Tuesday 19 March 2024




കുരുതിക്കളത്തിന്‍റെ കാണാപ്പുറം

By SUBHALEKSHMI B R.09 May, 2018

imran-azhar

 നിര്‍ണ്ണായകമായ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഷ്ടിച്ച് മൂന്നാഴ്ച അകലെ നില്‍ക്കുന്പോള്‍ മാഹിയില്‍ തെറിച്ചുവീണ ചോരത്തുളളികള്‍ എന്താണ് ലക്ഷ്യമിടുന്നത്?


കണ്ണൂരില്‍ വീണ്ടും ചോരപ്പുഴയൊഴുകുകയാണ്. വാളുകള്‍ വിധിയെഴുതുന്നത് തുടരുന്നു. രാഷ്ട്രീയക്കൊലയെന്ന ലേബലില്‍ ഈ ജീവനെടുക്കലുകള്‍ ഒതുങ്ങുന്പോള്‍ ഒരു ഭൂപ്രദേശത്തിനുമേല്‍ ഭയാശങ്കകളുടെ കരിന്പടം വീണുകിണക്കുന്നു. ഭൂപടത്തില്‍ ആ ഭൂമികയ്ക്ക് മേല്‍ കുപ്രസിദ്ധിയുടെ ചുവന്നവൃത്തം അടയാളമിടുന്നു. ആയുധം കൊണ്ട് കണക്കുതീര്‍ക്കുന്ന ആശയവൈരത്തിന്‍റെ മണ്ണായി മാറുകയാണിവിടം. ഇരയുടെയും ഘാതകിയുടെയും കൊടിയുടെ നിറം നോക്കി പിന്താങ്ങാന്‍ ആളുണ്ട്. പക്ഷേ നഷ്ടം ആര്‍ക്കാണ്. മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ, ഭര്‍ത്താവിനെ നഷ്ടപ്പെടുന്ന സ്ത്രീകളുടെ, പിതാവിനെ നഷ്ടപ്പെടുന്ന കുരുന്നുകളുടെ , അന്നംമുട്ടി ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന കുടുംബങ്ങളുടെ നിലവിളികള്‍ക്ക് തോരാത്ത കണ്ണുനീരിന് ആര് മറുപടി പറയും. അവരെ ഏത് ആശയം സംരക്ഷിക്കും. സംഭവം നടക്കുന്പോഴും പിന്നീട് വര്‍ഷത്തിലൊരിക്കലും നടക്കുന്ന മുദ്രാവാക്യം വിളികളും കൊലവിളികളുമല്ലാതെ എന്താണ് പ്രയോജനം. ആശയത്തെ ആശയം കൊണ്ടല്ലേ നേരിടേണ്ടത് ? അതിന് ആയുധമെടുക്കുന്നതെന്തിനാണ്? അറവുമാടുകളെക്കാള്‍ ക്രൂരമായി മനുഷ്യശരീരങ്ങളെ വെട്ടിത്തളളുന്നതെന്തിനാണ്? ചോദ്യം സാധാരണക്കാരന്‍റേതാണ്. രാഷ്ട്രീയം കണ്ണുകെട്ടാത്ത സാധാരണക്കാരന്‍റേത്. ഇതിന് മറുപടി പറയാനുളള ബാധ്യത ഈ സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ച ഓരോരുത്തര്‍ക്കുമുണ്ട്. മുക്കാല്‍ മണിക്കൂറിന്‍റെ വ്യത്യാസത്തില്‍ രണ്ടു ജീവനുകള്‍ കൊത്തിയരിയപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും.

 

 

 

ഷുഹൈബ് വധക്കേസിന്‍റെ അലകള്‍ ഒടുങ്ങും മുന്പാണ് വീണ്ടും രണ്ട് കൊലപാതകങ്ങള്‍ക്ക് കണ്ണൂര്‍ വേദിയായിരിക്കുന്നത്. മാഹിയിലാണ് ചിരവൈരികളായ രാഷ്ട്രീയ കക്ഷികളെ പ്രതിനിധാനം ചെയ്യുന്ന രണ്ടു പേര്‍ കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ മാഹി നഗരസഭാ അംഗവുമായിരുന്ന ബാബു കണ്ണിപ്പൊയില്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറന്പത്ത് എന്നിവരാണ് തിങ്കളാഴ്ച രാത്രി കൊല്ളപ്പെട്ടത്. ബാബുവാണ് ആദ്യം അക്രമികള്‍ക്കിരയായത്. രാത്രി ഒന്‍പതേകാലിനാണു സിപിഎം നേതാവായ ബാബു കണ്ണിപ്പൊയിലിനു വെട്ടേല്‍ക്കുന്നത്. ബൈക്കില്‍ വീട്ടിലേക്കു പോകുംവഴി പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനു സമീപത്തുവെച്ചായിരുന്നു ആക്രമണം.തലയ്ക്കും കഴുത്തിനും വയറിനുമാണു വെട്ടേറ്റത്. ഉടന്‍തന്നെ തലശേരിയിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ള. 2010~ല്‍ പെരിങ്ങാടിയില്‍ രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ളപ്പെട്ടതിലുളള പ്രതികാരമാണ് ബാബുവിന്‍റെ കൊലപാതകമെന്നാണ് സൂചനകള്‍. പെരിങ്ങോടി സംഭവത്തിന് പിന്നിലെ സൂത്രധാരന്‍ ബാബുവാണെന്നാണ് ആരോപിച്ചാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലും പ്രതികരണങ്ങളുണ്ട്. പത്തംഗസംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ്ഭാഷ്യം. ഒരു വര്‍ഷം മുന്‍പും ബാബുവിനെതിരേ വധശ്രമമുണ്ടായെങ്കിലും രക്ഷപെടുകയായിരുന്നു.

 

എന്നാല്‍ മാഹിയില്‍ വീണ ചോരത്തുളളികള്‍ ലക്ഷ്യമിടുന്നത് ചെങ്ങന്നൂരല്ലേയെന്ന ചോദ്യത്തിലും കഴന്പുണ്ട്. തിരഞ്ഞെടുപ്പിന് മൂന്നാഴ്ചയോളം മാത്രമാണ്  ശേഷിക്കുന്നത്. ടിപി വധക്കേസ് നെയ്യാറ്റിന്‍കരയിലാണ് പ്രതിഫലിച്ചത്. മാഹി ഇരട്ടക്കൊലകള്‍ ചെങ്ങന്നൂരില്‍ പ്രതിഫലിക്കാം. അങ്ങനെ വരുന്പോള്‍ ഈ കുരുതിക്കളങ്ങള്‍ തീര്‍ക്കുന്നതാരാണെന്ന ചോദ്യം പ്രസക്തമാണ്. ആരുടെ ചാണക്യതന്ത്രമാണ് നിര്‍ണ്ണായകവേളയില്‍ ചോരവീഴ്ത്തുന്നത്? ആരാണ് പൊതുജനത്തിന്‍റെ കണ്ണില്‍ പൊടിയിടുന്നത്? കണ്ണൂരില്‍ എന്നാണ് സമാധാനത്തിന്‍റെ രാഷ്ട്രീയം പുലരുകയെന്ന ചോദ്യം കുരുതിക്കളങ്ങള്‍ തീര്‍ക്കുന്നവര്‍ക്കെല്ലാം  നിര്‍ണ്ണായകമാണ്.