Wednesday 22 November 2017

ഒരു ദിനാഘോഷത്തില്‍ ഒതുങ്ങേണ്ടതല്ല യോഗ

By Subha Lekshmi B R.21 Jun, 2017

imran-azhar

ഇന്ന് അന്താരാഷ്ട്ര യോഗദിനം. 2015 ജൂണ്‍ 21 മുതലാണ് യോഗാദിനം ആചരിച്ചുതുടങ്ങിയത്. 2014 ഡിസംബര്‍ 11ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ജൂണ്‍ 21 യോഗ ദിനമായി
പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായി. ശാരീരികവും മാനസികവും ആത്മീയവുമായ ഗുണങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയുന്ന ഇന്ത്യയുടെ തനത് വിദ്യയാണ് യോഗ.

 

ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകലുളള ജൂണ്‍ 21 യോഗാദിനമായി ആചരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചതും നരേന്ദ്രമോദിയാണ്. 2015 മുതലിങ്ങോട്ട് എല്ലാവര്‍ഷവും യോഗാദിനം വളരെ പ്രാധാന്യത്തോടെയാണ് ആചരിച്ചുവരുന്നത്.

 

 

 

മതമില്ലാത്ത യോഗ
യോഗയുടെ ചരിത്രം ഭാരതഖണ്ഡത്തിലെ ഋഷിമാരുമായി ബന്ധപ്പെട്ട് കിടക്കുന്നു. അന്നത്തെ ജീവിതരീതിപ്രകാരവും ആചാരാനുഷ്ഠാനപ്രകാരവും അവര്‍ അനുവര്‍ത്തിച്ചുവന്ന രീതികളാണ് പിന്നീട് യോഗാഭ്യാസമെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പതഞ്ജലിയുടെ ആറ് ദര്‍ശനങ്ങളിലൊന്നാണ് യോഗം. യോഗമെന്നാല്‍ മോക്ഷമാര്‍ഗ്ഗമെന്നും ചിത്തവൃത്തിനിരോധമെന്നും അര്‍ത്ഥം. യോഗ ചെയ്യുന്നവന്‍ യോഗിയെന്നും അറിയപ്പെട്ടു. അതായത് മനസ്സിനെ തന്‍റെ നിയന്ത്രണത്തിലാക്കിയവനാണ് യോഗി. ഒരുകാലത്ത് മഹര്‍ഷിമാര്‍ അനുവര്‍ത്തിച്ചുപോന്നിരുന്ന മുറകള്‍ പിന്നീട് യോഗാസനങ്ങളായി അറിയപ്പെട്ടു. 12 ആസനങ്ങളോടുകൂടിയ സൂര്യനമസ്കാരം തന്നെയെടുക്കാം . പൂര്‍വ്വസൂരികള്‍ അനായാസം ഇത് നിത്യവും ചെയ്തുപോന്നിരുന്നു.

 

 

 

എന്നാല്‍, ഇതൊന്നും കൊണ്ട് യോഗ ഏതെങ്കിലുമൊരു മതത്തിന്‍റെ സ്വന്തമാകുന്നില്ല. അത് ഉയിര്‍കൊണ്ട കാലത്ത് ആ ഭൂമികയില്‍ (ഭാരതഖണ്ഡത്തില്‍) നിലനിന്നിരുന്ന മതാനുഷ്ഠാനവുമായി അതിന് അഭേദ്യമായ ബന്ധമുണ്ട്. അങ്ങനെ വരുന്നത് സ്വാഭാവികവുമാണ്. എന്നാല്‍, കാലാന്തരത്തില്‍ ദേശം വിവിധ ജനസമൂഹങ്ങളുടെ ആവാസഭൂമിയായി മാറുന്പോള്‍ അതിന്‍റെ നന്മകള്‍ എല്ലാവരുടേതുമാകുന്നു.


യോഗാദിനം രാജ്യത്ത് വിപുലമായി ആചരിക്കാന്‍ തീരുമാനിച്ചതും സ്ക്കൂളുകളില്‍ നടപ്പിലാക്കാനുളള ശ്രമങ്ങളുമെല്ലാം വിവാദം ക്ഷണിച്ചുവരുത്തിയത് മതബന്ധത്തിന്‍റെ പേരിലായിരുന്നു. എന്നാല്‍,സത്യമിതാണ്..യോഗയ്ക്ക് മതമില്ല...മാത്സര്യവും.യോഗ ഭാരതം ലോകത്തിന് നല്‍കിയ നന്മയാണ്. അതില്‍ മതമോ വര്‍ഗ്ഗമോ രാഷ്ട്രീയമോ കലര്‍ത്തി ദുഷിപ്പിക്കേണ്ടതില്ല. അത്തരം ശ്രമങ്ങള്‍ തടുക്കപ്പെടുകയും വേണം.

 

ഇന്ന് ഇന്ത്യയിലേക്കാള്‍ അധികം യോഗാഭ്യാസികളുളളത് വിദേശത്താണ്. യോഗയെ കൂടുതല്‍ ആരാധിക്കുന്നവരും അത് എത്രമാത്രം അമൂല്യമാണെന്ന് മനസ്സിലാക്കുന്നവരും വിദേശത്താണ്. നാം വിദേശവ്യായാമമുറകളുടെ പിറകേ പോയപ്പോള്‍ വിദേശി ഇന്ത്യയുടെ നന്മകള്‍ തേടുകയും അതെക്കുറിച്ച് പഠിക്കുകയും പരിശീലിക്കുകയുമായിരുന്നു. ഇന്ത്യയിലുളളതിനേക്കാള്‍ കൂടുതല്‍ യോഗാചാര്യന്മാര്‍ വിദേശത്തുണ്ട്.

 

 

ഇതാ ഒരു യോഗാദിനം കൂടി കടന്നുപോകുന്നു. മഴയത്ത് യോഗചെയ്ത് പ്രധാനമന്ത്രിയും സജീവപങ്കാളിത്തവുമായി സിനിമാതാരങ്ങളും ഈ ദിനത്തിന്‍റെ ഭാഗമായി.
മാനസികമായും ശാരീരികമായും ഉണര്‍വ് പ്രധാനം ചെയ്യുന്ന ഈ വിദ്യ നിത്യജീവിതത്തിന്‍റ ശീലമാക്കാന്‍ ഏവര്‍ക്കും കഴിയട്ടെ..