Tuesday 19 March 2024




ഫെയ്സ്ബുക്കില്‍ ബ്രേക്കിംഗ് ന്യൂസ്

By SUBHALEKSHMI B R.05 Jun, 2018

imran-azhar

ഫെയ്സ്ബുക്ക് അടിമുടി മാറുകയാണ്. ബ്രേക്കിംഗ് ന്യൂസ് ഉള്‍പ്പെടുത്തി ട്രെന്‍ഡിയാകാനാണ് സക്കര്‍ബര്‍ഗിന്‍റെ നീക്കം. തത്ഫലമായി ടെന്‍ഡിംഗ ന്യൂസിന് താഴ് വീഴും. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം തന്നെയാണ് സക്കര്‍ബര്‍ഗിനെ മാറ്റി ചിന്തിപ്പിച്ചത്. ഡേറ്റാചോര്‍ച്ചയെ തുടര്‍ന്ന് ശതകോടികളുടെ കേസും കൂട്ടവും പല രാജ്യങ്ങളിലായി നേരിടുന്നതിനിടെയാണ് ട്രെന്‍ഡിംഗ് ന്യൂസ് സെക്ഷന്‍ വിവാദമായത്. ഒടുവില്‍ ആ വിഭാഗം തന്നെ ഒഴിവാക്കാനാണ് ഫെയ്സ്ബുക്കിന്‍റെ തീരുമാനം. ലോകത്ത് ഓരോ ദിവസവും ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളുടെ ലിങ്കുകള്‍ ഫെയ്സ്ബുക്കിന്‍െറ ഹോം പേജില്‍ ലിസ്റ്റ് ചെയ്യുന്നതാണ് ട്രെന്‍ഡിങ് ന്യൂസ് സെക്ഷന്‍. 2014ല്‍ ആണ് ഈ വിഭാഗം ആരംഭിച്ചത്. ഓരോ ഉപയേഭാക്താവിനും തങ്ങളുടെ ഹോം പേജില്‍ ഈ ലിങ്കുകള്‍ ലഭ്യമാണ്. നിലവില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഉപയോക്താക്കളെ അറിയിക്കുക എന്നതാണ് ഫെയ്സ്ബുക്ക് ഇതിലൂടെ ലക്ഷ്യമിട്ടത്. വിവിധ വാര്‍ത്താ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ നല്‍കുന്നതായിരുന്നു രീതി. രാഷ്ട്രീയം, ശാസ്ത്രം, വിനോദം, കായികം എന്നീ വിഷയങ്ങളില്‍ പ്രത്യേകം ട്രെന്‍ഡിംഗ് വാര്‍ത്തകളും നല്‍കി. അതത് രാജ്യങ്ങളിലെ ട്രെന്‍ഡിംഗ് വാര്‍ത്തകള്‍ നല്‍കുന്നതിന് പകരം അമേരിക്കയിലും മറ്റും ട്രെന്‍ഡിങ് ആകുന്ന വാര്‍ത്തകളായിരുന്നു നല്‍കിയിരുന്നത്. ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യാത്ത ടിവി ഷോകള്‍ വരെ ഇന്ത്യാക്കാരുടെ മുഖപ്പേജിലെ ട്രെന്‍ഡിംഗ് സെക്ഷനില്‍ സജീവമായി. ഫെയ്സ്ബുക്കില്‍ ചര്‍ച്ച ചെയ്യുന്ന വാര്‍ത്തകള്‍ക്കാണു തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്നായിരുന്നു ഇതിന് കന്പനിയുടെ ന്യായീകരണം. അപ്പോഴാണ് ഇവിടെയും കച്ചവടമുണ്ടെന്ന രീതിയില്‍ ആരോപണമുയര്‍ന്നത്. തങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളുടെ വാര്‍ത്തകള്‍ ട്രെന്‍ഡിംഗ് സെക്ഷനിലേക്കു തള്ളിക്കയറ്റുന്നുവെന്നായിരുന്നു ആരോപണം. ഇതൊന്നും പെട്ടെന്നുണ്ടായ ആരോപണങ്ങളല്ല. 2016~ല്‍യുഎസില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ വാര്‍ത്തകളോട് ട്രെന്‍ഡിംഗ് വിഭാഗത്തിനു പ്രത്യേകമമതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ തിരഞ്ഞെടുക്കുന്ന വാര്‍ത്തകള്‍ ട്രെന്‍ഡിംഗ് സെക്ഷനിലേക്കു ഫീഡ് ചെയ്യുന്ന രീതിയായിരുന്നുവെന്നും അതാണു പ്രശ്നമെന്നാണ് ഫെയ്സ്ബുക്ക്് കണ്ടെത്തിയത്. അതിന് ഉത്തരവാദികളായവരെ പുറത്താക്കുകയും ചെയ്തു. പിന്നീട് പുതിയ രീതി കൊണ്ടു വന്നെങ്കിലും പിഴച്ചു. പലപ്പോഴും വ്യാജ വാര്‍ത്തകള്‍ ട്രെന്‍ഡിംഗ് സെക്ഷനില്‍ ഇടംപിടിച്ചതോടെ സക്കര്‍ബര്‍ഗിനും ടീമിനും ഇരിക്കപ്പൊറുതിയില്ലാതായി.

