Tuesday 21 May 2019


ഓര്‍മ്മയില്‍ തിളങ്ങുന്ന കുങ്കുമപ്പൊട്ട്

By SUBHALEKSHMI B R.05 Jun, 2018

imran-azhar

ലീല മേനോന്‍ എന്ന് കേള്‍ക്കുന്പോള്‍ മലയാളിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ആ ചുവന്ന വലിയ കുങ്കുമപ്പൊട്ടാണ്. എന്തിനെയും നേരിടാന്‍ പോന്ന ഉയര്‍ന്ന ഇച്ഛാശക്തിയുടെ പ്രതീകമാണ് മലയാളിക്ക് ആ വലിയ വട്ടപ്പൊട്ട്. ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും അവര്‍ അത് തെളിയിച്ചുകൊണ്ടിരുന്നു. മരണം വരെ അതില്‍ പുലരുകയും ചെയ്തു. മൂര്‍ച്ചയുളള ചിന്തകളാണ് ലീല മേനോന്‍ എന്ന മാധ്യമപ്രവര്‍ത്തകയെ വേറിട്ട് നിര്‍ത്തിയത്. തൂലികയിലൂടെ നിലപാടുകളിലൂടെ അവര്‍ തന്‍റെ ചിന്തകളോട് നീതിപുലര്‍ത്തി; സമൂഹത്തോടും. 1932ല്‍ എറണാകുളം വെങ്ങോല തുമ്മാരുകുടി വീട്ടില്‍ പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്താവിന്‍റെയും ജാനകിയമ്മയുടേയും മകളായി പിറന്ന ലീല പത്രപ്രവര്‍ത്തനമേഖലയിലേക്ക് വന്നത് യാദൃച്ഛികമായാണ്. 1948~ല്‍ പതിനേഴാം വയസില്‍ പോസ്റ്റ് ഓഫീസില്‍ ടെലിഗ്രാഫറായാണ് ലീല തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആദ്യം ഹൈദരാബാദിലും പിന്നീട് കൊച്ചിയിലുമായിരുന്നു നിയമനം. കൊച്ചിയില്‍ ജോലി ചെയ്യവേ പരിചയപ്പെട്ട ഭാസ്കര മേനോനെ വിവാഹം ചെയ്തു. അക്കാലത്ത് സ്ത്രീകള്‍ ഈ മേഖലയില്‍ ജോലി ചെയ്തിരുന്നില്ല. കേരളത്തിലെ ആദ്യ വനിത ടെലിഗ്രാഫ് ഓഫിസറായ ലീല മേനോനെ കുറിച്ച് എഴുതാനെത്തിയ പ്രേമ വിശ്വനാഥന്‍ എന്ന ജേണലിസ്റ്റ് ലീലയില്‍ കൌതുകമുയര്‍ത്തി. പീന്നീട് തന്നെക്കുറിച്ച് പ്രേമയെഴുതിയ ലേഖനം അവരില്‍ ആവേശമുയര്‍ത്തുകയും ചെയ്തു. ഇതോടെ പത്രപ്രവര്‍ത്തനമേഖലയെ കുറിച്ച് അവര്‍ അന്വേഷിച്ചു. അങ്ങനെ ഭാരതീയവിദ്യാഭവനില്‍ പത്രപ്രവര്‍ത്തന കോഴ്സ് ചെയ്തു. സ്വര്‍ണ്ണമെഡലോടെ വിജയവും കരസ്ഥമാക്കി. തുടര്‍ന്ന് ജോലി രാജിവച്ച് പത്രപ്രവര്‍ത്തനത്തിലേക്ക്. 1978ല്‍ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ഡല്‍ഹി യൂണിറ്റില്‍ സബ്എഡിറ്ററായി പത്രപ്രവര്‍ത്തനത്തില്‍ ഹരിശ്രീ കുറിച്ചു. ന്യൂഡല്‍ഹി, കോട്ടയം, കൊച്ചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്‍റായിരിക്കെ 2000ല്‍ പിരിഞ്ഞു. അങ്ങനെ സ്വയം വാര്‍ത്തയാകുകയും ആ വാര്‍ത്ത കൊളുത്തിയ ആവേശത്തില്‍ പത്രപ്രവര്‍ത്തനത്തിലേക്ക് വരികയും ചെയ്ത അപൂര്‍വ്വ വ്യക്തിത്വമായി ലീല മേനോന്‍ മാറി.

