Tuesday 19 March 2024




മഹാരാജാവിനെ വില്‍ക്കുന്പോള്‍

By webdesk.06 Jun, 2018

imran-azhar

മഹാരാജാവിന്‍റെ വീരശൂരപരാക്രമങ്ങളെ ചൊല്ലിയാണ് രാജ്യത്തെ ജനത അഭിമാനിക്കുക പതിവ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് നാണക്കേടിന്‍റെ നിമിഷങ്ങളാണ്. രാജ്യം അതിന്‍റെ മഹാരാജാവിനെ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. എന്നാല്‍, ആര്‍ക്കും മഹാരാജാവിനെ വേണ്ട താനും. പറഞ്ഞുവരുന്നത് എയര്‍ ഇന്ത്യ എന്ന ഇന്ത്യയുടെ ആദ്യ വിമാനക്കന്പനിയെ കുറിച്ചാണ്. ഇന്ത്യാക്കാരനെന്ന നിലയില്‍ അഭിമാനിച്ച ജെ.ആര്‍.ഡി ടാറ്റ എന്ന ദീര്‍ഘദര്‍ശി തുടങ്ങിവച്ച വിജയകരമായി പറത്തിയ വിമാനക്കന്പനി. ഒരു കാലത്ത് ഇന്ത്യയുടെ അഭിമാനചിഹ്നമായിരുന്ന വിമാനക്കന്പനി. ഇപ്പോഴിതാ ഓഹരികള്‍ വാങ്ങാന്‍ ആളില്ലാതെ നാണംകെട്ട അവസ്ഥയില്‍. വില്‍ക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വില്പന വൈകുന്തോറും അപകടമാണെന്ന് കാപ (സെന്‍റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍) ഇന്ത്യയും പറയുന്നു. വില്പന അടുത്ത സര്‍ക്കാരിന്‍റെ കാലത്തേക്ക് നീട്ടിവച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് കാപയുടെ മുന്നറിയിപ്പ്. എന്നാല്‍ വാങ്ങാനുളള ഇഒഐ സമര്‍പ്പിക്കാനുളള അവസാനദിനം കഴിഞ്ഞിട്ടും ആരും അതിന് സജ്ജരായിട്ടില്ല.

 

2017 ജൂണ്‍ 17~നാണ് എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എയര്‍ ഇന്ത്യയിലെ 76% ഓഹരികളും എയര്‍ ഇന്ത്യസാറ്റ്സിലെ (എയര്‍ ഇന്ത്യയും സിംഗപ്പൂര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ സര്‍വീസസും ചേര്‍ന്നുള്ള സഹകരണം) 50% ഓഹരിയുമാണു വില്‍ക്കാന്‍ വച്ചിരിക്കുന്നത്. ബ്രിട്ടിഷ് എയര്‍വേയ്സും ലുഫ്താന്‍സയും ഇത്തിഹാദ് എയര്‍വേയ്സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും യുഎസ് ആസ്ഥാനമായ ഇന്‍റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആന്‍ഡ് വാര്‍ബര്‍ഗ് പിന്‍കസും ഇന്‍ഡിഗോ എയര്‍ലൈന്‍സുമെല്ലാം താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. 2018 മാര്‍ച്ച് 28ന് വില്‍പനയ്ക്കുളള പ്രാരംഭനടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പത്തൊന്‍പത് ദിവസത്തിനുളളില്‍ ഓഹരി വില്പനയെക്കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് 160 അപേക്ഷകളാണ് ലഭിച്ചത്. മേയ് 31ന് ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യം അറിയിച്ചുകൊണ്ടുളള ഇഒഐ സമര്‍പ്പിക്കാനുളള അവസാന തീയതിയായിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യയുടെ 76% ഓഹരി വാങ്ങാന്‍ താല്പര്യമറിയിച്ച് ആരുമെത്തിയില്ല. പതിനൊന്നുമാസത്തിനുളളില്‍ എന്ത് മറിമായമാണ് സംഭവിച്ചത്. ഇന്ത്യയുടെ മഹാരാജാവില്‍ ലാഭക്കണ്ണെറിഞ്ഞെത്തിയവര്‍ പെട്ടെന്ന് നിശ്ചലമായതെന്തേ? കാരണങ്ങള്‍ പലതാണ്. അതില്‍ ആദ്യത്തേത് 24% ഓഹരികള്‍ നിലനിര്‍ത്താനുളള സര്‍ക്കാര്‍ തീരുമാനമാണ്. എന്തുകൊണ്ടാണ് ഇത്രയും ചെറിയൊരു ഭാഗം ഓഹരി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ താല്പര്യപ്പെടുന്നതെന്നും അത് തീര്‍ച്ചയായും സാന്പത്തികവുമായി ബന്ധപ്പെട്ടതാണെന്നും ഈ നീക്കത്തിന് പിന്നിലെ സാന്പത്തികവും സാന്പത്തികേതരവുമായ ലക്ഷ്യങ്ങള്‍ വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പേരാണ് സര്‍ക്കാരിനെ സമീപിച്ചത്. 24% ഓഹരി നിലനിര്‍ത്തുക എന്നത് കേന്ദ്രത്തിന്‍റെ തീരുമാനമാണെന്ന പരന്ന മറുപടി മാത്രമാണ് ഇവര്‍ക്കെല്ലാം വ്യോമയാന മന്ത്രാലയം നല്‍കിയത്. അതിലാരും തൃപ്തരല്ല. അതുകൊണ്ടുതന്നെ 24% ഓഹരിയാണ് എയര്‍ ഇന്ത്യയെ ആര്‍ക്കും വേണ്ടാതാക്കിയതില്‍ പ്രധാനമെന്ന് ഈ മേഖലയിലെ നിരീക്ഷകരും വിലയിരുത്തുന്നു. വര്‍ദ്ധിക്കുന്ന കടബാധ്യതയാണ് മറ്റൊരു കാരണം. ഇപ്പോള്‍ 7.5 ബില്യന്‍ ഡോളറാണ് കടം. അത് വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ആഭ്യന്തരവിപണിയിലുണ്ടാകുന്ന ഇടിവാണ് മറ്റൊരു കാരണം. ഇങ്ങനെ എയര്‍ഇന്ത്യ വിറ്റുപോകാതിരിക്കാനുളള കാരണങ്ങളും വിറ്റുതുലക്കേണ്ടതിന്‍റെ ആവശ്യകതയെയും കുറിച്ചാണ് എല്ലാവരും പറയുന്നത്. നല്ല വില കിട്ടാതെ നില്‍ക്കില്ലെന്ന് വ്യോമയാന സെക്രട്ടറി

പറയുന്നു. ആരാണ് നല്ല വില പറയുക? ഒരു കാലത്ത് വന്‍ലാഭത്തില്‍ കുതിച്ചിരുന്ന മഹാരാജാവിനെ ഈ ഗതിയിലാക്കിയത് ആരാണ്? അതിനാണ് ഉത്തരം വേണ്ടത്.

 

 

1932~ല്‍ ഒറ്റ എന്‍ജിന്‍ ഡാ ഹാവിലാന്‍ഡ് പസ് മോത്തില്‍ കറാച്ചിയില്‍ നിന്ന് ജുഹുവിലേക്ക് പറന്നുകൊണ്ട് ജാംഷെഡ്ജി ടാറ്റ തുടങ്ങിയ ടാറ്റ എയര്‍സര്‍വ്വീസസ് 1938~ല്‍ ടാറ്റാഎയര്‍ലൈന്‍സ് ആയും 1946 ജൂലായ് 29ന് എയര്‍ ഇന്ത്യ എന്നപേരില്‍ പൊതുമേഖലാ സ്ഥാപനവുമായി മാറി. പക്ഷേ അപ്പോഴും കന്പനി ടാറ്റയുടെ നിയന്ത്രണത്തിലായിരുന്നു. 1953ല്‍ ടാറ്റാ സര്‍വീസില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഓഹരികളിലേറെയും കേന്ദ്ര സര്‍ക്കാര്‍ വാങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലേക്കു വന്നെങ്കിലും 1977വരെ ചെയര്‍മാന്‍പദത്തില്‍ ജെ.ആര്‍.ഡി. ടാറ്റ തുടര്‍ന്നു. പിന്നീടും പതിറ്റാണ്ടുകള്‍ ഇന്ത്യയുടെ മഹാരാജാവിന് പ്രതാപകാലമായിരുന്നു.  പിന്നീട് രാജ്യാന്തര സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ആഭ്യന്തര സര്‍വീസുകള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സും നടത്തിവന്നു. സ്വകാര്യ എയര്‍ലൈനുകളോ വിദേശ എയര്‍ലൈനുകളോ കടന്നുവരാത്ത സുവര്‍ണ്ണകാലമായിരുന്നു അത്. 2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും ഒന്നായി അപ്പോഴും ഇന്ത്യാക്കാരന്‍റെ സ്വന്തം എയര്‍ സര്‍വ്വീസായി തുടര്‍ന്നു.  ഇന്ത്യയുടെ മഹാരാജാവിന്‍റെ കിരീടത്തില്‍ പൊന്‍തൂവലുകള്‍ ഏറെയാണ്. ഏഷ്യയില്‍ ആദ്യമായി ജെറ്റ് വിമാനം സ്വന്തമാക്കുകയും ജെറ്റ് സര്‍വീസ് നടത്തുകയും ചെയ്ത എയര്‍ലൈനാണ് എയര്‍ ഇന്ത്യ. 1960 ഫെബ്രുവരി 21ന് ജെറ്റ് വിമാനം (ബോയിങ് 707420) സ്വന്തമാക്കി.  1960 മേയ് 14നു ന്യൂയോര്‍ക്കിലേക്കായിരുന്നു ഗൌരി ശങ്കര്‍ എന്നുപേരിട്ട ജെറ്റ് വിമാനത്തിന്‍റെ  കന്നി സര്‍വീസ്. രാജ്യാന്തര നിലവാരത്തിലുള്ള 118 വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ സജ്ജമായവയായി എയര്‍ ഇന്ത്യയ്ക്കുണ്ട്. അനുബന്ധ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എക്സ്പ്രസിലെയും അലയന്‍സിലെയും മറ്റും വിമാനങ്ങള്‍ കൂട്ടാതെയാണിത്. ഏതു കാലാവസ്ഥയിലും വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യിക്കാനും പറത്താനും പ്രത്യേക പരിശീലനം സിദ്ധിച്ച കാറ്റഗറി 3  സര്‍ട്ടിഫിക്കേഷനുള്ള രാജ്യാന്തര നിലവാരത്തിലുള്ള പൈലറ്റുമാരുടെ സേവനം ലോകോത്തര നിലവാരത്തിലുളള ഗ്രൌണ്ട് ഹാന്‍ഡ്ലിങ് സംവിധാനങ്ങള്‍ എന്നിവ എയര്‍ ഇന്ത്യയുടെ പ്രത്യേകതയാണ്. എയര്‍ ഇന്ത്യയും സിംഗപ്പൂര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ സര്‍വീസസും ചേര്‍ന്നുള്ള എയര്‍ ഇന്ത്യ സാറ്റ്സ് ഏത് എയര്‍ലൈനുകളോടും കിടപിടിക്കുന്ന സംവിധാനങ്ങളുമായി സുസജ്ജവുമാണ്. എയര്‍ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള വിമാന സര്‍വീസ് സ്ഥാപനമായ എയര്‍ ഇന്ത്യ എക്സ്പ്രസ് ലോകത്തെ ഏറ്റവും മികച്ച മൂന്നു വാല്യു കാരിയറുകളിലൊന്നാണ്. 2014 ജൂലായ് 11ന് ലോകത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കൂട്ടായ്മയായ സ്റ്റാര്‍ അലയെന്‍സിലും അംഗമായി.  

എയര്‍ ഇന്ത്യയെ തകര്‍ത്തത് ഒരു ഗൂഢാലോചനയാണെന്ന് പറയേണ്ടി വരും. ഈ രാജ്യാന്തര, സ്വകാര്യ കന്പനികളുടെ ഗൂഢാലോനയുടെ ഭാഗമായി ഇടയ്ക്കിടെ പൈലറ്റുമാരുടെയും ജീവനക്കാരുടെയും സമരങ്ങള്‍, പഴയ വിമാനങ്ങളാണെന്ന പ്രചാരണം, യാത്രക്കാര്‍ക്കു കൊണ്ടുപോകാവുന്ന അനുവദനീയ ലഗേജിന്‍റെ തോതു കുറയ്ക്കല്‍, സര്‍വീസ് വൈകലും റദ്ദാക്കലും തുടങ്ങി നിരവധി നീക്കങ്ങളുണ്ടായി. സര്‍ക്കാരും നമ്മള്‍ ഇന്ത്യാക്കാരായ യാത്രക്കാരും അവര്‍ക്ക് കുടപിടിച്ചു കൊടുത്തു. രാജ്യത്തിന്‍റെ പതാകവാഹകനായ വിമാനകന്പനിയെ താഴ്ത്തിക്കെട്ടുന്നതില്‍ മത്സരിച്ച നാം എയര്‍ ഇന്ത്യ ചോരുന്നുവെന്ന അതിരോളം അസഹിഷ്ണുക്കളായി, ചെറിയ പോരായ്മകളെ പെരുപ്പിച്ച് പരസ്യമാക്കി. അടുക്കളയില്‍ തീരേണ്ടത് അങ്ങാടിപ്പാട്ടാക്കി. ഇതിനിടെ കൂനിന്മേല്‍ കുരുപോലെ വിദേശ എയര്‍ലൈനുകള്‍ക്ക് ഇന്ത്യന്‍ റൂട്ടുകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നയമെത്തി. ഗള്‍ഫ് മേഖലയില്‍നിന്നുള്ള ചില എയര്‍ലൈനുകള്‍ക്ക് 75000 വീതം സീറ്റ് അനുവദിച്ചത് എയര്‍ ഇന്ത്യയുടെ നട്ടെല്ളൊടിച്ച തീരുമാനങ്ങളിലൊന്നായാണു പിന്നീടു വിലയിരുത്തപ്പെട്ടത്.

 

ഇപ്പോള്‍ മഹാരാജാവിനെ വില്‍ക്കാന്‍ വച്ചിരിക്കുകയാണ്. ചുളുവിലയ്ക്കടിച്ചെടുക്കാനുളള തന്ത്രം മെനയുകയാണ് അതിലേക്കെത്തിച്ചവര്‍. എന്നാല്‍, ഇതൊഴിവാക്കാമെന്ന അഭിപ്രായമുളളവരും
കുറവല്ല. വേണമെന്നു വച്ചാല്‍ എയര്‍ഇന്ത്യയെ കൈപിടിച്ചു കയറ്റാം. രാജ്യാന്തര~ആഭ്യന്തര വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്കുള്ള ടൈം സ്ളോട്ടുകളില്‍ ചിലതു വിറ്റഴിച്ചാല്‍ പോലും വീട്ടാവുന്നതേയുള്ളൂ എന്തു നഷ്ടവുമെന്നാണ് സാന്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആ രീതിയില്‍ ആത്മാര്‍ത്ഥതയോടെ നീങ്ങിയാല്‍ മഹാരാജാവ് അഭിമാനച്ചിറകേറി പറക്കും.