Tuesday 22 January 2019


സംഘടിച്ച് സംഘടിച്ച് .....മറാത്തയില്‍ കാവിയെ കടപുഴക്കാന്‍ ചെന്പട

By SUBHALEKSHMI B R.13 Mar, 2018

imran-azhar

തലയ്ക്ക് മുകളില്‍ കത്തിയെരിയുന്ന സൂര്യന്‍....കാല്‍ക്കീഴില്‍ ചുട്ടുപൊളളുന്ന ഭൂമി. അതിനൊക്കെ മുകളിലായിരുന്നു അവരുടെ നെഞ്ചിലെ തീ. ആ തീയില്‍ വെന്തുരുകിയാണ് അവര്‍ യാത്ര തുടങ്ങിയത്. അവകാശസമരത്തിന്‍റെ ആ ചെന്തീനാളങ്ങള്‍ക്ക് മുന്നില്‍ വിറകൊണ്ടു നില്‍ക്കുകയാണ് കാവിക്കോട്ട. അവകാശനിഷേധത്തിനും അവഗണനയ്ക്കും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നതിന്, സാധാരണക്കാരന്‍ സംഘടിച്ചാല്‍ ചെറുക്കാന്‍ ആവനാഴിയിലെ ആയുധങ്ങള്‍ പോരാതെ വരുമെന്നതിന് തെളിവാണ് മഹാരാഷ്ട്രയിലെ മഹാകര്‍ഷകജാഥ. പതിറ്റാണ്ടുകള്‍ നീണ്ട തങ്ങളുടെ വിലാപത്തിന് നേരെ ഭരണകൂടത്തിന്‍റെ നിരന്തരമായ നിഷേധം തുടര്‍ന്നപ്പോഴാണ് അവര്‍ സംഘടിച്ചത്. എന്നും സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ മികവുകാട്ടുന്ന സിപിഎമ്മിന്‍റെ അഖിലേന്ത്യാ കര്‍ഷക സംഘടനയാണ് ഇവിടെ കര്‍ഷകരെ അണിനിരത്തിയത്. മാര്‍ച്ച് 6ന് നാസിക്കിലെ സിബിഎസ് ചൌക്കില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ ആദ്യമുണ്ടായിരുന്നത് മുപ്പതിനായിരത്തോളം കര്‍ഷകര്‍. 180 കിലോമീറ്റര്‍ താണ്ടി തലസ്ഥാനനഗരിയിലെത്തിയപ്പോഴേക്കും അണിചേര്‍ന്നത് അരലക്ഷത്തോളം പേര്‍. ഒരു ദിവസം ശരാശരി 35 കിലോമീറ്റരാണ് സ്ത്രീകളും വയോധികരുമടങ്ങുന്ന കര്‍ഷകസംഘം താണ്ടിയത്. കൊടുംചൂടില്‍ വിണ്ടുകീറിയ കാല്പാദങ്ങളും ക്ഷീണിച്ചശരീരവുമായി അവര്‍ ഈ ദുരമത്രയും താണ്ടിയത് പതിവ് പല്ലവികള്‍ കേട്ട് മടങ്ങാനല്ല. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടണം കടലാസിലൊതുങ്ങിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണം ...അല്ലാതെ മടക്കമില്ലെന്നുറപ്പിച്ചാണ് അവരുടെ ഈ ചരിത്രജാഥ .

 

 

 