 

 

സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖലയില്‍ തന്‍റെ 40~ാം വയസ്സില്‍ ഹരിശ്രീ കുറിച്ച ലീല മേനോന്‍ കേരളത്തിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകരുടെ മുന്‍നിരയില്‍ ഇടംനേടി.  റിപ്പോര്‍ട്ടിങ് രംഗമാണു ലീല ഇഷ്ടപ്പെട്ടത്. എയര്‍ഹോസ്റ്റസുകള്‍ക്കു വിവാഹത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്ന സംഭവമാണു ശ്രദ്ധയാകര്‍ഷിച്ച ആദ്യ റിപ്പോര്‍ട്ട്.സത്യം വിളിച്ചുപറയാന്‍ വല്ലാത്തൊരു ധൈര്യമുണ്ടായിരുന്നു ലീല മോനോന്്. ആരുടെയും പക്ഷംപിടിക്കാതെ, നിര്‍ഭയയായി അവര്‍ തൂലികയെടുത്തപ്പോള്‍ പലരും വിറച്ചു. ആ വാര്‍ത്തകള്‍ മലയാളിയെ അറിയേണ്ടതെല്ലാം അറിയിച്ചു. ചിന്തിപ്പിക്കുകയും ചെയ്തു. വൈപ്പിന്‍ വിഷ മദ്യ ദുരന്തം, സൂര്യനെല്ളി കേസ്, സൂര്യനെല്ളി~വിതുര പെണ്‍വാണിഭം,പെരുമണ്‍ ട്രെയിന്‍ ദുരന്തം, ആദ്യത്തെ എയ്ഡ്സ് രോഗി എന്നിങ്ങനെ കേരളത്തെ മനസാക്ഷിയെ ഞെട്ടിച്ച എത്രയോ വാര്‍ത്തകള്‍. അവയില്‍ അലകളൊടുങ്ങാത്തവ ഇപ്പൊഴുമേറെ. ചൂഷണത്തിനും ഇരയാകുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിക്കാന്‍ അവര്‍ എന്നും പരിശ്രമിച്ചു. അതുകൊണ്ടു തന്നെ പലപ്പോഴും ഈ അവര്‍ സമാനതകളില്ലാത്ത വ്യക്തിത്വമായി. ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി. വിരമിക്കല്‍ പ്രായോഗികമല്ലാത്ത അപൂര്‍വ്വം മേഖലകളിലൊന്നാണ് പത്രപ്രവര്‍ത്തനമെന്ന് അവര്‍ പറഞ്ഞുവെച്ചു. അത് സ്വജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്തു. 2000~ല്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ച ശേഷം ഔട്ട്ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയില്‍ പംക്തികള്‍ കൈകാര്യം ചെയ്തു. കേരള മിഡ്ഡേ ടൈം, കോര്‍പറേറ്റ് ടുഡേ എന്നിവയില്‍ എഡിറ്ററും തുടര്‍ന്ന് ജന്മഭൂമിയുടെ ചീഫ് എഡിറ്ററുമായി. അസുഖം വല്ലാതെയലട്ടിയപ്പോള്‍ മാത്രമാണ് അവര്‍ പത്രപ്രവര്‍ത്തനരംഗത്തുനിന്ന് മാറിനിന്നത്.

 

കമല~സമദാനി വിവാദം
മലയാളത്തിന്‍െറ പ്രിയ കഥാകാരി മാധവിക്കുട്ടി എന്ന കമലദാസ് കമല സുരയ്യയായതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ലീഗ് നേതാവ് സമദാനിയാണെന്ന ലീല മേനോന്‍റെ വെളിപ്പെടുത്തല്‍ വിവാദത്തിന് തിരികൊളുത്തി. 2013~ലായിരുന്നു ഇത്. ജന്മഭൂമി ചീഫ് എഡിറ്ററായിരിക്കെയാണ് ലീല മേനോന്‍ ഈ വിവാദവെളിപ്പെടുത്തല്‍ നല്‍കിയത്. ഈ പ്രസ്താവന ലൌ ജിഹാദ് പരാമര്‍ശത്തിന് തുല്യമാണെന്ന രീതിയില്‍ ലീല മേനോന്‍റെ രാഷ്ട്രീയവും ഉള്‍പ്പെടെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍, തനിക്ക് യാതൊരു രാഷ്ട്രീയചായ്വുമില്ലെന്ന് വ്യക്തമാക്കിയ ലീല തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു ഒപ്പം അത് വിശദീകരിക്കുകയും ചെയ്തു. കമലാദാസ് സുരയ്യ ആയതിന് ശേഷമാണ് തങ്ങള്‍ അടുത്ത കൂട്ടുകാര്‍ ആയതെന്നും കമലാ ദാസ് മതം മാറിയ ദിവസത്തെ സംഭവങ്ങളും വിശദീകരിച്ച ശേഷം ലീല ഇങ്ങനെ കുറിച്ചു: ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന് ശേഷം സുഗത കുമാരിയടക്കം സാംസ്കാരിക നായകര്‍ കണ്ണൂരില്‍ ഏകദിന സത്യാഗ്രഹമിരുന്നപ്പോള്‍ തനിക്കൊപ്പം കമല വരാമെന്ന് ഏറ്റിരുന്നു. എന്നാല്‍ വന്നില്ള. കാരണം തിരക്കിയപ്പോഴാണ് കമല സമദാനിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്‍റെ "കടവ്' വീട്ടില്‍ പോയി താമസിച്ചുവെന്നും അവിടെ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പറഞ്ഞത്. മതം മാറിയാല്‍ തന്നെ വിവാഹം കഴിക്കാമെന്ന് സമദാനി പറഞ്ഞതായും സുരയ്യ വെളിപ്പെടുത്തിയതായി ലീലാ
മേനോന്‍ ഓര്‍ക്കുന്നു. സമദാനിക്ക് മൂന്നു ഭാര്യമാര്‍ ഉള്ള കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ' ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറം പണിക്ക്, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണ മുറിയില്‍ അതിഥികളെ സ്വീകരിക്കാന്‍' എന്നായിരുന്നു മറുപടി.
മൊബൈല്‍ കഴുത്തില്‍ ഒരു വെള്ളിമാലയില്‍ കോര്‍ത്തിട്ട് ഉലാത്തുന്നതിനിടെ, "സമദാനി മനോഹരമായി ഗസല്‍ പാടും. ഈ മൊബൈലില്‍ കൂടി എന്നെ പാടിക്കേള്‍പ്പിക്കും എന്ന് കമല പറഞ്ഞതായും ലീല ഓര്‍ക്കുന്നു. നീ എന്‍റെ സുരയ്യയാണ് എന്ന സമദാനിയുടെ വാക്കുകള്‍ കേട്ടിട്ടാണ് മാധവിക്കുട്ടി സുരയ്യ എന്ന പേര് സ്വീകരിച്ചതെന്നും ലീല ലേഖനത്തില്‍ പറയുന്നു. ഒടുവില്‍ സമദാനി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി. സുരയ്യയെ വിവാഹം കഴിക്കാന്‍ പോവുകയാണോ എന്ന കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് അവര്‍ എഴുത്തുകാരിയല്ളേ? അത് അവരുടെ ഭാവനയായിരിക്കും എന്നായിരുന്നത്രേ സമദാനിയുടെ പ്രതികരണം. അതിനുശേഷം ഹിന്ദു മതത്തിലേക്ക് തിരികെ വരാന്‍ കമല ആഗ്രഹിച്ചുവെന്നും എന്നാല്‍ മോനു നാലപ്പാട്ട് അതിനെ എതിര്‍ത്തുവെന്നും ലീല മേനോന്‍ വെളിപ്പെടുത്തി. മാത്രമല്ല, സമദാനിയുടെ ആദ്യ ഇരയല്ല കമലയെന്നും കഥാകാരി അഷിതയോടും സമദാനി പ്രണയാഭ്യര്‍ഥന നടത്തിയെന്ന് ലേഖനം പറയുന്നു. വാതില്‍ ചൂണ്ടിക്കാട്ടി പുറത്തുപോകാന്‍ പറയേണ്ടിവന്നതായി അഷിത തന്നോട് പറഞ്ഞിട്ടുണ്ടെന്നും ലീലാ മേനോന്‍ ലേഖനത്തില്‍ വെളിപ്പെടുത്തി. ഏറെക്കാലം ചര്‍ച്ചചെയ്യപ്പെട്ടതിന് ശേഷം കമല~സമദാനി~ലീല വിവാദം പതിയെ മറവിലേക്ക് പിന്‍വാങ്ങി.

