Tuesday 21 May 2019


ഫിലിപ്പ് റോത്ത്~ വിചിത്രപശ്ചാത്തലങ്ങളുടെ തൂലിക

By SUBHALEKSHMI B R.26 May, 2018

imran-azhar


""അമേരിക്കന്‍സംസ്കാരത്തിലെ പ്രോത്സാഹനപരമായ മുഖലക്ഷണങ്ങളെ കണ്ടു പിടിക്കുന്നതില്‍ ഞാന്‍ അത്ര സമര്‍ത്ഥനല്ള. മൌലികതയും പ്രതിഭയുമുള്ള ഗണ്യമായ ഒരു കൂട്ടം എഴുത്തുകാര്‍, കഴിഞ്ഞ ഇരുപതോ മുപ്പതോ വര്‍ഷങ്ങളായി അമേരിക്കയില്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ അവരുടെ വായനക്കാര്‍ വര്‍ഷം തോറും ചെറുതായിക്കൊണ്ടിരിക്കുകയാണ്. സുകുമാര സാഹിത്യത്തിന് ഇവിടെ ഭാവിയുണ്ടോ എന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവാണ്''~ കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത ജൂത~അമേരിക്കന്‍ സാഹിത്യകാരന്‍ ഫിലിപ്പ് റോത്തിന്‍റെ വാക്കുകളാണിവ. 1973~ല്‍ പാബ്ളോ നെരൂദ അന്തരിച്ചപ്പോഴെന്ന പോലെ ഒരു സാംസ്കാരികയുഗാന്ത്യമാണ് റോത്തിന്‍റെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് രാജ്യാന്ത
സാഹിത്യസമൂഹം വിലയിരുത്തുന്നു. മേയ് 22ന് തന്‍റെ 85~ാം വയസ്സിലാണ് റോത്ത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലെ അമേരിക്കയെ നിര്‍വ്വചിക്കാന്‍ സഹായിച്ച ഭാവനാസന്പന്നവും ആധികാരികവുമായ എഴുത്തിന്‍റെ , ജോണ്‍ അപ്ഡൈക്ക്, നോര്‍മന്‍ മെയ്ലര്‍, സോള്‍ ബെല്ലോ എന്നിവരുടെ തലമുറയിലെ , അവസാനകണ്ണിയാണ് ഇതോടെ നഷ്ടമായിരിക്കുന്നതെന്ന് അമേരിക്കന്‍ സാഹിത്യലോകം പ്രതികരിച്ചു.

 

 

അമേരിക്കയിലെ ജൂതകുടിയേറ്റക്കാരന്‍റെ ജീവിതവും ലൈംഗികതയും തന്‍റെ സൃഷ്ടികളില്‍ തുറന്നുകാട്ടിയ ഫിലിപ്പ് റോത്ത് എഴുത്തുകാരനെന്ന നിലയില്‍ പ്രസിദ്ധനും അതുപോലെ കുപ്രസിദ്ധനും ആയിരുന്നുവെന്നുവേണം പറയാന്‍. അദ്ദേഹത്തിന്‍റെ കൃതികളിലെ വന്യമായ ഹാസ്യവും ചുഴിഞ്ഞിറങ്ങുന്ന സത്യസന്ധതയും ഒരുപോലെ അംഗീകരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തു. ആദ്യ കൃതിയായ കൊളംബസ് മുതല്‍ ഈ രീതിയിലാണ് റോത്തിന്‍റെ ഓരോ സൃഷ്ടിയും സ്വീകരിക്കപ്പെട്ടത്. രതിയും മരണവും അതുല്യമായ ഭാവനയോടെ സൃഷ്ടികളില്‍ സന്നിവേശിപ്പിച്ച നോവലിസ്റ്റ് , ജന്മസിദ്ധമായ കഴിവുകളുളള പ്രഭാഷണമാന്ത്രികന്‍ എന്നൊക്കെയാണ് ഫിലിപ്പ് റോത്തിനുളള വിശേഷണങ്ങള്‍. 1933 മാര്‍ച്ച് 19ന് അമേരിക്കയിലെ ന്യൂജഴ്സിയിലെ വീക്വാഹിക്കിലാണ് ഫിലിപ്പ് റോത്ത് ജനിച്ചത്. ഇന്‍ഷൂറന്‍സ് ബ്രോക്കറായ ഹെര്‍മന്‍ റോത്തിന്‍റെ ബെസിന്‍റെയും രണ്ടാമത്തെ മകന്‍. വീക്വാഹിക് ഹൈസ്കൂളിലും പെന്‍സില്‍വാനിയയിലെ ബക്കനെല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും ചിക്കാഗോ സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. തുടര്‍ന്ന് 2 വര്‍ഷക്കാലം സൈനിക സേവനം. പിന്നീട് പെന്‍സില്‍വാനിയ സര്‍വ്വകലാശാലയില്‍ അധ്യാപകനായി. 1991~ല്‍ വിരമിച്ചു.

