By sisira.18 Jan, 2021
ലോകത്തെ മുഴുവന്‍ പിടിച്ചുലച്ച് ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ കോവിഡെന്ന മഹാമാരിയെക്കാളും വലിയൊരു രോഗം 2021ലും ഉണ്ടാകുമോ?
ഭാവിപ്രവചനങ്ങള്‍ കൊണ്ട് കാലത്തെപ്പോലും വിസ്മയിപ്പിച്ച ഫ്രഞ്ച് പ്രവാചകന് നോസ്ട്രഡാമസിനെ വിശ്വസിക്കാമെങ്കില്‍ 2021ല്‍ കോവിഡിനെക്കാളും ഭീകരമായൊരു രോഗം മനുഷ്യരെത്തേടിയെത്തുമെന്നുറപ്പാണ്.
മനുഷ്യരാശി 2021 -ല്‍ കൂടുതല്‍ വലിയ വിപത്തുകള്‍ക്ക് തയ്യാറാകണമെന്നും നോസ്ട്രഡാമസ് പറഞ്ഞിരുന്നു. പേമാരി, പകര്‍ച്ചവ്യാധി, ക്ഷാമം, ഭൂകമ്പം എന്നിവയാണ് ഈ വര്‍ഷം നമ്മെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പ്രവചിക്കുന്നു.
കൊറോണ വൈറസിനേക്കാള്‍ ഭയാനകമായ രോഗങ്ങള്‍ ഈ വര്‍ഷം ഉണ്ടാകുമെന്നസൂചനകളാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളിലുള്ളത്.
ഈ പകര്‍ച്ചവ്യാധികള്‍ ലോകമെമ്പാടും നാശം വിതയ്ക്കുമെന്നും അച്ഛനമ്മമാര്‍ വലിയ ദുഃഖത്തോടെ മരിക്കുമെന്നും അതില്‍ പറയുന്നു.
കൂടാതെ ലോകം മുഴുവന്‍ ക്ഷാമം നേരിടുമെന്നും അദ്ദേഹം പറയുന്നു. 2021 -ല്‍ കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകം ഒരു ആഗോളക്ഷാമത്തിന് ദൃക്സാക്ഷിയാകുമെന്ന് ഐക്യരാഷ്ട്രസഭ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാരക രോഗം മാത്രമല്ല മറ്റ് ചില ദുരന്തങ്ങളും 2021ല്‍ ലോകത്തുണ്ടാകുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം. 465 വര്‍ഷങ്ങള്‍ക്ക് മുമ്പ് നോസ്ട്രഡാമസ് രചിച്ച ലെസ് പ്രൊഫെറ്റീസ് എന്ന പുസ്തകത്തിലാണ് ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആയിരക്കണക്കിന് പ്രവചനങ്ങളുള്ളത്.
ആ പ്രവചനങ്ങളില്‍ പലതും പിന്നീട് സത്യമായിത്തീര്‍ന്നു. 1503 ഡിസംബറില്‍ തെക്കന്‍ ഫ്രാന്‍സിലെ സെന്റ് റൂമി ഡി പ്രോവെന്സിലാണ് നോസ്ട്രഡാമസ് ജനിച്ചത്.
നാലുവരിക്കവിതകളുടെ രൂപത്തിലാണ് മനുഷ്യരാശിയുടെ ഭാവിയെ സംബന്ധിച്ച് ആയിരക്കണക്കിന് പ്രവചനങ്ങള്‍ അദ്ദേഹം നടത്തിയിരിക്കുന്നത്.
അഡോള്‍ഫ് ഹിറ്റ്ലറുടെ ഉയര്‍ച്ച, ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളില്‍ നടന്ന ന്യൂക്ലിയര്‍ സ്ഫോടനം, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രധാന ലോക സംഭവങ്ങള്‍ ഈ ഫ്രഞ്ച് മനുഷ്യന് വിജയകരമായി പ്രവചിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
3797 വരെയുള്ള പ്രവചനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. 6338 പ്രവചനങ്ങളാണ് അദ്ദേഹം ആകെ നടത്തിയത്. 2021 -ല്‍ റഷ്യയിലെ ഒരു ശാസ്ത്രജ്ഞന് ജൈവായുധം നിര്‍മ്മിക്കുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.
മനുഷ്യരാശിയുടെ അവസാനത്തിന് അത് കാരണമാകുമെന്നും അതില്‍ പറയുന്നു. ഒരു ഭീമന് ഛിന്നഗ്രഹം ഭൂമിയുടെ അടുത്ത് വരുമെന്നും അത് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭീമന് ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് നാസയും ഇതിനകം പ്രവചിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ ദേശങ്ങളില്‍ ഒരു വലിയ വിപത്ത് സംഭവിക്കുമെന്നും നോസ്ട്രഡാമസ് പറഞ്ഞു. അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം ഒരു ഭൂകമ്പത്തെയോ മണ്ണിടിച്ചിലിനെയോ ആണ് സൂചിപ്പിക്കുന്നത്.
വിനാശകരമായ ഒരു ഭൂകമ്പം പടിഞ്ഞാറന്‍ നാടിനെ ബാധിക്കുമെന്നും അത് കാലിഫോര്ണിയയിലാകാമെന്നും അനുമാനിക്കുന്നു. 2020 നവംബറില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ 66 വര്‍ഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ ഭൂകമ്പത്തിന് നെവാഡ സാക്ഷ്യം വഹിച്ചിരുന്നു.
രണ്ട് സഖ്യരാജ്യങ്ങള്‍ക്കിടയില്‍ 'മൂന്നാമത്തെ വലിയ യുദ്ധം' ആരംഭിക്കുമെന്നും അദ്ദേഹം സൂചന നല്കുന്നു. ഒരു 'മഹാനായ നേതാവിന്റെ' മരണശേഷം അത് ആരംഭിക്കുമെന്ന് അദ്ദേഹം പറയുന്നു.
കൂടാതെ, 2021 -ല്‍ തലച്ചോറില്‍ നൂതന ചിപ്പുകള്‍ ഘടിപ്പിച്ച സൈനികരുടെ ഉത്ഭവത്തെക്കുറിച്ചും നോസ്ട്രഡാമസ് പറഞ്ഞിട്ടുണ്ട്.
ഈ മസ്തിഷ്ക ഇംപ്ലാന്റുകള്‍ വഴി യുദ്ധമേഖലകളില്‍ സൈനികര്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നും ശത്രുസൈന്യത്തെ അനായാസം കീഴടക്കുമെന്നും പറയുന്നു.
നാളിതുവരെയുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ ഭൂരിഭാഗവും യാഥാര്ത്ഥ്യമായിട്ടുണ്ടെന്നാണ് ചരിത്രം ചൂണ്ടിക്കാട്ടുന്നത്.
അതിനാല്‍ത്തന്നെ ഇക്കൊല്ലം കോവിഡിനെക്കാളും വലിയ രോഗങ്ങള്‍ മനുഷ്യരാശിയെ വേട്ടയാടുമെന്ന് വേണം കരുതാന്‍. അങ്ങനെയൊന്ന് ഇനിയുണ്ടാകാതിരിക്കട്ടെ എന്നാഗ്രഹിക്കാന്‍ മാത്രമേ നമുക്കാകുകയുള്ളു.