 

തുടര്‍ന്ന് നടത്തിയ ഒരു അന്വേഷണത്തിലാണ് യഥാര്‍ത്ഥ തിരിച്ചടി ലഭിച്ചത്. ട്രെന്‍ഡിംഗ് സെക്ഷനുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ന്യൂസ് വെബ്സൈറ്റുകള്‍ക്ക് ആകെ ലഭിക്കുന്ന ക്ളിക്കില്‍ ശരാശരി 1.5 ശതമാനം മാത്രമേ ഫെയ്സ്ബുക്കില്‍ നിന്ന് ലഭിക്കുന്നുളളുവെന്നും വാര്‍ത്ത കണ്ടെത്തുന്ന കാര്യത്തില്‍ ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ ട്രെന്‍ഡിംഗ് വിഭാഗം മികവു കാണിക്കുന്നില്ളെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്. വാര്‍ത്തകള്‍ക്കായി ജനങ്ങള്‍ മൊബൈലുകളെയും അതില്‍ത്തന്നെ ന്യൂസ് വിഡിയോകളെയും വന്‍തോതില്‍ ആശ്രയിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഫെയ്സ്ബുക് ഹെഡ് ഓഫ് ന്യൂസ് പ്രോഡക്ട്സ് അലക്സ് ഹാര്‍ഡിമാന്‍ വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണു വാര്‍ത്താവിഭാഗത്തില്‍ ഉടച്ചുവാര്‍ക്കലിനു ടീം ഫെയ്സ്ബുക്ക് തീരുമാനിച്ചത്. ഏതാനും ആഴ്ച കഴിഞ്ഞാല്‍ ട്രെന്‍ഡിംഗ് സെക്ഷന്‍ ഫെയ്സ്ബുക്കില്‍ നിന്നു അപ്രത്യക്ഷമാകും പകരം ബ്രേക്കിങ് ന്യൂസ് വരും. ഏറ്റവും വിശ്വാസ്യതയുള്ള, ഗുണമേന്മയുള്ള പബ്ളിഷര്‍മാരില്‍ നിന്നു തന്നെ വാര്‍ത്ത എത്തിക്കാനാണ് നീക്കം. ഇന്ത്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ 80 പബ്ളിഷര്‍മാരുമായി ചേര്‍ന്ന് "ബ്രേക്കിങ് ന്യൂസ് ലേബല്‍' പരീക്ഷണം ആരംഭിക്കുകയാണ്.

 

 

ഡേറ്റ ചോര്‍ച്ച വിവാദത്തോടെ ഫെയ്സ്ബുക്കിന്‍റെ സ്വീകാര്യത കുറയുകയാണ്. തങ്ങളുടെ വ്യക്തിവിവരങ്ങളെക്കുറിച്ചുളള ആശങ്ക ഓരോ ഉപയോക്താവിനുമുണ്ട്. കൂടുതല്‍ സുരക്ഷിതമായ സമൂഹമാധ്യമങ്ങള്‍ തിരയുകയാണ് ഉപയോക്താക്കള്‍അതിനിടെ കുറച്ചുനാള്‍ കൂടി സജീവമായി നില്‍ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ് സക്കര്‍ബര്‍ഗും സംഘവും