Wednesday 22 May 2019


അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ തരംഗം

By online desk.06 Mar, 2019

imran-azhar

പാക്‌സേനയുടെ പിടിയില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മീശയ്ക്ക് ആരാധകര്‍ ഏറെയാണ്. അന്ന് മുതല്‍ അഭിനന്ദന്റെ മീശ വയ്ക്കണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പലരും ഈ മീശ അനുകരിച്ചു തുടങ്ങി. അറ്റം വളഞ്ഞും കട്ടികുറിച്ചും മദ്ധ്യത്ത് കട്ടിയോടും കൂടിയ കൊമ്പന്‍ മീശയാണ് അഭിനന്ദനുള്ളത് . വൈകാതെ ഇന്ത്യ മുഴുവന്‍ ഈ കൊമ്പന്‍ മീശ തരംഗമാകും.

 

ആ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് സൗദി മലയാളികളായ രണ്ട് യുവാക്കള്‍. എന്നാല്‍, ഈ മീശകഥയ്ക്ക് കുറച്ചുകൂടെ ഹീറോയിസം കൂടുതലുണ്ട്. കാരണം ഈ യുവാക്കള്‍ അഭിനന്ദന്‍ സ്‌റ്റൈലില്‍ മീശ വെട്ടിയത് സൗദിയിലെ ഒരു പാകിസ്ഥാനി ബാര്‍ബര്‍ ഷോപ്പിലെത്തിയാണ്.

 

ഈ മീശയും വച്ച് താമസസ്ഥലത്തെത്തി പാകിസ്ഥാനികളുടെ മുന്നിലൂടെ സവാരി നടത്തണമെന്നതാണ് ഇവരുടെ അടുത്ത ആഗ്രഹം. യുവാക്കളുടെ സുഹൃത്താണ് ഈ ഫോട്ടോയും അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുന്നത്.

 

പാകിസ്ഥാന്‍ പിടിയിലായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വാഗ അതിര്‍ത്തി വഴി ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തിയ അഭിനന്ദന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെയും മുഖമുദ്ര കൂടിയായിരുന്നു ആ മീശ. 1819 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ. അമേരിക്കയിലെ പൊലീസുകാരും, പട്ടാളക്കാരും ഇത്തരം മീശയാണ് സാധാരണ വെയ്ക്കുന്നത്. ആ മുഖത്ത് വരുന്ന ചിരിയോ, ദൃഢ നിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയിലല്ല മീശ. പൊതുവില്‍ ഇത്തരം മീശയ്ക്ക് ഗണ്‍സ്‌ളിങര്‍ എന്നാണ് വിശേഷിപ്പിക്കാറ്.

 

ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളായ രജനീകാന്തും (പേട്ട) കമല്‍ഹാസനും (തേവര്‍ മകന്‍) സൂര്യയും(സിങ്കം) ഇതിന് സമാനമായ മീശയുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്തിന് ബോളിവുഡ് യുവനായകന്‍ രണ്‍വീര്‍ സിങ് പോലും ഈ പരീക്ഷണം മുമ്പ് നടത്തിയിട്ടുണ്ട്.ഐഎഎഫ് പൈലറ്റ് അഭിനന്ദനെ പോലെ മീശ വയ്ക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. ബാര്‍ബര്‍ ഷോപ്പുകളില്‍ പലയിടത്തും ഇപ്പോള്‍ ഈ മീശ വയ്ക്കാന്‍ തിരക്കാണ്.

 

അഭിനന്ദന്റെ അസാമാന്യ ധൈര്യവും രാജ്യത്തോടുള്ള സ്‌നേഹവും വാര്‍ത്തകളായതിന് പിന്നാലെ അദ്ദേഹത്തോടുള്ള ആരാധനയാണ് പലരെയും അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ അനുകരിക്കുന്നതിനായി പ്രചോദിപ്പിച്ചത്. നിരവധി പേര്‍ ഇത്തരത്തില്‍ മീശ വച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. സ്‌റ്റൈലിനെക്കാളുപരി അഭിനന്ദന്‍ വര്‍ദ്ധമാന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെ ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

 

 

വിങ് കമാന്‍ഡന്റ് അഭിനന്ദന്‍ രാജസ്ഥാന്‍ പാഠപുസ്തകത്തിലും ഹീറോ

 

ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ വിങ് കമാന്‍ഡന്റ് അഭിനന്ദന്‍ ഇനി രാജസ്ഥാന്‍ പാഠപുസ്തകത്തിലും ഹീറോ. അഭിനന്ദന്റെ വീരകൃത്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

 

രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദോസ്താസ്രയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. അഭിനന്ദന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ജോഥ്പൂരിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജസ്ഥാനിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ധീരതയുടെ കഥകളും ഉള്‍പ്പെടുത്തുമെന്ന് പിന്നീട് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. അഭിനന്ദന്‍ദിവസ് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രിയുടെ പോസ്റ്റ്.

 


എന്നാല്‍, ഏത് ക്‌ളാസിലെ പാഠപുസ്തകത്തിലാണ് അഭിനന്ദന്റെ കഥ ഉള്‍പ്പെടുത്തുകയെന്ന് മന്ത്രി വ്യക്തമാക്കിയില്ല . പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനം തകര്‍ത്ത മിഗ്21 ബിസണ്‍ വിമാനം പറത്തിയത് അഭിനന്ദന്‍ ആയിരുന്നു. പിന്നീട് മിഗ്21 തകര്‍ന്നുവീണാണ് അഭിനന്ദന്‍ പാകിസ്ഥാനില്‍ എത്തിയത്. 60 മണിക്കൂറോളം പാകിസ്ഥാന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അഭിനന്ദനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിപ്പിച്ചത്.

 


നേരത്തെ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യൂ വരിച്ച സി.ആര്‍.പി.എഫ് ജവാന്മാരുടെ കഥകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി സിലബസ് റിവ്യൂ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കുകയും ചെയ്തിരുന്നു. രാജസ്ഥാനിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് അടുത്തിടെ രണ്ട് കമ്മിറ്റികളെയാണ് വിദ്യാഭ്യാസമന്ത്രി നിയമിച്ചത്. മുന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിച്ചെന്നും ചരിത്രവും സംസ്‌കാരവും ഉന്നത വ്യക്തിത്വങ്ങളെയും സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താതെ അവഗണിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

 

വിദ്യാഭ്യാസവകുപ്പ് അടുത്ത കാലത്ത് 31.5 കോടി രൂപ മുടക്കി സര്‍ക്കാര്‍ ഡിഫന്‍സ്
അക്കാദമി സ്ഥാപിച്ചിരുന്നു. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള പരിശീലനമാണ് ഈ അക്കാദമിയില്‍ നല്‍കുന്നത്.