Sunday 18 April 2021
24 കാരി നവോമിക്കും സുഹൃത്ത് സാറയ്ക്കും പറയാനുള്ളത്

By Web Desk.02 Mar, 2021

imran-azhar

 

 

2014 ഏപ്രിലിൽ വടക്കുകിഴക്കൻ നൈജീരിയയിലെ ബോകോ ഹറം തീവ്രവാദികൾ 200ലധികം ക്രിസ്ത്യൻ വിദ്യാർത്ഥികളെ തട്ടികൊണ്ടു പോയ സംഭവം ലോകത്തെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു. തട്ടിക്കൊണ്ടുപോയ പെൺകുട്ടികളുടെ കൂട്ടത്തിൽ നവോമി എന്ന 24കാരിയുമുണ്ടായിരുന്നു. മൂന്ന് വർഷം അവർ അവിടെ കൊടും യാതനകൾ അനുഭവിച്ചു. അവരുടെ ചെറുത്ത് നിൽപ്പ് ആരംഭിക്കുന്നത് അവിടെ നിന്നാണ്. അവിടെ നടന്ന ഓരോ സംഭവത്തെക്കുറിച്ചും അവർ ഡയറികളിൽ കുറിച്ചിട്ടു.

 

ഇന്ന് നവോമിയുടെ ആ ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയാണ്. അടുത്ത മാസം ആദ്യം പ്രസിദ്ധീകരിക്കാനിരിക്കുന്ന ഈ പുസ്തകം, ചിബോക്കിലെ ആ 200ലധികം സ്ത്രീകളുടെ യാഥാർത്ഥ ജീവിതത്തെ വെളിപ്പെടുത്തുന്നതാണ്. ''ഈ സ്ത്രീകൾ എങ്ങനെ അതിജീവിച്ചു എന്നതിന്റെ കഥ പറയാൻ ഞങ്ങൾ ആഗ്രഹിച്ചു. മാത്രമല്ല സോഷ്യൽ മീഡിയ പ്രചാരണത്തിനിടയിലും അവരെ മോചിപ്പിക്കാൻ ഇത്രയധികം സമയമെടുത്തതിന്റെ കഥയും പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'' സഹ-രചയിതാവ് ജോ പാർക്കിൻസൺ പറയുന്നു.

 

ഒരുപക്ഷെ, അവരുടെ പോരാട്ടത്തെ കുറിച്ച് പുറം ലോകത്തിന് കാര്യമായി ഒന്നും അറിയാൻ കഴിഞ്ഞില്ലെങ്കിലും, അവരെ തട്ടിക്കൊണ്ടു പോയ സംഭവം എല്ലായിടവും ചർച്ച ചെയ്യപ്പെട്ടു. തടവിലായിരിക്കുമ്പോൾ, പെൺകുട്ടികൾക്ക് ഖുറാൻ ക്ലാസുകളിൽ പങ്കെടുക്കാനായി നോട്ട് പുസ്തകങ്ങൾ കൊടുത്തിരുന്നു. എന്നാൽ, ചില പെൺകുട്ടികൾ അവരുടെ അനുഭവങ്ങൾ എഴുതാൻ ഈ പുസ്തകങ്ങൾ ഉപയോഗിച്ചു.

 

 

 

 

രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ ഡയറികൾ തീവ്രവാദികൾ കണ്ടെത്തിയാൽ കത്തിച്ചു കളയുമായിരുന്നു. നവോമിയും, അവളുടെ അടുത്ത സുഹൃത്തായ സാറാ സാമുവലും, മറ്റ് മൂന്ന് പെൺകുട്ടികളും അവരുടെ ചില അനുഭവങ്ങൾ വിവരിക്കാൻ പുസ്തകങ്ങൾ ഉപയോഗിച്ചു. പെൺകുട്ടികൾ ആ ഡയറികൾ മണ്ണിൽ കുഴിച്ചിടുകയോ, അടിവസ്ത്രത്തിൽ സൂക്ഷിക്കുകയോ ചെയ്തു. തട്ടിക്കൊണ്ടുപോയ പെൺകുട്ടികൾക്ക് നേരെ തീവ്രവാദികൾ നിരവധി ക്രൂരമായ തന്ത്രങ്ങൾ പ്രയോഗിച്ചു. മാതാപിതാക്കളെ തടവിലാക്കിയതായി കള്ളം പറഞ്ഞ് പെൺകുട്ടികളെ ഭയപ്പെടുത്തി മതം മാറ്റാൻ അവർ ശ്രമിച്ചിരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.

