Monday 23 April 2018

റാണി ദുര്‍ഗ്ഗാവതി

By Subha Lekshmi B R.04 Mar, 2017

imran-azhar

ഇന്ത്യയില്‍ വിദേശ ശക്തികളുടെ ആക്രമണങ്ങളെ ഏറ്റവും ശക്തമായി പ്രതിരോധിച്ചിരുന്നവരാണ് രജപുത്രര്‍.1524 ഒക്ടോബര്‍ 5ന്
പ്രമുഖ രജപുത്രരാജവംശമായ ചന്ദേല രാജവംശത്തിലൊയിരുന്നു ദുര്‍ഗ്ഗാവതിയുടെ ജനനം. ചെറുപ്പത്തിലേ തന്നെ ആയോധനവിദ്യയും ഭരണപരമായ കാര്യങ്ങളും സ്വായത്തമാക്കിയ ദുര്‍ഗ്ഗാവതി ശക്തമായ വ്യക്തിത്വത്തിനുടമയായിരുന്നു.

 

വളരെയെറേ പ്രതിസന്ധികള്‍ നേരിട്ടാണ് ഗോണ്ട് ഗോത്രത്തിലെ രാജാവായ സംഗ്രാംസിംഹന്‍റെ മകന്‍ ദലപത്ഷായെ ദുര്‍ഗ്ഗാവതി വിവാഹം ചെയ്തത്. 1542 ചന്ദേല~ഗോണ്ട് വംശങ്ങള്‍ ഒരുമിക്കാന്‍ ഈ വിവാഹം കാരണമായി. 1545~ല്‍ ദുര്‍ഗ്ഗാവതി ഒരു മകന് ജന്മം നല്‍കി.വീര്‍ നാരായണ്‍ എന്ന് കുട്ടിക്ക് പേരിട്ടു. മകന് ജനിച്ച് അഞ്ചാമത്തെ വര്‍ഷം ദളപത് ഷാ ഇഹലോകവാസം വെടിഞ്ഞു. മകന്‍ തീരെ ചെറുതായതിനാല്‍ദുര്‍ഗ്ഗാവതി ഗോണ്ട് വംശത്തിന്‍റെ റാണിയായി. പ്രധാനമന്ത്രി ബ്യോഹാര്‍ ആധാര്‍ സിന്‍ഹയും മന്ത്രി മന്‍ താക്കൂറും റാണിയ്ക്ക് സര്‍വ്വപിന്തുണയുമായി നിലകൊണ്ടു. തുടര്‍ന്ന് റാണി തന്‍റെ രാജധാനി ചൌരാഗറിലേക്ക് മാറ്റി. സത്പുര മലനിരകളിലെ വളരെ തന്തപ്രധാനമായഭാഗത്താണ് റാണികോട്ട പണികഴിപ്പിച്ചത്.

 

1556~ല്‍ ഷെര്‍ഷായുടെ പൌത്രനായ ബാസ് ബഹാദൂര്‍ ഗോണ്ട് രാജധാനി ആക്രമിച്ചു. എന്നാല്‍ റാണിയുടെ നേതൃത്വത്തില്‍ ഗോണ്ടുകള്‍ ശക്തമായി പോരാടുകയും ബഹാദൂറിന്‍റെ സൈന്യം കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. 1562~ല്‍ റാണിയുടെ മികച്ച ഭരണവും രാജ്യത്തിന്‍റെ സന്പല്‍സമൃദ്ധിയും കണ്ട് അസൂയപൂണ്ട മുഗള്‍ ജനറല്‍ ഖ്വാജ അബ്ദുല്‍മജീദ് അസഫ് ഖാന്‍ അക്ബറിന്‍റെ മൌനസമ്മതത്തോടെഅവരുടെ രാജ്യത്തിലേക്ക് നുഴഞ്ഞുകയറി. ശത്രുവിനെ തുരത്താനുറച്ച റാണിയോട് മുഗള്‍ പടയുടെ കരുത്തിനെപ്പറ്റി ബ്യോഹാര്‍ ആധാര്‍ സിന്‍ഹ മുന്നറിയപ്പു നല്‍കി. എന്നാല്‍ നാണംകെട്ട് ജീവിക്കുന്നതിനേക്കാള്‍ പോരാടി മരിക്കുന്നതാണ് ഉചിതമെന്ന് റാണി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഗൌര്‍, നര്‍മ്മദ നദികള്‍ക്കിടയിലുളള തന്ത്രപ്രധാനമായ നാരായ് എന്ന സ്ഥലത്ത് റാണിയും സംഘവും തന്പടിക്കുകയും അവിടെയിരുന്നുകൊണ്ട് മുഗളന്മാരുടെ പീരങ്കിപ്പടയെ നേരിടുകയും ചെയ്തു. സേനാനായകന്‍ അര്‍ജ്ജുന്‍ദാസ് കൊല്ലപ്പെട്ടതോടെ റാണി തന്‍റെ പടയെ നയിക്കുകയും മുഗളന്മാരെ തന്‍റെ മണ്ണില്‍ നിന്ന് പായിക്കുകയും ചെയ്തു.

 

തോറ്റോടിയ അസഫ് ഖാന്‍ 1564~ല്‍ വീണ്ടും ഗോണ്ട് രാജ്യത്തെ ആക്രമിച്ചു.ഇത്തവണ റാണിയോടൊപ്പം മകന്‍ വീര നാരായണനുമുണ്ടായിരുന്നു. ഇടയ്ക്ക് പരിക്കേറ്റ മകനെ റാണി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.തുടര്‍ന്ന് ചെവിയിലും കഴുത്തിലും അന്പ് തറച്ചുകയറിയ ആ ധീരവനിതയോട് അവരുടെ ആനയെ നിയന്ത്രിച്ചിരുന്ന പാപ്പാന്‍ യുദ്ധരംഗത്തുനിന്ന് പിന്മാറാന്‍ ഉപദേശിച്ചെങ്കിലും അവര്‍ അവസാനശ്വാസം വരെ പോരാടുകയും ശത്രുവിന് കീഴടങ്ങാതെ സ്വന്തംവാള്‍മുനയില്‍ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. 1564 ജൂണ്‍ 24നാണ് റാണി ജീവത്യാഗം ചെയ്തത്. ഈ ധീരവനിതയോടുളള ആദരസൂചകമായി 1983 ജൂണ്‍ 24ന് മധ്യപ്രദേശ് സര്‍ക്കാര്‍ ജബല്‍പൂര്‍ സര്‍വ്വകലാശാലയെ റാണി ദുര്‍ഗ്ഗാവതി വിശ്വവിദ്യാലയം എന്ന് പുന:ര്‍നാമകരണം ചെയ്തു. 1988 ജൂണ്‍ 24ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു തപാല്‍ സ്റ്റാന്പും പുറത്തിറക്കി. ജബല്‍പൂരിനും ജമ്മുതാവിക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്ന ഒരു തീവണ്ടിക്ക് ദുര്‍ഗ്ഗാവതി എക്സ്പ്രസ് എന്നാണ് പേര്.