Monday 06 December 2021
കര്‍ഷക സമരത്തിലെ യുവാവിനെ കൊലപ്പെടുത്തിയ വിഭാഗം; നിര്‍ഭയര്‍, യാതൊരു വിധേയത്വവുമില്ല, എപ്പോഴും ആയുധവുമായി നടക്കുന്നവര്‍

By RK.15 Oct, 2021

imran-azhar

 

രാജേഷ് ആര്‍

 

സിഖ് സമുദായത്തിലെ തീവ്രനിലപാടുകളുള്ള ഒരു വിഭാഗമാണ് നിഹംഗ്. ജാതി-മത വ്യത്യാസമില്ലാതെ സിഖ് ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ താല്‍പര്യമുള്ള ഏതൊരു വ്യക്തിക്കും നിഹംഗ് വിഭാഗത്തില്‍ അംഗംങ്ങളാകാം. ഖല്‍സ പെരുമാറ്റച്ചട്ടം കര്‍ശനമായ പാലിക്കുന്നവരാണ് നിഹംഗുകള്‍. അവര്‍ ആരോടും യാതൊരു വിധേയത്വവും കാണിക്കാറില്ല.

 

സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിനിടെ 35 വയസ്സുകാരനെ കൈകാലുകള്‍ വെട്ടി കെട്ടിത്തൂക്കി കൊന്നതിന്റെ ഉത്തരവാദിത്തം സംഭവസ്ഥലത്തെ ഒരു നിഹാംഗ് സംഘത്തിനാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ മരിച്ച വ്യക്തിയോ നിഹംഗുകളോ കര്‍ഷകസമരത്തിന്റെ ഭാഗമല്ലെന്ന നിലപാടാണ് ഇപ്പോള്‍ സംയുക്ത കിസാന്‍ മോര്‍ച്ച സ്വീകരിച്ചിരിക്കുന്നത്.

 

നിഹംഗ് സംഘടനയായ നിര്‍വൈര്‍ ഖല്‍സ-ഉഡ്ന ദള്‍ സംഭവത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്തിട്ടുണ്ട്. എന്തിന് വേണ്ടിയായിരുന്നു അവര്‍ ഈ അറുംകൊല നടത്തി എന്ന ചോദ്യമാണ് പിന്നാലെ ഉയരുന്നത്. അതിന് ഉത്തരം ലഭിക്കണമെങ്കില്‍ ആരാണ് നിഹംഗുകള്‍ എന്നറിയണം.

 

സിഖ് സമുദായത്തിലെ തീവ്രനിലപാടുകളുള്ള ഒരു വിഭാഗമാണ് നിഹംഗ്. ജാതി-മത വ്യത്യാസമില്ലാതെ സിഖ് ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ താല്‍പര്യമുള്ള ഏതൊരു വ്യക്തിക്കും നിഹംഗ് വിഭാഗത്തില്‍ അംഗംങ്ങളാകാം. ഖല്‍സ പെരുമാറ്റച്ചട്ടം കര്‍ശനമായ പാലിക്കുന്നവരാണ് നിഹംഗുകള്‍. അവര്‍ ആരോടും യാതൊരു വിധേയത്വവും കാണിക്കാറില്ല. ഈ തീവ്ര നിലപാടുകള്‍ തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലചെയ്യപ്പെട്ട ലഖ്ബീര്‍ സിംഗ് ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംഘടനയുടെ തലവന്‍ ബല്‍വിന്ദര്‍ സിങ് പറയുന്നത്.

 

നിഹംഗുകള്‍ അവരുടെ ആരാധനാലയങ്ങള്‍ക്ക് മുകളില്‍ ഒരു നീല പതാക ഉയര്‍ത്താറുണ്ട്. നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ ധരിക്കുന്നത്. വലിയ നീല തലപ്പാവ് ഈ വിഭാഗക്കാരുടെ മുഖമുദ്രയാണ്. എല്ലായ്‌പ്പോഴും നിഹംഗുകളുടെ കൈവശം ആയുധം ഉണ്ടായിരിക്കും. വാള്‍, കുന്തം എന്നിവയാണ് ഇവര്‍ പ്രധാനമായും ഉപയോഗിക്കുന്ന ആയുധം.

 

ഈ സംഘത്തിന്റെ രൂപപ്പെടലിനു പിന്നില്‍ ചില കഥകളുണ്ട്. ഒരു ദിവസം ഗുരു ഗോബിന്ദ് സിങ്ങിന്റെ പുത്ര•ാര്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഇളയ പുത്രനായ ബാബ ഫത്തേഹ് സിങ്ങിനെ മാറ്റി നിര്‍ത്തി. ഈ സംഭവമാണ് നിഹംഗ് എന്ന സംഘത്തിന്റെ രൂപീകരണത്തിന് കാരണമായ സംഭവമെന്നാണ് ഐതിഹ്യം.

