Thursday 21 September 2017

ഓണം ഉപവസന്തം

By Subha Lekshmi B R.21 Aug, 2017

imran-azhar

ഓണത്തെ വരവേല്‍ക്കാല്‍ മനുഷ്യര്‍ മാത്രമല്ല പ്രകൃതിയും സകലജീവജാലങ്ങളും ഒരുങ്ങുന്നു. ഇടവപ്പാതിയില്‍ കുളിച്ചുതോര്‍ത്തിയ പ്രകൃതി പച്ചപട്ടുടുത്ത് അലങ്കാരങ്ങള്‍ ചാര്‍ത്തി
ചമഞ്ഞൊരുങ്ങുന്നു. ആ ചമയം നമുക്ക് തൊടിയിലും പാടത്തും വഴിയരുകിലും കാണാം. നിറയെ വിടര്‍ന്നുല്ലസിച്ചു നില്‍ക്കുന്ന ചെറുപൂക്കള്‍...അവയിലേക്ക് കൊതിയോടെ പാറിയെത്തുന്ന തുന്പികളും ശലഭങ്ങളും മറ്റ് ഷഡ്പദങ്ങളും.  തെളിഞ്ഞ ആകാശവും പൊന്‍വെയിലും നേര്‍ത്ത സുഗന്ധം പരത്തിയെത്തുന്ന ഇളംകാറ്റും ഓണത്തെ വരവേല്‍ക്കാന്‍ പ്രകൃതി ഒരുങ്ങിക്കഴിഞ്ഞതായി വിളംബരം ചെയ്യുന്നു.

 

ഏത് ഋതുവിലും പൂക്കുന്ന ചെടികള്‍ കേരളത്തിലുമുണ്ട്. എന്നാല്‍, ഓണക്കാലത്തുമാത്രം നിറയെ പൂക്കുന്ന നിരവധി സസ്യങ്ങളുണ്ട്. കൂടുതലും ചെറുപൂക്കളുണ്ടാകുന്നവ. തുന്പ, മുക്കുറ്റി, കാക്കപ്പൂ, കൊങ്ങിണിപ്പൂ, ചിറ്റാട, കമ്മല്‍പ്പൂ...(തെക്കന്‍ കേരളത്തില്‍ കമ്മലിന്‍റെ ആകൃതിയില്‍ ഓണക്കാലത്ത് നിറയെ പൂക്കുന്ന പൂവളളി), മറ്റ് ചില പേരില്ലാപ്പൂക്കളുടെയും
വസന്തകാലമാണ് ഓണക്കാലം. അതെ, ചെറുഭംഗികളുടെ വസന്തം. അതുകൊണ്ടാണ് എ പി ഉദയഭാനു ഓണത്തെ കേരളത്തിന്‍റെ ഉപവസന്തമെന്ന് വിളിച്ചത്.

 

മേല്‍പ്പറഞ്ഞവയെ കൂടാതെ,ചെന്പരത്തി, റോസ, പെരുവലം, കൃഷ്ണകിരീടം, തൊട്ടാവാടി,േകോളാന്പി, ശിവരുളി (മഞ്ഞ അരളി) , ശംഖുപഷ്പം, തെച്ചി, ചേമന്തി എന്നിവയും ഈ സമയത്ത് നിറയെ പൂക്കുന്നു. എന്നാല്‍ ഇവ എല്ലാക്കാലത്തും പൂവിടുന്ന സസ്യങ്ങളാണ്.

നാലുമണി, പത്തുമണിപ്പൂക്കളും വാടാമല്ലിയും ഓണക്കാലത്തെ പൂപ്പൂഞ്ചിരികളാണ്. അങ്ങനെ നമ്മുടെ കാലടികളെ തൊട്ട് തിരിച്ചുനില്‍ക്കുന്ന ഭംഗികളെ കാണാന്‍ നമുക്ക് കഴിഞ്ഞാല്‍, പ്രകൃതിയിലെ മാറ്റങ്ങള്‍ തൊട്ടറിയാനായാല്‍ നമുക്ക് മനസ്സിലാകും ഓണം നമ്മുടെ കുഞ്ഞുവസന്തകാലമാണെന്ന് ....മലനാടിന്‍െറ ഉപവസന്തമാണെന്ന്...

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..