ജന്മം മുഴുവന്‍ മണ്ണിനോടും പ്രകൃതിയോടും മല്ലടിച്ച് തങ്ങളുണ്ടാക്കുന്നത് ധനികന്‍റെ തീന്‍മേശയില്‍ ആഘോഷപൂര്‍വ്വം വിളന്പുന്പോള്‍ നിത്യവൃത്തിക്ക് പോലും വഴിയില്ലാതെ ഉഴലുകയാണ് കര്‍ഷകര്‍. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ സ്വജീവന്‍ അടിയറവച്ചത് മുക്കാല്‍ ലക്ഷത്തോളം പേര്‍. 1995 മുതല്‍ 2013 വരെ 60,000 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ജീവനൊടുക്കിയത്. 2017~ല്‍ മാത്രം 2414 കര്‍ഷകരാണ് ഇവിടെ ജീവനൊടുക്കിയത്. രണ്ട് പതിറ്റാണ്ടും രണ്ടു വര്‍ഷവും പിന്നിടുന്പോള്‍ മുക്കാല്‍ ലക്ഷത്തോളം കര്‍ഷക ആത്മഹത്യകള്‍. വിദര്‍ഭയിലെ തുടര്‍ച്ചയായ കര്‍ഷകആത്മഹത്യകള്‍ വന്‍ചര്‍ച്ചയായപ്പോള്‍ ഭരണകക്ഷികള്‍ പരസ്പരം പഴിചാരിയതല്ലാതെ കാര്യമായൊന്നും ചെയ്തില്ല. മാറിമാറി വന്ന കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെല്ലാം കാര്‍ഷികമേഖലയുടെ പ്രാധാന്യത്തെക്കുറിച്ചും പുനരുദ്ധാരണത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുകയും വാഗ്ദാനങ്ങള്‍ ചൊരിയുകയും മാത്രമാണ് ചെയ്തത്. വാഗ്ദാനങ്ങളെല്ലാം കേവലം വാഗ്ദാനങ്ങളായി തന്നെ അവശേഷിച്ചു. ഫലമോ കൃഷഭൂമിയില്‍ ജലസേചനത്തിന് പോലും വഴിയില്ലാതെ കര്‍ഷകര്‍ പൊറുതിമുട്ടി, കൃഷിനാശവും കടക്കെണിയും പിന്നെയും ജീവനുകളെടുത്തു. അപ്പോഴും വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ മഹാരാഷ്ട്ര സര്‍ക്കാരും കാര്‍ഷികമേഖലയിലെ വളര്‍ച്ച ത്വരിതപ്പെടുത്തേണ്ടതിന്‍റെയും ഭക്ഷ്യോല്പാദനത്തില്‍
സ്വയംപര്യാപ്തതകൈവരിക്കേണ്ടതിന്‍റെയും ആവശ്യകതയെ കുറിച്ച് ഉദ്ഘോഷിച്ച മോദി ഭരണകൂടവും അവഗണന തുടര്‍ന്നു. വെറും ഈയാംപാറ്റകളെന്ന പോലെയാണ് ഭരണകൂടം കര്‍ഷകരെ കണക്കാക്കിയത്. അവിടേക്കാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രവര്‍ത്തകരെത്തിയത്. കിസാന്‍ സഭ ജോയിന്‍റ് സെക്രട്ടറി വിജു കൃഷ്ണന്‍റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കിടയില്‍ നടത്തിയ ശക്തമായ ഇടപെടലാണ് മഹാജാഥയായി മാറിയത്. നാസിക്കില്‍ നിന്ന് ഓരോ പോയിന്‍റുപിന്നിടുന്പോഴും ഈ പ്രതിഷേധജാഥയിലേക്ക് കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ അണിചേരുകയായിരുന്നു. നാസിക്കില്‍ തുടങ്ങിയ കര്‍ഷകജാഥ ഇത്രയും ശക്തമാകുമെന്ന് ഭരണകൂടമോ മാധ്യമങ്ങളോ കരുതിയില്ലെന്നതാണ് സത്യം. അതുകൊണ്ടു തന്നെ തുടക്കത്തില്‍ ഈ യാത്ര വലിയ വാര്‍ത്താപ്രധാന്യമൊന്നും നേടിയില്ല. മഹാരാഷ്ട്ര ഭരണകൂടവും മാര്‍ച്ച് 11 വരെ ഈ മാര്‍ച്ചിന് അത്രവലിയ പ്രധാന്യമൊന്നും നല്‍കിയിരുന്നില്ലെന്നതും വ്യക്തമാണ്. മാത്രമല്ല, യാത്ര വളരെ ശാന്തമായാണ് മുന്നേറിയത്. നെഞ്ചില്‍ നെരിപ്പോടെരിയുന്പോഴും അഞ്ചുനാള്‍ നീണ്ട യാത്രയ്ക്കിടയില്‍ ഒരിടത്തുപോലും അവര്‍ നിയന്ത്രണം കൈവിട്ടില്ലെന്നത് കര്‍ഷകരുടെ മനസ്സടക്കത്തെയും സംഘാടനത്തിലെ കയ്യടക്കത്തെയും വ്യക്തമാക്കുന്നു. എസ്എസ്സി പത്താം ക്ളാസ് പരീക്ഷ നടക്കുന്നതിനാല്‍ ഗതാഗത തടസം ഒഴിവാക്കായി ഞായറാഴ്ച രാത്രി വിശ്രമിക്കാതെയാണ് കര്‍ഷകര്‍ ആസാദ് മൈതാനത്തേക്ക് നടന്നത്. തങ്ങളെ ആരും കണക്കിലെടുക്കുന്നില്ലെങ്കിലും തങ്ങള്‍ കാരണം ആരും വലയരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. കുറ്റമറ്റ സംഘാടനത്തില്‍ ഉയിര്‍ക്കൊണ്ട അവകാശസമരമാണിത്. അവകാശങ്ങള്‍ അംഗീകരിക്കപ്പെടണം. അതുമാത്രമാണ് ലക്ഷ്യം..അ
ക്രമം അവരുടെ വഴിയല്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് ജനപിന്തുണയുമുണ്ട്. പുഷ്പവൃഷ്ടി നടത്തിയും പടക്കം പൊട്ടിച്ചും ആഘോഷമായാണു മുംബൈവാസികള്‍ കര്‍ഷകരെ സ്വാഗതം ചെയ്തത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുംവരെ വിധാന്‍സഭ ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

