Friday 16 November 2018


ഞങ്ങളെന്തു തെറ്റ് ചെയ്തു ?

By Online Desk.30 Dec, 2017

imran-azhar

 

മലപ്പുറം കുന്നുമ്മല്‍ ട്രാഫിക് സര്‍ക്കിളില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ ഭാഗമായി വിദ്യാര്‍ഥിനികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത് ഡിസംബര്‍ ഒന്നിന്..

തട്ടമിട്ട് നൃത്തം ചെയ്യുന്ന മൂന്ന് പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വളരെ വേഗം പ്രചരിച്ചു. ഇതോടെ ഫ്‌ളാഷ് മോബ് ആവിഷ്‌കാരം മതകേന്ദ്രീകൃത ചര്‍ച്ചയിലേക്ക് വഴിതെറ്റി.

പ്രതിഷേധമെന്ന നിലയില്‍ എസ്.എഫ്.ഐ മലപ്പുറം ജില്ലാകമ്മറ്റി മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചതോടെ രാഷ്ട്രീയമാനങ്ങള്‍ കൈവന്നു. പ്രതിഷേധത്തിന്റെ ഭാഗമായുള്ള ഫ്‌ളാഷ്‌മോബില്‍ പങ്കാളിയായ വണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയായ അന്‍ജും ആയി പിന്നീട് ഇര.

വിവാദങ്ങള്‍ അവിടം കൊണ്ടൊന്നും തീര്‍ന്നില്ല. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ അരങ്ങേറിയ ഫ്‌ളാഷ്‌മോബിനു നേരെയും മതമൗലികവാദികള്‍ തിരിഞ്ഞു. ഇത്തവണ കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്‌ല ആയിരുന്നു പുതിയ ഇര. 

ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലീഡര്‍ അന്‍ജും, ബാംഗ്‌ളൂരില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയായ ജസ്‌ല എന്നിവര്‍ കലാകൗമുദിയോട് സംസാരിക്കുന്നു..


ആള്‍ക്കൂട്ടവുമായി സംവദിക്കാന്‍ ഓരോ കാലഘട്ടത്തിലും അക്കാലത്തെ ക്ഷുഭിതയൗവ്വനങ്ങള്‍ വ്യത്യസ്തങ്ങളായ ആവിഷ്‌കാരരൂപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തെരുവുനാടകങ്ങളും നാടന്‍പാട്ടുകളും കേരളത്തിലെ തെരുവുകളില്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രതിഷേധത്തിന്റെയും ആശയപ്രകാശനത്തിന്റെയും ആവിഷ്‌കാരരൂപങ്ങളായി മാറിയിട്ടുണ്ട്. പുതിയ കാലത്ത് കേരളത്തിന്റെ തെരുവുകള്‍ ഫ്‌ളാഷ്‌മോബ് എന്ന ന്യൂജനറേഷന്‍ ആവിഷ്‌കാര രൂപത്തിന്റെ ചടുതലകള്‍ക്ക് പിന്നിലെയാണ്. പെട്ടെന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഗ്രൂപ്പ് തങ്ങളുടെ ആവിഷ്‌കാരത്തിലൂടെ ആശയപ്രകാശനം നടത്തി പിന്‍വാങ്ങുന്ന ഫ്‌ളാഷ്‌മോബുകള്‍ അമേരിക്കയിലാണ് ആദ്യം അരങ്ങേറുന്നത്. 2003 ജൂണ്‍ 3ന് ന്യൂയോര്‍ക്കില്‍ അരങ്ങേറിയ ആദ്യ ഫ്‌ളാഷ്‌മോബ് പക്ഷെ വിജയമായിരുന്നില്ല. എന്നാല്‍ പതിനാലു വര്‍ഷം കൊണ്ട് കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ പുതിയ തലമുറയുടെ ആശയപ്രകാശനത്തിന്റെ ആവിഷ്‌കാര രൂപമെന്ന നിലയില്‍ ജനകീയമാകാന്‍ ഫ്‌ളാഷ്‌മോബുകള്‍ക്ക് സാധിച്ചു. 'മഹേഷിന്റെ പ്രതികാരമെന്ന' ഇടുക്കി പശ്ചാത്തലമായി കഥനടക്കുന്ന സിനിമയിലൂടെയാണ് ഈ ആവിഷ്‌കാരരൂപം പരിചിതമായത്.


