Wednesday 20 June 2018

ചോദ്യപേപ്പര്‍ ചോര്‍ച്ച: അധ്യാപകരേ ജാഗ്രത...

By Subha Lekshmi B R.29 Mar, 2017

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ചോരുന്നത് തുടര്‍ക്കഥയാവുകയാണ്. ഇടതുഭരിച്ചാലും
വലതുഭരിച്ചാലും ഇതിന് മുടക്കമില്ല. ചോദ്യപേപ്പര്‍ ചോരുന്നതുപോലെ തന്നെ ഈ വിവരും ചോര്‍ന്ന് മാധ്യമങ്ങളില്‍ നിറയും. ഇതോടെ സര്‍ക്കാരിന് തലവേദനയാകും.
കുറേ തലകള്‍ ഉരുളും. കുറച്ചുകഴിയുന്പോള്‍ പുതിയ പരീക്ഷ നടത്തി അധികൃതര്‍ തലയൂരും. എന്നാല്‍, ഇതു മൂലം നട്ടംതിരിയുന്ന പലരുണ്ട്. അതില്‍ ഒരു വിഭാഗമാണ് പഠിച്ച് പരീക്ഷയെസമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍. എത്രയൊക്കെ ടെന്‍ഷന്‍ ഫ്രീ എന്നു പറഞ്ഞാലും പരീക്ഷയെന്നാല്‍ ഒരല്പം സമ്മര്‍ദ്ദമുണ്ടാവുക തന്നെ ചെയ്യും. ഗൌരവത്തോടെ പരീക്ഷയെ സമീപിക്കുന്നവര്‍ക്ക്താന്‍ പഠിച്ചുതീര്‍ത്ത ഭാഗത്തുനിന്നാവുമോ ചോദ്യങ്ങളെന്ന ടെന്‍ഷനുണ്ടാകും. ഇതൊക്കെ താണ്ടി പരീക്ഷയെഴുതി ആശ്വാസത്തോടെ പുറത്തിറങ്ങുന്പോഴാണ് ചോര്‍ച്ചക്കാര്യം വാര്‍ത്തയാകുക.
പിന്നെ, പുതിയ പരീക്ഷയെക്കുറിച്ചായിരിക്കും വിദ്യാര്‍ത്ഥികളുടെ ടെന്‍ഷന്‍. ആരാണ് ഇതിനു കാരണക്കാര്‍. പിഴവുകള്‍ എന്തുകൊണ്ടാണ് ആവര്‍ത്തിക്കുന്നത്? ആവര്‍ത്തിക്കും കാരണം അതിനായിഒരു മാഫിയ സജീവമാണ്. അവര്‍ക്ക് തലവച്ചുകൊടുക്കാന്‍ തയ്യാറായി ഉത്തരവാദിത്തപ്പെട്ടവര്‍ നില്‍ക്കുന്പോള്‍ ചോദ്യപേപ്പറുകള്‍ ചോര്‍ന്നുകൊണ്ടേയിരിക്കും.

 

സ്വകാര്യസ്ഥാപനങ്ങള്‍ക്കുവേണ്ടി മാഫിയ
ട്യൂഷന്‍ സെന്‍ററുകളിലും പാരലല്‍ കോളജുകളിലും എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പരീക്ഷകളുടെ ചോദ്യക്കടലാസ് വില്‍ക്കുന്ന ഏജന്‍സികളാണു പൊതു പരീക്ഷയുടെ ചോദ്യക്കടലാസ് തയാറാക്കുന്നവരെ വലയിലാക്കുന്നത്. മിഡ് ടേം പരീക്ഷകള്‍, ഓണപ്പരീകഷ, ക്രിസ്മസ് പരീക്ഷ, യൂണിറ്റ് പരീക്ഷകള്‍, പ്രീ മോഡല്‍ പരീക്ഷകള്‍ തുടങ്ങിയവയെല്ലാം ട്യൂഷന്‍ കേന്ദ്രങ്ങളില്‍ മുടങ്ങാതെ നടത്തുന്നു.സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സികളാണ് ഇതിനായി ചോദ്യക്കടലാസ് തയാറാക്കി നല്‍കുന്നത്. ഇവര്‍ പാരലല്‍ കോളജുകള്‍ക്കു പുറമേ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും ചോദ്യാവലി തയ്യാറാക്കി നല്‍കുന്നു. ഇതിലൂടെ ഇവര്‍ക്ക് നല്ല വരുമാനമുണ്ടാകുന്നു. ആദ്യകാലത്ത് സത്യസന്ധമായി പ്രവര്‍ത്തിച്ചിരുന്ന ഇത്തരം ഏജന്‍സികള്‍മത്സരം കടുത്തതോടെ പുത്തന്‍മാര്‍ഗ്ഗങ്ങള്‍ തേടി.

 


തങ്ങളുടെ ചോദ്യങ്ങള്‍ തന്നെ പൊതു പരീക്ഷയില്‍ ചോദിക്കുമെന്ന വാദം ശരിയാണെന്ന് തെളിയിക്കാന്‍ ഇവര്‍ പൊതുപരീക്ഷകള്‍ക്ക് ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരെ ചൂണ്ടയിടുന്നു.
എസ്സിഇആര്‍ടി, പരീകഷാഭവന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ ഇവര്‍ക്കു നല്ള സ്വാധീനം കാണും.
അത് ഉപയോഗിച്ചു പൊതു പരീകഷകളുടെ ചോദ്യകര്‍ത്താക്കളുടെ പേരും ഫോണ്‍ നന്പരും അവര്‍ ചോര്‍ത്തിയെടുക്കുന്നു. തുടര്‍ന്ന്, അവരെ ബന്ധപ്പെട്ടു തങ്ങള്‍ക്കു വേണ്ടി
ചോദ്യം തയാറാക്കുന്നതിനു ചുമതലപ്പെടുത്തും. വന്‍ തുക വാഗ്ദാനം ചെയ്യുന്നതിനാല്‍ പലരും പ്രലോഭനത്തില്‍ വീഴും. വലിയ തുകയാണ് ഇതിനായി നല്‍കുക. ഒരേ അധ്യാപകന്‍ തന്നെരണ്ടും മൂന്നും സ്വകാര്യ ഏജന്‍സികള്‍ക്കായി ചോദ്യം തയാറാക്കി നല്‍കുന്നുണ്ട്. അങ്ങനെ പൊതുപരീക്ഷയിലെ ചോദ്യങ്ങള്‍ പലതും ട്യൂഷന്‍സെന്‍ററുകളിലെ മോഡല്‍ ചോദ്യപേപ്പറില്‍ ഇടംപിടിക്കുന്നു.അതോടെ ട്യൂഷന്‍ സെന്‍ററിന് നല്ല പേരുണ്ടാകുന്നു.

 

ആദ്യകാലത്തൊക്കെ അല്പം അഡ്ജസ്റ്റു ചെയ്തായിരുന്നു ചോദ്യം ചോര്‍ത്തല്‍. അതായത്, ട്യൂഷന്‍സെന്‍ററിലെ മോഡല്‍ ചോദ്യപേപ്പറിലെ അഞ്ചോ ആറോ ചോദ്യങ്ങളേ പൊതുപരീക്ഷയ്ക്ക് അതോ പോലെ ചോദിക്കൂ. എന്നാല്‍, ആര്‍ത്തി കൂടിയന്പോള്‍ ഒന്നോ രണ്ടോ ഒഴിച്ച് മറ്റെല്ലാം അതേ പോലെ വരാന്‍ തുടങ്ങി. അതോടെ സംഗതി വെളിച്ചത്താവുകയും ചെയ്യുന്നു.

 

വേണ്ടത് ധാര്‍മികത
അധ്യാപകരുടെ ധാര്‍മികതയാണ് ഇവിടെ നിര്‍ണ്ണായകം. തങ്ങളെ സര്‍ക്കാര്‍ വിശ്വസിച്ച് ഒരു കാര്യമേല്‍പ്പിക്കുന്പോള്‍ കുട്ടികളുടെ ഭാവിയെ കരുതിയെങ്കിലും പ്രലോഭനങ്ങളില്‍ വീഴാതെതങ്ങളുടെ കടമ നിര്‍വ്വഹിക്കാനുളള ധാര്‍മികത അവര്‍ കാട്ടണം.