Thursday 20 September 2018യാത്രയായത് തലസ്ഥാനത്തിന്‍റെ ഹൃദയ സ്പന്ദനം

By webdesk.05 Oct, 2017

imran-azhar

തിരുവനനതപുരം: ഇങ്ങനെയൊരു ഡോക്ടര്‍. സുന്ദരമായ ആ ചിരിയില്‍ രോഗം പാതി പന്പകടക്കും. അടുത്തവിശേഷം ചോദിക്കലില്‍ ബാക്കി കൂടി ഓടി മറയും. പിന്നെ പേരിനൊരു പരിശോധന ധാരാളം.പള്‍സൊന്നു നോക്കിയെന്നു വരുത്തി നെടുനീളന്‍ മരുന്നു കുറിപ്പു നല്‍കി രോഗിയുടെ പോക്കറ്റിലേക്ക് ആര്‍ത്തിയോടെ എത്തിയെത്തി നോക്കില്ല അദ്ദേഹം. പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ മരുന്ന് സന്തോഷത്തോടെ നല്‍കും.

 

വന്നു കാണുന്ന നിമിഷം മുതല്‍ ആ ബന്ധം ഡോക്ടറും രോഗിയും തമ്മിലുള്ളതല്ല. മൂത്ത സഹോദരന്‍. ജേ്യഷ്ഠന്‍. അല്ലെങ്കില്‍ ഉറ്റ ചങ്ങാതി. സൌഹൃദങ്ങളുടെ രാജകുമാരനായ ഡോ. ഡി. നാരായണപ്രസാദ് ഇന്നലെ ജീവിതത്തിന്‍റെ കുപ്പായമൂരുന്പോള്‍ ഒരായിരം മധുരിക്കുന്ന ഓര്‍മകളുമായി തലസ്ഥാനം ഓടിയടുക്കുന്നു. എയര്‍ ഇന്ത്യയുടെ ചീഫ് മെഡിക്കല്‍ ഓഫീസറും തലസ്ഥാനത്തെ ഏറ്റവും പേരെടുത്ത ആരോഗ്യ സേവന സ്ഥാപനങ്ങളിലൊന്നായ പ്രസാദ് ക്ളിനിക്കിന്‍റെ സ്ഥാപകനും അമരക്കാരനുമായി വാഴുന്പോഴും ഡോ. പ്രസാദ് തനിക്കു മാത്രം കഴിയുന്ന ആനന്ദത്തിന്‍റെയും ചങ്ങാത്തത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും ലാളിത്യത്തിന്‍റെയും ആത്മീയതയുടെയും പാതയിലൂടെ മാത്രം സഞ്ചരിച്ചു.കേരളമെങ്ങും അറിയപ്പെട്ടിരുന്നെങ്കിലും തലസ്ഥാന നഗരത്തിന്‍റെ പൊന്നോമന പുത്രനായിരുന്നു ഡോ. പ്രസാദ്. പി.എം.ജിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന പ്രസാദ് ക്ളിനിക്ക് യഥാര്‍ത്ഥത്തില്‍ സേവനത്തിന്‍റെ പര്യായമായിരുന്നു.

പ്രസാദ് ക്ളിനിക്ക് വര്‍ഷങ്ങള്‍ക്കു മുന്പ് തലസ്ഥാനത്തിന് വലിയൊരു സമ്മാനം നല്‍കി. സഞ്ചരിക്കുന്ന ക്ളിനിക്ക്. പ്രമേഹം, രക്ത സമ്മര്‍ദ്ദം തുടങ്ങിയവയ്ക്കുള്ള പരിശോധനകള്‍ക്ക് പ്രായം ചെന്നവര്‍ ലബോറട്ടറികളില്‍ ഏന്തി വലിഞ്ഞു പോകുന്ന കാലം. വീട്ടു പടിക്കല്‍ പ്രസാദ് ക്ളിനിക്കിന്‍റെ മൊബൈല്‍ക്ളിനിക്ക് എത്തിയതോടെ വൃദ്ധ തലസ്ഥാനം ഏറെ ആശ്വസിച്ചു. അന്ന് ആംബുലന്‍സ് സര്‍വീസും ഇന്നത്തെപ്പോലെ തെക്കും വടക്കും പായുമായിരുന്നില്ല. താരതമ്യേന വളരെ കുറവ്.പ്രസാദ് ക്ളിനിക്കിനുണ്ടായിരുന്നു ഒട്ടേറെ ആംബുലന്‍സുകള്‍. ഈ ആംബുലന്‍സില്‍ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കു പായുന്ന രോഗി ജീവിതത്തിലേക്ക് മടങ്ങി വരും എന്നൊരു പറച്ചില്‍ തന്നെ ഉണ്ടായിരുന്നു.