 

1959~മുതല്‍ സാഹിത്യലോകത്ത് സജീവമാണ് റോത്ത്. ആദ്യപുസ്തകമായ ഗുഡ് ബൈ കൊളംബസ് 1960~ലെ നാഷണല്‍ ബുക്ക് അവാര്‍ഡ് നേടി. തുടര്‍ന്ന് ലെറ്റിംഗ് ഗോ, വെന്‍ ഷി വാസ് ഗോഡ് എന്നീ നോവലുകള്‍ പുറത്തിറങ്ങി. 1969~ല്‍ പുറത്തിറങ്ങിയ ‘പോര്‍ട്ട്നോയ്'സ് കംപ്ളയിന്‍റ്' വിവാദമായി. നോവല്‍ ഏറെ വായിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇതോടെ റോത്ത് എഴുത്തുകാരില്‍ ശ്രദ്ധേയമായ സ്ഥാനം നേടി. 1970കളില്‍ രാഷ്ട്രീയ ആക്ഷേപഹാസ്യം മുതല്‍ ഫ്രാന്‍സിസ് കാഫ്കയുടെ റിയലിസവും ഭ്രമകല്പനയും വരെ റോത്ത് തന്‍റെ രചനകളില്‍ പരീക്ഷിച്ചു. എഴുപതുകളുടെ അവസാനം തന്‍റെ അപരനായ നഥാന്‍ സക്കര്‍മാന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചു. 1979 മുതല്‍ 1986 വരെയുളള റോത്തിന്‍റെ രചനകളില്‍ പ്രധാനകഥാപാത്രമായോ അല്ലാതെയോ സക്കര്‍മാന്‍ സാന്നിധ്യമറിയിച്ചു. 1995~ല്‍ പുറത്തിറങ്ങിയ സബ്ബത്ത് തിയേറ്ററിലൂടെ രണ്ടാമത്തെ നാഷണല്‍ ബുക്ക് അവാര്‍ഡ് തേടിയെത്തി. 1997~ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ പാസ്റ്റോറല്‍ പുല്സ്റ്റര്‍ സമ്മാനം നേടിക്കൊടുത്തു. 2010~ല്‍ പുറത്തിറങ്ങിയ നെമസിസ് ആണ് അവസാന നോവല്‍.

വിചിത്രമായ പശ്ചാത്തലങ്ങള്‍

 

 


കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ അമേരിക്കന്‍ എഴുത്തുകാര്‍ വില്യം ഫോക്നറും സോള്‍ ബെല്ളോയുമാണെന്നും അവരെയാണ് താന്‍ വീണ്ടും വീണ്ടും വായിക്കുന്നതെന്നും റോത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒര ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കന്‍ സാഹിത്യത്തിന്‍റെ നട്ടെല്ളു നിര്‍മ്മിച്ചത് ഇവരിരുവരും ചേര്‍ന്നാണ്. ഞാന്‍ അവരെ പോലെയല്ള എഴുതുന്നത്. അല്ളെങ്കില്‍ ആര്‍ക്കു പറ്റും അങ്ങനെ എഴുതാന്‍? റോത്ത് ചോദിച്ചു. അത്രത്തോളം ആ എഴുത്തുകാരെ റോത്ത് ആരാധിച്ചിരുന്നു. എന്നാല്‍, ഇവരുടെ ഒരു സ്വാധീനവും റോത്തിന്‍റെ രചനകളിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ നോവലുകളിലെ ലൈംഗികത പല തരത്തില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പരാജയപ്പെട്ട സ്വന്തം ദാന്പത്യബന്ധങ്ങളാവാം ഇത്തരം വിചിത്രമായ പശ്ചാത്തലങ്ങള്‍ക്ക് കാരണമെന്ന് നിരൂപകര്‍ കുറിച്ചു. ആദ്യഭാര്യയായ മാര്‍ഗരറ്റ് മാര്‍ട്ടിന്‍സണിന്‍റെ സ്വാധീനം വെന്‍ ഷി വാസ് എ ഗോഡ് , മൈ ലൈഫ് ആസ് എ മാന്‍ എന്നീ നോവലുകളില്‍ പ്രകടമാണ്.രണ്ടാമത് വിവാഹം ചെയ്ത ബിട്ടീഷ് താരം ക്ളയര്‍ ബ്ളൂമുമായുള്ള ബന്ധം അധികം നീണ്ടില്ല. ക്ളയര്‍, റോത്തുമായുളള നാളുകളെ കുറിച്ചെഴുതിയ ‘ലിവിംഗ് ഇന്‍ ഡോള്‍സ് ഹൌസ്' എന്ന പുസ്തകത്തിനുളള മറുപടിയാണ് റോത്തിന്‍റെ ഐ മാരീഡ് എ കമ്മ്യൂണിസ്റ്റ്.

2011 ല്‍ ഫിലിപ്പ് റോത്തിനെ തേടി മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്കാരമെത്തി. ഏറ്റവും ഉന്നത നിലയില്‍ നിന്ന് സാഹിത്യ ജീവിതം ആരംഭിക്കുകയും എഴുത്തിന്‍റെ അവസാന ഘട്ടം വരെ ആ നിലവാരം സൂക്ഷിക്കുകയും ചെയ്തയാളാണ് ഫിലിപ് റോത്ത് എന്നാണ് പുരസ്ക്കാരം പ്രഖ്യാപിച്ചുകൊണ്ട് ജൂറി അധ്യക്ഷനായ റിക് ജോക്കോസ്കി പറഞ്ഞത്. അതെ, എഴുത്തില്‍ തന്‍റേതായ രീതി രൂപപ്പെടുത്തുകയും അത് ആസ്വാദകര്‍ക്ക് സ്വീകാര്യമാക്കുകയും ചെയ്ത സാഹിത്യകാരനായിരുന്നു ഫിലിപ്പ് റോത്ത്.