Sunday 16 December 2018


ഇവിടെ വിജയഘോഷം അവിടെ പത്രസമ്മേളനം; ബിജെപിയെ തളളി ഐപിഎഫ്ടി

By SUBHALEKSHMI B R.07 Mar, 2018

imran-azhar

രണ്ടരപ്പതിറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിന് വിരാമമിട്ട് ജയിച്ചുകയറിയതിന്‍റെ ആവേശത്തിലാണ് ബിപ്ളബ് ദേബും സംഘവും. വിപ്ളവപാര്‍ട്ടിയെ തുടച്ചുനീക്കിയതിന്‍റെ ആഘോഷവും കൊഴുത്തു. വല്യവല്യ നേതാക്കള്‍ ഡല്‍ഹിയിലിരുന്ന് ട്വീറ്റ് ചെയ്തും മാധ്യമങ്ങള്‍ക്കുമുന്പില്‍ ഗീര്‍വ്വാണമടിച്ചും സന്തോഷിച്ചപ്പോള്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഭാവിമുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിപ്ളബ്കുമാര്‍ ദേബിനായി ഒരു വിജയ ഘോഷയാത്ര സംഘടിപ്പിച്ചു. പത്നീസമേതനായി സാമോദം ബിപ്ളബ് ദേവ് അതില്‍ പങ്കെടുക്കവേയാണ് തനി ത്രിപുര സ്റ്റൈല്‍ അടിയൊന്ന് വീണത്. തങ്ങളുടെ തിരഞ്ഞെടുപ്പ് സഖ്യകക്ഷിയായ ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുര (ഐപിഎഫ്ടി)യുടെ വകയായിരുന്നു അടി. ഇവിടെ ഘോഷയാത്ര...അവിടെ പത്രസമ്മേളനം...എന്ന മട്ടില്‍ അഗര്‍ത്തല ബനാമലിപൂരില്‍ ബിപ്ളബ്ദേവിന്‍റെ വിജയപ്രകടനം നടക്കുന്പോള്‍ മറുവശത്ത് ഐപിഎഫ്ടി പ്രസിഡന്‍റ് എന്‍. സി. ദേബ് ബര്‍മ്മ  പത്രസമ്മേളനം നടത്തുകയായിരുന്നു. ""ബിജെപിയും ഐപിഎഫ്ടിയും നേടിയ ഈ അത്യുജ്ജ്വലവിജയം ഗോത്രവര്‍ഗ്ഗ വോട്ടുകള്‍ ലഭിക്കാതെ സാധ്യമാകുമായിരുന്നില്ല. ഗോ
ത്രവര്‍ഗ്ഗക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ വിജയിക്കാനായതിനാലാണ് ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ജേതാക്കളായത്. ഗോത്രവര്‍ഗ്ഗവികാരം കണക്കിലെടുത്ത് , വിജയിച്ച ഏതെങ്കിലും ഗോത്രവര്‍ഗ്ഗ നേതാവിനെ നിയമസഭാകക്ഷിനേതാവാക്കണം. സ്വാഭാവികമായും അദ്ദേഹമായിരിക്കുമല്ലോ മുഖ്യമന്ത്രിയാവുക''~ഇതായിരുന്നു ദേബ് ബര്‍മ്മയുടെ വാക്കുകള്‍. അതായത് ഗോത്രവികാരമുയര്‍ത്തി നേടിയ വോട്ടുകള്‍ക്ക് പ്രത്യുപകാരമായി തദ്ദേശീയനായ ഗോത്രവര്‍ഗ്ഗനേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ദേബ് ബര്‍മ്മ സ്പഷ്ടമായി പറഞ്ഞത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിപ്ളബ് ദേബ് തദ്ദേശീയനല്ല എന്ന പരോക്ഷ സൂചനയും ദേബ് ബര്‍മ്മ  ഇതിലൂടെ നല്‍കി. ബംഗാളി വേരുകളുളള ബിപ്ളബ് ദേബ് ത്രിപുരയിലെ ഗോത്രവര്‍ഗ്ഗക്കാരെ ഭരിക്കാന്‍ യോഗ്യനല്ലെന്നും തങ്ങളെ ഭരിക്കാന്‍ തങ്ങളിലൊരുത്തന്‍ മതിയെന്നുമാണ് തീവ്രപ്രാദേശിക വാദമുയര്‍ത്തുന്ന ഐപിഎഫ്ടിയുടെ വാദം. എന്നാല്‍ ഇത് ബിജെപി അംഗീകരിച്ചുകൊടുക്കില്ലെന്നതാണ് സത്യം. ദേബ് ബര്‍മ്മയുടെ പത്രസമ്മേളനത്തെക്കുറിച്ചോ പ്രസ്താവനയെക്കുറിച്ചോ തങ്ങളൊന്നുമറിഞ്ഞില്ലെന്ന മട്ടിലുളള ബിജെപി നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് ഇത് വ്യക്തമാണ്. ഈ വാര്‍ത്താസമ്മേളനത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും ദേബ് ബര്‍മ്മ  അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞുകാണുമെന്നും. ഐപിഎഫ്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കാമെന്നുമാണ് ബിജെപി നേതാവ് സുനില്‍ ദിയോധര്‍ പ്രതികരിച്ചത്. ഗോത്രവര്‍ഗ്ഗ വോട്ടുകള്‍ കീശയിലാക്കാന്‍ മാത്രമാണ് ബിജെപി പ്രത്യേക ഗോത്രവര്‍ഗ്ഗ സംസ്ഥാനത്തിന് വേണ്ടി നിലകൊളളുന്ന വിഘടനവാദി സംഘടനയായ ഐപിഎഫ്ടിയുമായി സഖ്യമുണ്ടാക്കിയത്. ആദ്യ ഘട്ടത്തില്‍ തങ്ങള്‍ക്ക് ആരുമായും സഖ്യമില്ലെന്ന് പറഞ്ഞ ബിജെപി എഫിഎഫ്ടിയുടമായി രഹസ്യകൂട്ടുകെട്ട് ഉണ്ടാക്കുകയും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പരസ്യമായി സഖ്യം രൂപീകരിക്കുകയുമായിരുന്നു. ഭരണമാറ്റത്തിനായി കാംക്ഷിച്ച ജനത്തെ തിരുഞ്ഞെടുപ്പില്‍ നമുക്കു മാറാം എന്ന ജനപ്രിയ മുദ്രാവാക്യവുമായി ജനത്തെ സമീപിച്ച ബിജെപി~ഐപിഎഫ്ടി സഖ്യത്തില്‍ മധുവിധുവിന് മുന്പേ കല്ലുകടി തുടങ്ങിയെന്നാണ് ദേബ് ബര്‍മ്മ യുടെ വാര്‍ത്താസമ്മേളനം വിരല്‍ചൂണ്ടുന്നത്.

