Wednesday 12 December 2018


ഒരേ കല്ലില്‍ തട്ടി വീഴുന്ന പി.എസി.എസി

By webdesk.29 Jan, 2018

imran-azhar

കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയാണ് കേരളപബ്ളിക് സര്‍വ്വീസ് കമ്മിഷന്‍ എന്ന സ്ഥാപനം. വര്‍ഷം ചെല്ലുന്തോറും പി.എസ്.സി വഴിയുളള ഉദ്യോഗങ്ങള്‍ക്ക് ശ്രമിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയാണ്. ഒരുകാലത്ത് സ്വകാര്യമേഖലകളിലെ ഉയര്‍ന്ന ശന്പളമുളള ഉദ്യോഗങ്ങളായിരുന്നു കേരളയുവത സ്വപ്നമായി കൊണ്ടുനടന്നത്. എന്നാല്‍, ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വന്‍ ഐടി കന്പനികളിലെ ജോലി ഉപേക്ഷിച്ച് പി.എസ്.സി പരീക്ഷയെഴുതുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി. ജോലി സ്ഥിരത, സമ്മര്‍ദ്ദക്കുറവ്,പൊതുഅവധികള്‍, ലീവ് വ്യവസ്ഥകള്‍, കുടുംബത്തിനോടൊപ്പം നില്‍ക്കാം എന്നിങ്ങനെ പല കാര്യങ്ങള്‍ ഇതിന് പ്രചോദനമായി. എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍ പഠനത്തിനൊപ്പം പിഎസ്എസി പരീക്ഷാപരിശ
ീലനം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. ഈ സാഹചര്യം മുതലാക്കാന്‍ ആയിരക്കണക്കിന് പരിശീലനസ്ഥാപനങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ ഈ സ്ഥാപനങ്ങളിലെ റെഗുലര്‍, രാത്രികാല, അവധിദിന ബാച്ചുകളില്‍ പരിശീലനവും നേടുന്നു. സൌജന്യപരീശീലനം നല്‍കുന്ന കൂട്ടായ്മകളും ഏറെയാണ്.

 

എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗത്തിനായി അഹോരാത്രം പ്രയത്നിക്കുന്നവരെ വഞ്ചിക്കുന്ന നിലപാട് പി.എസ്.സി ആവര്‍ത്തിക്കുകയാണ്. പുതുവര്‍ഷത്തിലും ഇതിന് മാറ്റമില്ല. ജനുവരി 22ന് നടന്ന ഇക്കണോമിക്സ് എച്ച്.എസ്.എസ്.ടി. പരീക്ഷയില്‍ ഇരുപതോളം ചോദ്യങ്ങള്‍ പി.എസ്.സി കോപ്പിയടിച്ചെന്ന് പരാതിയുയര്‍ന്നിരിക്കുകയാണ്. ഇന്‍റര്‍നെറ്റില്‍ പി.ഡി.എഫ് ഫയലുകളായി ചേര്‍ത്തിരുന്ന പരിശീലനചോദ്യങ്ങളില്‍ നിന്ന് ഇരുപതോളം ചോദ്യങ്ങള്‍ ഉത്തരസൂചിക പോലും മാറ്റാതെ അതുപോലെ പകര്‍ത്തിയിരിക്കുകയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഭൂരിഭാഗം ചോദ്യങ്ങളും എം.ജി. സര്‍വ്വകലാശാലയുടെ സിലബസിനെ ആധാരമാക്കിയാണെന്നും എം.ജി. സര്‍വ്വകലാശാലയുടെ ബി.എ. സോഷ്യോളജിയുടെ അര്‍ബന്‍ സോഷ്യോളജി എന്ന വിഷയത്തിലുള്ള ചോദ്യബാങ്കില്‍നിന്ന് ആറു ചോദ്യങ്ങള്‍ അതുപോലെ പകര്‍ത്തിയെന്നും ആരോപണമുണ്ട്. ഇത് ഒരു വിഭാഗത്തിന് വേണ്ടി മനപൂര്‍വ്വം ചെയ്തതാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. പരീക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. സമൂഹമാധ്യമങ്ങളില്‍ പി.എസ്.സിക്കെതിരെ വന്‍പ്രചാരണമാണ് നടക്കുന്നത്.

