Wednesday 22 May 2019


നൂറാം ദിവസം നരബലി

By SUBHALEKSHMI B R.24 May, 2018

imran-azhar

മേയ് 22, തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെന്പു ശുദ്ധീകരണശാലയ്ക്കെതിരായ സമരത്തിന്‍റെ നൂറാം ദിനം. ഇരുപതിനായിരത്തിലേറെ ജനങ്ങളാണ് പ്രതിഷേധവുമായി വി.വി.ടി സിഗ്നലിന് മുന്പില്‍ തടിച്ചുകൂടിയത്. സമരത്തിന്‍റെ മുന്നണിപ്പോരാളികളിലൊരാളായ റെവല്യൂഷണറി യൂത്ത് ഫ്രണ്ട് നേതാവായ തമിഴരശന്‍, തമിഴകവാഴ്വുരുമൈ കക്ഷി തുടങ്ങി നിരവധി പ്രാദേശിക രാഷ്ട്രീയ, പരിസ്ഥിതി സംഘടനാ നേതാക്കള്‍ പ്രതിഷേധത്തിന് വീര്യം പകര്‍ന്ന് സമരമുഖത്തുണ്ട്. കളക്ടറേറ്റിലേക്ക് പൊലീസ് ബാരിക്കേഡ് തകര്‍ത്ത് കടക്കാന്‍ ശ്രമിച്ച പ്രക്ഷോഭകരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പിരിച്ചുവിട്ടു. എന്നാല്‍ പ്രക്ഷോഭകര്‍ പിന്മാറിയില്ല. അവര്‍ പൊലീസ് സംഘത്തിന് അല്പം അകലെയായി നിലയുറപ്പിച്ചു. ഇതിനിടെ അജ്ഞാതര്‍ അവിടെയുണ്ടായിരുന്ന വാന്‍ കത്തിച്ചു. ഇതോടെ പൊലീസിന് കലിയിളകി. രണ്ടു പൊലീസുകാര്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാനിനുമുകളിലേക്ക് ചാടിക്കയറി. അതിനുചുറ്റുമായി കുറേ പൊലീസുകാര്‍ നിലയുറപ്പിച്ചു. ""കുറഞ്ഞത് ഒരെണ്ണമെങ്കിലും ചാകണം'' വെടിവെയ്പിനുളള നിര്‍ദ്ദേശം പോലെ ഈ വാക്കുകള്‍. അതോടെ മുകളിലിരുന്ന പൊലീസുകാര്‍ സമരക്കാര്‍ക്കിടയിലേക്ക് ലക്ഷ്യം പിടിച്ച് വെടിപൊട്ടിച്ചു. രണ്ടു റൌണ്ട് വെടി. തമിഴരശനും 12 വയസ്സുകാരിയുമടക്കം പന്ത്രണ്ട് പേര്‍ പിടഞ്ഞുവീണു. നൂറോളം പേര്‍ക്ക് പരിക്ക്. സംഭവസ്ഥലത്ത് അപ്പോള്‍ വെടിവെയ്പിനുളള സാഹചര്യമൊന്നുമില്ലായിരുന്നുവെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന പീപ്പിള്‍സ് വാച്ച് നേതാവ് ഹെന്‍ട്രി ടിഫാനെ പറയുന്നത്. പൊലീസുകാര്‍ ഒരു അരാജകകൂട്ടത്തെപ്പോലെ പകയോടെ പെരുമാറുകയായിരുന്നു. ഇതു ശരിവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നുകഴിഞ്ഞു. ജനക്കൂട്ടത്തിനിടയില്‍ നിന്ന തമിഴരശനെ പൊലീസ് ലക്ഷ്യം വയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെസമരക്കാരെ വിരട്ടാനല്ല കൊല്ലാനുദ്ദേശിച്ചുതന്നെയാണ് പൊലീസ് വെടിയുതിര്‍ത്തത് എന്നത് തെളിഞ്ഞിരിക്കുകയാണ്. ""ഒരെണ്ണമെങ്കിലും ചാകണം'' എന്ന കൊലവിളി നടത്തുന്നത് ആരെന്ന് വ്യക്തമല്ലെങ്കിലും പൊലീസ് ആണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരണം ആ വാനിന് ചുറ്റും അപ്പോള്‍ പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ജനക്കൂട്ടം അല്പം അകലെയാണ് നിലയുറപ്പിച്ചിരുന്നത്. 

