Friday 22 February 2019


ട്രംപ് ചതിച്ചു; തളളാനും കൊളളാനും വയ്യാതെ ഇന്ത്യ

By SUBHALEKSHMI B R.01 Jan, 1970

imran-azhar

ഒടുവില്‍ ട്രംപ് വാക്കുപാലിച്ചു. ഇറാനുമായുളള ആണവകരാറില്‍ നിന്ന് പിന്മാറി. മേയ് എട്ടിനാണ് ട്രംപ് ലോകത്തെ പ്രത്യേകിച്ചും പശ്ചിമേഷ്യയെ പിടിച്ചുലച്ച പ്രഖ്യാപനം നടത്തിയത്. കരാറിന് മുന്പ് അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ പുനസ്ഥാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി കഴിഞ്ഞു. ഇറാനുമേല്‍ മാത്രമല്ല, ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമേലും ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്‍റെ ഈ നീക്കം ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മാത്രമല്ല, ലോക രാജ്യങ്ങള്‍ രണ്ടു ചേരിയിലാകുകയും ചെയ്തു. എല്ലായ്പ്പോഴും അമേരിക്കക്കൊപ്പം നില്‍ക്കുന്ന സഖ്യകക്ഷികളൊന്നും ഇക്കാര്യത്തില്‍ ട്രംപിനെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളും ഇറാന്‍റെ ബന്ധവൈരിയായ ഇസ്രായേലും പിന്തുണപ്രഖ്യാപിക്കുകയും ചെയ്തു. എണ്ണവില, ഉഭയകക്ഷി ബന്ധങ്ങള്‍, രാജ്യാന്തരവാണിജ്യകരാറുകള്‍ എന്തിന് ജൂണില്‍ നടക്കാനിരിക്കുന്ന ട്രംപ്~കിംജോങ് കൂടിക്കാഴ്ചയെ പോലും അനവസരത്തിലുളള ഈ പിന്മാറ്റം ബാധിക്കുമെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. അത് തന്നെയാണ് സത്യവും. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 2015 ജൂലായിലാണ് പശ്ചിമേഷ്യയില്‍ സാമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിനായി ജോയിന്‍റ് കോംപ്രഹെന്‍സിവ് പ്ളാന്‍ ഓഫ് ആക്ഷന്‍(ജെസിപിഒഎ) നിലവില്‍ വന്നത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ശ്രമഫലമായാണ് കരാര്‍ സാധ്യമായത്. ഇറാന്‍റെ ആണവപരിപാടികള്‍ നിര്‍ത്തിവയ്ക്കുന്നതും ഇറാനുമേലുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതുമുള്‍പ്പെടെ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. യു. എസിനെക്കൂടാതെ റഷ്യ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചിട്ടുള്ള മറ്റുകക്ഷികള്‍. ഇവരെല്ളാം തന്നെ ട്രംപിന്‍റെ പിന്മാറ്റത്തിനെതിരാണ്. പിന്മാറ്റ സൂചനകള്‍ ട്രംപ് നല്‍കിയപ്പോള്‍ തന്നെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ ഉള്‍പ്പെടെയുളളവര്‍ എതിര്‍ത്തിരുന്നു. കൂടുതല്‍ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട ട്രംപിന്‍റെ നിര്‍ദ്ദേശങ്ങള്‍ സമാധാനപരമായി ചര്‍ച്ചചെയ്യാമെന്നും അറിയിച്ചു. ഇത്തരമൊരു ഘട്ടത്തില്‍ കരാരില്‍നിന്നു പിന്മാറുന്നത് അബദ്ധമാണെന്നു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും ട്രംപിനു കത്തെഴുതി. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ട്രംപ് ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു.

