Sunday 20 January 2019


പൊതുവിദ്യാഭ്യാസമേഖലയിലെ ശുഭസൂചനകള്‍

By SUBHALEKSHMI B R.04 May, 2018

imran-azhar

എസ്എസ്എല്‍സി വിജയശതമാനം ഓരോ വര്‍ഷവും കുതിക്കുകയാണ്. ഇത്തവണത്തെ വിജയശതമാനം 97.84 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 95.98 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ 2016 ല്‍ 96.59 ശതമാനം പേരാണ് എസ്എസ്എല്‍സി കടന്പ കടന്നത്. 34,313 പേര്‍ ഇത്തവണ മുഴുവന്‍ എ പ്ളസ് നേടിയിട്ടുണ്ട്. മലപ്പുറമാണ് ഇക്കാര്യത്തില്‍ മുന്നിലെന്നത് നല്ല സൂചനയാണ്. ടിഎച്ച്എസ്എല്‍സിയിലും 98.6% പേര്‍ വിജയിച്ചു. വിജയശതമാനം ഉയര്‍ന്നുവെന്ന് വിദ്യാഭ്യാസമന്ത്രിമാരുടെ അവകാശവാദമുയര്‍ത്തുന്പോള്‍ ""ഓം അറിയാം അറിയാം മാര്‍ക്ക് വാരിക്കോരി കൊടുത്ത് അങ്ങ് ജയിപ്പിച്ചു വിടുന്നതല്ലേ'' എന്ന തരത്തിലുളള പുരികംചുളിക്കലുകള്‍ സാധാരണയാണ്. എന്നാല്‍, ഇത്തവണ അത്തരം ചോദ്യങ്ങളുടെ മുന ഫലപ്രഖ്യാപനവേളയില്‍ തന്നെ മന്ത്രി.സി.രവീന്ദ്രനാഥ് ഒടിച്ചുകളഞ്ഞു. ഇത്തവണ മാര്‍ക്ക് ദാനമോ മോഡറേഷനോ ഒന്നും നല്‍കിയിട്ടില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താനുളള ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്നും മന്ത്രി പറഞ്ഞു. വിജയശതമാനമുയരുന്പോള്‍ അത്രയും പേര്‍ക്ക് ഉപരിപഠനത്തിനുളള സൌകര്യമൊരുക്കുകയാണ് സര്‍ക്കാരിന് മുന്നിലുളള പ്രധാനവെല്ലുവിളി. ഇത്തവണ 4,31,162 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടിക്കഴിഞ്ഞു. പ്ളസ് വണ്ണിന് നാലു ലക്ഷത്തിലേറെ സീറ്റുകളുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. മാറി
മാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ അഭിമാനസൂചികകളിലൊന്നായാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തെ കാണുന്നത്. പതിറ്റാണ്ടുകളായി അതങ്ങനെയാണ്. പാഠ്യപദ്ധതികള്‍ മാറിയെങ്കിലും എസ്എസ്എല്‍സി ഫലത്തിന്മേല്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമുളള
ആശങ്ക അതേ പടി തുടരുന്നു. അതിലുപരി എസ്എസ്എല്‍സി വിജയശതമാനമാണ് ഒരുവേള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ തലവര നിശ്ചയിക്കുന്നത്. വിദ്യാലയങ്ങളുടെ മികവ് അളക്കുന്നത് ഈ വിജയശതമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്. റാങ്ക്, ഡിസ്റ്റിംഗ്ഷന്‍ ,ഫസ്റ്റ് ക്ളാസ്, സെക്കന്‍ഡ് ക്ളാസ് എന്ന രീതിയില്‍ നിന്ന് ഗ്രേഡ് സംവിധാനത്തിലേക്ക് മാറിയിട്ടും വിജയത്തിന്‍റെ തിളക്കം ചികയുന്ന ശീലം അവസാനിച്ചിട്ടില്ല. അന്ന് റാങ്ക് എങ്കില്‍ ഇന്ന് മുഴുവന്‍ എ പ്ളസ് എന്നുമാറിയെന്നുമാത്രം. റാങ്കില്‍ നിന്ന് ഗ്രേഡിലേക്കുളള മാറ്റം വിദ്യാര്‍ത്ഥികളുടെ അവസ്ഥയിലെന്തെങ്കിലും മാറ്റമുണ്ടാക്കിയോ എന്നതും ചിന്തനീയമാണ്. ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഴയസ്കീമില്‍ കണക്കിന് പത്ത് മാര്‍ക്ക് വാങ്ങിയിട്ട് ബാക്കിയുളള വിഷയങ്ങള്‍ക്ക് നല്ല മാര്‍ക്കുനേടിയാല്‍ ഫസ്റ്റ് ക്ളാസോ സെക്കന്‍ഡ് ക്ളാസോ ഒക്കെ സംഘടിപ്പിക്കാമായിരുന്നു. ഇന്ന് സ്ഥിതി അതല്ല. മിനിമം ഓരോ വിഷയത്തിനും ഡി പ്ളസ് എങ്കിലും വാങ്ങിയില്ലെങ്കില്‍ തോറ്റതു തന്നെ. അന്നൊക്കെ ഒന്നു മുതല്‍ മൂന്ന് വരെ റാങ്ക് നേടി പത്രത്തിലും മറ്റും നിറഞ്ഞുനില്‍ക്കുന്നതിനായിരുന്നു രക്ഷിതാക്കളും വിദ്യാഭ്യാസസ്ഥാപനങ്ങളും കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. അത് ഒരു ന്യൂനപക്ഷത്തിനായിരുന്നു ബാധകം. എല്ലാവരും റാങ്കുകളും ഡിസ്റ്റിംഗ്ഷനും നേടില്ലല്ലോ. എന്നാല്‍ , ഇന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് എന്നത് മിക്കവാറും എല്ലാ എസ്എസ്എല്‍സിക്കാരും നേരിടുന്ന വെല്ലുവിളിയാണ്. ഗ്രേഡ് സന്പ്രദായം ആശങ്ക കൂട്ടിയിട്ടേ ഉളളുവെന്നതാണ് സത്യം. എസ്എസ്എല്‍സി എന്ന ആശങ്ക പഴയതിലും ശക്തമായി വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും നിലകൊളളുന്നു. വിദ്യാര്‍ത്ഥികളുടെ പ്രകടനം ഗ്രേഡ് ചെയ്യുന്നത് തെറ്റല്ല. അതോടൊപ്പം വിദ്യാഭ്യാസ സന്പ്രദായത്തിലെ പുത്തന്‍പരീക്ഷണങ്ങള്‍ പഠനനിലവാരത്തിലും നാളെയുടെ പൌരന്മാരിലെ മാനസികവികാസത്തിലും സാമൂഹിക കാഴ്ചപ്പാടിലും ഉളവാക്കിയ മാറ്റങ്ങളും വിലയിരുത്തപ്പെടണം.

