Wednesday 22 May 2019


സെന്‍റോസയൊരുങ്ങുന്നു...കാത്തിരുന്ന കൂടിക്കാഴ്ചയ്ക്ക് സമയം കുറിച്ചു

By SUBHALEKSHMI B R.07 Jun, 2018

imran-azhar

""ഒരിക്കലും നടക്കില്ല''~ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഒരു മേശക്കിരുവശവും ഇരിക്കുമോ എന്ന ചോദ്യത്തിന് 2018 ആദ്യം വരെ സംശയലേശമെന്യേ ഈ മറുപടിയാണുയര്‍ന്നിരുന്നത്. ലോകം ഇത്തരത്തില്‍ അസംഭവ്യം എന്ന് വിധിയെഴുതിയ ആ കൂടിക്കാഴ്ച ഒടുവില്‍ സാധ്യമായി. ആദ്യം പ്രതീക്ഷ, പിന്നെ സംശയം, വീണ്ടും പ്രതീക്ഷയുടെ തിരിനാളം..ഒടുവില്‍ ആ തിരി നന്നായി തെളിഞ്ഞുകത്തി പ്രഭ ചൊരിയുകയാണ്. ഇനിയൊരു ലോകയുദ്ധത്തിന്‍റെ സാധ്യതകള്‍ തുടച്ചുനീക്കാന്‍ അനിവാര്യമെന്ന് കരുതുന്ന കൂടിക്കാഴ്ചകളില്‍ മുന്‍നിരയിലാണ് കിം~ ട്രംപ് ഉച്ചകോടിക്ക് സ്ഥാനം. സിംഗപ്പൂരില്‍ നടക്കുന്ന ആ കൂടിക്കാഴ്ചയ്ക്ക് സമയം കുറിച്ചു കഴിഞ്ഞു. ജൂണ്‍ 12 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്കാണ് കിമ്മും ട്രംപും ചര്‍ച്ചയ്ക്കിരിക്കുക(സിംഗപ്പൂര്‍ സമയം രാവിലെ ഒന്‍പത്). വൈറ്റ്ഹൌസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സാണ് സമയം പ്രഖ്യാപിച്ചത്.

സിംഗപൂര്‍ വേദിയായി പ്രഖ്യാപിച്ചതു മുതല്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷാ സംഘവും ഉത്തരകൊറിയയുടെ പ്രത്യേക സംഘവും തങ്ങളുടെ നേതാക്കള്‍ക്കുളള സുരക്ഷാസന്നാഹങ്ങള്‍ വിലയിരുത്തുകയാണ്. സിംഗപൂര്‍ അധികൃതരൊരുക്കുന്ന സുരക്ഷാ സന്നാഹങ്ങള്‍ക്ക് പുറമേയാണ് അമേരിക്കയുടെയും ഉത്തരകൊറിയയുടെയും പ്രത്യേക സംഘങ്ങള്‍ സുരക്ഷാവല വിരിക്കുന്നത്. യുഎസിന്‍റെ ഒരു സംഘം സിംഗപ്പൂരില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്പോല്‍ മറ്റൊരു സംഘം ഇരുകൊറിയകള്‍ക്കുമിടയിലുള്ള സൈന്യരഹിത പ്രദേശമായ പന്‍മുന്‍ജോങ്ങില്‍ ഉത്തരകൊറിയന്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നു. നിര്‍ണ്ണായക കൂടിക്കാഴ്ചയില്‍ പാളിച്ചകളൊന്നും സംഭവിക്കാതിരിക്കാന്‍ ഇരുഭാഗവും ജാഗരൂകരാണ്. ഉച്ചകോടിയുടെ വേദിയിലും നേതാക്കള്‍ സഞ്ചരിക്കുന്ന റോഡിലുമെല്ളാം സിംഗപ്പൂര്‍ പൊലീസിന്‍റെ ഗൂര്‍ഖ വിഭാഗവും കാവലിനുണ്ടാകും. സുരക്ഷാജോലിയില്‍ അത്യന്തം മികച്ചുനില്‍ക്കുന്നവരാണ് ഗൂര്‍ഖ വിഭാഗം. സിംഗപൂരില്‍ എവിടെയാണ് ചര്‍ച്ച നടക്കുകയെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷാകാരണങ്ങളാലാണിത്. എന്നാല്‍ സിംഗപ്പൂരിലെ പ്രശസ്ത വിനോദസഞ്ചാര ദ്വീപ് സെന്‍റോസയായിരിക്കും വേദിയെന്നാണ് സൂചനകള്‍. സെന്‍റോസയെ പ്രത്യേക മേഖലയായി കഴിഞ്ഞദിവസം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലോകത്തിന്‍റെ ശ്രദ്ധ സെന്‍റോസയില്‍ കേന്ദ്രീകരിക്കുന്നത്. ദ്വീപിന്‍റെ  മധ്യഭാഗത്തുള്ള കാപെല്ള ഹോട്ടലാണ് കിം ട്രംപ് കൂടിക്കാഴ്ചയുടെ വേദിയാകുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇതൊരു ഡമ്മി വേദിയാകാനുളള സാധ്യത തളളിക്കളയാനാവില്ല. ലോകമാധ്യമ ശ്രദ്ധ മുഴുവന്‍ സാന്‍റോസിനെ ചുറ്റിപ്പറ്റി നില്‍ക്കുന്പോള്‍ മറ്റൊരു കേന്ദ്രത്തില്‍ വച്ച് അതീവരഹസ്യമായി ആ കൂടിക്കാഴ്ച നടക്കാനാണ് സാധ്യത. എന്തായാലും സിംഗപൂരില്‍ സുരക്ഷ കര്‍ശനമാണ്.  വിദേശകാര്യ മന്ത്രാലയം, യുഎസ് എംബസി, വന്‍കിട ഹോട്ടലുകള്‍ എന്നിവ സ്ഥിതിചെയ്യുന്ന സിംഗപ്പൂര്‍ നഗരമധ്യത്തെ നേരത്തേ തന്നെ പ്രത്യേക മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇവിടെയെല്ലാം പൊതുജനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്