Thursday 14 December 2017

പാര്‍വതിയെന്ന നടനാത്ഭുതം..

By Pradeep Anand.28 Nov, 2017

imran-azhar

ഒടുവില്‍ പാര്‍വതിയിലൂടെ മലയാളം ലോകസിനിമയുടെ നെറുകയില്‍ ചുംബിച്ചിരിക്കുന്നു. ഇത്തവണത്തെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടിയായി പാര്‍വതി തിരഞ്ഞെടുക്കപ്പെട്ടത് മലയാള സിനിമയുടെ യശസിനെ അക്ഷരാര്‍ത്ഥത്തില്‍ വാനോളമുയര്‍ത്തിയിരിക്കുകയാണ്. 65 വര്‍ഷത്തെ ഗോവന്‍ഫിലിം ഫെസ്റ്റിവെലിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മലയാളി താരം മികച്ച നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കുന്നത്.

 

ലോകത്തെ ഏറ്റവും എണ്ണപ്പെട്ട ചലച്ചിത്രോത്സവങ്ങളിലൊന്നായ ഗോവന്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടിയെന്ന നേട്ടം കൈവരിക്കുന്നത് സ്വാഭാവികമായും ലോകസിനിമയുടെ ശ്രദ്ധയെ മലയാളത്തിലേക്ക് പ്രത്യേകിച്ച് പാര്‍വതിയിലേക്കും ആകര്‍ഷിക്കും എന്നതാണ് അഭിനന്ദനീയമായ വസ്തുത. അസ്വാഭാവികാഭിനയതലത്തില്‍ നിന്നും പൂര്‍ണ്ണമായി മാറി നിന്ന് തികച്ചും സ്വാഭാവികതയോടും തന്‍മയത്വത്തിലൂന്നിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ശൈലിയാണ് പാര്‍വതി എന്ന നടിയെ വ്യത്യസ്തയാക്കുന്നത്.

 

ടേക്ക് ഓഫും, മൊയ്തീനും, ബംഗളൂര്‍ ഡെയ്‌സുമൊക്കെ കാണുമ്പോള്‍ ഈ അഭിനയശൈലിയിലെ അപാരത പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യും. ടേക്ക് ഓഫിലെ സമീറ ഒരുപക്ഷെ, ഇതില്‍ ഏറ്റവും മികച്ചതായി മാറുന്നത് അത് പ്രതികരിക്കേണ്ട അവസരങ്ങളില്‍ രൂക്ഷമായി പ്രതികരിക്കുകയും അതിജീവിക്കേണ്ട ഘട്ടങ്ങളെ പ്രായോഗിക ബുദ്ധിയും ധൈര്യവും ഉപയോഗിച്ച് മറികടക്കുകയും ചെയ്യുന്ന ഒരു പ്രത്യേക മാനസിക തലത്തില്‍ നിന്ന് പെരുമാറുന്ന കഥാപാത്രമായത് കൊണ്ടാവാം. തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെ മാനറിസങ്ങളും മറ്റ് ഭാവങ്ങളും അനിതരസാധാരണ അഭിനയശേഷിയും അവതരണത്തിലെ ഒതുക്കവും ഉണ്ടെങ്കില്‍ മാത്രം വിജയത്തിലെത്തിക്കാവുന്ന ഒന്നാണ്. പാര്‍വതി അതിവിദഗ്ദ്ധമായി തന്നെ ആ വേഷം കൈകാര്യം ചെയ്തുവെന്ന് പറയാം.

 

ഒരുപക്ഷെ, ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ പാരമ്പര്യമൊന്നുമില്ലാത്ത ഒരു നടിക്ക് ഇത്രയേറെ മനോഹരമായി ഈ വേഷമെങ്ങനെ ചെയ്യാന്‍ കഴിഞ്ഞുവെന്നത് അന്നേ മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. അതേ അത്ഭുതം ഗോവന്‍ ഫെസ്റ്റിവെലില്‍ വിധി കര്‍ത്താക്കള്‍ ഏറ്റെടുത്തപ്പോഴാണ് പാര്‍വതിയെ തേടി ഈ അംഗീകാരം എത്തിയത്. ഒരേ സമയം ഗ്രാമീണതയുടെ ലാളിത്യവും ആധുനികതയുടെ ആര്‍ഭാടവും കലര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്ന ആധുനിക മലയാള സിനിമയില്‍ രണ്ട് രീതിയിലും ആശങ്ക കൂടാതെ സംവിധായകന് പരീക്ഷിച്ച് വിജയിക്കാന്‍ കഴിയുന്ന ഒരു അഭിനയപ്രതിഭ തന്നെയാണ് ഈ നടിയെന്ന് ചുരുക്കം കാലം കൊണ്ട് തന്നെ തെളിയിക്കപ്പെട്ടിരിക്കുന്നു. പാര്‍വതിയുടെ കാര്യത്തില്‍ കൂടുതല്‍ കൂടുതല്‍ നടനാത്ഭുതങ്ങള്‍ സംഭവിക്കട്ടെ എന്നാശിക്കാം.