 

എസ്എസ്എല്‍സിയോടെ പഠനം മതിയാക്കുന്ന പ്രവണത കാലങ്ങളായുണ്ട്. ഇന്ന് അക്കാര്യത്തില്‍ വളരെയേറെ കുറവുവന്നിട്ടുണ്ട്. എന്നാല്‍ പ്ളസ് ടു വില്‍ തട്ടി നല്ലൊരു ശതമാനം വീഴുന്നു. അത് നല്ലതല്ല. പ്ളസ് ടു എന്നത് ഭാവിയിലേക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയല്ല. അതൊരു നിര്‍ണ്ണായകഘട്ടമാണ്. അവിടെ നിന്ന് ഇഷ്ടമേഖലകളിലേക്ക് തിരിയാം. തൊഴിലധിഷ്ഠിത പഠനവും അക്കാദമിക് മേഖലയും തിരഞ്ഞെടുക്കാം. ചെറു ജോലികള്‍ ചെയ്തും പഠനം തുടരാനുളള സാഹചര്യം ഇന്ന് സംസ്ഥാനത്തുണ്ട്. അമേരിക്കയെയും ആസ്ട്രേലിയയെയും കുറിച്ച് വാചാലരാകുന്നവര്‍ നമ്മുടെ സമൂഹത്തിലേക്കും കണ്ണോടിക്കണമെന്നുമാത്രം. ചില വീഴ്ചകള്‍ സംഭവിക്കുന്നുണ്ടെങ്കിലും കേരളത്തിന്‍റെ വിദ്യാഭ്യാസരംഗം ശക്തമാണ്. കുറച്ചുകൂടി ശ്രദ്ധിച്ചാല്‍
ലോകനിലവാരത്തിനൊപ്പം നില്‍ക്കുമെന്നതിലും സംശയമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും മാത്രമല്ല, വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളും തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ടവരെല്ലാം ശ്രദ്ധിക്കണം. കഴിഞ്ഞ ദിവസം തളിപ്പറന്പിലെ സര്‍ക്കാര്‍ സ്കൂളില്‍ മക്കള്‍ക്ക് പ്രവേശനം നേടാനായി രക്ഷിതാക്കള്‍ രാത്രിയില്‍ ക്യൂനിന്നത് വാര്‍ത്തയായിരുന്നു. മികച്ച സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്‍കെജി പ്രവേശനത്തിനു പോലും ശുപാര്‍ശ വേണ്ടിവരുന്ന നാട്ടിലാണിത്. അഞ്ചാം ക്ളാസിലേക്കുളള പ്രവേശനത്തിനാണ് ബുധനാഴ്ച രാത്രിയില്‍ രക്ഷിതാക്കള്‍ വരിപിടിച്ചത്. വ്യാഴാഴ്ച രാവിലെ എഴുമണിയാകുന്പോഴേക്കും വരിയില്‍ 200 പേരായി. ആകെ സീറ്റ് 120ഉം. 1966~ല്‍ ആരംഭിച്ച ഗുരുദേവ വിദ്യാപീഠം 1974~ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം വരെ പ്രവേശനപരീക്ഷ നടത്തിയിരുന്ന ഈ വിദ്യാലയത്തില്‍ പഠിക്കുന്നവര്‍ പരാജയം രുചിക്കുന്നില്ല. അത്ര ചിട്ടയോടെയാണ്