സങ്കുചിത മതമൗലികവാദികളുടെ ഉറക്കം കെടുത്തുന്ന തലത്തിലേയ്ക്ക് ഫ്‌ളാഷ്‌മോബുകള്‍ മാറുന്നുവെന്ന ശുഭകരമല്ലാത്ത അവസ്ഥയിലൂടെയാണ് വര്‍ത്തമാന കേരളം കടന്നുപോകുന്നത്. കേരളത്തിലെ കാമ്പസുകളിലും തെരുവിലുമെല്ലാം യുവത്വം പലതരത്തിലുള്ള ആശയപ്രകാശനത്തിനായി ഫ്‌ളാഷ്‌മോബിന്റെ സാധ്യത ഉപയോഗിച്ചിരുന്നു. 2016 ആഗസ്റ്റ് 7ന് മുലയൂട്ടല്‍ വാരത്തോട് അനുബന്ധിച്ച് കൊച്ചിയിലെ ലുലുമാളില്‍ മുലയൂട്ടുന്ന അമ്മമാരുടെ ബോധവത്കരണത്തിനായി ബ്രെസ്റ്റ് ഫീഡിംഗ് സപ്പോര്‍ട്ട് ഫോര്‍ ഇന്ത്യന്‍ മദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഫ്‌ളാഷ്‌മോബ് നടന്നിരുന്നു. കൈക്കുഞ്ഞുങ്ങളെ കാരിയറില്‍ ഏന്തിയ അമ്മമാരാണ് അന്ന് പങ്കാളികളായത്. ഒരു വര്‍ഷത്തിനിപ്പുറം എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് മൂന്ന് പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചപ്പോള്‍ ആകാശം ഇടിഞ്ഞുവീണെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് മതമൗലികവാദികള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചത്. ആവിഷ്‌കാരരൂപങ്ങളുടെ പേരില്‍ കേരളത്തിലെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ പോലും വിഭാഗീയത സൃഷ്ടിക്കുന്ന തലത്തിലേക്ക് മലപ്പുറത്ത് അവതരിപ്പിക്കപ്പെട്ട ഫ്‌ളാഷ് വളര്‍ന്നു കഴിഞ്ഞു.

 

ഡിസംബര്‍ ഒന്നിനാണ് മലപ്പുറം കുന്നുമ്മല്‍ ട്രാഫിക് സര്‍ക്കിളില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ ഭാഗമായി വിദ്യാര്‍ഥിനികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. വെളിപാടിന്റെ പുസ്തകത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍..' എന്ന പാട്ടിനൊത്താണ് പെണ്‍കുട്ടികള്‍ ചുവടുവെച്ചത്. തട്ടമിട്ട് പാട്ടിനൊത്ത് നൃത്തംചെയ്യുന്ന മൂന്ന് പെണ്‍കുട്ടികളുടെ വീഡിയോ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ദുരുദ്ദേശപരമായി വളരെ വേഗമാണ് പ്രചരിക്കപ്പെട്ടത്. ഇതോടെ മലപ്പുറത്ത് എയ്ഡ്‌സ് ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി നടന്ന ആവിഷ്‌കാരം മതകേന്ദ്രീകൃത ചര്‍ച്ചയിലേക്ക് വഴിതെറ്റി.

 

ഫ്‌ളാഷ്‌മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെയാണ് ഇത്തരത്തിലുള്ള സോഷ്യല്‍മീഡിയ പ്രചരണങ്ങള്‍ മതമൗലികവാദികള്‍ നടത്തിയത്. പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അപവാദപ്രചരണത്തിനെതിരെ പ്രതികരിച്ച, ദോഹയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സൂരജിനെയും സോഷ്യല്‍ മീഡിയയില്‍ മതമൗലികവാദികള്‍ അസഭ്യവര്‍ഷത്തോടെ വിചാരണ നടത്തി. സൂരജ് ജോലി ചെയ്യുന്ന ദോഹയിലെ മലയാളി റെഡ് എഫ് എം റേഡിയോ സ്റ്റേഷനെതിരെയും വലിയതോതിലുള്ള മതമൗലികവാദികളുടെ സൈബര്‍ അക്രമണം നടന്നു. എഫ്എം സ്‌റ്റേഷന്‍ ബഹിഷ്‌കരിക്കണം എന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നതോടെ ജോലി ഉപേക്ഷിക്കുകയാണെന്നും സ്ഥാപനത്തിനെ ക്രൂശിക്കരുതെന്നും ആവശ്യപ്പെട്ട് സൂരജിന് ഫേസ്ബുക്കില്‍ പോസ്റ്റിടേണ്ടിയും വന്നിരുന്നു. ഇതോടെയാണ് പൊതുസമൂഹം ഗൗരവത്തോടെ ഈ വിഷയത്തെ അഭിസംബോധന ചെയ്യുന്നത്.

