Wednesday 22 May 2019


പൊലീസ് ഉത്തരവാദിത്തം മറക്കുന്പോള്‍

By SUBHALEKSHMI B R.29 May, 2018

imran-azhar

""ജില്ളയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്‍റെ തിരക്കിലാണ്. അതുകഴിഞ്ഞു നോക്കാം''~ ഈ വാചകമാണ് ഇപ്പോള്‍ കേരള പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ സ്വന്തം സഹോദരനുള്‍പ്പെടെയുളള സംഘം തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായെത്തിയ യുവതിയോടാണ് ഗാന്ധിനഗര്‍ എസ്എ ഇത്തരത്തില്‍ പ്രതികരിച്ചത്. എന്നുമാത്രമല്ല, പരാതി സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം പരാതി സ്വീകരിച്ചു. കേസെടുത്ത് അന്വേഷണമാരംഭിച്ചു. പക്ഷേ, വൈകി ലഭിക്കുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ആ 23~കാരന്‍റെ ജീവനറ്റ ശരീരമാണ് പൊലീസിന് കണ്ടെത്താനായത്. മണിക്കൂറുകള്‍ നീണ്ട അലംഭാവത്തിന്‍റെ ഫലം.

 

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കോട്ടയം നട്ടാശേരി എസ്എച്ച് മൌണ്ടില്‍ കെവിന്‍ പി. ജോസഫിനെ ഭാര്യ നീനു ചാക്കോയുടെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമെത്തി തട്ടിക്കൊണ്ടുപോയത്. ബന്ധുവായ അനീഷിന്‍റെ മാന്നാനത്തെ വീട്ടില്‍ നിന്നാണ് കെവിനെയും അനീഷിനെയും സംഘം ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ബഹളം കേട്ടെത്തിയ പരിസരവാസികളെ സംഘം ഭീഷണിപ്പെടുത്തിയകറ്റി. ഇവര്‍ പോയ ശേഷം പരിസരവാസികള്‍ പൊലീസിനെയും കെവിന്‍റെ ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. രാവിലെ ആറുമണിക്ക് കെവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി. പരാതി സ്വീകരിക്കാന്‍ കൂട്ടാക്കാതെ പൊലീസ് ആരുമായോ ഫോണില്‍ ബന്ധപ്പെട്ടു. കെവിനെ ഉടന്‍ തിരികെയെത്തിക്കുമെന്ന് അറിയിച്ചു. ഇതിനിടെ, സംഘം അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തിച്ച് റോഡില്‍ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുവാഹനങ്ങളിലായി പത്തംഗസംഘമാണ് ആക്രമിച്ചതെന്നും. തന്നെയെും കെവിനെയും രണ്ടു വാഹനങ്ങളിലാണ് കയറ്റിയതെന്നും അനീഷ് മൊഴിനല്‍കി. അനീഷ് മൊഴിനല്‍കുന്നതിനും വളരെ മുന്പു തന്നെ കെവിന്‍റെ ഭാര്യ നീനു ചാക്കോ സ്റ്റേഷനിലെത്തിയിരുന്നു. 11 മണിയോടെയാണു നീനു സ്റ്റേഷനിലെത്തിയത്. ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായെത്തിയ നീനുവിനോട് ജില്ളയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ടെന്നും അതിന്‍റെ തിരക്കു കഴിഞ്ഞ് നോക്കാമെന്നുമാണ് പറഞ്ഞത്. തുടര്‍ന്ന് നീനു പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഞായറാഴ്ച വൈകിട്ടാണ് കേസെടുത്തത്. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായത് കെവിന്‍റെ മൃതദേഹമാണ്. തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

 

 


