Tuesday 21 May 2019


ഓര്‍മ്മയുണ്ടോ ഡോ.സവിതയെ

By SUBHALEKSHMI B R.02 Jun, 2018

imran-azhar

അയര്‍ലന്‍ഡില്‍ വീണ്ടും വിശ്വാസം ജനവികാരത്തിന് വഴിമാറുകയാണ്; നിയമവും. ഗര്‍ഭം അലസിപ്പിക്കലുമായി ബന്ധപ്പെട്ട നിയമമാണ് ജനഹിതം മാനിച്ച് സര്‍ക്കാര്‍ ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. റോമന്‍ കത്തോലിക്കാ വിശ്വാസപാത പിന്തുടരുന്ന രാജ്യമാണ് അയര്‍ലന്‍ഡ്. ഇവിടെ ഗര്‍ഭച്ഛിദ്രം നിരോധിക്കപ്പെട്ടിരുന്നു.1983~ല്‍ അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള തുല്യ അവകാശം നല്‍കുന്ന ഭരണഘടനാഭേദഗതി കൊണ്ടുവന്നതോടെ ഗര്‍ഭം അലസിപ്പിക്കല്‍ ഇവിടെ ഒരു സാഹചര്യത്തിലും സാധ്യമല്ലെന്നായി. അയര്‍ലന്‍ഡുകാര്‍ ഗര്‍ഭച്ഛിദ്രത്തിനായി ബ്രിട്ടനിലേക്കാണു പോയിരുന്നത്. പിന്നീട് ഇന്‍റര്‍നെറ്റ് വഴിയുള്ള ഗര്‍ഭച്ഛിദ്രമരുന്നുകള്‍ ഉപയോഗിക്കുവാനും തുടങ്ങി. ഗര്‍ഭം അലസിപ്പിക്കല്‍ നിരോധനത്തിനെതിരെ നേരത്തേ തന്നെ പ്രതിഷേധമുയര്‍ന്നെങ്കിലും രാജ്യാന്തരതലത്തില്‍ ഇത് ശ്രദ്ധിക്കപ്പെട്ടത് 2012~ലെ ഡോ. സവിത ഹാലപ്പനാവര്‍ കേസോടെയാണ്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പതിനേഴ് ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്നു 2012 ഒക്ടോബര്‍ 28ന് ഡോ.സരിത ഹാലപ്പനാവര്‍ മരണമടഞ്ഞു. സംഭവം വിവാദമായി. 2012 നവബര്‍ 18ന് ഇന്ത്യ ഐറിഷ് സര്‍ക്കാരിനെ പ്രതിഷേധമറിയിച്ചു. അന്നേദിവസം തന്നെ ഗര്‍ഭഛിദ്രത്തിനെതിരെയുള്ള നിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ചിനും അയര്‍ലന്‍ഡ് വേദിയായി. സവിതയുടെ മരണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രഫ. സഭാരത്നം അരുള്‍കുമാരനായിരുന്നു അന്വേഷണസംഘത്തലവന്‍. 2013 ജൂണ്‍ 13ന് യഥാസമയം ഗര്‍ഭച്ഛിദ്രം നടത്താതിര
ുന്നതുമൂലമുണ്ടായ അണുബാധയാണു സവിതയുടെ മരണകാരണമെന്ന് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് വെളിയില്‍ വന്നതോടെ വീണ്ടും പ്രതിഷേധമിരന്പി. തുടര്‍ന്ന് 2013 ജൂലായ് 30ന് അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യമുണ്ടായാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാമെന്ന നിയമഭേദഗതിയില്‍ അയര്‍ലന്‍ഡ് പ്രസിഡന്‍റ് മൈക്കല്‍ ഡി.ഹിഗ്ഗിന്‍സ് ഒപ്പുവച്ചു. 2013 ഓഗസ്റ്റ് 2~നാണ് അയര്‍ലന്‍ഡില്‍ ആദ്യമായി നിയമവിധേയമായി ഗര്‍ഭച്ഛിദ്രം നടത്തിയത്. അമ്മയുടെ ജീവനു ഭീഷണിയായതിനെ തുടര്‍ന്നാണു 18 ആഴ്ചയായ ഗര്‍ഭം അലസിപ്പിച്ചത്. നിയമഭേദഗതിയില്‍ ജനം പൂര്‍ണ്ണമായും തൃപ്തരായിരുന്നില്ല. 2015 ഡിസംബര്‍ 1ന് അയര്‍ലന്‍ഡിലെ കര്‍ക്കശ ഗര്‍ഭച്ഛിദ്ര നിയമം മനുഷ്യാവകാശ ലംഘനമാണെന്നു സവിത ഹാലപ്പനാവര്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ ബെല്‍ഫാസ്റ്റ് ഹൈക്കോടതി വിധിച്ചു.

 

 

അമ്മയുടെ ജീവന്‍് അപകടത്തിലായാല്‍ മാത്രം ഗര്‍ഭച്ഛിദ്രം എന്നത് ശരിയായ ഭേദഗതിയല്ലെന്നും സ്വന്തം താല്പര്യത്താലല്ലാതെ ഗര്‍ഭം ധരിക്കുകയോ (പീഡനത്തിനിരയായോ മറ്റോ),  ഗര്‍ഭസ്ഥ ശിശുവിനു മാരകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു നേരത്തേതന്നെ തിരിച്ചറിഞ്ഞാലും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന വിധത്തില്‍ നിയമഭേദഗതി വരണമെന്നും ജനങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ ഹിത പരിശോധനയ്ക്ക് തയ്യാറായി. സ്വന്തം ജീവിതത്തിലെ ഒരു പ്രധാന കാര്യത്തെ പറ്റി തീരുമാനമെടുക്കാനുളള അവകാശം സ്ത്രീക്ക് നല്‍കണമെന്ന വാദവുമായി ബഹുഭൂരിപക്ഷവും ഗര്‍ഭസ്ഥശിശുവിനും ജീവിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി എതിര്‍പക്ഷവും രംഗത്തിറങ്ങി. സവിത ഹാലപ്പനോവറെ ഉയര്‍ത്തിക്കാട്ടിയാണ് ഗര്‍ഭച്ഛിദ്രാനുകൂലികള്‍ പ്രചാരണം നയിച്ചത്. മേയ് 24നാണ്  ഹിതപരിശോധന നടന്നത്. മേയ് 25ന് ഫലപ്രഖ്യാപനമുണ്ടായി. 2,153,613 വോട്ടര്‍മാരില്‍ 1,429,981 പേരും അതായത് 66.4% പേര്‍ ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി വോട്ടുചെയ്തു. 723,632 പേര്‍(33.6%) ഇതിനെതിരെയും. 1983ന് ശേഷം ഈ വിഷയത്തില്‍ നടക്കുന്ന മൂന്നാമത്തെ ഹിതപരിശോധനയാണിത്. നമ്മുടെ ഉത്തരം ‘യെസ്' ആണ് എന്നു വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ രാജ്യത്താകമാനം പ്രത്യക്ഷപ്പെട്ടു.  "ഇറ്റ്സ് എ യെസ്' എന്ന വന്പന്‍ തലക്കെട്ടോടെയാണ് അയര്‍ലന്‍ഡിലെ ഏറ്റവും പ്രചാരമുള്ള പത്രം "ഐറിഷ് ഇന്‍ഡിപെന്‍ഡന്‍റ്' പുറത്തിറങ്ങിയത്. ജനങ്ങള്‍ പറഞ്ഞിരിക്കുന്നു. അവര്‍ക്ക് ഈ പുതിയ രാജ്യത്തിനു വേണ്ടി ഒരു പുതിയ ഭരണഘടന വേണം' എന്നാണ് ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ലീയോ വരാഡ്കര്‍ പ്രതികരിച്ചത്. സ്വന്തം ആരോഗ്യം സംബന്ധിച്ച് രാജ്യത്തെ ഓരോ വനിതയ്ക്കും ഉചിതമായ തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍, അവരെ വിശ്വാസത്തിലെടുത്തും ബഹുമാനിച്ചുമാണ് ഐറിഷ് ജനത വോട്ടു ചെയ്തത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അയര്‍ലന്‍ഡില്‍ ഉടലെടുത്തു കൊണ്ടിരിക്കുന്ന നിശബ്ദ വിപ്ളവത്തിന്‍റെ തുടര്‍ച്ചയാണിതെന്നും ലീയോ വരാഡ്കര്‍ പറഞ്ഞു. ജനഹിതം അനുകൂലമായതോടെ ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസണ്‍ നിയമഭേദഗതിക്കായി ശുപാര്‍ശ ചെയ്തു. ശുപാര്‍ശ ഇപ്പോള്‍ ഐറിഷ് പാര്‍ലമെന്‍റിന്‍റെ  പരിഗണനയിലാണ്.  

 

രാഷ്ട്രീയസ്വാധീനമില്ലാത്ത വിധിയെഴുത്താണ് അയര്‍ലന്‍ഡിലേത്. ഒരു രാഷ്ട്രീയ കക്ഷിയും ആരുടെയും പക്ഷം പിടിച്ച് പ്രചാരണത്തിനിറങ്ങിയില്ല, സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഒഴിവാക്കാന്‍ അവയെയും കര്‍ശനമായി നിയന്ത്രിച്ചു. അതുകൊണ്ടു തന്നെ പൂര്‍ണ്ണമായും ജനവികാരമാണ് ഇക്കാര്യത്തില്‍ പ്രകടമായതെന്ന് രാജ്യാന്തരസമൂഹവും വിലയിരുത്തുന്നു. 

 

നീതി കിട്ടി

 

 

ഗര്‍ഭച്ഛിദ്രാനുമതിക്ക് അനുകൂലമായി ഹിതപരിശോധനയില്‍ ജനം വിധിയെഴുതിയതോടെ മകള്‍ക്കു നീതി കിട്ടിയെന്ന് സവിതയുടെ പിതാവ് അന്ദനപ്പ യലഗി പറയുന്നു. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും, മകളെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല. കണ്ണീര്‍ തോര്‍ന്നിട്ടില്ലെന്നും ഇനിയൊരു കുടുംബവും ഇത്തരം യാതനയിലൂടെ കടന്നു പോകരുതെന്നും അന്ദനപ്പ പറയുന്നു.

 

ദുഃഖം രേഖപ്പെടുത്തി സഭ
സഭ എന്നും ഗര്‍ഭച്ഛിദ്രത്തിന് എതിരായിരുന്നു. ജനഹിതപരിശോധനാ ഫലം വെളിയില്‍ വന്നതോടെ അതീവ ദു:ഖകരമെന്നാണ് ആര്‍ച്ച് ബിഷപ്പ് ഇമണ്‍ മാര്‍ട്ടിന്‍ പ്രതികരിച്ച്. നമ്മുടെ ഭരണഘടനയില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിന്‍റെ ജീവിക്കാനുളള അവകാശം തുടച്ചുനീക്കപ്പെട്ടിരിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു. അമ്മയ്ക്കെന്ന പോലെ കുഞ്ഞിനും ജീവിക്കാന്‍ അവകാശമുണ്ടെന്നാണ് സേവ്ദിഎയ്ത്ത് എന്ന സംഘടന വാദിച്ചത്.