 


ഫ്‌ളാഷ്‌മോബ് വിഷയം എസ്.എഫ്.ഐ ഏറ്റെടുക്കുകയും പ്രതിഷേധമെന്ന നിലയില്‍ എസ്.എഫ്.ഐ മലപ്പുറം ജില്ലാകമ്മറ്റി മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് സംഘടിപ്പിക്കുകയും ചെയ്തതോടെ വിഷയത്തിന് രാഷ്ട്രീയമാനങ്ങളും കൈവന്നു. പ്രതിഷേധത്തിന്റെ ഭാഗമായുള്ള ഫ്‌ളാഷ്‌മോബില്‍ പങ്കാളിയായ വണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയായ അന്‍ജൂം ആയി പിന്നീട് മതമൗലികവാദികളുടെ എതിരാളി. പതിമൂന്ന് പെണ്‍കുട്ടികള്‍ അണിനിരന്ന പ്രതിഷേധ ഫ്‌ളാഷ് മോബില്‍ അന്‍ജൂം മാത്രമായിരുന്നു ഏക മുസ്‌ളീം. ഫ്‌ളാഷ്‌മോബ് വിവാദം ചൂടുപിടിക്കുന്നതിനിടയില്‍ എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥി നേതാവ് അഡ്വ. ഫാത്തിമ തെഹ്‌ലിയയും യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസും മതമൗലികവാദികള്‍ക്കെതിരെ രംഗത്തുവന്നു. ഇത് പ്രതീക്ഷയോടെയാണ് കേരളീയ പൊതുസമൂഹം നോക്കിക്കണ്ടത്.

 

വിവാദങ്ങള്‍ അവിടം കൊണ്ടൊന്നും അവസാനിപ്പിക്കാന്‍ മതമൗലികവാദികള്‍ ഒരുക്കമായിരുന്നില്ല. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ അരങ്ങേറിയ ഫ്‌ളാഷ്‌മോബിനെയും തട്ടത്തിന്റെ രാഷ്ട്രീയത്തിലേക്ക് ചുരുക്കിവായിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ മതമൗലികവാദികള്‍ക്ക് സാധിച്ചു. ഇത്തവണ കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്‌ലയായിരുന്നു അവരുടെ പുതിയ ഇര. ജസ്‌ലയ്‌ക്കെതിരെ ഭീകരമായ സൈബര്‍ ആക്രമണമാണ് സദാചാര സൈബര്‍ ആങ്ങളമാര്‍ അഴിച്ചുവിട്ടത്. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പൊലീസിനുമെല്ലാം ജസ്‌ല പരാതി നല്‍കിയിട്ടും സൈബര്‍ ആക്രമണത്തിന്റെ തീക്ഷണത ഇതെഴുതുന്ന നിമിഷം വരെ ശമിച്ചിട്ടില്ല.


കലയെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാന്‍ ചെറുപ്പം മുതല്‍ കൊതിച്ച ജസ്‌ല മലപ്പുറം മഞ്ചേരിയിലെ ഒരു മുസ്‌ളീം കുടുംബത്തില്‍ നിന്നാണ് വരുന്നത്. ചെറുപ്പത്തില്‍ ഏറെ മോഹിച്ചാണ് ജസ്‌ല ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവുമെല്ലാം പഠിക്കാന്‍ ചേരുന്നത്. നൃത്തം വേണോ മതം വേണോയെന്ന മദ്രസ അധ്യാപകന്റെ ചോദ്യത്തിന് മുന്നില്‍ ജസ്‌ലയ്ക്ക് നൃത്തത്തെ ഉപേക്ഷിക്കേണ്ടി വന്നു. നന്നായി ചിത്രം വരച്ചിരുന്ന, യൂണിവേഴ്‌സിറ്റി നാടകമത്സരത്തില്‍ മികച്ച അഭിനേത്രിക്കുള്ള സമ്മാനം വാങ്ങിയിട്ടുള്ള, തന്റെ കലാനൈപുണ്യത്തോട് സങ്കുചിത മതബോധത്തിന്റെ വക്താക്കള്‍ എക്കാലത്തും മുഖം തിരിഞ്ഞു നിന്നിട്ടേയുള്ളുവെന്ന് ജസ്‌ല കലാകൗമുദിയോട് വ്യക്തമാക്കി. ബാംഗ്‌ളൂരില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയായ ജസ്‌ല ഭിന്നലിംഗക്കാരെക്കുറിച്ച് ഗവേഷണവും നടത്തിയിട്ടുണ്ട്.

