Tuesday 19 March 2024




പുസ്തകപ്പൂക്കളില്‍ തേന്‍ കുടിക്കുവാനായ്....

By SUBHALEKSHMI B R.01 Jun, 2018

imran-azhar

ബാല്യത്തിന് തിമിര്‍പ്പിന്‍റെ അവധിക്കാലം കഴിഞ്ഞു. ഇനി ആകാംക്ഷയോടെ അക്ഷരക്കളരിയിലേക്ക് ഉത്സാഹത്തോടെ പഠിപ്പിലേക്ക്. മധ്യവേനല്‍ അവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കുകയാണ്. അവധിക്ക്ശേഷം വിദ്യാലയമുറ്റത്തേക്ക് തിരികെയെത്തുന്നവരും ആദ്യമായി അക്ഷരമുറ്റത്തെത്തുന്നവരുമുണ്ട്. ഹൈസ്ക്കുള്‍ പ്രവേശനത്തിന്‍റെ ഭാഗമായി പുതിയ വിദ്യാലയത്തിലേക്ക് പറിച്ചുനടപ്പെടുന്നവരും ഏറെയാണ്. എന്നാല്‍ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ളകളില്‍  സ്കൂളുകള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് നീട്ടിയിട്ടുണ്ട്. ഈ വര്‍ഷം മൂന്നു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒന്നാം ക്ളാസിലെത്തും. കഴിഞ്ഞ വര്‍ഷം 3,16,023 വിദ്യാര്‍ഥികളാണ് ഒന്നാം ക്ളാസില്‍ ചേര്‍ന്നത്. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി വിപുലമായ പരിപാടികളാണ് സര്‍ക്കാരും പൊതുവിദ്യാഭ്യാസവകുപ്പും സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30നു നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ സന്ദേശം വിളംബരം ചെയ്യുന്ന പൂക്കള്‍ വിരിയുവാന്‍ മണ്ണു വേണം....'' എന്ന ഗാനവും മുരുകന്‍ കാട്ടാക്കട രചിച്ച ""പുസ്തക പൂക്കളില്‍ തേന്‍ കുടിക്കുവാനായ്.... "'എന്ന സ്വാഗത ഗാനവും ആലപിക്കണമെന്നു സ്കൂളുകള്‍ക്കു നിര്‍ദേശമുണ്ട്. തത്സമയം ആലപിക്കാന്‍ സൌകര്യമില്ളാത്ത സ്കൂളുകള്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തു കേള്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. നവാഗതരായ കുരുന്നുകള്‍ക്ക് മധുരവും സമ്മാനവും വിതരണം ചെയ്യും. സര്‍ക്കാര്‍ മാത്രമല്ല എയ്ഡഡ്, അണ്‍എയ്ഡഡ് സ്ക്കൂളുകളും പ്രവേശനോത്സവത്തിനായി വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. വിദ്യാലയങ്ങള്‍ തോരണങ്ങളും വര്‍ണ്ണബലൂണുകളും കൊണ്ട് അലങ്കരിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതമേകുന്ന ബാനറുകള്‍ തൂക്കിയും അധ്യാപക~രക്ഷകര്‍തൃ സമിതികള്‍ സജീവമാണ്.

 

അധ്യനവര്‍ഷം കുറ്റമറ്റതാക്കാന്‍ വേണ്ട നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. സ്കൂള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വിതരണം പൂര്‍ത്തിയാക്കിയെന്നും പൊതുവിദ്യാലയങ്ങളുടെ മുഖം മാറ്റുന്ന ഹൈടെക് സ്കൂള്‍ പദ്ധതി 34,500 ക്ളാസ്മുറികളില്‍ പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ അറിയിച്ചു. 45,000 ക്ളാസ് മുറികളാണ് ഹൈടെക് ആകുന്നത്. അധ്യാപനത്തിനായുള്ള സമഗ്ര പോര്‍ട്ടലും ആപും തയാറായിക്കഴിഞ്ഞു. അധ്യാപക പരിശീലനവും ഐ.ടി പരിശീലനവും പൂര്‍ത്തിയായി. കാഴ്ച പരിമിതിയുള്ളവര്‍ക്ക് ബ്രെയില്‍ ലിപിയിലുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായി. 201 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കിയുള്ള വിദ്യാഭ്യാസ കലണ്ടറും തയാറാക്കിയിട്ടുണ്ട്. ഓരോ സ്കൂളുകള്‍ക്കും അക്കാദമിക് മാസ്റ്റര്‍പ്ളാനും തയാറാക്കി. ഹലോ ഇംഗ്ളീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ പഠനപദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. സ്കൂളുകളില്‍ ഒന്നു മുതല്‍ 12 വരെ ക്ളാസുകള്‍ക്ക് ഏകീകൃത ഭരണസംവിധാനം നടപ്പാക്കുമെന്നതിന്‍റെ ഭാഗമായി സ്കൂളിന്‍റെ മേധാവി പ്രിന്‍സിപ്പലായിരിക്കും. ഹെഡ്മാസ്റ്റര്‍ തസ്തിക ഇനിയില്ല. ഇക്കാര്യം മേയ് 17ന് അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഒന്നു മുതല്‍ 12 വരെ ഒറ്റ സംവിധാനമായി പ്രവര്‍ത്തിക്കണമെന്നും ഒരു സ്ഥാപനത്തില്‍ രണ്ടു മേധാവികള്‍ ഗുണകരമല്ലെന്നുമാണ് സര്‍ക്കാര്‍ തീരുമാനം. സ്കൂളിന്‍റെ മേധാവി പ്രിന്‍സിപ്പലാകുന്നതോടെ അവരെ സഹായിക്കാന്‍ ജീവനക്കാരില്ളാത്ത അവസ്ഥയ്ക്കും പരിഹാരമാകും. പ്രീപ്രൈമറി സ്കൂളുകള്‍ വ്യാപകമാക്കാനുളള ശ്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചു.