ഓരോ ആംബുലന്‍സ് പുറത്തിറക്കുന്പോഴും ഡോ. പ്രസാദിന് ഒരു യാത്രയുണ്ട്. ബെന്‍സിലും ഇംപാലയിലുമൊന്നുമല്ല. അതേ ആംബുലന്‍സില്‍ മിക്കപ്പോഴും ഡോക്ടറുമുണ്ടാകും. നേരെ മൂകാംബികയിലേക്ക്. ദേവിക്കു മുന്നില്‍ ആംബുലന്‍സ് കാഴ്ച വച്ച് അനുഗ്രഹം വാങ്ങും. ‘രോഗികളെ കാക്കണേ ഭഗവതീ' ഷിര്‍ദി സായിബാബയുടെ തികഞ്ഞ ഭക്തനായിരുന്നു അദ്ദേഹം. ഇടയ്ക്കിടയ്ക്ക് മഹാരാഷ്ട്രയിലെ ഷിര്‍ദി ക്ഷേത്രം സന്ദര്‍ശിക്കുമായിരുന്നു ഡോ. പ്രസാദ്. തന്‍റെ ഐശ്വര്യത്തിനു കാരണം ഷിര്‍ദി സായിബാബയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

 

ഡോ. പ്രസാദിന്‍റെ ക്രിക്കറ്റ് കന്പവും പ്രസിദ്ധമായിരുന്നു. മുന്‍കാല താരങ്ങളുടെ പോലും സവിശേഷതകള്‍ സൂക്ഷ്മമായി അറിയാമായിരുന്നു ഡോ. പ്രസാദിന്. ഓരോ ടെസ്റ്റ് മാച്ചുകള്‍ കഴിയുന്പോഴും ക്രിക്കറ്റ് ഭ്രാന്തന്മാരായ തന്‍റെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചുള്ള അദ്ദേഹത്തിന്‍റെ കളി വിലയിരുത്തല്‍ നീണ്ടു നീണ്ടു പോകുമായിരുന്നു.

 

സമൂഹത്തിലെ വരേണ്യ വിഭാഗത്തിന്‍റെ മാത്രം പ്രതിനിധിയേ ആയിരുന്നില്ല അദ്ദേഹം. എയര്‍ ഇന്ത്യയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രതാപത്തില്‍ ഒട്ടും കുറഞ്ഞ പദവിയായിരുന്നില്ല. പൈലറ്റുമാരും ഫ്ളൈറ്റ് എന്‍ജിനിയര്‍മാരും വന്ന് സലാം പറഞ്ഞു പോകും. അവരുടെ അടുത്ത സുഹൃത്തായിരുന്നു ഡോക്ടര്‍. എന്നാല്‍ എയര്‍ ഇന്ത്യയിലെ താഴ്ന്ന ജീവനക്കാര്‍ക്കും അദ്ദേഹം കണ്‍കണ്ട ദൈവമായിരുന്നു.നിറഞ്ഞ ചിരിയോടെ തെളിഞ്ഞ് സുന്ദരനായി ഡോ. പ്രസാദ് എയര്‍ ഇന്ത്യയുടെ വാതില്‍ക്കലെത്തിയാലുള്ള ആ നീണ്ട ഗുഡ്മോണിംഗ് പറച്ചിലിന് ലാസ്റ്റഗ്രേഡ് ജീവനക്കാര്‍ പോലും സ്നേഹം നിറഞ്ഞ ഭവ്യതയോടെ മറുപടി നല്‍കിയിരുന്നു. ഏതെങ്കിലുമൊരു ജീവനക്കാരന് അസുഖമെന്നറിഞ്ഞാല്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വാഹനമെത്താന്‍ കാത്തു നില്‍ക്കാറില്ല അദ്ദേഹം. പാതിരാത്രിയാലും സ്വന്തം കാറോടിച്ച് രോഗിയുടെ സമീപത്ത് എത്തിയിരിക്കും. ഏഴു പതിറ്റാണ്ടത്തെ സമൃദ്ധമായ ജീവിതത്തോട് ഡോ. നാരായണ പ്രസാദ് വിടപറയുന്പോള്‍ അനന്തപുരിക്ക് പല തലങ്ങളിലുള്ളവരെ ചേര്‍ത്തണച്ചു നിറുത്തിയിരുന്ന വലിയൊരു കണ്ണിയെയാണ് നഷ്ടമാവുന്നത്.