 

 

വെടിവെയ്പിന് ശേഷം കാര്യങ്ങള്‍ കൈവിട്ടു. ഒരു കൂട്ടര്‍ പരിഭ്രാന്തരായി പലായനം ചെയ്തപ്പോള്‍ മറ്റൊരു കൂട്ടര്‍ സ്റ്റെല്‍ലൈറ്റ് ക്വാര്‍ട്ടേഴ്സുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. മേയ് 23ന് വീണ്ടും വെടിവെയ്പുണ്ടായി. അണ്ണാനഗറിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. നൂറാം ദിനം നടന്ന നരബലിയോടെ സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരായ സമരം രാജ്യാന്തരശ്രദ്ധ നേടുകയും ചെയ്തു. പൊലീസ് നരനായാട്ടിനെതിരെ രാഷ്ടീയ~സാമൂഹിക~സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തി. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഏകാംഗ ജുഡിഷ്യല്‍ കമ്മിഷനെ നിയമിച്ചു. എന്നാല്‍ ഇത് ജനത്തിന്‍റെ കണ്ണില്‍ പൊടിയിടാനാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ "ജാലിയന്‍വാലാ ബാഗ്' കൂട്ടക്കൊലയാണിതെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ ആരോപിച്ചു. തമിഴ്നാട്ടിലിപ്പോള്‍ ഫാസിസ്റ്റ് ഭരണമാണുളളതെന്നും ഡിഎംകെ നേതാവ് ശരവണന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ജനക്കൂട്ടം അക്രമാസക്തമായതിനാലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനാലുമാണ് വെടിവയ്ക്കേണ്ടി വന്നതെന്നാണ് പൊലീസ് വാദിക്കുന്നത്. ആസൂത്രിത കൂട്ടക്കൊലയാണെന്നാണ് ബഹുഭൂരിപക്ഷം ആരോപിക്കുന്നത്.

 

 

 

ജയലളിത പൂട്ടി ട്രൈബ്യൂണല്‍ തുറപ്പിച്ചു
ബിഹാര്‍ സ്വദേശി അനില്‍ അഗര്‍വാളിന്‍റെ ഉടമസ്ഥതയില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്സസ് എന്ന ലോഹ ഖനന കന്പനിയുടെ കീഴിലുളള സ്ഥാപനമാണു സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസ് (ഇന്ത്യ). ഖനനം ചെയ്ത ചെന്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് സര്‍ക്യൂട്ട് ഘടകങ്ങള്‍, ഇലക്ട്രിക് വയറുകളില്‍ ഉപയോഗിക്കുന്ന ചെന്പ് നാരുകള്‍, ട്രാന്‍സ്ഫോമറുകളില്‍ ഉപയോഗിക്കുന്ന ചെന്പു ഘടകങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന കന്പനിയാണിത്. 1975~ല്‍ കൊല്‍ക്കത്തിയിലാണ് ഇത് തുടങ്ങിയത്. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. 20 വര്‍ഷമായി തമിഴ്നാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട്. ചെന്പ് ഉല്പന്നങ്ങള്‍ക്ക് പുറമെ ബോക്സൈറ്റ്, അലുമിനിയം കണ്ടക്ടറുകള്‍, സിങ്ക്, ലെഡ്, രാസവസ്തുക്കളായ സള്‍ഫ്യൂരിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ്, ഫോസ്ഫോ ജിപ്സം, എന്നിങ്ങനെയുള്ള വസ്തുക്കളും തൂത്തുക്കുടിയിലെ പ്ളാന്‍റില്‍ ഉല്‍പാദിപ്പിക്കുന്നു. ഈ പ്ളാന്‍റില്‍ ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുന്നതായുളള പ്രദേശവാസികളുടെ പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2013~ല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ധനച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നു പ്ളാന്‍റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കന്പനി ദേശീയ ഹരിത
ട്രൈബ്യൂണലിനെ സമീപിക്കുകയും ട്രൈബ്യൂണല്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.തൂത്തുക്കുടിയില്‍ വീണ്ടും പ്ളാന്‍റുകള്‍ വികസിപ്പിക്കാന്‍ കന്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. ഫെബ്രുവരി 11ന് ആരംഭിച്ച സമരത്തിനു വ്യാപാരി, പരിസ്ഥിതി സംഘടനകളും കോളജ് വിദ്യാര്‍ഥികളും വിവിധ പ്രതിപക്ഷ,പ്രാദേശിക കക്ഷികളും സന്നദ്ധ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചു. രജനീകാന്തും കമലഹാസനും പിന്തുണ
പ്രഖ്യാപിച്ചു. ഇതോടെയാണ് നൂറാം ദിനത്തില്‍ വന്‍ പ്രതിഷേധറാലി സംഘടിപ്പിക്കാന്‍ സമരനേതാക്കള്‍ തീരുമാനിച്ചത