരു വ്യാഴവട്ടക്കാലം ഇടതുമുന്നണിയെ നയിച്ച വൈക്കം വിശ്വന്‍ സ്ഥാനമൊഴിയുന്പോള്‍ ആ നിയോഗം ഇനി എ.വിജയരാഘവനാണ്. അനാരോഗ്യത്തെ തുടര്‍ന്ന് തന്നെ ഒഴിവാക്കണമെന്ന് വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തീരുമാനമുണ്ടാവുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് വിജയരാഘവനെ ഇടതുമുന്നണിയുടെ അമരക്കാരനായി തീരുമാനിച്ചത്. വൈകിട്ട് മൂന്നിന്് ചേര്‍ന്ന ഇടതുമുന്നണിയോഗത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗമാണ് എ. വിജയരാഘവന്‍.

 

തൊഴിലാളികളായ മലപ്പുറം ആലന്പാടന്‍ പറങ്ങോടന്‍റെയും മാളുക്കുട്ടിയമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി 1956 മാര്‍ച്ച് 23~നാണ് വിജയരാഘവന്‍ ജനിച്ചത്. പ്രീഡിഗ്രി പഠനശേഷം വിവിധ ജോലികള്‍ചെയ്തു. അതിനിടെ വക്കീല്‍ ഗുമസ്തനായി. മലപ്പുറം ഗവ. കോളേജില്‍ നിന്ന് ഇസ്ളാമിക ചരിത്രത്തില്‍ റാങ്കോടെ ബിരുദം നേടി. കോഴിക്കോട് ലോ കോളേജില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയും പ്രീഡിഗ്രി ബോര്‍ഡിനെതിരെയും നടത്തിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിരവധിതവണ പൊലീസിന്‍റെകൊടിയ മര്‍ദനമേറ്റുവാങ്ങി. ജയില്‍വാസവും അനുഷ്ഠിച്ചു.എല്‍എല്‍എം പഠനത്തിനിടെയാണ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റായത്. സിപിഐ എം തൃശൂര്‍ ജില്ളാ കമ്മിറ്റി അംഗവുംമായി. റഷ്യ, ചൈന എന്നിവിടങ്ങള്‍ സഞ്ചരിച്ച വിദ്യാര്‍ഥി~ യുവജന സംഘത്തിന്‍റെ നേതാവായിരുന്നു.

 

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്‍റ്, കലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം, കേരള കലാമണ്ഡലം ഭരണസമിതി അംഗം, സിപിഐ എം കേന്ദ്ര സെക്രട്ടറ
ിയറ്റ് അംഗം എന്നീ ചുമതലകള്‍ വഹിച്ചു. 1989ല്‍ പാലക്കാട് മണ്ഡലത്തെ കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്തിയെടുത്ത് ഇടതുപക്ഷത്തോട് ചേര്‍ത്തതും വിജയരാഘവനിലൂടെയാണ്. 1998ലും 2004ലും രാജ്യസഭാംഗമായി. കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറി, പാര്‍ലമെന്‍റിന്‍റെ ഉപനിയമ നിര്‍മാണ സമിതി അംഗം, അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാന്‍, ആഭ്യന്തരവകുപ്പ്, ധനവകുപ്പ്, പ്രതിരോധം, പെട്രോളിയം, പ്രകൃതിവാതകം, ഗ്രാമീണവികസനം, ഐടി വിഭാഗങ്ങളുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സാധാരണക്കാര്‍ക്കു വേണ്ടിയുളള പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എന്നും വിജയരാഘവനുണ്ടായിരുന്നു. എംപിയായിരിക്കെ പാകിസ്ഥാന്‍ പൌരത്വമുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയും കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല നിലപാട് നേടിയെടുക്കുകയും ചെയ്തു. റെയില്‍വേ സേലം ഡിവിഷന്‍ വെട്ടിമുറിക്കുന്നതിനെതിരെ രാജ്യസഭയില്‍ നിരന്തരം പോരാടി. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളില്‍ ഇടപെട്ട് കുട്ടനാട് പാക്കേജുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ പ്രയത്നിച്ചു. അഴിമതിക്കെതിരയും ശക്തമായി നിലകൊണ്ടു. സിഎസ്ഐആര്‍ (കൌണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്), ഐസിഎആര്‍ (ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്) എന്നിവിടങ്ങളിലെ അഴിമതി, ഹവാല ഇടപാട് എന്നിവ പാര്‍ലമെന്‍റില്‍ ഉന്നയിച്ചത് വിജയരാഘവനാണ്. പാലക്കാട് ~കോഴിക്കോട് ദേശീയപാത 213ഉം വിജയരാഘവന്‍െറ നേതൃപാടവത്തിന് തെളിവാണ്.

 

മുന്നണിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുക എന്ന ദൌത്യമാണ് 62~ാം വയസ്സില്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയജീവിതം അതിന് കരുത്താകുമെന്ന വിശ്വാസത്തോടെ പാര്‍ട്ടിയിലും ഘടകക്ഷികളിലും അടിയുറച്ച വിശ്വാസത്തോടെ ഇടതുമുന്നണിയെ വിജയമുന്നണിയാക്കാനുളള ഉത്തരവാദിത്വം വിജയരാഘവന്‍ ഏറ്റെടുത്തുകഴിഞ്ഞു.