 

സര്‍ക്കാര്‍ സ്കൂളുകള്‍ ഹൈടെക്
പുതിയ അധ്യയന വര്‍ഷം തുടങ്ങുന്പോള്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് മികച്ച അടിസ്ഥാനസൌകര്യങ്ങളാണ്. ഹൈടെക് ക്ളാസ് മുറികള്‍ 8ാം ക്ളാസ് മുതല്‍ ,ഇന്‍റര്‍നെറ്റ് കണക്ഷന്‍, ലാപ്ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍,മൌണ്ടിങ് കിറ്റുകള്‍, യുഎസ്ബി സ്പീക്കറുകള്‍,സ്ക്രീനുകള്‍ ,മള്‍ട്ടിഫംഗ്ഷന്‍ പ്രിന്‍ററുകള്‍, എച്ച്ഡി ഡിജിറ്റല്‍ഹാന്‍ഡി ക്യാം, എച്ച്ഡി വെബ് ക്യാം,എല്‍ഇഡി ടെലിവിഷന്‍,പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പൊതുവിദ്യാലയങ്ങളിലെ അധ്യയനത്തിന് മാറ്റുകൂട്ടുക. ഒപ്പം വിവിധ സ്കോളര്‍ഷിപ്പുകളും പാഠ്യേതരപ്രവര്‍ത്തനങ്ങളുമുണ്ട്. വിദ്യാരംഗം മുതല്‍ ഹരിതസേന വരെയുള്ള ക്ളബ്ബുകള്‍,സ്റ്റുഡന്‍റ്സ് പൊലീസ്, എന്‍സിസി, എന്‍എസ്എസ്, സ്കൌട്ട് ആന്‍ഡ് ഗൈഡ്, ജൂനിയര്‍ റെഡ്ക്രോസ് എന്നിവയാണ് പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടവ. സ്റ്റുഡന്‍റ്സ് പൊലീസ്, എന്‍സിസി, എന്‍എസ്എസ്, സ്കൌട്ട് ആന്‍ഡ് ഗൈഡ്, ജൂനിയര്‍ റെഡ്ക്രോസ് പ്രവര്‍ത്തിച്ചാല്‍ ഗ്രേസ് മാര്‍ക്കും ലഭിക്കും. ഇതിനുപുറമേ ഉച്ചഭക്ഷണമുള്‍പ്പെടെ അര്‍ഹിക്കുന്നവര്‍ക്കുളള സഹായപദ്ധതികളും നിരവധി. സ്നേഹപൂര്‍വം ധനസഹായം, ചില മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാതഭക്ഷണവും വൈകുന്നേരം ലഘുഭക്ഷണവും, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കു വിശേഷ സന്ദര്‍ഭങ്ങളില്‍ സൌജന്യ അരി എന്നിവയും ലഭിക്കും.

 