കര്‍ഷകരുടെ ആവശ്യങ്ങള്‍
1.വനാവകാശ നിയമം നടപ്പിലാക്കുക
2.വിള നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക
3.വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക
4.എം എസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക
5.നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കി വരള്‍ച്ചയ്ക്ക് പരിഹാരം കാണുക
6.കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക.

ത്രിപുരയില്‍ കൊട്ടി, മഹാരാഷ്ട്രയില്‍ കൂടത്തിനടി

 

 


ചെങ്കോട്ടയായ ത്രിപുരയില്‍ ഭരണം പിടിച്ചതിന്‍റെ ഉന്മാദലഹരിയിലാണ്ട ബിജെപിക്ക് മഹാരാഷ്ട്രയില്‍ കിട്ടിയത് കൂടം കൊണ്ടുളള അടിയാണ്. വിജയോന്മാദത്തില്‍ ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് അടയാളങ്ങള്‍ മായ്ച്ചുകളയാനുളള തത്രപ്പാടില്‍ തങ്ങളുടെ ഉരുക്കുകോട്ടയ്ക്കുളളില്‍ കൊടുങ്കാറ്റ് രൂപപ്പെടുന്നത് അവര്‍ കണ്ടില്ല. വളരെ നിശബ്ദമായാണ് കിസാന്‍ സഭ നേതാക്കള്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതും അവരെ അണിചേര്‍ത്തതും. കഴിഞ്ഞവാരം രാജ്യത്ത് കമ്മ്യൂണിസത്തിന്‍റെ അസ്തമയത്തെക്കുറിച്ച് സംസാരിച്ചവര്‍ ഇപ്പോല്‍ ചര്‍ച്ച ചെയ്യുന്നത് ഏത് ശൂന്യതയില്‍ നിന്നും സാധാരണക്കാര്‍ക്കിടയില്‍ സംഘടിതശക്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുവാനുളള സിപിഎമ്മിന്‍റെ കഴിവിനെക്കുറിച്ചാണ്. പതിറ്റാണ്ടുകള്‍ക്കു മുന്പേ കാവിപുതച്ച മഹാരാഷ്ട്രയില്‍ ഇക്കാലത്തിനിടെ ഒരിക്കല്‍ പോലും മുഖ്യധാരയില്‍ വരാത്ത ഇടതുകക്ഷി പെട്ടെന്നൊരു നാള്‍ സുനാമിയായി മുംബൈ രാഷ്ട്രീയത്തെ ഇളക്കിമറിച്ചിരിക്കുന്നു. ലോക്സഭയില്‍ വെറും രണ്ടു സീറ്റിന്‍റെ പ്രാതിനിധ്യമുളള ത്രിപുര പിടിച്ചപ്പോള്‍ 48 സീറ്റുകളുളള മഹാരാഷ്ട്ര കൈവിട്ടുപോകുമോ എന്ന ഭീതിയിലാണ് ഇപ്പോള്‍ ബിജെപി കേന്ദ്രനേതൃത്വം . മാത്രമല്ല, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും സിപിഎം കര്‍ഷകസമരം വ്യാപിപ്പിച്ചേക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട്. രാജസ്ഥാനില്‍ കിസാന്‍ സഭയുടെ പ്രവര്‍ത്തനം ഗൌരവത്തോടെയാണ് ബിജെപി കാണുന്നത്. വര്‍ഗ്ഗീയതയ്ക്കും മുതലാളിത്തത്തിനും മൂക്കുകയറിടാന്‍ ഇന്നും രാജ്യത്തെ സിപിഎം കേഡറുകള്‍ ശക്തമാണെന്നാണ് മറാത്തയിലെ മഹാറാലി തരുന്ന പാഠം.


പച്ചക്കൊടി കാട്ടി ശിവസേന
ഫഡ്നാവിസ് സര്‍ക്കാരിനൊപ്പം തുടരുന്നുവെങ്കിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ബിജെപിയുമായി അത്ര രസത്തിലല്ല ശിവസേന. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും തങ്ങളുടെ ബിജെപി വിരോധം പലതവണ പ്രകടിപ്പിച്ചു കഴിഞ്ഞു. കേന്ദ്രത്തില്‍ മോദി ~അമിത്ഷാ സഖ്യത്തിന്‍റെ താന്‍പോരിമ ബാല്‍താക്കറെയുടെ പിന്‍ഗാമികള്‍ക്ക് അസഹനീയമായിത്തുടങ്ങിയിട്ട് കാലമൊട്ടായി. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ശിവസേന തീരുമാനിച്ചുകഴിഞ്ഞു. ബിജെപിക്കെതിരെ ഉപയോഗിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ഈ സംഘടനകള്‍ പാഴാക്കാറില്ല. അപ്പോഴാണ് ഫഡ്നാവിസ് സര്‍ക്കാരിന് കാര്യമായ കൊട്ടുകൊടുക്കാന്‍ കഴിയുന്ന വിധത്തില്‍ സിപിഎമ്മിന്‍റെ കര്‍ഷകജാഥയെത്തുന്നത്. ഞായറാഴ്ച കര്‍ഷകജാഥ താനെയില്‍ പ്രവേശിച്ചപ്പോള്‍ ശിവസേനക്കാരനായ പൊതുമരാമത്ത് മന്ത്രി എക്നാഥ് ഷിന്‍ഡെ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. മാത്രമല്ല , ജാഥയെ അഭിസംബോധന ചെയ്ത ശിവസേന നേതാവ് ആദിത്യ താക്കറെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളമെന്ന ആവശ്യം ശിവസേനയുടേതു കൂടിയാണെന്നും കര്‍ഷകര്‍ക്ക് ആവശ്യമായ എല്ളാ സഹായവും നല്‍കണമെന്നാവശ്യപ്പെട്ടാണ് പാര്‍ട്ടി തലവന്‍ ഉദ്ദവ് താക്കറെ തന്നെ അയച്ചതെന്നും ആദിത്യ പറഞ്ഞു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെയും ജാഥയ്ക്ക് പിന്തുണ അറിയിച്ചുകഴിഞ്ഞു.


ചുക്കാന്‍ പിടിച്ച് മലയാളി
മഹാരാഷ്ട്രയിലെ കര്‍ഷകജാഥ വാര്‍ത്തകളില്‍ നിറയുന്പോള്‍ അംഗീകരിക്കപ്പെടുന്നത് മലനാട്ടിലെ വിപ്ളവവീര്യവും സംഘാടനമികവുമാണ്.സി.പി.എം നേതാവും അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്‍റ് സെക്രട്ടറിയുമായ മലയാളി വിജു കൃഷ്ണനാണ് മറാത്തമണ്ണില്‍ കര്‍ഷകരെ സംഘടിപ്പിച്ചത്. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയാണ് വിജുകൃഷ്ണന്‍. കലാലയ രാഷ്ട്രീയത്തിലൂടെ സജീവമായ വിജു ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റായിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ ശ്രദ്ധേയനായ ഈ സഖാവ് രാജ്യത്തെ കര്‍ഷകസമരപോരാട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. നവ ഉദാരീകരണ നയങ്ങള്‍ കേരളത്തിലെയും ആന്ധ്രയിലെയും കര്‍ഷകരെ എങ്ങനെ ബാധിച്ചു എന്ന വിഷയത്തിലായിരുന്നു വിജുകൃഷ്ണന്‍റെ പിഎച്ച്ഡി ഗവേഷണം. ബംഗളൂരു സെന്‍റ് ജോസഫ്സ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായിരുന്ന വിജു ജോലി രാജിവച്ചാണ് മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തകനായത്. 2009 മുതല്‍ കിസാന്‍ സഭയുടെ നേതൃസ്ഥാനത്തുണ്ട്. 2018 ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ നടന്ന കര്‍ഷക സമരത്തിലും 2016 നവംബറില്‍ തമിഴ്നാട് വിരുദനഗറില്‍ നടന്ന കിസാന്‍ സംഘര്‍ഷ് ജാഥയുടെ അമരത്തും വിജുകൃഷ്ണനായിരുന്നു.

 

 

ഈ സമരത്തിന് മുന്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കും: എം.വി ജയരാജന്‍
ഈ കര്‍ഷകസമരത്തിന് മുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.വി.ജയരാജന്‍. ഫെയ്സ്ബുക്കിലാണ് ജയരാജന്‍റെ പ്രതികരണം.

