Friday 24 September 2021
പ്രകാശം ആനന്ദമാക്കിയ സ്വാമി; ജനിക്കും മുന്‍പ് ശിഷ്യനെ ഗുരു കണ്ടെത്തി

By Web Desk.11 Jul, 2021

imran-azhar

 


ഡോ. പ്രകാശ് ജനാര്‍ദ്ദനന്‍

 


ഇരുപത്തി ഒന്‍പത് വര്‍ഷം മുന്‍പുള്ള ജൂലൈ മാസത്തിലെ മഴയൊഴിഞ്ഞ പ്രഭാതം. ശ്രീനാരായണ ഗുരുദേവന്റെ ജന്മം പവിത്രമാക്കിയ ചെമ്പഴന്തിയിലെ വയല്‍വാരം വീട്. ഈറനണിഞ്ഞ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഉത്തരായന സൂര്യകിരണങ്ങള്‍ ചരിഞ്ഞുവീഴുന്നു. ഗുരുദേവന്റെ തിരു അവതാരം നടന്ന മുറിയിലെ അവിടുത്തെ പ്രതിമക്കു മുന്നില്‍ നില്‍ക്കുകയാണ് കാവിമുണ്ടും മേല്‍മുണ്ടും ധരിച്ച യതിവര്യന്‍. ഗുരുദേവ പരമ്പരയിലെ പ്രകാശാനന്ദ സ്വാമി. ശിവഗിരി മീത്തില്‍ ഉരുവം കൊണ്ട പ്രതിലോമപ്രവര്‍ത്തനങ്ങളില്‍ വ്യഥപൂണ്ട് ഒന്‍പതോളം സംവത്സരങ്ങള്‍ സ്വയം മൗനത്തിന്റെ വല്മീകത്തിലേക്ക് പിന്‍വാങ്ങിയ പ്രകാശാനന്ദ സ്വാമി, മൗനവ്രതം മുറിക്കുന്ന മുഹൂര്‍ത്തമാണിത്. ഗുരുദേവന്റെ തേജസ്സുറ്റ മുഖത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ കണ്ണുനീര്‍ ധാരധാരയായി ഒഴുകുകയാണ്. ശരീരത്തിലെ വിറ ചുണ്ടുകളിലേക്ക് പടര്‍ന്നു. ഉരുവിടാന്‍ ശ്രമിച്ച ദൈവദശകത്തിലെ വാക്കുകള്‍ പുറത്തേക്ക് ഗമിക്കാതെ ഉള്ളില്‍ മുഴങ്ങി. വിറയാര്‍ന്ന ചുണ്ടുകളിലൂടെ ഉതിര്‍ന്ന വാക്കുകള്‍ മുറിഞ്ഞു. ദൈവദശകം ചൊല്ലി മുഴുവിച്ച്, ഗുരുവിനു മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചു. ശിവഗിരി മഠത്തിന്റെ മാര്‍ഗ്ഗം പിഴച്ച പ്രവര്‍ത്തനങ്ങളെ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കനുസൃതമായി നേര്‍വഴിയിലേക്ക് തിരികെ നയിക്കുക എന്നത് തന്റെ നിയോഗമാണ് എന്ന് അകമേയറിഞ്ഞു. പുറത്തേക്കിറങ്ങിയ സ്വാമിയുടെ മുഖത്ത് നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും ആത്മതേജസ്സും സ്ഫുരിച്ചു. ചുറ്റും നിന്ന യുവ സന്യാസിമാരെ നോക്കി. 'ഗുരുദേവന്റെ ഇച്ഛക്കനുസരിച്ച് ശിവഗിരി മഠത്തിനെ നയിക്കാന്‍ എന്നോടൊപ്പം നില്‍ക്കാനുള്ള നട്ടെല്ലുണ്ടോ? 'സ്വാമിയുടെ ശബ്ദം മുഴങ്ങി. അല്‍പനേരം നിശബ്ദത തളം കെട്ടി. 'ഉണ്ട് സ്വാമി, അത് വളയുകയുമില്ല.' വിനയം കലര്‍ന്ന, ശക്തമായ ശബ്ദം. ചെറുചിരിയോടെ സ്വാമി ആ യുവ സന്ന്യാസിയെ നോക്കി. സ്വാമി ഋതംഭരാനന്ദ. അന്നു മുതല്‍ സമാധിയോളം പ്രകാശാനന്ദ സ്വാമിയോടൊപ്പം എല്ലാ കാര്യങ്ങളിലും ഒന്നിച്ചുപ്രവര്‍ത്തിച്ചു വരികയായിരുന്നു ഋതംഭരാനന്ദ സ്വാമി.