 

പേടിപ്പിക്കേണ്ട ഇനിയുമിറങ്ങും..
അന്‍ജൂം (ലീഡര്‍ വണ്ടൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍)

മലപ്പുറത്ത് എയ്ഡ്‌സ് കാമ്പയിന്റെ ഭാഗമായി തട്ടമിട്ട് ഫ്‌ളാഷ്‌മോബ് കളിച്ച പെണ്‍കുട്ടികളെ സോഷ്യല്‍മീഡിയയിലൂടെ അപഹസിച്ചതിനെതിരെ എസ്.എഫ്.ഐ എടുത്ത നിലപാടിന്റെ ഭാഗമായാണ് മലപ്പുറത്ത് വീണ്ടും ഫ്‌ളാഷ്‌മോബ് കളിച്ചത്. ആ പ്രതിഷേധ ഫ്‌ളാഷ്‌മേബില്‍ 13 വിദ്യാര്‍ത്ഥിനികളാണ് പങ്കെടുത്തത്. ആ ഫ്‌ളാഷ്‌മോബില്‍ പങ്കെടുത്ത ഏക മുസ്‌ളിം വിദ്യാര്‍ത്ഥിനി ഞാനായിരുന്നു. എനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപഹാസ്യകരമായ കമന്റുകള്‍ വന്നിരുന്നു. എന്നെ സംബന്ധിച്ച് എസ്.എഫ്.ഐ തീരുമാനത്തിന്റെ ഭാഗമായാണ് ഫ്‌ളാഷ്‌മോബില്‍ പങ്കാളിയായത്. എസ്.എഫ്.ഐ ഒപ്പമുള്ളതിനാല്‍ ഒരുതരത്തിലുള്ള സോഷ്യല്‍ മീഡിയ ഭീഷിണികളിലും കൂസുന്നില്ല. മാത്രമല്ല ഭാവിയിലും സംഘടനാ തീരുമാനമനുസരിച്ച് ഇത്തരം പ്രതിഷേധങ്ങളുടെ ഭാഗമായി രംഗത്തുവരാന്‍ യാതൊരു മടിയുമില്ല. ഞാന്‍ എന്തു തെറ്റാണ് ചെയ്തത്?


വണ്ടൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലീഡറായ ഞാന്‍ നേരത്തെയും ഫ്‌ളാഷ്‌മോബുകളില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയില്‍ പലയിടത്തും ഫ്‌ളാഷ്‌മോബുകള്‍ അരങ്ങേറിയിരുന്നു. ഞാന്‍ പലയിടത്തുംപങ്കാളിയായി വണ്ടൂര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ അങ്ങാടിയില്‍ രക്തദാനത്തിന്റെ ഭാഗമായി ഫ്‌ളാഷ്‌മോബ് നടത്തിയിരുന്നു. അതിലൂടെ അമ്പതോളം ആളുകളെ രക്തദാനത്തിനായി കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ജില്ലയില്‍ ആരോഗ്യ ബോധവത്കരണങ്ങളുടെ ഭാഗമായി നേരത്തെയും ഫ്‌ളാഷ്‌മോബുകള്‍ അരങ്ങേറിയിട്ടുണ്ട്. ഇത്തരം ഫ്‌ളാഷ്‌മോബുകളെ തട്ടത്തിന്റെ രാഷ്ട്രീയത്തിലേക്ക് ചുരുക്കി സങ്കുചിതമായി കാണുന്നവരാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്.