പ്രവര്‍ത്തനം. അധ്യാപകരും കഠിനാധ്വാനികള്‍. നടത്തിപ്പ് ശരിയായാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തന്നെയാണ് തലയെടുപ്പ് കൂടുതലെന്ന് ഇതില്‍ നിന്ന് വ്യക്തം. ഇത്തരം നല്ല തുടക്കങ്ങള്‍ നമ്മുടെ പൊതുവിദ്യഭ്യാസരംഗത്ത് നിരവധിയാണ്. ഐടി @ സ്കൂളും കുട്ടിപ്പൊലീസുമെല്ലാം ഇവയില്‍ ചിലത് മാത്രം. നൂതന സാങ്കേതികവിദ്യകളെ കുറിച്ചുളള പ്രാഥമികമായ അവബോധം ഐടി@ സ്കൂള്‍ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു, വിദ്യാര്‍ത്ഥി പൊലീസ് സംവിധാനം പോലെയുളളവ അവരിലെ പൌരനെ കടമകളെ കുറിച്ച് ബോധവാന്മാരാക്കുകയും അവരില്‍
സാമൂഹികപ്രതിബദ്ധത വളര്‍ത്തുകയും ചെയ്യുന്നു. ഹരിതപദ്ധതികളും കൃഷിയുമായി ബന്ധപ്പെട്ട് വിവിധ സ്കൂളുകളില്‍ നടപ്പിലാക്കപ്പെട്ട പദ്ധതികളും ചെറു സംഭാവനകളിലുടെ സഹപാഠികളുടെയും നിരാലംബരുടെയും വിശപ്പിനും ദുരിതങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്ന പദ്ധതികളും നമ്മുടെ വിദ്യാലയങ്ങളിലുണ്ട്. ഇവ ഭാവിയിലെ മികച്ച സമൂഹത്തിലേക്കുളള ചെറുവഴികളാണ്. ആ നന്മവഴികള്‍ അടഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാസന്പന്നരായ തലമുറ എന്നതിനൊപ്പം മികച്ച ഒരു സമൂഹം എന്നതുകൂടി ചേര്‍ത്തുവയ്ക്കുന്പോഴാണ് പൊതുവിദ്യാഭ്യാസമേഖല അതിന്‍റെ യഥാര്‍ത്ഥലക്ഷ്യം കൈവരിക്കുക.

 

വെറുതെ ജയിപ്പിച്ചാല്‍
ഇത്തവണത്തെ ഫലം സംശുദ്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു കഴിഞ്ഞു. അതങ്ങനെയായിരിക്കട്ടെ. അല്ലാത്ത പക്ഷം മാധ്യമങ്ങളില്‍ ചര്‍ച്ചയായ ചില ഉത്തരപേപ്പറുകള്‍ പോലെ നാളത്തെ തലമുറ സമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നമാകും. നിലവാരമുളളവര്‍ വിജയിക്കട്ടെ. അല്ലാത്തവര്‍ അതിലേക്ക് പതുക്കെ പഠിച്ചുയരട്ടെ. മറിച്ചായാല്‍ എസ്എസ്എല്‍സി വിജയം അഥവാ പ്ളസ് ടു വിജയം എന്നത് കഴുത്തിനിണങ്ങാത്ത കോളര്‍ പോലെ അവരെ ജീവിതത്തിലുടനീളം പിന്തുടരും. പ്ളസ് ടുവില്‍ ഇത്തരക്കാര്‍ മൂക്കുംകുത്തി വീഴും. എസ്.എസ്.എല്‍.സി പാസ്സായാല്‍ ലാസ്റ്റ് ഗ്രേഡ് എഴുതാനാവില്ലെന്നതാണ് നിലവിലെ സ്ഥിതി. ഡിഗ്രിയില്ലാതെ മറ്റു ജോലികള്‍ക്കും അപേക്ഷിക്കാനാവില്ല. ചുരുക്കത്തില്‍ ഇല്ലത്തൂന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ട് എത്തിയതുമില്ല എന്നതാകും അവസ്ഥ.