Sunday 24 March 2019


മേഘങ്ങളില്‍ മാറ്റത്തിന്‍റെ ഇടിമുഴക്കം

By SUBHALEKSHMI B R.13 Feb, 2018

imran-azhar


ഫെബ്രുവരി 27ന് മേഘാലയ പോളിംഗ്ബൂത്തിലേക്ക് മാര്‍ച്ചുചെയ്യാനൊരുങ്ങുകയാണ്. കോണ്‍ഗ്രസ്, ബിജെപി, നാഷണാലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) പ്രാദേശിക കക്ഷികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി), ഹില്‍സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) എന്നിവരാണ് ഇവിടെ മത്സരരംഗത്തുളളത്. തങ്ങള്‍ അധികാരത്തിലെത്തുമെന്ന് പ്രമുഖ കക്ഷികളെല്ലാം അവകാശവാദമുയര്‍ത്തുന്നു. എന്നാല്‍ ക്രൈസ്തവവോട്ടുകളാണ് ഇവിടെ നിര്‍ണ്ണായകമാകും. കാരണം സംസ്ഥാനത്തെ ജനസംഖ്യയില്‍ എഴുപത്തഞ്ച് ശതമാനത്തോളം ക്രിസ്തുമതവിശ്വാസികളാണ്. ഒന്നരപ്പതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയില്‍ ഭരണമാറ്റത്തിന്‍റെ കാഹളമുയരുന്നുവെന്നാണ് വിലയിരുത്തല്‍. മുകുള്‍ സാങ്മയുടെ ഏകാധിപത്യപ്രവണതയ്ക്കെതിരായ വികാരവും ഖനിത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിലെ പരാജയവും വികസനത്തിലെ പിന്നോട്ടടിയുമാണ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കാട്ടപ്പെടുന്നത്.‘

 

 

കോണ്‍ഗ്രസ് മുക്ത ഭാരത'മെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപി മേഘാലയയിലും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അസം , മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണംപിടിച്ചത് ബിജെപിക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു. ദേശീയതലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശികകക്ഷികളുമായി കൂട്ടുചേര്‍ന്ന് രൂപീകരിച്ച വടക്കുകിഴക്കന്‍ ജനാധിപത്യസഖ്യത്തിന്‍റെ (എന്‍ഇഡിഎ) മേല്‍വിലാസത്തിലാണ് ബിജെപി മേഘാലയയിലും മുഖ്യധാരയിലേക്കെത്തിയത്. തിരഞ്ഞെടുപ്പിന് മുന്പ് എഇഡിഎയിലെ സഖ്യകക്ഷികളായ എന്‍പിപിയുമായും യുഡിപിയുമായും സഖ്യത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദേശീയതലത്തില്‍ ബിജെപിയുടെ ബീഫ്നിരോധനമുള്‍പ്പെടെയുളള നയങ്ങള്‍ സംസ്ഥാനത്ത് ദോഷം ചെയ്തേക്കുമെന്ന ഭയം ഈ പ്രാദേശികകക്ഷികള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സഖ്യരൂപീകരണത്തിന് ഈ പാര്‍ട്ടികള്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, മണിപ്പൂര്‍ മാതൃകയില്‍ തിരഞ്ഞടുപ്പ് ഫലം വന്നശേഷം പ്രാദേശികകക്ഷികളെ കൂട്ടുപിടിച്ച് ഭരണംപിടിക്കാമെന്നാണ് ബിജെപിയുടെ വിശ്വാസം. ചില സര്‍വ്വേഫലങ്ങളും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. പുതുവര്‍ഷം പിറന്നതിന് ശേഷം എന്‍സിപി നേതാവ് സന്‍ബോര്‍ ഷുല്ളയ്, ജസ്റ്റിന്‍ ഡിഖര്‍, റോബിനസ് സിങ്കോണ്‍ തുടങ്ങിനിരവധി പേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് ബിജെപിയെ സംബന്ധിച്ച് ഇവിടെ വലിയ നേട്ടത്തിന് വകയില്ല. കാരണം, കോണ്‍ഗ്രസ് വിട്ടുവന്നവര്‍ക്ക് സീറ്റുനല്‍കിയെന്ന കാരണത്താല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ സഹോദരിയടക്കം പാര്‍ട്ടി വിട്ടുകഴിഞ്ഞു. നിലവില്‍, കോണ്‍ഗ്രസിന്‍റെ അത്രയുമില്ലെങ്കിലും ബിജെപിയും കൊഴിഞ്ഞുപോക്ക് ഭീഷണിനേരിടുകയാണ്. ബീഫ് നിരോധനവിഷയം മാംസവിഭവങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത വടക്കുകിഴക്കന്‍ മേഖലയില്‍ മിണ്ടാതെ വികസനമുദ്രാവാക്യമുയര്‍ത്തിയും പ്രാദേശികവാദത്തെ കൂട്ടുപിടിച്ചുമാണ് മേഘാലയയിലും ബിജെപി അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം യുഡിപി, എന്‍പിപി കക്ഷികളുമായി ചേര്‍ന്ന് അധികാരം പിടിക്കാമെന്ന് ബിജെപി സംസ്ഥാന~ദേശീയനേതൃത്വങ്ങള്‍ ഉറപ്പിക്കുന്നു. യുഡിപിയുടെ പോള്‍ ലിങ്തോ മത്സരിക്കുന്ന മണ്ഡലത്തിലുള്‍പ്പെടെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്നത് ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 47 സീറ്റുകളിലാണ് ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നത്.