 

സ്‌കൂൾ യൂണിഫോം മാറ്റിയിട്ട് കറുത്ത, ഒഴുകുന്ന, ഒരു വസ്ത്രം ധരിക്കാൻ അവരോട് ആവശ്യപ്പെട്ടു. മതപരിവർത്തനം നടത്തുകയും, അവരുടെ കൂട്ടത്തിലെ ഒരാളെ വിവാഹം കഴിക്കുകയും, അതിൽ മക്കളെ പ്രസവിക്കുകയും ചെയ്യേണ്ടി വരുമെന്ന് അവർ പറഞ്ഞപ്പോൾ നവോമി വിസമ്മതിക്കുകയും അതിന്റെ പേരിൽ തല്ലു കൊള്ളുകയും
ചെയ്തു. മർദ്ദനവും, പീഡനവും നേരിടേണ്ടി വന്നെങ്കിലും ആ പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയരായില്ല. പകരം അവരെ അടിമകളെ പോലെ പണിയെടുപ്പിച്ചു. ഇത്തരം കരളലിയിപ്പിക്കുന്ന അനുഭവങ്ങളുടെ നേർസാക്ഷ്യമാണ് പുറത്തുവരാൻ പോകുന്ന പുസ്തകം.

 

നൈജീരിയൻ സന്നദ്ധ പ്രവർത്തകരുടെ സംഘം സ്വിറ്റ്‌സർലൻഡിന്റെ വിദേശകാര്യ മന്ത്രാലയത്തിലെ നയതന്ത്രജ്ഞന്റെ നേതൃത്വത്തിൽ കരാറിൽ ഏർപ്പെട്ടതോടെയാണ് പെൺകുട്ടികളുടെ മോചനം സാധ്യമായത്. ഒരു കൂട്ടം മുതിർന്ന ബോക്കോ ഹറാം തീവ്രവാദികളെ വിട്ടുകൊടുത്തപ്പോൾ പകരമായി 2016 ഒക്ടോബറിൽ 21ന് വിദ്യാർത്ഥികളെ തീവ്രവാദികൾ മോചിപ്പിച്ചു. പിന്നീട്, ഏഴുമാസത്തിനുശേഷം, 82 പേരെ വിട്ടയച്ചു. എന്നാൽ കുറഞ്ഞത് 40 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാകാം എന്നാണ് റിപ്പോർട്ടുകൾ.

 

ഇരുന്നൂറിൽപ്പരം സ്ത്രീകളെ ബോകോ ഹറം ഭീകരർ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നാണു രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനെസ്റ്റിയുടെ കണക്കുകൾ. ബോക്കാ ഹറാമും നൈജീരിയൻ സർക്കാരും തമ്മിലുള്ള പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ആഫ്രിക്കയിൽ ഏറ്റവും ജനസംഖ്യയുള്ളതും ഏറ്റവും വലിയ സമ്പദ്ഘടനയുള്ളതുമായ രാജ്യമാണു നൈജീരിയ.

 

രാജ്യത്തിന്റെ തെക്കൻ മേഖല ക്രൈസ്തവ ഭൂരിപക്ഷവും വടക്കൻ മേഖല മുസ്ലീം ഭൂരിപക്ഷവുമാണ്. ഈ വിഭജനം മുതലെടുത്താണു ബൊക്കോ ഹറാം പ്രവർത്തനം. ബൊക്കോ ഹറാം ഭീകരരുടെ വളർച്ച രാജ്യത്തു വൻ പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ നാലുലക്ഷം കുട്ടികൾ പട്ടിണിയുടെ പിടിയിൽ അകപ്പെടുമെന്നാണ് യുണിസെഫിന്റെ കണക്ക്. സിറിയയിലും നൈജീരിയയിലും തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഇരകളാകുന്നത് നിരപരാധികളാണെന്നതാണ് വാസ്തവം.