Tuesday 07 April 2020




കൊറോണ ഇംപാക്ട്‌: ചാല കമ്പോളം സ്തംഭിച്ചു

By Sooraj Surendran .20 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് നിരവധി ആളുകളാണ് ആശുപത്രികളിലും, വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരവും ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.പൗരാണിക ചരിത്രമുറങ്ങുന്ന നഗരത്തിലെ ചാല കമ്പോളത്തിന്റെ അവസ്ഥയും വിഭിന്നമല്ല. കൊറോണയുടെ പ്രതിഫലനം വ്യാപാര മേഖലയിൽ ആഘാതം സൃഷ്ടിച്ചിരിക്കുന്നുവെന്ന് ചാല കമ്പോളത്തിലെ വ്യാപാരികൾ പറയുന്നു.കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങാത്തത് കച്ചവടത്തെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കൊറോണയെ പ്രതിരോധിക്കാൻ വ്യാപാരികൾ മാസ്‌ക്കുകൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാറുണ്ടെങ്കിലും, ആളുകൾ സംശയിച്ചും, ഭയന്നും കടകളിലേക്ക് വരാത്ത അവസ്ഥയും നിലനിൽക്കുന്നതായി വ്യാപാരികൾ പറയുന്നു. നഗരത്തിൽ ഇത്രയധികം മാളുകളും സൂപ്പർമാർക്കറ്റുകളും പൊന്തി ഉയർന്നിട്ടും ചാലക്കമ്പോളത്തിലെ തിരക്ക് ഇന്നും ജനങ്ങളെ അമ്പരപ്പിക്കുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ നിന്നുമാണ് കൊറോണ വൈറസ് ഭീതിയെ തുടർന്ന് ചാല കമ്പോളത്തെ ജനങ്ങൾ പാടെ ഉപേക്ഷിച്ചിരിക്കുന്നത്. " കച്ചവടം താരതമ്യേന വളരെ കുറവാണ്, മാർക്കറ്റിലേക്ക് ആളുകൾ എത്തുന്നില്ല വിൽപ്പനയ്ക്കായി എത്തിക്കുന്ന പച്ചക്കറികൾ ചീഞ്ഞുപോകുന്ന അവസ്ഥയാണ്, വരും ദിവസങ്ങളിലും ഇതേ അവസ്ഥ തുടരുമോ എന്ന ആശങ്കയിലാണ്"- ചാല കമ്പോളത്തിലെ ഒരു വ്യാപാരി കലാകൗമുദിയോട് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളെയാണ് കൊറോണ ഏറ്റവുമധികം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇവർക്ക് തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്.

 

അതേസമയം കൊറോണ വൈറസിന്റെ മൂന്നാം ഘട്ടമായ സമൂഹ വ്യാപനം തടയാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. എന്നാൽ ഇത് കടുത്ത വെല്ലുവിളി നിറഞ്ഞ ജോലിയാണ്. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുക എന്നത് മാത്രമാണ് സമൂഹ വ്യാപനം തടയാനുള്ള മാർഗം. അതേസമയം കൊറോണ മൂലം തൊഴിൽ നഷ്ടപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾ ഒഴിവ് സമയങ്ങളിൽ പല സ്ഥലങ്ങളിലായി കൂട്ടംകൂടുന്നത് ശ്രദ്ധയിൽപ്പെടുന്നുണ്ട്. ഇത് കനത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്. കൊറോണ വൈറസ് മറ്റൊരു തരത്തിൽ രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഓട്ടോറിക്ഷ തൊഴിലാളികളെയാണ്. നിയന്ത്രങ്ങളുടെ ഭാഗമായി ഭൂരിഭാഗം ആളുകളും വീടുകളിൽ തന്നെയാണ്. കൂടാതെ നഗരത്തിൽ തീയറ്റർ, മാളുകൾ, ബീച്ചുകൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവയും താത്കാലിലമായി അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ കടുത്ത സാമ്പത്തിക നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കെഎസ്ആർടിസിയും വൻ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തി കഴിഞ്ഞു. യാത്രക്കാരുടെ അഭാവം മൂലം ട്രെയിൻ, വിമാന സർവീസുകളും ഇതിനോടകം തന്നെ താത്കാലികമായി നിർത്തലാക്കി കഴിഞ്ഞു.