Sunday 16 December 2018


പുരോഗതിക്കായി സമ്മര്‍ദ്ദം ചെലുത്തൂ

By SUBHALEKSHMI B R.08 Mar, 2018

imran-azhar

ഇന്ന് അന്താരാഷ്ട്ര വനിതാദിനം. പുരോഗതിക്കായി സമ്മര്‍ദ്ദം ചെലുത്തൂ എന്നതാണ് ഇത്തവണത്തെ വനിതാദിന സന്ദേശം. ലിംഗസമത്വം അത്രവേഗം പ്രാപ്യമാകുന്ന ഒന്നല്ല തന്നെ. എന്നാല്‍, പ്രതിദിനം ലോകത്ത് സ്ത്രീകള്‍ കുടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുവെന്നത് ശുഭസൂചകമാണ്. മാത്രമല്ല, ആഗോളതലത്തില്‍ ലിംഗസമത്വത്തിന് വേണ്ടിയുളള ശക്തമായ വാദങ്ങളും പ്രവര്‍ത്തനങ്ങളും പിന്തുണയും ഉയര്‍ന്നുവരികയാണ്. അതുകൊണ്ടു തന്നെ നാം അലംഭാവം കാട്ടാന്‍ പാടില്ല. മുന്‍കാലങ്ങളിലേക്കാള്‍ കൂടുതല്‍ ശക്തമായി ലിംഗസമത്വത്തിന് വേണ്ടി പോരാടുകയും പ്രവര്‍ത്തിക്കുകയും വേണം. സുഹൃത്തുക്കളെ , സഹപ്രവര്‍ത്തകരെ അതല്ല സമൂഹത്തെ ഒന്നടങ്കം തന്നെ അതിനായി പ്രേരിപ്പിക്കാനും അണിചേര്‍ക്കാനും കഴിയും വിധം ശക്തമായി ആഹ്വാനം ചെയ്യേണ്ടതുണ്ട്~ രാജ്യാന്തര വനിതാ ദിന വെബ്സൈറ്റില്‍ പറയുന്നു. ഇത്തവണത്തെ വനിതാ ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. 2017 ഒക്ടോബര്‍ ഹോളിവുഡില്‍ നിന്നുയര്‍ന്ന തൊഴില്‍ രംഗത്തെ ലൈംഗിക ചൂഷണവെളിപ്പെടുത്തല്‍ ശ്രദ്ധിക്കപ്പെടുകയും മി ടൂ എന്ന ഹാഷ്ടാഗോടെ അത് രാജ്യാന്തരതലത്തില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാഅതി ക്രമങ്ങള്‍ക്കെതിരായ പ്രചാരണമായി ഉയരുകയും ചെയ്തിരുന്നു. 2006~ല്‍ അമേരിക്കക്കാരിയായ പൌരാവകാശ പ്രവര്‍ത്തക തരാനാ ബര്‍ക്ക് ആണ് ലൈംഗികഅതിക്രമത്തിനെതിരെയുളള ബോധവത്ക്കരണത്തിന്‍റെ ഭാഗമായി മി ടൂ എന്ന പ്രയോഗം നടത്തിയത്. എന്നാല്‍ 2017 ഒക്ടോബര്‍ 15ന് ഹോളിവുഡ് നടിയും ഗായികയും സ്ത്രീസമത്വവാദിയുമായ അലിസ മിലാനോയാണ് മി ടുവിന് വന്‍പ്രചാരം നേടിക്കൊടുത്തത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന പീഡനാരോപണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു അലീസയുടെ പ്രചാരണം.

 

 

ആരെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തന്‍െറ ട്വീറ്റിനു "മി ടൂ' എന്ന ഹാഷ്ടാഗില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു അലീസയുടെ ട്വീറ്റ്. ഒറ്റദിവസം കൊണ്ട്
ലോകത്താകമാനം രണ്ടുലക്ഷം സ്ത്രീകളാണ് ഇത് ഏറ്റുപിടിച്ചത്. വൈറ്റ്ഹൌസ് വിവാദനായിക മോണിക്ക ലെവിന്‍സ്കി മുതല്‍ നിരവധി ഹോളിവുഡ് നടിമാരും ലോകത്താകമാനം നിരവധി സ്ത്രീകളും മി ടു ഹാഷ്ടാഗില്‍ വെളിപ്പെടുത്തലുകള്‍ നടത്തി. ഇന്ത്യന്‍ സിനിമാരംഗത്തും തുറന്നുപറച്ചിലുകള്‍ പ്രകന്പനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴും ഇതിന്‍റെ അലയൊലികള്‍ തുടരുകയാണ്. സ് ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം തടയാനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി ഫണ്ടുശേഖരണവും ആഗോളതലത്തില്‍ പുരോഗമിക്കുകയാണ്. അങ്ങനെ തുറന്നുപറച്ചിലുകളും ലിംഗവിവേചനത്തിനെതിരായ പ്രതികരണങ്ങളും ഉച്ചസ്ഥായിയില്‍ നില്‍ക്കുന്പോഴാണ് വീണ്ടുമൊരു വനിതാദിനമെത്തുന്നത്.

 

അമേരിക്കയിലാണ് വനിതാദിനാചരണത്തിന് തുടക്കം കുറിച്ചത്. 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ തുണി ഫാക്ടറികളില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വനിതാ ദിനാചരണം തുടങ്ങിയതെന്ന് പറയുന്നു. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല. 1909~ല്‍ തെരേസ മക്കീലിന്‍റെ ആവശ്യപ്രകാരം അമേരക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് വനിതാദിനം ആചരിച്ചുതുടങ്ങിയതെന്ന വാദത്തിനാണ് കൂടുതല്‍ വ്യക്തതയുളളത്. ആദ്യകാലത്ത് ഫെബ്രുവരി 28നായിരുന്നു വനിതാദിനാചരണം. 1910~ല്‍ മാര്‍ച്ച് എട്ട് വനിതാദിനമായി ആചര ിക്കാന്‍ ഇന്‍റര്‍നാഷണല്‍ വിമന്‍സ് കോണ്‍ഫറന്‍സ് തീരുമാനിക്കുകയായിരുന്നു. 1975~ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിക്കുംവരെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മാ ത്രമാണ് വനിതകള്‍ക്കായുളള ദിനം ആചരിക്കപ്പെട്ടത്