 

സഹോദരന്‍ തന്നെ മാറ്റിനിര്‍ത്തിയതിന് പിന്നാലെ ഫത്തേഹ് സിങ് കൊട്ടാരത്തിലേക്ക് പോയി നീല വസ്ത്രങ്ങള്‍ ധരിച്ച്, നീളമുള്ള ഒരു തലപ്പാവ് (ദസ്താര്‍) കെട്ടി കുന്തവുമെടുത്ത് പുറത്തേക്ക് വന്നു. അവരോടൊപ്പം കളിപ്പിക്കാനായി തന്റെ സഹോദരങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നു ബാബ ഫത്തേഹ് സിങ് ഇപ്രകാരം ചെയ്തത്. എന്നാല്‍ ഗുരു ഗോബിന്ദ് സിങ് ഇത് കണ്ട് മകന്റെ വസ്ത്രധാരണരീതിയില്‍ ആകൃഷ്ടനായി. ഈ വസ്ത്രത്തില്‍ നിന്ന് നിഹംഗ് രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഗുരു ഗോബിന്ദ് സിങ്ങിന്റെ പ്രിയപ്പെട്ട സൈന്യത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത് എന്നാണ് ഐതിഹ്യം.

 

ഗുരു അര്‍ജന്‍ ദേവ് നിഹാംഗുകളെ നിര്‍ഭയര്‍ എന്നാണ് വിശേഷിപ്പിച്ചത്. ഈ വിഭാഗക്കാര്‍ ഇപ്പോഴും വളരെ പരമ്പരാഗതമായ ജീവിതമാണ് നയിച്ചുവരുന്നത്. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും അവര്‍ ഇരുമ്പ് പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാറുള്ളു. കുതിരകള്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ട്. അവയെ 'ജാന്‍ ഭായ്' എന്നാണ് നിഹംഗുകള്‍ വിളിക്കുന്നത്.

 

ഗുരുദ്വാരകളെയും സിഖുകാരെയും സംരക്ഷിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു നിഹംഗുകള്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ അഫ്ഗാന്‍ ആക്രമണകാരി അഹമ്മദ് ഷാ അബ്ദാലിയുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളില്‍ നിന്ന് സിഖുകാരെ സംരക്ഷിക്കുന്നതില്‍ നിഹംഗുകള്‍ പ്രധാന പങ്കുവഹിച്ചിരുന്നു. മഹാരാജാ രഞ്ജിത് സിങ്ങിന്റെ സൈന്യത്തിലും അവര്‍ക്ക് പ്രധാന സ്ഥാനം ലഭിച്ചിരുന്നു.

 

2020 ഏപ്രിലില്‍ ചണ്ഡീഗഡില്‍ വച്ച് ഒരു കൂട്ടം നിഹംഗുകള്‍ ഒരു പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റുകയും മറ്റ് മൂന്ന് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. സംസ്ഥാനം കോവിഡ് ലോക്ക് ഡൗണില്‍ ആയതിനാല്‍ കര്‍ഫ്യൂ പാസുകള്‍ കാണിക്കാന്‍ ഒരു സംഘം നിഹംഗുകളോട് പോലീസ് ആവശ്യപ്പെട്ടപ്പോഴാണ് അക്രമം നടന്നത്.

 

സമീപകാലത്ത് കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് നിഹംഗുകള്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടുതുടങ്ങുന്നത്. ഒരു വര്‍ഷത്തിലേറെയായി കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ക്യാമ്പ് ചെയ്യുന്ന ഡല്‍ഹി അതിര്‍ത്തിക്കടുത്തുള്ള സ്ഥലം സംരക്ഷിക്കുന്ന ഉത്തരവാദിത്വം നിഹംഗുകള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടി മരിക്കാനും കൊല്ലാനും തയ്യാറായാണ് സമരസ്ഥലത്ത് എത്തിയിരിക്കുന്നതെന്ന് അന്ന് നിഹംഗുകള്‍ പ്രഖ്യാപിച്ചിരുന്നു.

 


എന്താണ് ലഖ്ബീര്‍ സിംഗിന്റെ കൊലപാതകത്തിലേയ്ക്കു നയിച്ചത്?

 

മൂന്ന് ദിവസം മുമ്പ് സിംഗു അതിര്‍ത്തിയില്‍ എത്തിയ ലഖ്ബീര്‍ സിംഗ് ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ആദ്യ നിഹാംഗ് ക്യാമ്പിലാണ് താമസിച്ചിരുന്നത്. ലഖ്ബീര്‍ സിംഗിന്റെ കൈവശം സിഖ് വിശുദ്ധ പുസ്തകമായ സര്‍ബലോ ഗ്രന്ഥം ഉണ്ടെന്ന് കണ്ടെത്തി. അവിടെ നിഹാംഗ് സിഖുകാരില്‍ ഒരാള്‍ ലഖ്ബീറിനെ കണ്ടു, എന്തുകൊണ്ടാണ് സര്‍ബലോ ഗ്രന്ഥം കൊണ്ടു നടക്കുന്നതെന്ന് അന്വേഷിച്ചു. ലഖ്ബീര്‍ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചുവെന്ന് നിഹാംഗുകള്‍ ആരോപിച്ചു. താമസിയാതെ ഇതൊരു ബഹളത്തിലേയ്ക്കു നയിച്ചു. അത് അക്രമത്തില്‍ കലാശിച്ചു. ലഖ്ബീറിന്റെ കൈ വെട്ടിമാറ്റി, ആള്‍ക്കൂട്ടത്തില്‍ പലരും കാലും വെട്ടിമാറ്റണമെന്ന് നിര്‍ദ്ദേശിച്ചു. രക്തം വാര്‍ന്ന് ലഖ്ബീറിന് ബോധം നഷ്ടപ്പെട്ടപ്പോള്‍, അയാളെ മരിക്കാന്‍ വിട്ടു. പിന്നീട്, മൃതശരീരം ബാരിക്കേഡില്‍ തൂക്കിയിട്ടു.