 

എന്നെ ഇല്ലാതാക്കാന്‍ നോക്കുന്നു: ജസ്‌ല
മതത്തിനെതിരോ തട്ടത്തിനെതിരോ ആയിട്ടായിരുന്നില്ല ഞങ്ങള്‍ ചലച്ചിത്രമേളയില്‍ ഫ്‌ളാഷ്‌മോബ് നടത്തിയത്. അത് തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. 'എനിക്കൊരു പെണ്ണിനെവേണം, എനിക്ക് കാലുമടക്കി തൊഴിക്കാനും, തണുപ്പത്ത് കെട്ടിപ്പിടിച്ചുറങ്ങാനും, എന്റെ മക്കളെ പെറ്റുകൂട്ടാനും എനിക്കൊരു പെണ്ണിനെ വേണം' എന്ന സ്ത്രീവിരുദ്ധ സിനിമാ ഡയലോഗ് പറഞ്ഞായിരുന്നു ഞങ്ങള്‍ ഫ്‌ളാഷ്‌മോബ് ആരംഭിച്ചത്. ഈ ഡയലോഗിലെ സ്ത്രീവിരുദ്ധ മനോഭാവത്തെ തുറന്ന് കാണിക്കുകയും സ്ത്രീയെന്നാല്‍ കേവലം ചോറുണ്ടാക്കാനും കുട്ടികളെ പ്രസവിക്കാനുമുള്ള ഉപകരണങ്ങള്‍ മാത്രമല്ലെന്ന് വ്യക്തമാക്കുകയുമാണ് ഉദ്ദേശമെന്ന് ഫ്‌ളാഷ്‌മോബിന്റെ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു. അതില്‍ പങ്കെടുത്തവര്‍ തട്ടമിട്ടിരുന്നോ കുരിശിട്ടിരുന്നോ പൊട്ടുതൊട്ടിരിന്നോ എന്നത് ഇവിടെ പ്രസക്തമല്ല. പൊതുസമൂഹത്തില്‍ നഷ്ടപ്പെടുന്ന പെണ്ണിടങ്ങളെക്കുറിച്ചും, പൊതുഇടത്തില്‍ പെണ്ണ് പ്രത്യക്ഷപ്പെട്ടാല്‍ ഉണ്ടാകുന്ന ചോദ്യം ചെയ്യലുകളെക്കുറിച്ചുമായിരുന്നു ഞങ്ങള്‍ സംവദിച്ചത്. ആരെങ്കിലും അനുവദിച്ച് തരേണ്ടതല്ല പെണ്ണിന്റെ സ്വാതന്ത്ര്യമെന്നും ഞങ്ങള്‍ ആ ഫ്‌ളാഷ്‌മോബിലൂടെ വ്യക്തമാക്കാന്‍ ഉദ്ദേശിച്ചിരുന്നു. ഞങ്ങള്‍ ഉദ്ദേശിച്ച ആശയം വളരെ വ്യക്തമായി ആള്‍ക്കൂട്ടത്തിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നാണ് വിശ്വാസം. പിന്നീട് ചാനല്‍ലൈവിലും ഇതെല്ലാം വ്യക്തമാക്കിയിരുന്നു. അപ്പോഴേക്കും സോഷ്യല്‍മീഡിയയിലൂടെ ഒരു വിഭാഗം അസഭ്യപ്രചരണം ആരംഭിച്ചിരുന്നു. അതെല്ലാം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും മൂന്നുകുട്ടികള്‍ തട്ടമിട്ട് കളിച്ചുവെന്നത് ഉയര്‍ത്തിക്കാണിച്ച് ഞങ്ങള്‍ അവതരിപ്പിച്ച ഫ്‌ളാഷ്‌മോബിനെ തട്ടത്തിന്റെ സങ്കുചിത രാഷ്ട്രീയത്തിലേക്ക് ചുരുക്കിവായിക്കുകയായിരുന്നു ചിലര്‍. ഞങ്ങള്‍ക്കൊപ്പം ഫ്‌ളാഷ്‌മോബ് കളിച്ച മറ്റുള്ളവരുടെ മതമോ ജാതിയോ ലിംഗവ്യത്യാസമോ ഒന്നും ഞങ്ങള്‍ പരിഗണിച്ചിരുന്നില്ല. ഉന്നയിച്ച വിഷയത്തിന്റെ മെരിറ്റ് മാത്രമായിരുന്നു ഞങ്ങള്‍ പരിഗണിച്ചത്.

 


ഞാന്‍ തലയില്‍ തട്ടം ഇട്ടതും ഇടാത്തതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് എനിക്കെതിരെ അസഭ്യപ്രയോഗങ്ങള്‍ നടത്തിയത്. മതം എന്റെ തിരഞ്ഞെടുപ്പാണ്, തട്ടവും എന്റെ തിരഞ്ഞെടുപ്പാണ്. ഞാന്‍ ഭിന്നലിംഗക്കാരിയാണ് എന്റെ മതമേതാണ് തുടങ്ങിയ നിലയില്‍ നടക്കുന്ന പ്രചരണങ്ങളെല്ലാം നമുക്ക് അവഗണിക്കാം. പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷിണിയുടെ സ്വരം മുഴുങ്ങുമ്പോള്‍ നമുക്കത് അവഗണിച്ച് പോകാന്‍ കഴിയില്ല. ഭരണഘടന അനുശാസിക്കുന്ന നമ്മുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുമ്പോള്‍ അതിനെ നമ്മള്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. നമ്മള്‍ ചോദ്യം ചെയ്യാന്‍ മടിക്കുന്ന കാലത്തോളം ഇത്തരം ജനാധിപത്യ ധ്വംസനങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും.

 


പെണ്‍കുട്ടി ഫ്‌ളാഷ്‌മോബ് കളിക്കുമ്പോള്‍ പെണ്‍കുട്ടി ഉറക്കെ സംസാരിക്കുമ്പോള്‍ അതിനെ അഴിഞ്ഞാട്ടമായി ചിത്രീകരിക്കുന്ന പ്രവണത അംഗീകരിക്കാന്‍ സാധിക്കില്ല. മലപ്പുറത്ത് എയ്ഡിസിനെതിരായ കാമ്പയിനില്‍ തട്ടമിട്ടപെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് കളിച്ചതിലും അതിനെതിരായ പ്രതിഷേധ ഫ്‌ളാഷ്‌മോബുകളില്‍ തട്ടമിട്ട പെണ്‍കുട്ടികള്‍ പങ്കെടുത്തതിലും, ഞങ്ങളുടെ വിഷയത്തിലായാലും അതിനെ മതപരമായ സങ്കുചിതത്വത്തിലേക്ക് ചുരുക്കി വായിക്കുന്നതാണ് ഇവിടുത്തെ യഥാര്‍ത്ഥവിഷയം. ഫ്‌ളാഷ്‌മോബ് കളിച്ചതിന്റെ പേരില്‍ ഞാന്‍ മതവിരോധിയാണെന്നും എന്നെ ഊരുവിലക്കണമെന്നുമെല്ലാമുള്ള ശബ്ദസന്ദേശങ്ങള്‍ നാട്ടിലെ ചില പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. ഈ ശബ്ദസന്ദേശങ്ങള്‍ പരാതിക്കൊപ്പം തിരുവനന്തപുരത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.

 


കഴിഞ്ഞ ദിവസം വളരെ പ്രമുഖനായ മതപ്രഭാഷകന്‍ (അദ്ദേഹം എന്റെ പേരുപറയാത്തതിനാല്‍ അദ്ദേഹത്തിന്റെ പേര് പറായാതിരിക്കാനുള്ള മാന്യത ഞാനും കാണിക്കുന്നു) പെണ്ണ് പൊതുഇടത്തില്‍ നൃത്തം ചെയ്യുന്നതും വാദ്യോപകരണങ്ങള്‍ വായിക്കുന്നതും ഖിയാമത്ത് നാളിന്റെ (ലോകവസാനം) ലക്ഷണമാണെന്ന് പറഞ്ഞിരുന്നു. മതത്തെ വിറ്റുജീവിക്കുന്നതും ഈ ഖിയാമത്ത് നാളിന്റെ ലക്ഷണമാണെന്നാണ് എനിക്ക് ആദ്ദേഹത്തെയും ഓര്‍മ്മിപ്പിക്കാനുള്ളത്. ഞാനും അദ്ദേഹവുമെല്ലാം ഖിയാമത്ത് നാളിന്റെ സൂചകങ്ങളായിരിക്കുമ്പോള്‍ അദ്ദേഹം ഞങ്ങളെ മാത്രം ഫോക്കസ് ചെയ്ത് സംസാരിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്. മതത്തെ വിറ്റുജീവിക്കുന്ന പുരോഹിതന്‍മാര്‍ ഖിയാമത്ത് നാളിന്റെ ലക്ഷണമാണെന്ന് പറഞ്ഞാല്‍ ഞാന്‍ മതവിരുദ്ധയായി മാറും. പെണ്ണ് പൊതുഇടത്തില്‍ നൃത്തം ചെയ്യുന്നതും വാദ്യോപകരണങ്ങള്‍ വായിക്കുന്നതും ഖിയാമത്ത് നാളിന്റെ ലക്ഷണമാണെന്ന് പറഞ്ഞാല്‍ അത് സത്കര്‍മ്മമാകും. തല്‍ക്കാലം ആ ചര്‍ച്ചയിലേക്കും ആ രാഷ്ട്രീയത്തിലേക്കും പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