പിന്നീട് ശിവഗിരി മഠം കടന്നുപോയത് ചരിത്രത്തിലെ വലിയ ദശാസന്ധികളിലൂടെയായിരുന്നു. അപ്പോഴെല്ലാം ലക്ഷ്യം തെറ്റി മുന്നേറിയ ശിവഗിരിമഠത്തിനെ ഗുരുപഥത്തിലേക്ക് നയിച്ചത് പ്രകാശാനന്ദ സ്വാമിയായിരുന്നു. തീവ്ര സമരത്തിന്റെ, ആത്മസംഘര്‍ഷങ്ങളുടെ, കോടതി വ്യവഹാരങ്ങളുടേയുമെല്ലാം കനല്‍വഴികളിലൂടെ കടന്നുപോകേണ്ടി വന്നു, പ്രകാശാനന്ദ സ്വാമിക്ക്. അപ്പോഴെല്ലാം സംയമന ചിത്തനായി, ഉറച്ച കാലടികളുമായി, ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ, കര്‍ക്കശമായ നിലപാടുകളിലൂടെ നേരിന്റെ പാതയില്‍ സ്വാമിക്ക് മുന്നേറാന്‍ കഴിഞ്ഞത്, ഒന്‍പത് വര്‍ഷങ്ങളോളം മൗനത്തിന്റെ വല്മീകത്തിനുള്ളില്‍ തപസ്സു ചെയ്ത് നേടിയ ആത്മശക്തി കൊണ്ടാണ്. കഠിന കാലങ്ങള്‍ നേരിടാനായി തന്റെ പ്രിയശിഷ്യനെ മുന്നൊരുക്കുകയായിരുന്നു ശ്രീനാരായണഗുരുദേവന്‍.

 

'നമുക്കിവിടെ ഒരാള്‍ ഉണ്ടല്ലോ''

ഒരിക്കല്‍ ഗുരുദേവന്‍ കൊല്ലം ജില്ലയിലെ പിറവന്തൂര്‍ ഗ്രാമത്തിലെ എലിക്കാട്ടൂര്‍ കളത്തരാടി തറവാട് സന്ദര്‍ശിച്ചു. സന്ദര്‍ഭോചിതമായി ഗുരുദേവന്‍ മൊഴിഞ്ഞു, 'നമുക്കിവിടെ ഒരാളുണ്ടല്ലോ.' ഗുരു വചനത്തിലെ ദീര്‍ഘദര്‍ശിത്വവും പൊരുളും ഗ്രഹിക്കാന്‍ അന്നാര്‍ക്കും കഴിഞ്ഞില്ല. അന്ന് കുമാരന്‍ (പ്രകാശാനന്ദ സ്വാമിയുടെ പൂര്‍വ്വാശ്രമ നാമം) ഭൂജാതനായിരുന്നില്ല. കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം പ്രസ്തുത തറവാട്ടില്‍ നിന്നും കുമാരന്‍ എന്ന യുവാവ് ഗുരുപാദ ദര്‍ശനം തേടി ശിവഗിരി പൂകി. ഏഴര പതിറ്റാണ്ട് കാലത്തോളം ശിവഗിരിക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ഗുരു വചനങ്ങളുടെ സാക്ഷാത്കാരം. ആര്‍ഷഭാരതത്തിന്റെ തനതു സംസ്‌കൃതിയുടെ ഭാവമാണ് ഗുരുശിഷ്യബന്ധം. സാധാരണയായി ഏറെ വര്‍ഷങ്ങള്‍ തേടിയലഞ്ഞതിനു ശേഷം മാത്രമേ ശിഷ്യന്‍ ഗുരു സമക്ഷമണയൂ. ഇവിടെ ഗുരുശിഷ്യനെ കണ്ടെത്തുകയായിരുന്നു; ജനിക്കുന്നതിന് മുന്‍പ് തന്നെ.


അമ്മയുടെ ഭക്തിയും ഗുരുദേവ കൃതികളിലുള്ള വ്യുല്‍പ്പത്തിയും ബാലകനായ കുമാരനില്‍ ആദ്ധ്യാത്മികതയുടെ വിത്തുകള്‍ പാകി. ഗുരുവിനോടുള്ള ഭക്തി ജനിപ്പിച്ചു. ഗുരുദേവന്‍ മഹാസമാധി പൂകുമ്പോള്‍ കുമാരന് അഞ്ച് വയസ്സാണ് പ്രായം. കൗമാരകാലത്ത് തന്നെ കര്‍മ്മ വീഥിയിലൂടെയാണ് തന്റെ മുന്നോട്ടുള്ള സഞ്ചാരമെന്ന ഉള്ളറിവ് ഉണ്ടായി. അങ്ങനെയാണ് പാരമ്പര്യതൊഴിലായ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടത്. കൃഷി ജീവന്റെ ആധാരമെന്നാണല്ലോ ഗുരുവചനം. ഇരുപത്തി മൂന്നാം വയസ്സിലാണ് കുമാരന്‍ ശിവഗിരിയിലെത്തുന്നത്. ഗുരുദേവ സമാധിയിലെ പൂജയില്‍ സഹായിക്കുക എന്നതായിരുന്നു ആദ്യ നിയോഗം. അതാണ് കുമാരന്റെ ശിവഗിരിയിലെ കര്‍മ്മകാണ്ഡത്തിന്റെ തുടക്കം. പിന്നീട് രണ്ടു വര്‍ഷത്തിലേറെ അസേതുഹിമാലയം തീര്‍ത്ഥാടകനായി സഞ്ചരിച്ചു. ഭാരതത്തിന്റെ ആദ്ധ്യാത്മിക ആഴങ്ങള്‍ തൊട്ടറിഞ്ഞു.

 

കര്‍മ്മപഥം

ബ്രഹ്‌മചാരിയായുള്ള ജീവിതവും തീര്‍ത്ഥാടനവും ഉള്ളിലെ ആദ്ധ്യാത്മിക ശക്തിയെ സുദൃഢമാക്കി. മുപ്പത്തിഅഞ്ചാം വയസ്സില്‍ ശങ്കരാനന്ദ സ്വാമിയില്‍ നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ച് സ്വാമി പ്രകാശാനന്ദയായി. എഴുപതുകളുടെ ആരംഭം മുതല്‍ അവസാനത്തോളം ധര്‍മ്മസംഘം ത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അക്കാലത്താണ് ശിവഗിരി മഠത്തില്‍ ഗുരുദേവന്റെ മഹാസങ്കല്‍പമായിരുന്ന ബ്രഹ്‌മ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് ബ്രഹ്‌മവിദ്യാലയത്തിന്റെ ആചാര്യനായിരുന്നത് എം.എച്ച്. ശാസ്ത്രികള്‍ എന്ന സംസ്‌കൃതപണ്ഡിത ശ്രേഷ്ഠനായിരുന്നു.


ഈ ലേഖകന്റെ പിതാവായ ജനാര്‍ദ്ദനന്‍ കേരളാ പോലീസിന്റെ കാര്യനിര്‍വ്വഹണ വിഭാഗത്തില്‍ നിന്ന് വിരമിച്ച്, അക്കാലത്ത് ശിവഗിരി മഠത്തിന്റെ കാര്യനിര്‍വ്വാഹകനായി ചേര്‍ന്നു. ശ്രീ നാരായണ ഗുരുദേവന്റെ സഹോദരി ഭഗവതിയുടെ മകള്‍ ജാനകിയുടെ പുത്രനാണ് എന്റെ പിതാവ്. അച്ഛനിലൂടെയാണ് പ്രകാശാനന്ദ സ്വാമിയുടെ ത്യാഗഭരിതവും ലളിതവുമായ ജീവിതം എന്റെ ബാല മനസ്സില്‍ സ്ഥാനം പിടിച്ചത്. എന്നെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ പ്രകാശ് എന്ന നാമധേയനാക്കിയത്, അച്ഛന് പ്രകാശാനന്ദ സ്വാമിയോടുള്ള സ്‌നേഹാദരങ്ങള്‍ കാരണമാണോ എന്നറിയില്ല.


1992 ല്‍ മൗനം മുറിച്ച് കര്‍മ്മപഥത്തിലേക്കിറങ്ങി പ്രകാശാനന്ദ സ്വാമി. വര്‍ഷങ്ങള്‍ നീണ്ട അക്ഷീണമായ പ്രവര്‍ത്തനങ്ങള്‍. 1995 ല്‍ ധര്‍മ്മസംഘം പ്രസിഡന്റ് ആയി. കാലാവധി തികയുന്നതിനു മുന്‍പ് സര്‍ക്കാര്‍ ശിവഗിരി ഭരണം ഏറ്റെടുത്തതോടെ സ്വാമി സമരമുഖം തുറന്നു. ശിവഗിരി ഭരണം സന്യാസിമാരെ തിരിച്ചേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാമിയുടെ നേതൃത്വത്തില്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് തലസ്ഥാനത്തേക്ക് പദയാത്ര നടത്തി. ഭരണം തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മരണം വരെ ഉപവാസം നടത്തുമെന്ന ഉദ്ഘാടന വേദിയിലെ സ്വാമിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് കേരളം കേട്ടത്. ഒപ്പമുണ്ടായിരുന്ന സന്ന്യാസിമാരെപ്പോലും അമ്പരപ്പിച്ചു കൊണ്ടായിരുന്നു ആ തീരുമാനം. ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച സമരമായിരുന്നു സ്വാമിയുടേത്. ഗുരുദേവ പ്രസ്ഥാനത്തിന്റെ സംരക്ഷണത്തിനായി ജീവന്‍ പോലും ത്യജിക്കാന്‍ സ്വാമി തയ്യാറായി. ഉപവാസത്തിന്റെ പതിനാറാം ദിവസം നിര്‍ബന്ധപൂര്‍വ്വം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടും സ്വാമി 28 ദിവസം പവാസം തുടര്‍ന്നു. അമാനുഷികമായ ഇച്ഛാശക്തിയുടെ പ്രകടനമായിരുന്നു അത്. യഥാര്‍ത്ഥ സന്യാസിക്കേ അത് സാധ്യമാവൂ.

 

കര്‍മ്മയോഗി

സമരങ്ങള്‍ക്കും ഏറെ കോടതി വ്യവഹാരങ്ങള്‍ക്കും ശേഷം 2006 ല്‍ സ്വാമി വീണ്ടും പ്രസിഡന്റായി. ശ്രീ നാരായണ ഗുരുദേവന്‍ സശരീരനായി ഇരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടത്രേ, ഭാവിയില്‍ പ്രസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ കോടതിയിലൂടെ നീതി നേടണമെന്ന്. അങ്ങനെ ഗുരുദേവന്‍ നേരിട്ടു കണ്ടെത്തിയ ശിഷ്യന്‍ ശിവഗിരി മഠം പ്രശ്‌നങ്ങളിലുലഞ്ഞുനിന്നപ്പോള്‍ ശക്തമായ നിലപാടുകള്‍ കൈക്കൊണ്ട് പ്രവര്‍ത്തിച്ച്, കൊടുങ്കാറ്റുകളെ അതിജീവിച്ച് ശിവഗിരി മഠത്തിന്റെ ആചാര്യനായി, ധര്‍മ്മസംഘം പ്രസിഡന്റായി. പ്രകാശാനന്ദ സ്വാമിയുടെ നിര്‍ദ്ദേശപ്രകാരം ഋതംഭരാനന്ദ സ്വാമി സെക്രട്ടറിയായി. സ്വാമിയുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങളെല്ലാം ചരിത്രമാണ്.

 

ലളിതം ആ ജീവിതം

ധര്‍മ്മസംഘത്തിന്റെ സെക്രട്ടറിയാകുന്നതിനു മുന്‍പ് അരുവിപ്പുറത്തും കുന്നുംപാറയിലും സ്വാമി പ്രവര്‍ത്തിച്ചിരുന്നു. അവിടങ്ങളില്‍ മരച്ചീനി മുതലായവ കൃഷി ചെയ്യുകയും അത് ആളുകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ലളിതമായ ജീവിതമാണ് അന്നേ നയിച്ചിരുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളം പ്രകാശാനന്ദ സ്വാമിയോടൊപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്ന ഋതംഭരാനന്ദ സ്വാമിയുടെ വാക്കുകള്‍ കടമെടുക്കുകയാണ്. ലാളിത്യമായിരുന്നു സ്വാമിയുടെ മുഖമുദ്ര. വസ്ത്രം അലക്കുന്ന കാര്യം മുതല്‍ എല്ലാ കാര്യങ്ങളും സ്വന്തമായാണ് ചെയ്തിരുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ വരുന്നതുവരെ ദൈനംദിന കാര്യങ്ങളില്‍ സ്വയം പര്യാപ്തമായിരുന്നു. 2006 ല്‍ പ്രസിഡന്റ് ആയപ്പോള്‍ കാര്‍ വാങ്ങുവാന്‍ പറഞ്ഞെങ്കിലും വഴങ്ങിയില്ല. 2010 ല്‍ കാര്‍ വാങ്ങുമ്പോഴും അദ്ദേഹത്തിന് പൂര്‍ണ്ണ സമ്മതമില്ലായിരുന്നു. ധര്‍മ്മസംഘം ട്രസ്റ്റ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെങ്കിലും ആരോടും വോട്ട് ചോദിക്കുകയോ, ആര്‍ക്കെങ്കിലും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയോ ചെയ്യാറില്ല.


സ്വാമി ഒരു മാതൃകയായിരുന്നു. പുസ്തക ജ്ഞാനത്തിലൂടെ മസ്തകം കനപ്പിക്കാതെ, ലാളിത്യത്തിലൂന്നിയ ത്യാഗത്തിന്റെ കര്‍മ്മപഥമാണ് പ്രകാശാനന്ദ സ്വാമി സ്വീകരിച്ചത്.

 

പിന്‍കുറിപ്പ്

അത്യപൂര്‍വ്വമായൊരു ഗുരു ശിഷ്യബന്ധമായിരുന്നു ശ്രീ നാരായണ ഗുരുദേവനും പ്രകാശാനന്ദ സ്വാമിയും തമ്മിലുണ്ടായിരുന്നത്. ശിഷ്യന്‍ ജനിക്കുമ്പോള്‍ ഗുരു ശരീരത്തിലില്ല. എന്നാല്‍, ശിഷ്യന്‍ ജനിക്കുന്നതിനു മുന്‍പു തന്നെ ശിഷ്യനെ ഗുരു കണ്ടെത്തിയിരുന്നു. അങ്ങനെ ജനിക്കും മുന്‍പേ തന്നെ ഗുരുദേവ ശിഷ്യനാവാന്‍ ഭാഗ്യം ലഭിച്ച സുകൃത ജന്മമാണ് പ്രകാശാനന്ദ സ്വാമിയുടേത്. ആ ശിഷ്യജന്മം സാര്‍ത്ഥകമായി.