 

 

മാത്രമല്ല പ്രത്യേക സംസ്ഥാനവാദത്തിലും ബിജെപിയും ഐപിഎഫ്ടിയും രണ്ടുതട്ടിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തന്നെ ഈ ഭിന്നത ദൃശ്യമായിരുന്നു. ‘തിപ്രാലാന്‍ഡ്' എന്ന പ്രത്യേക ഗോത്രവര്‍ഗ്ഗ സംസ്ഥാനം രൂപീകരിക്കുമെന്ന് പറഞ്ഞുതന്നെയാണ് ഐപിഎഫ്ടി വോട്ടുതേടിയത്. അവരുടെ പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനവും അതുതന്നെയായിരുന്നു. എന്നാല്‍ ത്രിപുരയെ വിഭജിക്കില്ലെന്നും ഗോത്രവര്‍ഗ്ഗമേഖലകളില്‍ സന്പൂര്‍ണ്ണവികസനം സാധ്യമാക്കുമെന്നുമായിരുന്നു ബിജെപിയുടെ വാഗ്ദാനം. ഇങ്ങനെ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്പു തന്നെ സഖ്യകക്ഷികള്‍ തമ്മില്‍ രണ്ടുതട്ടിലായിരിക്കുകയാണ്. ഇതു തങ്ങള്‍ പ്രതീക്ഷിച്ചതുതന്നെയാണെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് , സിപിഎം നേതാക്കളുടെ പ്രതികരണം. ബിജെപി~ഐപിഎഫ്ടി മധുവിധു നീളില്ലെന്നാണ് ഗോത്രവര്‍ഗ്ഗനേതാവും സിപിഎം എംപിയുമായ ജിതേന്ദ്ര ചൌധരി പറയുന്നത്. ""തിരഞ്ഞെടുപ്പിലെ നേട്ടം മാത്രം മുന്നില്‍കണ്ട് ഇത്തരം വിഘടനവാദി സംഘടനകളുമായി സഖ്യമുണ്ടാക്കുന്നവര്‍ക്ക് ഇതു തന്നെയാണ് ഫലം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തങ്ങള്‍ക്ക് അത്തരത്തിലൊരു ഉറപ്പ് ലഭിച്ചതുകൊണ്ടു മാത്രമാണ് ഐപിഎഫ്ടി സഖ്യത്തിന് മുതിര്‍ന്നത്. അതുകൊണ്ടുതന്നെയാണ് അവര്‍ ആ ആവശ്യത്തിലുറച്ചുനില്‍ക്കുന്നതും. ത്രിപുര ഭൌമശാസ്ത്രപരമായി തന്ത്രപ്രധാനമായ സംസ്ഥാനമാണ്. അതുകൊണ്ടു തന്നെ വിഭജനം ഒരിക്കലും സാധ്യവുമില്ല. ഗോത്രവര്‍ഗ്ഗ യുവതയ്ക്ക് ഈ വാഗ്ദാനങ്ങളിലെ പൊളളത്തരം താമസിയാതെ മനസ്സിലാകും''~ ജിതേന്ദ്ര കൂട്ടിച്ചേര്‍ത്തു. ""ബിജെപിയുടെ തിരഞ്ഞെടുപ് വാഗ്ദാനത്തിന് കടകവിരുദ്ധമായിരുന്നു ഐപിഎഫ്ടിയുടേത്. ഐപിഎഫ്ടി പ്രത്യേക ഗോത്രവര്‍ഗ്ഗ സംസ്ഥാനത്തിന് വേണ്ടി നിലകൊണ്ടപ്പോള്‍ ത്രിപുര വിഭജിക്കപ്പെടില്ല എന്നതായിരുന്നു ബിജെപിയുടെ വാഗ്ദാനം. അതുകൊണ്ടു തന്നെ ഈ സഖ്യത്തിന് ആയുസ്സില്ലെന്ന് അറിയാമായിരുന്നു''~കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ തപസ് ഡേ പറയുന്നു.