 

കൊഴിഞ്ഞുപോക്കുതന്നെയാണ് മേഘാലയയിലും കോണ്‍ഗ്രസ് നേരിടുന്ന വലിയ ഭീഷണി. ജനുവരി 29ന് 115 പേരാണ് രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി അംഗത്വം രാജിവെച്ചത്. ലസാറസ് സംഗമിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് തെക്കന്‍ ഗാരോ പര്‍വ്വത ജില്ളയിലെ ഛോക്പോട്ട് മണ്ഡലത്തില്‍ നിന്നുള്ള 100 പേരും വിറ്റ്നസ് സിംക്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് റിഭോയ് ജില്ളയിലെ ജിരംഗ് മണ്ഡലത്തില്‍ നിന്നുള്ള 15 പേരും കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ചത്.ഛോക്പോട്ട് ബ്ളോക്ക് കമ്മിറ്റി, ജിരംഗ് ജില്ളാ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി, റിഭോയ് ജില്ളാ യൂത്ത് കോണ്ഗ്രസ് കമ്മിറ്റി തുടങ്ങിയവയിലെ അംഗങ്ങളാണ് രാജിവെച്ചത്. കഴിഞ്ഞ ഡിസംബറിലും ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടിരുന്നു. ഇവരില്‍ അഞ്ച് പേര്‍ എന്‍ പി പിയിലും ഒരാള്‍ ബി ജെ പിയിലും മറ്റൊരാള്‍ പുതുതായി രൂപവത്ക്കരിച്ച പി ഡി എഫിലും ചേര്‍ന്നിരുന്നു. എന്നിരുന്നാലും രാഹുല്‍തരംഗമുയര്‍ത്തിയും ബിജെപിയുടെ വര്‍ഗ്ഗീയത ഉയര്‍ത്തിക്കാട്ടിയും ക്രിസ്ത്യന്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 60 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്.മുഖ്യമന്ത്രി മുകുള്‍ സങ്മ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. കഴിഞ്ഞതവണ 60~ല്‍ 29 സീറ്റുനേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് യുഡിപിയെയും എച്ച്എസ്പിഡിപിയെയും കൂട്ടുപിടിച്ചാണ് അധികാരത്തിലേറിയത്. ഇത്തവണയും അതുതന്നെയാണ് ലക്ഷ്യം. 

 

 

എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിനോ ബിജെപിക്കോ സ്ഥാനമില്ലെന്നും പ്രാദേശികകക്ഷികളാണ് അധികാരം പിടിക്കുകയെന്നുമാണ് ജനവികാരം. ""കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം. എന്നാല്‍ അവര്‍ നേടില്ല. ഇത്തവണ പ്രാദേശിക കക്ഷികള്‍ മാത്രം''~ തലസ്ഥാനമായ ഷില്ലോംഗ് മുതല്‍  ഖാസി, ജൈന്തിയ, ഗാരോ കുന്നുകളിലെയും സാധാരണക്കാരുടെ അഭിപ്രായമിതാണ്. അതുകൊണ്ടുതന്നെയാണ് എന്‍ഇഡിപിയില്‍ നില്‍ക്കുന്പോഴും സംസ്ഥാനത്ത് ബിജെപിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന്  എന്‍പിപിയും യുഡിപിയും വാദിക്കുന്നത്. എന്‍ഇഡിപി മേഖലയുടെ വികാസത്തിന് വേണ്ടിയാണെന്നും അതിന് സംസ്ഥാനത്തെ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുപാര്‍ട്ടികളുടെയും സംസ്ഥാനനേതൃത്വം ആവര്‍ത്തിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാകുമോ എന്ന ചോദ്യം അവഗണിക്കുകയാണ്. ഇവിടെയാണ് ബിജെപി പ്രതീക്ഷവയ്ക്കുന്നതും. എന്‍പിപി ഒറ്റയ്ക്ക് മത്സരിക്കുന്പോള്‍ യുഡിപി എച്ച്എസ്പിഡിപിയുമായി ചേര്‍ന്നാണ് മത്സരിക്കുന്നത്. ഖാസി~ജൈന്തിയ ഹില്‍സില്‍ എച്ച്എസ്പിഡിപി~10 സീറ്റുകളിലും യുഡിപി 19 സീറ്റുകളിലും മത്സരിക്കും. അതുപോലെ തന്നെ ഗാരോ ഹില്‍സില്‍ പ്രാദേശിക കക്ഷിയായ ഗാരോ നാഷണല്‍കൌണ്‍സില്‍ 6 സീറ്റിലും യുഡിപി 13 സീറ്റിലും മത്സരിക്കാന്‍ തീരുമാനമായി. തങ്ങള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് എന്‍പിപി അവകാശപ്പെടുന്നത്. 

 

 

21 സീറ്റുകളില്‍  മത്സരിക്കുന്ന എന്‍സിപി തങ്ങള്‍ 10 മുതല്‍ 15 സീറ്റുകള്‍ വരെ നേടുമെന്ന്  അവകാശപ്പെടുന്നു. യുവാക്കളെ ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങളുമായാണ് എന്‍സിപി ഇവിടെ ജനവിധി തേടുന്നത്. 

ക്രൈസ്തവവോട്ടുകള്‍ വീഴ്ത്താന്‍ ടീം കോട്ടയം

 

 


ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന മേഘാലയയില്‍ വോട്ടുവീഴ്ത്താന്‍ കേരളത്തിലെ ക്രിസ്ത്യാനികളായ രാഷ്ട്രീയക്കാരെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ്, ബിജെപി, എന്‍സിപി കക്ഷികളുടെ തീരുമാനം. കോണ്‍ഗ്രസ് പ്രചാരണത്തിന് കേരളത്തില്‍ നിന്നെത്തുക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള സംഘമാണ്. കെ.സി. ജോസഫ് എം.എല്‍.എ,
ആന്‍റോ ആന്‍റണി എം.പി, ജോസഫ് വാഴയ്ക്കന്‍, അഡ്വ. ടോമി കല്ളാനി, മധു ഏബ്രഹാം, സുനു ജോര്‍ജ് എന്നിവരാണ് ഉമ്മന്‍ചാണ്ടിയുടെ പ്രചാരണസംഘത്തില്‍ എഐസിസി ഉള്‍പ്പെടുത്തിയവര്‍. കൂടാതെ ലാലി വിന്സന്‍ഫ്, ഡൊമനിക് പ്രസന്‍റേഷന്, അഡ്വ. ജോര്‍ജ് മേഴ്സിയര്‍്, ഇ.എം. അഗസ്തി എന്നിവരുമെത്തും. കോണ്‍ഗ്രസിന്‍റെ ടീം ഉമ്മന്‍ചാണ്ടിക്ക് ബദലായി കോട്ടയത്തുകാരനായ കേന്ദ്രമന്തി അല്‍ഫോണ്‍സ് കണ്ണന്താനത്തെയാണ് ബിജെപി രംഗത്തിറക്കുന്നത്. അഡ്വ.ജോര്‍ജ് കുര്യനും ഒപ്പമുണ്ടാകും. മാത്രമല്ല, പളളികളെ ലക്ഷ്യമിട്ട് 70 കോടി രൂപയുടെ തീര്‍ത്ഥാടനടൂറിസവും അല്‍ഫോണ്‍സ് കണ്ണന്താനം പ്രഖ്യാപിച്ചുകഴിച്ചു. എന്‍സിപിയാകട്ടെ മാണി.സി.കാപ്പനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. 74.59 ശതമാനം ക്രൈസ്തവരാണ്; ഇതില് 70 ശതമാനവും കത്തോലിക്കരും. ഇക്കാരണത്താലാണ് കോട്ടയം ടീമിനെ മേഘാലയയില്‍ പ്രചാരണത്തിനിറക്കാന്‍ രാഷ്ട്രീയകക്ഷികള്‍ തീരുമാനിച്ചത്