 


ഞാന്‍ ഫ്‌ളാഷ്‌മോബ് കളിച്ചതിന്റെ പേരില്‍ എന്റെ ഇളയ സഹോദരനോട് 'നിന്റെ സഹോദരിയല്ലെ നിനക്കവളുടെ അഴിഞ്ഞാട്ടം നിര്‍ത്താന്‍ കഴിയില്ലെ' എന്ന് ചോദിക്കുന്ന മനോവൈകൃതത്തെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. 'നിന്റെ സഹോദരിയുടെ വീഡിയോ ക്‌ളിപ്പുകള്‍ ലീക്കായിട്ടുണ്ട് കുടുംബമായിരുന്ന് കാണാന്‍' പറഞ്ഞ് സഹോദരന് വ്യാജ എം.എം.എസ് സന്ദേശങ്ങള്‍ അയച്ചു കൊടുക്കുന്ന സമീപനം എത്രമാത്രം നീചമാണ്. അവന്‍ പോലും പക്ഷെ ഈ വിഷയത്തില്‍ എനിക്ക് പിന്നില്‍ ശക്തമായി ഉറച്ചു നില്‍ക്കുന്നു എന്നത് സന്തോഷകരമാണ്. എന്റെ സഹോദരനുംഉപ്പയ്ക്കുമെല്ലാം എന്നെ നന്നായി അറിയാമെന്നത് തന്നെയാണ് എന്റെ കരുത്ത്.

 


എന്നെ വേശ്യയായും അഭിസാരികയായും മുദ്രകുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ നടക്കുന്നത്. ഖുറാനിലെ ആയത്തുകള്‍ എഴുതി വച്ച് അതിന്റെ കീഴെയാണ് എനിക്കെതിരെ അസഭ്യവര്‍ഷം. എന്താണ് ഇക്കൂട്ടര്‍ പഠിച്ചിരിക്കുന്ന മതം, എന്താണവരുടെ സമാധാനം, എന്തുപ്രബോധനമാണ് ഇവര്‍ നടത്തുന്നത്. നമ്മള്‍ ചോദ്യം ചെയ്യുമ്പോള്‍ നമ്മള്‍ അഴിഞ്ഞാട്ടക്കാരികളാകുന്നു പോണ്‍വീഡിയോയില്‍ പ്രത്യക്ഷപ്പെടേണ്ടവളാകുന്നു. ഇസ്‌ളാം ഏറ്റവും സമാധാനപരമായ മതമാണ്. ഇസ്‌ളാം വിശാലമായ ഇടങ്ങളുള്ള മതമാണ്. ഇസ്‌ളാമിനെ ദുര്‍വ്യാഖ്യാനിക്കുന്നവരാണ് തിരുത്തലിന് വിധേയരാകേണ്ടത്. മുസ്‌ളിം സ്ത്രീകള്‍ വീടിനുള്ളില്‍ ഇരുന്നാല്‍ മതിയെന്ന് വാദിക്കുന്നവര്‍ ഇസ്‌ലാമിന്റെ ചരിത്രത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ്. ധീരതയുടെ ആത്മവിശ്വാസത്തിന്റെ പ്രതികരണത്തിന്റെചരിത്രമുള്ള നിരവധി സ്ത്രീകള്‍ ഇസ്‌ളാമിന്റെ ചരിത്രത്തിലുണ്ട്. ഇവരുടെയെല്ലാം ചരിത്രമെല്ലാം മൂടിവച്ചാണ് ദൈവത്തിന്റെ മീഡിയേറ്റ്‌ഴ്‌സ് എന്ന് ഭാവിക്കുന്നവര്‍ പ്രഭാഷണം നടത്തുന്നത്. ഞാനും ഫ്‌ളാഷ്‌മോബില്‍ പങ്കെടുത്ത മറ്റുള്ളവരും എന്തു തെറ്റാണ് ചെയ്തത്.