 

സര്‍ക്കാര്‍ രൂപീകരിക്കാനുളള കേവലഭൂരിപക്ഷം നേടിയ ബിജെപി പക്ഷേ ഐപിഎഫ്ടിയുടെ പ്രതിഷേധസ്വരത്തെ അവഗണിക്കുകയാണ്. നമുക്കു മാറാമെന്നത് അവസരത്തിനനുസരിച്ചുളള മാറ്റമാവാം ബിജെപി ഉദ്ദേശിച്ചതെന്നാണ് ഐപിഎഫ്ടിയെ എതിരാളികള്‍ പരിഹസിക്കുന്നത്. എന്നാല്‍ മത്സരിച്ച ഒന്‍പത് സീറ്റുകളില്‍ എട്ടെണ്ണത്തിലും തങ്ങള്‍ വിജയിച്ചുവെന്നും അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് മാന്യമായ പ്രാതിനിധ്യം സര്‍ക്കാരിലുണ്ടാവണമെന്നും ദേബ് ബര്‍മ്മ ആവശ്യപ്പെട്ടുകഴിഞ്ഞു. ‘ത്വിപ്രലാന്‍ഡ'് രൂപീകരിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അതിനായി പോരാട്ടം തുടരുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. തങ്ങളുടെ അവഗണിച്ച് സുഗമമായി ത്രിപുര ഭരിക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്ന സൂചനയും ദേബ് ബര്‍മ്മയുടെ വാക്കുകളില്‍ വ്യംഗ്യമാണ്.

 

ഒരു കാര്യം സത്യമാണ്, ഗോത്രവര്‍ഗ്ഗവോട്ടുകളാണ് ത്രിപുരയില്‍ സിപിഎമ്മിനെ ചതിച്ചത്. 60 സീറ്റുകളില്‍ 20 എണ്ണം ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുളളതാണ്. ഇതില്‍ രണ്ടിടത്തുമാത്രമാണ് സിപിഎം ജയിച്ചത്. 2013~ല്‍ 19 സീറ്റുകള്‍ നേടിയ സ്ഥാനത്താണിത്. ഇത്തവണ 17 സീറ്റുകള്‍ ബിജെപി~ഐപിഎഫ്ടി സഖ്യം പിടിക്കുകയായിരുന്നു. അപ്പോള്‍ ഐപിഎഫ്ടിയെ പിണക്കുന്നത് ബിജെപിക്ക് ശുഭകരമാകില്ല. വടക്കുകിഴക്കിന്‍റെ സ്വഭാവം അതാണ്.


ത്രിപുര കത്തുന്പോള്‍ വാഴവെട്ടി ഗവര്‍ണര്‍
തിരഞ്ഞെടുപ്പില്‍ ബിജെപി~ഐപിഎഫ്ടി സഖ്യം വിജയിച്ചതോടെ ത്രിപുരയില്‍ അക്രമം നടമാടുകയാണ്. സിപിഎം ഓഫീസുകള്‍ , പ്രവര്‍ത്തകരുടെ വീടുകള്‍ എന്നിവയാണ് അക്രമത്തിനിരയാകുന്നത്. ബലോണിയയില്‍ കേബിദജാളജ് സ്ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പു സ്ഥാപിച്ച പ്രതിമയാണു കഴിഞ്ഞദിവസം ഉച്ചയോടെ തകര്‍ക്കപ്പെട്ടത്. ബുള്‍ഡോസര്‍ ഉപയോഗിച്ചാണു പ്രതിമ തകര്‍ത്തത്. പ്രതിമ തകര്‍ന്നുവീണപ്പോള്‍ "ഭാരത് കി ജയ്' എന്ന മുദ്രാവാക്യം വിളികള്‍ പ്രവര്‍ത്തകര്‍ മുഴക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ 48 മണിക്കൂറായി ത്രിപുരയില്‍ വലിയ തോതില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. വെസ്റ്റ് ത്രിപുര ജില്ളയിലെ സിദ്ധൈ മേഖലയിലെ രണ്ട് സിപിഎം ഓഫിസുകള്‍ക്കു തീവച്ചു. നോര്‍ത്ത് ത്രിപുര ജില്ളയിലെ കടംതലയില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായും ഇതുസംബന്ധിച്ച പരാതികള്‍ ലഭിച്ചതായും കണ്‍ട്രോള്‍ എസ്പി അറിയിച്ചു.ബിജെപി പ്രവര്‍ത്തകര്‍ "ഭയം പ്രചരിപ്പിക്കുക'യാണെന്നു സിപിഎം ട്വീറ്റ് ചെയ്തു. ""പാര്‍ട്ടി ഓഫിസുകള്‍ ആക്രമിച്ച് 240ല്‍ അധികം പേര്‍ക്കു പരുക്കേല്‍പ്പിച്ചിട്ടുണ്ട്. നേതാക്കന്മാരുടെ വീടുപോലും ആക്രമിക്കപ്പെടുന്നുവെന്നും ത്രിപുര സിപിഎം നേതാവ് ഹരിപദ ദാസ് ആരോപിച്ചു. "ആകെ 1539 വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്. തീവയ്പ്പും ആക്രമണവും കൊള്ളയുമാണ് അരങ്ങേറുന്നത്'' ~ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ബിജന്‍ ധര്‍ പറഞ്ഞു.എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കാരെ ആക്രമിക്കുകയാണെന്നാണു ബിജെപിയുടെ അവകാശവാദം. തങ്ങളുടെ 49 പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്നും ഇതില്‍ 17 പേര്‍ ആശുപത്രിയിലാണെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ കടുത്ത സിപിഎം വിരോധികളായ ഐപിഎഫ്ടിയാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നിന്ന് ബിജെപി പിന്നോട്ടുപോകാതിരിക്കാന്‍ കൂടി വേണ്ടിയുളള ഷോക്ക് ട്രീറ്റമെന്‍റാണിതെന്നുമാണ് ഒരു പക്ഷം ആരോപിക്കുന്നത്.

 

എന്നാല്‍, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രതികരണമാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവില്‍ നിന്നും ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിയില്‍ നിന്നുമുണ്ടായത്. ""ഒരു ജനാധിപത്യസര്‍ക്കാര്‍ ചെയ്തത് മറ്റൊരു ജനാധിപത്യസര്‍ക്കാരിന് വേണ്ടെന്നും വയ്ക്കാം. മറിച്ചുമാകാം''~ എന്നാണ് ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ അദ്ദേഹം ട്വീറ്റ് ചെയ്തത്. ""ജനം ലെനിന്‍റെ പ്രതിമ തകര്‍ത്തു റഷ്യയിലല്ല ത്രിപുരയില്‍..നമുക്കു മാറാം എന്നാണ് രാം മാധവ് ട്വീറ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ഇദ്ദേഹം വിവാദ ട്വീറ്റ് പിന്‍വലിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാനുളള ശ്രമത്തിലാണ് ബിജെപി ദേശീയ നേതൃത്വം. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ അക്രമസംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിക്കും ഡിജിപി എ.കെ. ശുക്ളയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു