Monday 25 October 2021
കുരുന്നുകളെ കുത്തിത്തിരുകി യാത്ര വേണ്ട

By Subha Lekshmi B R.26 May, 2017

imran-azhar

മദ്ധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ സ്കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും സുരക്ഷാ നിര്‍ദ്ദേശം നല്‍കാന്‍ പൊലീസ് തീരുമാനം.സ്കൂള്‍ കുട്ടികളോടുള്ള ഡ്രൈവര്‍മാരുടെയും സഹ ജീവനക്കരുടെയും ഇടപെടല്‍ അതിരു വിടാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണിത്. കുട്ടികള്‍ പലപ്പോഴും ഇവരുടെ പീഡനത്തിന് ഇരയാകുന്നുവെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി. ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കുമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ളാസുകളും സംഘടിപ്പിക്കും.ക്ളാസ് പങ്കെടുക്കുന്നവര്‍ക്ക് സറ്റിക്കര്‍ നല്‍കും. ഇവരെ തിരിച്ചറിയാന്‍ വേണ്ടിയാണിത്.

 

ഒട്ടേറെ ഡ്രൈവര്‍മാര്‍ മദ്യപിച്ച് സ്കൂള്‍ബസുകളും വാനുകളും ഓടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശനമായ പരിശോധനയും നടപടിയും ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കും. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്കൂള്‍ വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി തെളിഞ്ഞത്.പലരും അതി രാവിലെ തന്നെ മദ്യപിക്കുന്നവരാണ്.കുട്ടികളെ സ്കൂളില്‍ കൊണ്ടാക്കിയ ശേഷം സ്കൂള്‍ വിടുന്നതു വരെയുള്ള സമയത്തിനിടയില്‍ വാഹനത്തിനുള്ളിലിരുന്ന് മദ്യപിക്കുന്നവരും കുറവല്ല. ഇത്തര ക്കാരെ കണ്ടെത്താന്‍ ഈ സമയത്ത് വാഹന പരിശോധന നടത്തും. ഇതിനായി സ്റ്റുഡന്‍റ് പൊലീസിനെയും ഉപയോഗിക്കും.

 

 

 

കുട്ടികളുമായി മണിക്കൂറില്‍ നാല്‍പതു കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിക്കാന്‍ അനുവദിക്കില്ല. സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമില്ല.
സ്കൂള്‍ വാഹനം ഓടിക്കുന്നവര്‍ക്ക് പതിനഞ്ചു വര്‍ഷത്തെയെങ്കിലും മുന്‍ പരിചയം ആവശ്യമാണ്. ഇതിലും വിട്ടുവീഴ്ച ചെയ്യില്ല. സ്കൂളിന്‍റെ സ്വന്തം ബസാണ് ഇയാള്‍ ഓടിക്കുന്നതെങ്കില്‍ സ്കൂള്‍ അധികൃതരെ പ്രതി ചേര്‍ത്ത് കേസെടുക്കും.

 

പല ഡ്രൈവര്‍മാരും തങ്ങളുടെ ഡ്യൂട്ടി മറ്റുള്ളവര്‍ക്ക് താത്ക്കാലികമായെങ്കിലും രഹസ്യമായി കൈമാറുന്നുണ്ട്. ഇക്കാര്യത്തിലും സ്കൂള്‍ അധികൃതര്‍ക്ക് ഉത്തരവാദിത്വമുണ്ടാകും.കുട്ടികളെ കുത്തി നിറച്ച് അപകടകരമായ സാഹചര്യങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. ഇക്കാര്യത്തിലും സ്കൂള്‍ അധികൃതര്‍ കുറ്റക്കാരാണ്.സ്കൂള്‍ ബസ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് നേരത്തേ തന്നെ നിര്‍ദ്ദേശം ഉണ്ടായയിരുന്നെങ്കിലും മിക്ക സ്കൂളുകളും അതിന് തയാറായിട്ടില്ല. രക്ഷകര്‍ത്താക്കള്‍, സ്കൂള്‍ അധികൃതര്‍, ഡ്രൈവര്‍മാര്‍ എന്നിവരടങ്ങുന്നതാണ് ഈ കമ്മിറ്റി. ചില സ്കൂളുകളില്‍ ഒരു അദ്ധ്യാപകനെ സ്കൂള്‍ബസിന്‍റെ മേല്‍നോട്ടം ഏല്‍പിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ വിളിക്കുന്ന യോഗങ്ങളില്‍ ൈഡ്രവര്‍മാര്‍ സംബന്ധിക്കുന്നത് അപൂര്‍വമാണ്.

 

സ്കൂളുകളുടെ സ്വന്തമല്ലാത്ത വാഹനങ്ങളിലാണ് കൂടുതല്‍ കുട്ടികള്‍ യാത്ര ചെയ്യുന്നത്. ഇത്തരം വാഹനങ്ങള്‍ നിര്‍ബന്ധമായും സ്കൂള്‍ ബസാണെന്ന് സൂചന നല്‍കുന്ന ബോര്‍ഡുകള്‍
പ്രദര്‍ശിപ്പിക്കണം. ഒപ്പം പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫോണ്‍ നന്പരുകള്‍ വാഹനത്തിന്‍റെ പിന്നില്‍ ഉണ്ടാവണം.

 

 

 

സ്കൂളിലേക്ക് കുട്ടികളെ കൊണ്ടു പോകുന്ന നൂറുകണക്കിന് ഓട്ടോറിക്ഷകളുണ്ട്. കുട്ടികളെ കുത്തി ഞെരുക്കിയാണ് ഇവയുടെ യാത്ര. ഓട്ടോറിക്ഷയില്‍ നിന്ന് കുട്ടികള്‍ പുറത്തേക്ക് തെറിച്ചു വീഴുന്ന സംഭവങ്ങളും കുറവല്ല.ഇക്കാരണത്താല്‍ ഓട്ടോറിക്ഷയില്‍ കൊണ്ടു പോകാവുന്ന കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. ഓട്ടോറിക്ഷാ ഡ്രൈവറുടെ സീറ്റില്‍ ഒന്നോ രണ്ടോ ക ുട്ടികളെ ഇരുത്താറുണ്ട്. ഇതും അനുവദിക്കില്ല.