എട്ടു ശനിയാഴ്ച പ്രവൃത്തിദിനം
201 പ്രവൃത്തിദിനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ആറാം പ്രവൃത്തിദിനമല്ളാത്ത എട്ടു ശനിയാഴ്ച പ്രവൃത്തിദിനമായി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 2 പ്രവൃത്തിദിനമല്ല. ഓണപ്പരീകഷ ഓഗസ്റ്റ് 30ന് ആരംഭിക്കും. ക്രിസ്മസ് പരീകഷ ഡിസംബര്‍ 12 മുതല്‍ 20 വരെയാണ്. ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള ക്ളാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി മൂന്നാം വാരവും എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ആറു മുതല്‍ 25 വരെയും നടത്തും. വര്‍ഷാവസാന പരീക്ഷകള്‍ക്കുള്ള തയാറെടുപ്പിനു കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31നു മുന്പ് പൂര്‍ത്തിയാക്കും. സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ചു മുതല്‍ ഒന്‍പതുവരെ ആലപ്പുഴയില്‍ നടത്തും. സെപ്റ്റംബറില്‍ സ്കൂള്‍തല കലോത്സവം പൂര്‍ത്തിയാക്കും. ഒക്ടോബറില്‍ സബ്ജില്ളാതലത്തിലും നവംബര്‍ ആദ്യവാരം ജില്ളാതലത്തിലും കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കും. സംസ്ഥാന ശാസ്ത്രോത്സവം നവംബര്‍ ഒന്‍പതു മുതല്‍ 11വരെയാണ്. ശാസ്ത്രോത്സവത്തിലും എല്‍പി സ്കൂള്‍ തലത്തിലുള്ള മത്സരങ്ങള്‍ സബ്ജില്ളാ തലത്തിലും യുപി സ്കൂള്‍ തലത്തിലുള്ള മത്സരങ്ങള്‍ ജില്ളാതലത്തിലും അവസാനിപ്പിക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ മാത്രമായിരിക്കും സംസ്ഥാന തല ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുക. സംസ്ഥാനതല സര്‍ഗ്ഗാത്സവം ഡിസംബര്‍ 27 മുതല്‍ 30 വരെയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷകള്‍ക്കാണു മുന്‍തൂക്കം. എല്ളാ വിദ്യാര്‍ത്ഥികള്‍ക്കും എസ്എസ്എല്‍സിക്ക് എ പ്ളസ് ലക്ഷ്യമിട്ട് ശാസ്ത്രീയമായ ഇടപെടല്‍ നടത്താനും തീരുമാനമായി.

 

അടുത്ത ഫെബ്രുവരി ആദ്യവാരം നടത്തുന്ന മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രത്യേക ശ്രദ്ധ നല്‍കുക. മോഡല്‍ പരീക്ഷയിലെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തിയശേഷം വിദ്യാര്‍ത്ഥികള്‍ക്കു പ്രയാസമുള്ള വിഷയങ്ങളില്‍ ഫെബ്രുവരി 15 മുതല്‍ 28 വരെ പ്രത്യേക പരിശീലനം നല്‍കി എസ്എസ്എല്‍സി പരീക്ഷയിലെ നില മെച്ചപ്പെടുത്തും.

 

കറങ്ങിനടന്നാല്‍ പിടിവീഴും
സ്കൂളിലേക്കെന്നു പറഞ്ഞിറങ്ങിയിട്ടു യൂണിഫോം മാറ്റിയും യൂണിഫോമിന് മുകളില്‍ മറ്റ് വസ്ത്രങ്ങള്‍ ധരിച്ചും കറങ്ങി നടക്കുന്ന വിരുതന്മാരും വിരുതത്തികളുമുണ്ട്. ഇങ്ങനെ രക്ഷിതാക്കളയും അധ്യാപകരെയും കബളിപ്പിച്ച് കറങ്ങിനടക്കുന്നവര്‍ കുടുങ്ങും. സ്കൂള്‍ ഹാജര്‍നില പൊലീസിനെ അറിയിക്കുന്ന സോഫ്റ്റ്വെയര്‍ അടുത്ത അധ്യയനവര്‍ഷം എല്ളാ ജില്ളകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ളയിലെ 10 സ്കൂളുകളില്‍ നടപ്പാക്കിയ പദ്ധതി വന്‍വിജയമായിരുന്നു. ഇതു നിലവില്‍ കൊല്ളത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും ഹാജര്‍നില കംപ്യൂട്ടറില്‍ അധ്യാപകരാണു രേഖപ്പെടുത്തുന്നത്. ഇതു സോഫ്റ്റ്വെയറിന്‍െറ സഹായത്തോടെ പൊലീസിനു പരിശോധിക്കാനാകും.

 

ചില കല്ലുകടികള്‍
പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്പോഴും പതിവുപോലെ ചില പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നവും കുട്ടികള്‍ വര്‍ദ്ധിക്കുന്ന സ്കൂളുകളില്‍ മതിയായ അധ്യാപകരെ നിയമിക്കാന്‍ കഴിയാത്തതും സജീവമായി നിലനില്‍ക്കുന്നു. ഇവയെക്കാളൊക്കെ മുകളിലാണ് സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന റിസോഴ്സ് അധ്യാപക നിയമനത്തിലെ കാലതാമസം. .കേന്ദ്ര സര്‍ക്കാര്‍ എസ്. എസ്.എ, ആര്‍.എം.എസ്.എ പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്ര ശികഷ അഭിയാന്‍ പദ്ധതി രൂപീകരിച്ചെങ്കിലും, കേരളത്തില്‍ പദ്ധതി തുടങ്ങാന്‍ താമസിക്കുന്നതാണ് കരാര്‍ അധ്യാപക നിയമനം വൈകാന്‍ കാരണം. എസ്.എസ്.എ പദ്ധതിയിലും, ആര്‍.എം.എസ്. എ പദ്ധതിയിലുമായി 2100 അധ്യാപകരാണ് നിയമനം കാത്തു കഴിയുന്നത്. ഒന്നു മുതല്‍ പ്ളസ്ടു വരെയുള്ള ക്ളാസുകളിലായി 1,20000 കുട്ടികളാണ് ഭിന്നശേഷിക്കാരായുള്ളത്