 

 

ചര്‍ച്ചയായ സിംഫണി
നിലക്കാത്ത സിംഫണി എന്ന ലീല മേനോന്‍റെ ആത്മകഥയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ജീവിതത്തിലെ പല സംഭവങ്ങളും അവസാനം രോഗത്തെ ഇച്ഛാശക്തികൊണ്ടു പരാജയപ്പെടുത്തിയതുമുള്‍പ്പെടെ പുസ്തകത്തില്‍ തുറന്നെഴുതി. ഭര്‍ത്താവ് തനിച്ചാകുമെന്നോര്‍ത്താണ് താന്‍ രോഗത്തെ അതിജീവിച്ചതെന്നുളള വെളിപ്പെടുത്തല്‍ ഹൃദയത്തില്‍ തൊട്ടു. ജെ.സേവ്യറിന്‍റെ വെയിലിലേക്ക് മഴ ചാഞ്ഞു എന്ന നോവലിനും ഈ പുസ്തകം പ്രചോദനമായി. നിലക്കാത്ത സിംഫണിയെ അധികരിച്ചെഴുതിയ നോവലില്‍ അതിലില്ലാത്ത ചില ഹൃദയത്തില്‍ തൊടുന്ന ഏടുകളുമുണ്ടായിരുന്നു. ശബരിമലയില്‍ അച്ഛനോടൊപ്പം പോയതിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച ചേച്ചിയോട് അസൂയ തോന്നിയതും പിന്നീട് പത്രപ്രവര്‍ത്തകയായപ്പോള്‍ മലചവിട്ടി വാര്‍ത്തകള്‍ ശേഖരിച്ചതും പക്ഷേ അതു പറയാന്‍ അച്ഛനും ചേച്ചിയും അരികിലുണ്ടായിരുന്നില്ലെന്നുമുളള ഓര്‍മ്മകള്‍ തുടങ്ങി ലീല മേനോന്‍റെ കുട്ടിക്കാലത്തില്‍ തുടങ്ങി പത്രപ്രവര്‍ത്തന ജീവിതം വരെയാണ് നോവല്‍ ചര്‍ച്ച ചെയ്യുന്നത്. അര്‍ബുദബാധ സ്ഥിരീകരിച്ച് ഡോക്ടര്‍ ആറുമാസം വിധിച്ചതും അതും അതിനപ്പുറവും ഇച്ഛാശക്തികൊണ്ട് ലീല താണ്ടിയതും ഭര്‍ത്താവിന്‍റെ തത്സമയവിയോഗവുമെല്ലാം നോവലില്‍ ചര്‍ച്ചചെയ്യുന്നു. ലീല മേനോന്‍ ഓര്‍മ്മയിലേക്ക് ചായുന്പോള്‍ അവരുടെ ജീവിതം തിളങ്ങി നില്‍ക്കുകയാണ്...നെറ്റിയിലെ മായാത്ത കുങ്കുമപ്പൊട്ടുപോലെ.