 

ഇതാദ്യമായല്ല, പി.എസ്.സി കോപ്പിയടി വിവാദത്തില്‍ കുരുങ്ങുന്നത്. 2017 ഡിസംബര്‍ 11ന് നടന്ന വൊക്കേഷണല്‍ ഇന്സ്ട്രക്ടര്‍ ഇന്‍ മെയിന്‍റനന്‍സ് ആന്‍ഡ് റിപ്പയേഴ്സ് ഓഫ് ടൂ വീലേഴ്സ് ആന്‍ഡ് ത്രീ വീലേഴ്സ് പരീക്ഷയില്‍ 80 സാങ്കേതിക ചോദ്യങ്ങളില്‍ 79 എണ്ണവും സ്വകാര്യ ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള സ്വകാര്യ പ്രസാധകരുടെ ഗൈഡിലെ ചോദ്യങ്ങളാണ് അതേപടി പകര്‍ത്തിയിരിക്കുന്നത്. പ്രസ്തുത ഗൈഡില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ള 306 ചോദ്യങ്ങളാണ് ഉള്ളത്. പി.എസ്.സി. ചോദിച്ച 79 ചോദ്യങ്ങളും ഇതിലുണ്ട്. ഉത്തരസൂചികകളില്‍ പോലും മാറ്റമില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. 10,183 പേരാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചത്. ഗൈഡില്‍ ശരിയുത്തരമില്ലാത്ത ചോദ്യം പോലും അതേപടി ആവര്‍ത്തിച്ചുകൊണ്ട് നാണംകെട്ടിരിക്കുകയാണ് പി.എസ്.സി. ഇതിന് പുറമെ, ലൈബ്രേറിയന്‍ ഗ്രേഡ് ഫോര്‍, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ലക്ചറര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ്ങിലെ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലേക്ക് അടുത്തകാലത്ത് നടന്ന പരീക്ഷകള്‍ക്കെതിരെയും ഇത്തരത്തില്‍ കോപ്പയടി ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ ലൈബ്രേറിയന് ഗ്രേഡ് ഫോര്‍ പരീക്ഷയില്‍ ചോദ്യകര്‍ത്താവ് തന്നെ പരീക്ഷയെഴുതിയത് കമ്മിഷന്‍റെ വിശ്വാസ്യതയെ തന്നെ മുള്‍മുനയില്‍ നില്‍ത്തി. ചോദ്യകര്‍ത്താവിനെതിരെ നടപടിയെടുത്ത് അന്ന് തലയൂരിയെങ്കിലും ചങ്കരന്‍ ഇപ്പോഴും തെങ്ങിന്മേല്‍ തന്നെ.

 

നേരത്തേ തിരുവനന്തപുരം ആസ്ഥാനമായ ഒരു മത്സരപരീക്ഷാപരീശീലനസ്ഥാപനത്തിന്‍റെ റാങ്കുഫയലുകളിലെ ചോദ്യങ്ങള്‍ പി.എസ്.സി അതേ പടി കോപ്പയടിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. സംഗതി വിവാദമാകുകയും ചെയ്തു. അതിനുശേഷം പ്രസ്തുത സ്ഥാപനത്തിന്‍റെ ചോദ്യങ്ങള്‍ കോപ്പിയടിക്കുന്നതില്‍ കുറച്ചുകാലത്തേക്ക് കുറവുവന്നെങ്കിലും കോപ്പിയടി എന്ന കല ആവര്‍ത്തിക്കുകയാണ് കമ്മിഷന്‍. ഈയിടെ റദ്ദാക്കിയ പരീക്ഷ വീണ്ടും നടത്തിയപ്പോഴും ചോദ്യങ്ങള്‍ കോപ്പയടിച്ചത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ ചോദ്യങ്ങളുണ്ടാക്കാന്‍ ആളില്ലാഞ്ഞിട്ടാണോ അതോ സമയം കളയാന്‍ മടിയായിട്ടാണോ പി.എസ്.സി കോപ്പയടി ആവര്‍ത്തിക്കുന്നതെന്ന ചോദ്യം ന്യായമാണ്. കോപ്പിയടിക്ക്  ബന്ധപ്പെട്ടവര്‍ക്ക് ഇതിന് വല്ല കമ്മിഷനും ലഭിക്കുന്നുണ്ടോ എന്ന ആക്ഷേപവും അന്യായമല്ല. 

കോപ്പയടിക്ക് പുറമെ ഇന്‍റര്‍വ്യൂ ബോര്‍ഡിലുളളവര്‍ പരീശീലനസ്ഥാപനങ്ങളില്‍ ക്ളാസെടുക്കുക, സിലബസിലില്ലാത്ത ചോദ്യങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക, തസ്തികമാറ്റ പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യങ്ങള്‍ എല്‍ഡിക്ളര്‍ക്ക് നേരിട്ടുളള നിയമനത്തിന് ഉപയോഗിക്കുക ഇങ്ങനെ പിഎസ്സിക്കെതിരായ ആരോപണങ്ങള്‍ ഒഴിയുന്നില്ല. പിന്നെയും പിന്നെയും ഒരേ കല്ലില്‍ തട്ടിവീഴുകയാണ് കമ്മിഷന്‍. എന്നാണ് ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരുടെ തൊഴില്‍ സ്വപ്നങ്ങള്‍കൊണ്ടുളള കളി പി.എസ്.സി അവസാനിപ്പിക്കുക? എന്നാണ് ഈ സംവിധാന കുറ്റമറ്റതാകുക?