കെവിന്‍ കൊല്ലപ്പെട്ട വാര്‍ത്തയ്ക്കൊപ്പം പൊലീസിന്‍റെ നിരുത്തവാദിത്വപരമായ സമീപനവും ചര്‍ച്ചയാവുകയാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത് പൊലീസിന്‍റെ നിഷ്ക്രിയത്വം തന്നെയാണ്. വരാപ്പുഴ കസ്റ്റഡി മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ജനസമക്ഷം തലകുനിച്ച് നില്‍ക്കെയാണ് പൊലീസ് നിഷ്ക്രിയത്വം മറ്റൊരു ജീവനെടുത്തിരിക്കുന്നത്. ഈ കൊലയില്‍ പൊലീസിന് നേരിട്ട് പങ്കില്ലെങ്കിലും അവരുടെ പങ്ക് ചെറുതല്ല. യുവാക്കളെ തട്ടിക്കൊണ്ടുപോയതായി പരിസരവാസികള്‍ വിവരം നല്‍കിയ ഉടന്‍ പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ അരുംകൊല നടക്കില്ലായിരുന്നു. കാരണം, കേരള പൊലീസിന്‍റെ സാമര്‍ത്ഥ്യത്തില്‍ ആര്‍ക്കും തെല്ലും സംശയമില്ല. അപ്പോള്‍ ശുഷ്കാന്തിയോടെ പ്രവര്‍ത്തിച്ചില്ലെന്നതോ പോകട്ടെ, കെവിന്‍റെ പിതാവിന്‍റെയോ ഭാര്യയുടെയോ പരാതിയെങ്കിലും ഗൌരവമായെടുത്ത് അനേഷിക്കാമായിരുന്നു. എങ്കിലും, കെവിനെ ജീവനോടെ കണ്ടെത്താമായിരുന്നു. പകരം, ആര്‍ക്കോ എന്തോ ചെയ്തുതീര്‍ക്കാന്‍ സമയം നല്‍കുകയായിരുന്നു പൊലീസ്. അത്തരത്തില്‍ കെവിന്‍റെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചാല്‍ പൊലീസ് വകുപ്പിന് ഒരു ന്യായവാദവുമുയര്‍ത്താനാവില്ല. മുഖ്യമന്ത്രിയുടെ പരിപാടി ഒരു ഒഴിവ്കഴിവ് മാത്രമാണ്. ആ സമയത്ത് സ്റ്റേഷനിലെ പൊലീസുകാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി എപ്പോഴാണ് പറഞ്ഞിട്ടുളളത്. ഇപ്പോഴിതാ ഒരു കൂട്ടം പൊലീസുകാരുടെ കൃത്യവിലോപം കാരണം പൊലീസ് സേനയും വകുപ്പ് മന്ത്രിയെന്ന നിലയില്‍ മുഖ്യനും എന്തിന് സര്‍ക്കാര്‍ തന്നെയും ആരോപണത്തിന്‍റെ മുനയില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.

 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊലീസ് കാരണം ജനത്തിന് മുന്നില്‍ മറുപടി പറയേണ്ടി വരുന്ന എത്രാമത്തെ സന്ദര്‍ഭമാണിത്? ജിഷ്ണു പ്രണോയിയുടെ അമ്മയെ വലിച്ചിഴച്ചതുമുതല്‍ വാരാപ്പുഴ വരെ എത്രയോ തവണ പൊലീസ് കാരണം സര്‍ക്കാര്‍ തലകുനിക്കേണ്ടി വന്നു. വാരാപ്പുഴ വിവാദമായി നില്‍ക്കെയാണ് തന്നെ കൂനിന്മേല്‍ കുരുപോലെ തെന്മല സംഭവമുണ്ടായിരിക്കുന്നത്. ജനമൈത്രി, പരുക്കന്‍ പെരുമാറ്റം മാറ്റാനുളള പ്രത്യേക ക്ളാസ്, തുടങ്ങി പൊലീസിനെ പരിഷ്ക്കരിക്കാനുളള നടപടികള്‍ കാലാകാലങ്ങളില്‍ സര്‍ക്കാരുകള്‍ ചെയ്യുന്നുണ്ട്. എന്നാല്‍, പലപ്പോഴും സര്‍ക്കാരുകളുടെ, രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി പൊലീസ് മാറുന്നു. ഇപ്പോഴത്തെ പൊലീസിനെ സംബന്ധിച്ചിടത്തോളം അവര്‍ സര്‍ക്കാര്‍ വിരുദ്ധരാണോ എന്ന് തോന്നുന്ന രീതിയിലുളള നടപടികളാണുണ്ടാകുന്നത്. നിശ്ചിത ഇടവേളകളില്‍ പൊലീസ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നു. കുടുംബത്തോടെ സഞ്ചരിക്കുന്ന ഇരുചക്രയാത്രികരെ പോലും വെറുതെ വിടാത്ത കൃത്യവിചാരം അത്യാവശ്യസമയത്ത് ഉറങ്ങിപ്പോകും. കെവിന്‍ സംഭവത്തില്‍ സര്‍ക്കാര്‍ സത്വരനടപടികളെടുത്തു കഴിഞ്ഞു. എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയും എസ്പിയെ സ്ഥലംമാറ്റുകയും ചെയ്തു. ഇത്തരം ശിക്ഷാ നടപടികള്‍ വിവിധ സംഭവങ്ങളുടെ പേരില്‍ കാലാകാലങ്ങളില്‍ യഥാക്രമം ഉണ്ടാകുന്നു. ഇവ കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുന്നുണ്ടോ? ഇല്ല എന്നാണ് നല്ലൊരു വിഭാഗം പൊലീസുകാരുടെയും പ്രവൃത്തി സൂചിപ്പിക്കുന്നത്. വേണ്ടത് സമഗ്രമായ, കാര്യക്ഷമമായ മാറ്റമാണ്. സാധാരണക്കാരനോടുളള പൊലീസിന്‍റെ മനോഭാവം മാറിയേ പറ്റൂ; ചിലരുടെ തന്നിഷ്ടം സേനയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

