Wednesday 22 May 2019


ആവര്‍ത്തിക്കരുത്......വേണം പഴുതടച്ച നീതി.....

By SUBHALEKSHMI B R.16 Apr, 2018

imran-azhar

എട്ട് വയസ്സ്...ഇടതു കൈയേതെന്ന് ചോദിച്ചാല്‍ വലതുകൈ കാട്ടുന്ന നിഷ്കളങ്കയായ പെണ്‍കുഞ്ഞ്....കൊല്ലപ്പെടുന്നതിന് മുന്പ് കലുങ്കിനടിയില്‍ നിന്ന് വലിച്ചെടുക്കപ്പെട്ട് വീണ്ടും ഒരു തവണ കൂടി നിയമം പാലിക്കാന്‍ നിയമിതനായ മനുഷ്യരൂപിയായ രാക്ഷസനാല്‍ പീഡിപ്പിക്കപ്പെടത്തക്കവിധം അവള്‍ ചെയ്ത തെറ്റെന്താണ്? പെണ്ണായി പിറന്നുവെന്നത് ആദ്യത്തെ തെറ്റ്. ഇരകള്‍ക്കു വേണ്ടിയുളള നിയമങ്ങള്‍ അതിദുര്‍ബലമായ രാജ്യത്ത് പിറന്നുവെന്നത് രണ്ടാമത്തേതും. മറ്റൊന്നും കാരണങ്ങളല്ല. അതൊക്കെ രക്ഷപ്പെടാന്‍ അല്ലെങ്കില്‍ രക്ഷപ്പെടുത്താനുളള വാദങ്ങളാണ്. ഇന്ത്യ പെണ്‍ജന്മങ്ങളുടെ ബലിക്കളമായിട്ട് കാലമൊട്ടായി. അവള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട സുരക്ഷ കടലാസുകളിലും പ്രസംഗങ്ങളിലും ഒതുങ്ങുന്നു. പഴങ്കഥകളില്‍ മാത്രമാണ് അവള്‍ പുണ്യവതിയായി വാഴ്ത്തപ്പെടുന്നത്. ഉത്തരാധുനിക ഇന്ത്യയില്‍ അവള്‍ ജനനം മുതല്‍ ഭയന്നുജീവിക്കണം.... ആറുമാസം പ്രായമായ കുഞ്ഞിന് പോലും രക്ഷയില്ല. ആണിന്‍റെ അടയാളം ഇല്ലാത്തവരെല്ലാം പേടിക്കണം. പതുങ്ങിയിരുന്ന് ,ഏറ്റവും പ്രതിരോധശേഷി കുറഞ്ഞ ഇരകളെ കാത്ത് പിശാചുക്കള്‍ പിന്നാലെയുണ്ട്.ഉച്ചത്തിലുളളതും പതിഞ്ഞതുമായ നിലവിളികള്‍ ചരിത്രത്തില്‍ ഏറെയാണ്. ലോകത്തോളം ഉയര്‍ന്നത് നിര്‍ഭയയുടെ നിലവിളിയാണ്. കുറച്ചുനാള്‍ കഴിഞ്ഞ് കേരളത്തിലൊരു സൌമ്യ....പിന്നാലെ വാളയാറിലെ സഹോദരിമാര്‍, കുളത്തൂപ്പുഴ, കുണ്ടറ സാക്ഷര കേരളത്തില്‍ മാത്രം നിരവധി...ഉത്തരേന്ത്യയില്‍ 12 വയസ്സില്‍ താഴെയുളള നിരവധി കുരുന്നുകള്‍ ...ഡല്‍ഹിയിലെ ഒന്നരവയസ്സുകാരി....ലോകത്തിന് മുന്നില്‍ ഇന്ത്യ ശിശുശരീരങ്ങളില്‍ കാമം ശമിപ്പിക്കുന്ന പ്രാകൃതന്മാരുടെ നാടായി.കഠ്വയ്ക്ക് ശേഷം ഒട്ടകപ്പക്ഷിയെ പോലെ ഇന്ത്യ ലോകത്തിന് മുന്നില്‍ തലപൂഴ്ത്തി നില്‍ക്കുകയാണ്. ലോകം നമ്മെ ഉറ്റുനോക്കുന്നു. പരിണാമദശയില്‍ മനുഷ്യനും മൃഗത്തിനുമിടയിലുളള ഒരു സൃഷ്ടിയെ എന്ന പോലെ.  നമുക്ക് ലോകത്തെ നോക്കാന്‍ വയ്യ...അതൊഴിവാക്കാനാണ് ഈ തലപൂഴ്ത്തല്‍...ഭയാനകമെന്നാണ് ഐക്യരാഷ്ട്രസഭ പോലും സംഭവത്തെ അപലപിച്ചത്.

 

 

ഓരോ സംഭവവും വാര്‍ത്തയില്‍ നിറയുന്പോള്‍ കുറെ ന്യായീകരണത്തൊഴിലാളികളെത്തും. പെണ്‍കുട്ടികള്‍ രാത്രി ഇറങ്ങിനടക്കരുത്, മാന്യമായി വസ്ത്രം ധരിക്കണം, അപരിചിതരോട് അടുപ്പം കാട്ടരുത് എന്നിങ്ങനെ ഉപദേശങ്ങള്‍ നീളും. എന്നാല്‍, പ്രബുദ്ധഭാരതത്തില്‍ പട്ടാപ്പകല്‍ പിഞ്ചുകുഞ്ഞുങ്ങള്‍ കാമവെറിയന്മാര്‍ മൂലം പിടഞ്ഞൊടുങ്ങുന്നു. അപ്പോള്‍, പ്രായമോ, മതമോ, ദേശമോ, കാലമോ, വസ്ത്രധാരണമോ അല്ല, ഈ വ്യവസ്ഥിതിയാണ് മാറേണ്ടത്. കുറ്റക്കാര്‍ കുറ്റത്തിന്‍റെ തൂക്കത്തിനനുസരിച്ച്....ക്രൂരതയ്ക്കനുസരിച്ച് ശിക്ഷിക്കപ്പെടണം. ആസൂത്രിതമായ കുറ്റങ്ങളില്‍ ദൃക്സാക്ഷികളുണ്ടാവാറില്ല....ഉണ്ടായാല്‍ തന്നെ സാക്ഷിപറയാന്‍ സന്നദ്ധരാവില്ല. മൊഴിനല്‍കാന്‍ മരിച്ചുപോയവര്‍ വന്ന ചരിത്രവുമില്ല.  സാക്ഷിയുടെ, തെളിവിന്‍റെ അഭാവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടുപോരും. അതുണ്ടാവാതിരിക്കാന്‍ നിയമം ശക്തമാകണം, വ്യവസ്ഥകള്‍ മാറണം.  മെഴുകിതിരി പ്രകടനങ്ങളിലും തെരുവുയുദ്ധങ്ങളിലും  വെറുംവാക്കുകളിലും ഇരകള്‍ക്കുളള നീതി ഇനിയും ഒതുക്കപ്പെടരുത്. മറിച്ച് പലതവണ നിരവധി പേര്‍ ആവശ്യപ്പെട്ടതുപോലെ പീഡകര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം.  കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും നമ്മുടെ മക്കള്‍ക്ക് ഉറപ്പായും നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി പറയുന്നു. ശിശുക്ഷേമമന്ത്രി മേനക ഗാന്ധിയുള്‍പ്പെടെയുളളവര്‍ കുട്ടികള്‍ക്കെതിരായ ക്രൂരത തടയുന്ന പോസ്കോ നിയമം ശക്തമാക്കണമെന്നും കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. അതു തന്നെയാണ് വേണ്ടത്, അതല്ലാതെ ഇരയുടെ കൂടി വേണ്ടപ്പെട്ടവരുടെ നികുതിപ്പണം കൊണ്ട് പീഡകന് സുഖവാസമൊരുക്കുകയല്ല. പഴുതുകളല്ല,പഴുതടച്ച നീതിയാണ് ഏകപ്രതിവിധി.