 

തികച്ചും ഏകപക്ഷീയമായ കരാറാണിതെന്നാണ് ട്രംപ് പറയുന്നത്. രാജ്യത്തെ പൌരന്‍ എന്ന നിലയില്‍ തനിക്കു വലിയ നാണക്കേടുണ്ടാക്കുന്നതാണു കരാറെന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ളാത്തതാണെന്നും ട്രംപ് പറഞ്ഞു. അതു ശാന്തതയുടെ അന്തരീക്ഷം സൃഷ്ടിച്ചില്ള സമാധാനം സമ്മാനിച്ചതുമില്ലെന്നും ട്രംപ് പറഞ്ഞു. ഒട്ടും ലജ്ജയില്ളാത്ത വിധം ഇറാന്‍റെ ചോരക്കൊതിയോടെയുള്ള ആഗ്രഹങ്ങള്‍ കരാറിനു ശേഷം വളരുകയാണുണ്ടായത്.നിലവിലെ കരാറിന്‍െറ ജീര്‍ണിച്ച, ചീഞ്ഞളിഞ്ഞ ഘടന പ്രകാരം ഇറാനെ അണ്വായുധം നിര്‍മ്മിക്കുന്നതില്‍ നിന്നു വിലക്കാനാകില്ളെന്ന് യുഎസിനു വ്യക്തമായിട്ടുണ്ട്. കരാറിന്‍റെ മറവില്‍ ഇറാന്‍ ആണവപദ്ധതികള്‍ക്കു രൂപം നല്‍കുകയാണ്. ഇതു സംബന്ധിച്ച രേഖകള്‍ യുഎസിനു ലഭിച്ചതാണ്. ഇതെല്ളാം തടയാനുളള എന്തെങ്കിലും കരാറിലുണ്ടോയെന്നു നോക്കുന്പോഴാകട്ടെ എല്ളാം വെറും ‘തോന്നല്‍' മാത്രമാകുന്ന അവസ്ഥയാണെന്നും ട്രംപ് വ്യക്തമാക്കി. ആണവപരിപാടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെങ്കില്‍ ഇന്നേവരെയില്ളാത്ത വിധം കനത്ത "പ്രശ്നങ്ങള്‍' ഇറാന്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

 

 

വിമര്‍ശിച്ച് സഖ്യകക്ഷികള്‍ പിന്തുണച്ച് ഗള്‍ഫ്
കരാറില്‍ നിന്നു പിന്മാറിയതോടെ അമേരിക്ക മേഖലയില്‍ ഒറ്റപ്പെടുകയാണ്. സഖ്യകക്ഷികളെല്ലാം ഇതിനെതിരാണ്. അമേരിക്ക പിന്മാറിയെന്നുവച്ച് കരാര്‍ ഇല്ളാതാകില്ളെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യീവ്സ് ലെ ദ്രിയന്‍ പ്രതികരിച്ചു. യു.എസിന്‍റെ പിന്മാറ്റം മാത്രമാണ് അവിടെ നടന്നത്. മറ്റു രാജ്യങ്ങള്‍ ഇറാനൊപ്പമുണ്ടെന്നും ഫ്രഞ്ച് റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ഉറപ്പുനല്കി. യു.എസ് പിന്മാറിയ സാഹചര്യത്തില്‍ കരാര്‍ മുന്നോട്ടുപോകുക ബുദ്ധിമുട്ടാണെങ്കില്‍ അത് സംരക്ഷിക്കുമെന്നും ഫ്രാന്‍സ് ഉറപ്പുനല്‍കി. ഫ്രഞ്ച് പ്രസിഡന്‍റ് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റഹാനിയുമായി ടെലിഫോണില്‍ സംസാരിക്കുകയും ചെയ്തു. ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് . ചൈന, റഷ്യ, എന്നിവരും അമേരിക്കയുടെ പിന്മാറ്റത്തെ അപലപിച്ചു. എന്നാല്‍, സാഹചര്യം പഠിച്ച ശേഷം പ്രതികരിക്കാമെന്ന നിലപാടാണ് ഇന്ത്യയെടുത്തത്. വിഷയത്തില്‍ രാജ്യത്തിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. അതേസമയം, ഗല്‍ഫ് രാജ്യങ്ങള്‍ ട്രംപിന് അനുകൂല നിലപാടാണെടുത്തത്. കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനെ പിന്തുണക്കുന്നതായി സൌദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. ഇറാനെതിരായ സാന്പത്തിക ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള യു.എസ് പ്രസിഡന്‍റ ഡൊണാള്‍ഡ് ട്രംപിന്‍െറ തീരുമാനത്തെയും പിന്തുണക്കുന്നതായും ആണവ കരാര്‍ ഒപ്പുവെച്ചതിന്‍റെ ഫലമായി സാന്പത്തിക ഉപരോധങ്ങള്‍ എടുത്തകളഞ്ഞത് മേഖലയില്‍ അസ്ഥിരതയുണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഹിസ്ബുല്ളയും ഹൂത്തികളും അടക്കമുള്ള ഭീകര ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഇറാന്‍ ദുരുപയോഗിക്കുകയായിരുന്നുവെന്നും സൌദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ട്രംപിന്‍റെ തീരുമാനത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായി ബഹ്റൈനും വ്യക്തമാക്കി.  രണ്ടുചേരിയിലും പെടാത്ത രാജ്യങ്ങള്‍ പശ്ചിമേഷ്യയില്‍ ആസന്നമായ പ്രതിസന്ധിയെക്കുറിച്ച് ആശങ്കാകുലരാണ്. പശ്ചിമേഷ്യന്‍ പ്രതിസന്ധി ലോകത്തെ എങ്ങനെ ബാധിക്കുമെന്നതും യുദ്ധഭീഷണയും ആശങ്കയുയര്‍ത്തുന്നു. ഇറാന്‍ വീണ്ടും ആണവപരിപാടികളിലേക്ക് തിരിയുമോ എന്ന ഭയവും ലോകരാജ്യങ്ങള്‍ക്കുണ്ട്.

 

ഒപ്പം നിന്നാല്‍ തുടരാം

 


യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ളവര്‍ ഇറാന്‍റെ താല്‍പര്യങ്ങളെ സംരക്ഷിച്ചാല്‍ കരാറുമായി മുന്നോട്ടുപോകുമെന്നും അമേരിക്കയുടെ പിന്മാറ്റം ബാധിക്കില്ളെന്നുമാണ് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി പ്രതികരിച്ചത്. ഇറാന്‍റെ ഭാഗത്തുനിന്ന് ഇത് വളരെ ആശ്വാസകരമായ നീക്കമാണ്. എന്നാല്‍, സഖ്യകക്ഷികള്‍ നിലപാട് മാറ്റിയാല്‍ കഥ മാറും. ട്രംപ് കരാറില്‍ നിന്ന് പിന്മാറിയ വേളയില്‍ ഇറാന്‍ പാര്‍ലന്‍റെംഗങ്ങള്‍ രോഷാകുലരായാണ് പ്രതികരിച്ചത്. ട്രംപിന്‍റെ മാനസികനില തെറ്റിയെന്നാണ് സ്പീക്കര്‍ പ്രതികരിച്ചത്. അമേരിക്കന്‍ പതാക കത്തിക്കുകയും ചെയ്തു. ആണവകരാറില്‍നിന്നു യുഎസ് പിന്മാറുകയാണെങ്കില്‍ ചില ‘പ്രശ്നങ്ങളെ' നേരിടാന്‍ തയാറായിരിക്കണമെന്ന് ഹസന്‍ റൂഹാനി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ടെഹ്റാനില്‍ നടന്ന പെട്രോളിയം കോണ്‍ഫറന്‍സിലാണ് ട്രംപിന്‍െറ പേരെടുത്തു പറയാതെ, വരാനിരിക്കുന്ന സാഹചര്യത്തെക്കുറിച്ചു റൂഹാനി മുന്നറിയിപ്പു നല്‍കിയത്. രണ്ടോ മൂന്നോ മാസത്തേക്കു നമുക്കു ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പക്ഷേ അതെല്ളാം കടന്നു നാം മുന്നോട്ടു പോകും. വിവിധ രാജ്യങ്ങളുമായി ക്രിയാത്മകമായ ബന്ധമാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. അത് ഇനിയും തുടരും. രാജ്യത്തിനു നേരെ ഉപരോധം ഉണ്ടായാലും ഇല്ളെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുകയാണു വേണ്ടത്. അതു രാജ്യത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും റൂഹാനി വ്യക്തമാക്കി.

 

ഇന്ത്യയുടെ ആശങ്ക

 


അതേസമയം, അമേരിക്കയുടെ പിന്മാറ്റം ഇന്ത്യയ്ക്ക് വന്‍തിരിച്ചടിയാകും. ഇറാനെതിരായ ഗള്‍ഫ് നിലപാട് വ്യക്തമായതോടെ പ്രതിസന്ധി ഉറപ്പായി. ഇറാനെതിരെ അമേരിക്ക ഉപരോധം പുനസ്ഥാപിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതോടെ ഇറാനില്‍ നിന്നുളള എണ്ണ വിപണിയില്‍ ലഭ്യമാകില്ല. നിലവില്‍ സൌദി ഉള്പ്പെടെയുള്ള രാജ്യങ്ങള്‍ ഉല്പ്പാദനം കുറച്ചിരിക്കുന്നതിനാല്‍ ഇറാനില്‍ നിന്നുളള എണ്ണ വരവ് നിലയ്ക്കുന്നത് ഇന്ധനവില കയറ്റും. ഇപ്പോള്‍ തന്നെ എണ്ണവിലയെ ചൊല്ലിയുളള പ്രശ്നങ്ങള്‍ രൂക്ഷമാണ്. ഇടിവെട്ടിയവനെ പാന്പുകടിക്കുന്ന അവസ്ഥയാണ് വരാനിരിക്കുന്നതെന്ന് സാന്പത്തിക നിരീക്ഷകര്‍ പറയുന്നു. മാത്രമല്ല, ഇറാനില്‍ ഇന്ത്യ നിര്മിക്കുന്ന ചബഹാര്‍് തുറമുഖ പദ്ധതിയെയും ഇത് ബാധിക്കും. 18 മാസത്തേക്ക് ഇന്ത്യക്കു നടത്താന്‍ അനുമതി നല്‍കിയാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. പാകിസ്ഥാനെ മറികടന്നു ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില് നിന്നും ചരക്കു കൈമാറ്റം ചെയ്യാന്‍ ലക്ഷ്യമിട്ടുളള ഈ തുറമുഖപദ്ധതി ഇന്ത്യയെ സംബന്ധിച്ച് ഒരു മുഖ്യ ഘടകമാണ്. ഏകദേശം 500 മില്യണ്‍ ഡോളര്‍ ഈ തുറമുഖവികസനത്തിനായി ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ തുറമുഖം വഴി ഇന്ത്യയ്ക്ക് ലഭിക്കാനിടയുളള വ്യാപാരത്തെ അമേരിക്കന്‍ നീക്കം എങ്ങനെ ബാധിക്കും എന്നതാണ് ഇന്ത്യയുടെ മുന്നിലുളള പ്രധാന പ്രശ്നം. മാത്രമല്ല, അമേരിക്ക,സൌദി, ഇസ്രായേല്‍ തുടങ്ങിയ രാഷ്ട്രങ്ങളോട് ഇന്ത്യയ്ക്ക് നല്ള ബന്ധമാണുളളത്. ഇറാന്‍ ഉപരോധത്തില്‍ ഏഷ്യന്‍ സഹകരണം ഉറപ്പാക്കാന്‍ അമേരിക്കയ്ക്ക് ഇന്ത്യയുടെ പിന്തുണ അത്യാവശ്യമാണ്. എന്നാല്‍ , അത്തരമൊരു നിലപാട് ഇറാന്‍~ഇന്ത്യ ബന്ധത്തെ ബാധിക്കും. മേല്‍പ്പറഞ്ഞ തുറമുഖ പദ്ധതിയെയും. മാത്രമല്ല, ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം മോശമായാല്‍ അവിടെ ചൈന കയറിക്കൂടുമെന്ന ആശങ്കയുമുണ്ട്. ഇപ്പോള്‍ തന്നെ മേഖലയില്‍ ചൈനയുടെ സ്വാധീനം കൂടുതലാണ്. പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ചൈന സ്വാധീനം ശക്തമാക്കുന്പോള്‍ പുറത്തേക്കുള്ള ഏക വഴിയായ ഇറാനെ പിണക്കുന്നത് ഇന്ത്യയ്ക്ക് ആത്മഹത്യാപരമാണ്.