Friday 22 June 2018

ഝാന്‍സിയിലെ റാണി ലക്ഷ്മീഭായി

By Subha Lekshmi B R.06 Mar, 2017

imran-azhar

ഝാന്‍സി റാണി എന്ന പേരിലാണ് ഈ വീരവനിത ജനഹൃദയങ്ങളില്‍ ഇടംപിടിച്ചത്. 1828 നവംബര്‍ 19ന് ഒരു മറാത്ത ബ്രാഹ്മണകുടുംബത്തില്‍ മോറോപന്ത് താംബെയുടെയും ഭാഗീരഥി ഭായിയുടെയും മകളായി വാരാണസിയിലാണ് റാണിയുടെ ജനനം. മണികര്‍ണ്ണിക എന്നാണ് യഥാര്‍ത്ഥനാമം. മാതാപിതാക്കള്‍ അവളെ മനു എന്നു വിളിച്ചു. മനുവിന് നാലു വയസ്സുളളപ്പോള്‍ മാതാവ് അന്ത്യശ്വാസം വലിച്ചു. മനോയുടെ പിതാവ് ബിത്തൂറിലെ പേഷ്വയുടെ കീഴിലാണ് ജോലി ചെയ്തിരുന്നത്. പേഷ്വയ്ക്ക് കുഞ്ഞുമനോയെ വളരെയിഷ്ടമായിരുന്നു. സ്വന്തം മകളെ പോലെ അദ്ദേഹം അവളെ വളര്‍ത്തി. ചബ്ളി എന്നായിരുന്നു അദ്ദേഹം അവളെ വിളിച്ചിരുന്നത്. അക്കാലത്ത് തന്‍റെ പ്രായത്തിലുളള മറ്റ് പെണ്‍കിടാങ്ങള്‍ക്കുണ്ടായിരുന്നതിലേറെ സ്വാതന്ത്യ്രം മനുവിനുണ്ടായിരുന്നു. അന്പെയ്ത്തും, കുതിരസവാരിയും വാള്‍പ്പയറ്റും തോക്കുപയോഗിക്കാനുമെല്ലാം മണികര്‍ണ്ണിക പഠിച്ചു. അവയിലെല്ലാം അവള്‍ അഗ്രഗണ്യയുമായിരുന്നു. 1842~ല്‍ ഝാന്‍സിയിലെ രാജാവായ രാജാ ഗംഗാധര്‍ റാവു നെവാല്‍ക്കറെ മണികര്‍ണ്ണിക വിവാഹംചെയ്തു. തുടര്‍ന്ന് അവര്‍ ലക്ഷ്മിഭായി എന്ന പേരില്‍ അറിയപ്പെട്ടു. അവര്‍ക്ക് ഒരു മകനുണ്ടായി.ദാമോദര്‍ റാവു എന്നു പേരിട്ട കുട്ടി നാലുമാസം പ്രായമുളളപ്പോള്‍ മരിച്ചു. തുടര്‍ന്ന് ഗംഗാധര്‍ റാവു തന്‍റെ ബന്ധുവിന്‍റെ മകനായ ആനന്ദ് റാവുവിനെ ദത്തെടുത്തു. അവന് ദാമോദര്‍ റാവു എന്ന് പുനഃനാമകരണം ചെയ്തു. അതിന്‍റെ തൊട്ടടുത്ത ദിവസം ഗംഗാധര്‍റാവു അന്ത്യശ്വാസം വലിച്ചു. തുടര്‍ന്ന് ലക്ഷ്മീഭായി ഭരണം ഏറ്റെടുത്തു. ഈ സമയത്ത് ദത്താവകാശ നിരോധനനയവുമായി ബ്രിട്ടീഷുകാരെത്തി. റാണി അത് അവഗണിച്ചു. ബ്രിട്ടീഷുകാര്‍ ഭീരുക്കളാണെന്ന് അവര്‍ തന്‍റെ പ്രജകളോട് വിളിച്ചുപറഞ്ഞു. വെളളക്കാര്‍ക്കെതിരെ ശക്തമായി പോരാടാന്‍ റാണി തന്‍റെ സൈന്യത്തോട് ആഹ്വാനം ചെയ്തു.

 

1857~ല്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന് മീററ്റില്‍ തിരികൊളുത്തിയപ്പോള്‍ റാണി ഝാന്‍സിയില്‍ ആ പോരാട്ടം ഏറ്റുപിടിച്ചു. ജനറല്‍ ഹ്യൂ റോസിന്‍റെ നേതൃത്വത്തിലുളള ബ്രിട്ടീഷ്പടയെ റാണി പ്രതിരോധിച്ചു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ലക്ഷ്മി മഹല്‍ എന്ന റാണിയുടെ കൊട്ടാരം വളഞ്ഞു. റാണിയുടെ സഹായത്തിനായി താന്തിയോ തോപ്പെയുടെ നേതൃത്വത്തിലുളള വിപ്ളവകാരികളെത്തി. അവര്‍ പുറത്തുപോരാടുന്പോള്‍ താന്‍ അകത്തിരിക്കുന്നത് ശരിയല്ലെന്ന് ഉറപ്പിച്ച റാണി കുഞ്ഞുദാമോദറിനെ തന്‍റെ ശരീരത്തോട് ചേര്‍ത്തുകെട്ടി രാത്രി തന്‍റെ കുതിരയായ ബാദലിന്‍റെ പുറത്തേറി കൂറ്റന്‍ കോട്ടമതില്‍ ചാടിക്കടന്നു. ഏതാനും സൈനികരും റാണിയ്ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് കാല്‍പിയില്‍ തന്പടിച്ച റാണി അവിടെയിരുന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ സൈന്യത്തെ സജ്ജമാക്കി. ഇതറിഞ്ഞ് ബ്രിട്ടീഷുകാര്‍ കാല്‍പിയിലെ ക്യാന്പ് ആക്രമിച്ചു. എന്നാല്‍, റാണിയും കൂട്ടരും രക്ഷപ്പെട്ടു. പിന്നീട് ഗ്വാളിയോറില്‍ വച്ചുനടന്ന യുദ്ധത്തില്‍ യോദ്ധാവിനെ പോലെ വേഷം ധരിച്ച റാണി ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി യുദ്ധംചെയ്തു. ആദ്യമാദ്യം ജയിച്ചുനിന്ന റാണി പിന്നീട് തന്‍റെ സേന തകര്‍ന്നടിയുന്നത് കണ്ടു. എന്നാല്‍ ധീരയായ റാണി വെറും നിലത്തുനിന്ന് ബ്രിട്ടീഷുകാര്‍ക്കുനേരെ നിറയൊഴിച്ചു. എന്നാല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് റാണിക്ക് വെടിയേറ്റു. ബ്രിട്ടീഷുകാര്‍ തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്നുറച്ച റാണി തന്നെ ജീവനോടെ ദഹിപ്പിക്കാന്‍ അടുത്തു നിന്ന സൈനികനോട് പറഞ്ഞു. എന്നാല്‍, മാരകമായി മുറിവേറ്റ റാണി അന്ത്യശ്വാസം വലിച്ചു. സുന്ദരിയും ധീരയും ബുദ്ധിമതിയുമായ വനിതയെന്നാണ് ജനറല്‍ ഹ്യൂ റോസ് റാണിയെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ വിപ്ളവകാരികളില്‍ ഏറ്റവും അപകടകാരിയായിരുന്നു റാണിയെന്ന് ബ്രിട്ടീഷ് ജനറല്‍ വെളിപ്പെടുത്തി. എല്ലാവിധ ആദരവോടും കൂടിയാണ് റാണിയുടെ ഭൌതികശരീരം സംസ്കരിച്ചത്. അതെ. എതിരാളികള്‍ പോലും ബഹുമാനിച്ച ഝാന്‍സി റാണി ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്‍റെ ധീരമായ മുഖമായിരുന്നു.