ജയരാജന്‍റെ വാക്കുകളിലൂടെ:

ദേശീയ മാധ്യമങ്ങളും രാജ്യം ഇപ്പോള്‍ മഹാരാഷ്ട്രയിലേക്കാണ് ഉറ്റുനോക്കുന്നത്. അവിടെ ചെങ്കൊടിയേന്തി അരലക്ഷത്തോളം വരുന്ന കര്‍ഷകര്‍ സമരത്തിലാണ്. ഓരോ ദിനം പിന്നിടുന്പോഴും ഈ ഐതിഹാസികസമരത്തില്‍ കൂടുതല്‍ കൂടുതല്‍ പേര്‍ അണിനിരക്കുകയാണ്. അനുവാദമില്ളാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്നും പിന്മാറുക, വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കുവേണ്ടി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പാക്കുക, കര്‍ഷക പെന്‍ഷന്‍ കാലാനുസൃതമായി വര്‍ധിപ്പിക്കുക, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സന്പ്രദായത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, കീടങ്ങള്‍ കാരണം വിള നഷ്ടമായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുക, നദീ സംയോജനാ പദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചരിത്രം കുറിച്ച ഈ കര്‍ഷക പ്രക്ഷോഭം മഹാരാഷ്ട്രയില്‍ നടക്കുന്നത്. നൂറം ആയിരവുംം അല്ള പതിനായിരങ്ങളാണ് ഉച്ചവെയിലിന്‍റെ കാഠിന്യത്തെപ്പോലും കൂസാതെ മുബൈയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.കേന്ദ്ര~മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്ക് ഈ സമരം കാണേണ്ടിവരുമെന്നത് ഉറപ്പാണ്. വള്ളിപൊട്ടിയ ചെരുപ്പുകളിലും നഗ്നാദരായും കുപ്പിയില്‍ കൊള്ളുന്ന വെള്ളം മാത്രമെടുത്താണ് കൊടും ചൂടിലും ഈ പാവങ്ങള്‍ ജീവിക്കാനായി പോരാടുന്നത്. ഈ ജനസമുദ്രത്തിന്‍റെ സമരത്തിന് മുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരികതന്നെ ചെയ്യും~ ജയരാജന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.


ഇന്ത്യയാകെ പടരാനുളള അഗ്നികണമെന്ന് പിണറായി
അഖിലേന്ത്യ കിസാന്‍ സഭയുടെ പ്രതിഷേധ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഇന്ത്യയാകെ പടരാനുള്ള അഗ്നികണമാണെന്നായിരുന്നു പിണറായി വിജയന്‍ ഈ ജാഥയെ വിശേഷിപ്പിച്ചത്. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്‍റെ പുത്തന്‍ ചരിത്രം രചിച്ച് കര്‍ഷകരുടെ ലോംങ് മാര്‍ച്ച് മുന്നേറുകയാണ്. ഇന്ത്യയാകെ പടരാനുള്ള അഗ്നികണമാണിത്. കര്ഷക സമരയോദ്ധാക്കള്‍ക്ക് അഭിവാദ്യങ്ങള്‍~ പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു.

 

പ്രക്ഷോഭത്തിന് കാരണം നിങ്ങളുടെ നുണകള്‍: പ്രകാശ് രാജ്
അഖിലേന്ത്യ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി രംഗത്തെത്തിയ നടന്‍ പ്രകാശ് രാജ് പതിവുപോലെ എന്‍ഡിഎ സര്‍ക്കാരിനെതിരെ വിമര്‍ശനമുതിര്‍ത്തു. പൊള്ളിയ കാലുകളും കണ്ണില്‍ വിശപ്പുമായി, അഭിമാനത്തിനും അവകാശത്തിനും വേണ്ടി അവര്‍ നടക്കുകയാണെന്നും നിങ്ങളുടെ നുണകളും പൊള്ളയായ വാഗ്ദാനങ്ങളുമാണ് പ്രക്ഷോഭത്തിന് കാരണമെന്നും പ്രകാശ് രാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. അവര്‍ വാതിലില്‍ മുട്ടുന്പോള്‍ നീതി നല്‍കാന്‍ നിങ്ങള്‍ക്കാകുമോ? കര്‍ഷകര്‍ ഉയിര്‍ത്തെഴുന്നേറ്റ് അധികാരികളെ പിടിച്ച് പുറത്താക്കുമെന്നും പറയുന്നു. സംഘപരിവാറിന് നേരെ ചോദ്യമുതിര്‍ക്കുന്ന ജസ്റ്റ് ആസ്കിംഗ് ഹാഷ്ടാഗോടുകൂടിയാണ് പ്രകാശ് രാജിന്‍റെ പോസ്റ്റ്.