കേരളം റിവേഴ്സ് ഗിയറില്‍
കേരളം വളരുകയാണ്. സാമൂഹികമായി കേരളത്തിന്‍റെ വളര്‍ച്ച താഴേക്കാണെന്ന് മാത്രം. മലപ്പുറം അരീക്കോട് ഇതരസമുദായക്കാരനെ പ്രണയിച്ചതിന് വിവാഹത്തലേന്ന് 21~കാരിയെ പിതാവ് കത്തിക്കിരയാക്കിയത് മാര്‍ച്ച് 23~നാണ്. മനസ്സാക്ഷിയെ ഞെട്ടിച്ച കൃത്യം നടന്ന് രണ്ടുമാസവും നാലുദിവസുമാകുന്പോള്‍ പ്രണയത്തിന്‍റെ പേരില്‍ 23~കാരന്‍ കൊല്ലപ്പെട്ടു. ഒരേ മതക്കാരിയായ എന്നാല്‍ ആ വിഭാഗത്തിലെ സവര്‍ണ്ണരെന്ന് ഘോഷിക്കപ്പെടുന്ന സമുദായത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ച് കൂടെക്കൂട്ടിയതിനാണ് അവന് ഭാര്യാവീട്ടുകാര്‍ മരണം വിധിച്ചത്. ക്രൂരമായി മര്‍ദ്ദിച്ചും, കണ്ണുകള്‍ ചൂഴ്ന്നെടുത്തും ശരീരം നിലത്തൂടെ വലിച്ചിഴച്ചും ഒരു ശരീരത്തോട് ചെയ്യാവുന്ന ക്രൂരതകളെല്ലാം അവര്‍ അവനോട് ചെയ്തു. നവോത്ഥാന കാലഘട്ടത്തിന് മുന്പ് കേരളത്തില്‍ ഇത്തരം ദുരഭിമാനക്കൊലകളുണ്ടായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ പുരോഗതിയും നവോത്ഥാനനായകരുടെ അക്ഷീണയത്നവും ഇതിന് അറുതി വരുത്തി. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. ഇപ്പോഴിതാ അതിവേഗ സാങ്കേതികവിദ്യയുടെ യുഗത്തില്‍ കേരളം റിവേഴ്സ് ഗിയറിലാണ്. അതിവേഗം ജാതി,മത, വര്‍ണ്ണ, വര്‍ഗ്ഗ വിവേചനങ്ങളിലേക്ക് മടങ്ങിപ്പോകുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ പ്രാകൃതമായ പ്രതികാരത്തിലേക്ക്. കെവിന്‍റെ കൊലപാതകം സങ്കുചിതമായ ജാതി ചിന്തയുടെ സന്തതിയാണെന്ന് പൊലീസ് സമ്മതിക്കുന്നു. സമൂഹവും. നമുക്ക് ജാതിയില്ല എന്ന് ഭാരതം കണ്ട മഹാ മനീഷികളിലൊരാളായ ശ്രീ നാരായണഗുരുദേവന്‍ വിളംബരം ചെയ്ത് ഒരു നൂറ്റാണ്ടും രണ്ടു വര്‍ഷവും പിന്നിടുന്പോഴാണ്് കേരളം ഇത്തരത്തിലുളള പ്രാകൃതങ്ങളായ പ്രവൃത്തികള്‍ക്ക് വീണ്ടും വേദിയാകുന്നതെന്നതോര്‍ക്കണം. പുരോഗമനചിന്താഗതിയില്‍ നാം എവിടെയെത്തി നില്‍ക്കുന്നുവെന്ന് കേരളത്തിലെ സാക്ഷരസമൂഹം വിലയിരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു