Tuesday 19 March 2024




വിശ്വാസം കാത്ത വിശ്വന്‍

By SUBHALEKSHMI B R.21 May, 2018

imran-azhar

ഒരു രാഷ്ട്രീയമുന്നണിയെ നയിക്കല്‍ എന്നത് ഒരു ബൃഹത്ത് ദൌത്യമാണ്. ചെറുതും വലുതുമായ നിരവധി രാഷ്ട്രീയ കക്ഷികളെ ഒരു മുന്നണിയുടെ ഭാഗമാക്കി നിര്‍ത്തണം. അവര്‍ക്കിടയിലെ പാലമായി വര്‍ത്തിക്കണം. അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ സമചിത്തതയോടെ സര്‍വ്വസമ്മതനായി നില്‍ക്കണം. ആ മഹാ ഉദ്യമത്തില്‍ റെക്കോര്‍ഡ് കാലയളവ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് വൈക്കം വിശ്വന്‍. ഇന്ന്വിശ്വന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കുന്നു  . 1987 ഏപ്രില്‍ 16 മുതല്‍ 1998 ജനുവരി ഏഴിന് രാജിവയ്ക്കുംവരെ ആ സ്ഥാനത്തിരുന്ന എം.എം.ലോറന്‍സിന്‍റെ റെക്കോര്‍ഡാണ് വിശ്വന്‍ തിരുത്തിക്കുറിക്കുന്നത്.   

 

  

2006 മേയ് 21നാണു വൈക്കം വിശ്വനെ എല്‍ഡിഎഫ് കണ്‍വീനറായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ചത്. പാലോളി മുഹമ്മദ് കുട്ടിയുടെ പിന്‍ഗാമിയായാണ് വൈക്കം വിശ്വന്‍ ഇടതുമുന്നണി കണ്‍വീനറായത്. വി. എസ് സര്‍ക്കാരില്‍ തദ്ദേശഭരണ മന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് പാലോളി മുഹമ്മദ്കുട്ടി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞത്. ഇതോടെ കോട്ടയത്തുകാരനായ വിശ്വന് നറുക്കുവീണു. സിപിഎം~സിപിഐ അഭിപ്രായവ്യത്യാസം രൂക്ഷമായപ്പോഴും മുന്നണിയില്‍ അവരെ ഒരുമിച്ചുനിര്‍ത്താന്‍ വിശ്വന്‍റെ നേതൃപാടവത്തിന് സാധിച്ചു. വിശ്വന്‍ പറയുന്നതും അതുതന്നെ "പാര്‍ട്ടി ഏല്‍പ്പിച്ച ദൌത്യം ഇത്രയും കാലം പൂര്‍ത്തിയാക്കിയെന്ന സന്തോഷമുണ്ട്. ഇടയ്ക്ക് ജനതാദള്‍വീരേന്ദ്രകുമാര്‍ വിഭാഗം മുന്നണി വിട്ടുപോയെങ്കില്‍ അവര്‍ ഇപ്പോള്‍ തിരിച്ചുവരുന്നു. ഒരു കാര്യവുമില്ളാതെ എല്‍ഡിഎഫ് വിട്ടുപോയവരാണ് ആര്‍എസ്പി. അവരിലും ഒരു ഭാഗം എല്‍ഡിഎഫിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് എന്തായാലും ഇപ്പോള്‍ യുഡിഎഫില്‍ അല്ള. അവര്‍ എല്‍ഡിഎഫിന്‍റെ ഭാഗമാകുമോയെന്നു ചോദിച്ചാല്‍ അതു മുന്നണി കൂട്ടായി ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യമാണ്'~വിശ്വന്‍ പറഞ്ഞു.


1939 ഒക്ടോബര്‍ 28~ന് കോട്ടയം ജില്ലയിലെ വൈക്കത്ത് വാഡയാറില്‍ പത്മനാഭന്‍ നായര്‍ കാര്‍ത്ത്യായനി അമ്മ ദന്പതികളുടെ മകനായാണ് വിശ്വന്‍ ജനിച്ചത്. എസ്എഫ്ഐയുടെ മുന്‍ഗാമിയായ സ്റ്റുഡന്‍റ് ഫെഡറേഷന്‍ പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവേശം. കേരള സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍റെ പ്രസിഡന്‍റായും സെക്രട്ടറിയായും വര്‍ത്തിച്ചു. കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്‍റെ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. ഇക്കാലയളവിലെല്ലാം പൊലീസ് നായാട്ടിനിരയായി. 1957~ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. നക്സല്‍ രാജനുവേണ്ടിയുളള പ്രക്ഷോഭത്തിന്‍റെ മുന്‍നിര നേതാക്കളിലൊരാളായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് സിപിഐ അംഗങ്ങളുടെ ക്രൂര മര്‍ദ്ദനത്തിരയായി. 1978~ല്‍ സിപിഎം സംസ്ഥാനകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980 ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. നീണ്ട 20 വര്‍ഷക്കാലം സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി പദവി അലങ്കരിച്ചു. 2005~ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും 2009~ല്‍ കേന്ദ്രകമ്മിറ്റിയിലും അംഗമായി. 2015~ല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവായെങ്കിലും കേന്ദ്രകമ്മിറ്റിയില്‍ തുടരുന്നു.

അനാരോഗ്യം മൂലം ഇടതുമുന്നണി കണ്‍വീനര്‍ പദവി ഒഴിഞ്ഞേക്കുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് റെക്കോര്‍ഡ് നേട്ടമെത്തുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് വിശ്വന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് സൂചനകള്‍. ജൂണ്‍ ഒന്നിന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും പിന്നാലെ ചേരുന്ന ഇടതുമുന്നണി യോഗത്തിലും ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിശ്വന്‍ ഒന്നും വിട്ടുപറയുന്നില്ല എന്നതാണ് കൌതുകകരം. പാര്‍ട്ടി ഓരോ കാലത്ത് ഓരോ ജോലി ഏല്‍പ്പിക്കുമെന്നും പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ചുമതല സംസ്ഥാന കമ്മിറ്റി തീരുമാനിക്കുന്പോള്‍ അക്കാര്യം അറിയാമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. വൈക്കം വിശ്വന് പകരം സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.വിജയരാഘവനാണ് സാധ്യത കൂടതലെന്നാണ് വിവരം. കോട്ടയത്ത് നിന്ന് തന്നെയുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകളും കണ്‍വീനര്‍ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. വിഷയത്തില്‍ സി.പി.എം സെക്രട്ടേറിയറ്റാണ് അന്തിമതീരുമാനമെടുക്കേണ്ടത്.