Tuesday 19 March 2024




പതിനൊന്നാം മണിക്കൂറിലെ പ്രതിഷേധം

By SUBHALEKSHMI B R.04 May, 2018

imran-azhar

അറുപത്തിഅഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലുണ്ടായ പ്രതിഷേധവും ബഹിഷ്കരണവും നിര്‍ഭാഗ്യകരമായിപ്പോയി. 137 പേരാണ് ഇത്തവണ പുരസ്കാരാര്‍ഹരായത്. ഇതില്‍ 11 പേര്‍ക്കുമാത്രമേ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരദാനം നിര്‍വ്വഹിക്കൂ എന്ന അറിയിപ്പ് മറ്റ് അവാര്‍ഡ് ജേതാക്കളെ ചൊടിപ്പിച്ചു. ദാദാസാഹബ് ഫാല്‍ക്കെ പുരസ്കാരം, മികച്ചനടന്‍, നടി തുടങ്ങി 11 പുരസ്കാരങ്ങളാണ് രാഷ്ട്രപതി സമ്മാനിച്ചത്. കേരളത്തില്‍ നിന്ന് ഗായകന്‍ യേശുദാസ്, സംവിധായകന്‍ ജയരാജ് എന്നിവര്‍ക്ക് രാഷ്ട്രപതി പുരസ്കാരദാനം നിര്‍വ്വഹിച്ചു. മറ്റുളളവര്‍ക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ്, സെക്രട്ടറി നരേന്ദ്രകുമാര്‍ സിംഗ് എന്നിവരുടെ സാന്നിധ്യത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുവാനാണ് തീരുമാനിച്ചത്. മന്ത്രിയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നവരെയും ഉള്‍പ്പെടുത്തി രാഷ്ട്രപതിയുമൊത്ത് ഗ്രൂപ്പ് ഫോട്ടോയ്ക്ക് അവസരം നല്‍കുമെന്നും അറിയിച്ചിരുന്നു. ഈ അറിയിപ്പ് വന്നതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇത്ര വലിയൊരു മാറ്റം തങ്ങളെ അറിയിച്ചത് വളരെ വൈകിയാണെന്നും 65 വര്‍ഷത്തെ മഹത്തായ ചരിത്രം നൊടിയിടകൊണ്ട് തിരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. ഇക്കാര്യത്തില്‍ ദേശ ഭാഷാഭേദമെന്യേ 70 ഓളം പേര്‍ ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും പാര്‍വ്വതിയും ഉള്‍പ്പെടെയുളളവര്‍ ഈ പ്രതിഷേധക്കൂട്ടായ്മയിലു ണ്ടായിരുന്നു. ഇവര്‍ കേന്ദ്രഗവണ്‍മെന്‍റിന്നല്‍കിയ പ്രതിഷേധക്കത്തില്‍ ഒപ്പുവച്ച് ശേഷമാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസും ജയരാജും അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നും സ്വീകരിച്ചത്. പുരസ്കാര സമര്‍പ്പണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ രാഷ്ട്രപതി ഭവന്‍ അദ്ഭുതം രേഖപ്പെടുത്തി.   രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്ഥാനമേറ്റശേഷം പുരസ്കാരസമര്‍പ്പണചടങ്ങുകളില്‍ ഒരു മണിക്കൂറിലധികം പങ്കെടുക്കാറില്ലെന്നും ഇക്കാര്യം വാര്‍ത്താവിതരണ മന്ത്രാലയത്തെ നേരത്തെ അറിയിച്ചുവെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

 

എന്തായാലും പതിനൊന്നാം  മണിക്കൂറില്‍ അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധം ദേശീയ അവാര്‍ഡിന്‍റെ ശോഭ കെടുത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.