Tuesday 22 January 2019


ക്യൂബന്‍ ചരിത്രമാകുന്നു മിഗ്വേല്‍ ഡയസ് കാനല്‍

By Amritha AU.22 Apr, 2018

imran-azhar

 

ക്യൂബന്‍ ചരിത്രത്തിന്റെ മറ്റൊരു നാഴികക്കല്ല് കൂടിയാവുകയാണ് പുതിയ രാഷ്ര്ടത്തലവന്റെ സ്ഥാനാരോഹണം. 1959 ല്‍ ക്യൂബന്‍ വിപ്‌ളവത്തിന് ശേഷം തുടര്‍ന്ന് വിപ്‌ളവ ഗവണ്‍മെന്റിന്റെ നേതൃത്വം ഏറ്റെടുത്ത ഫിദല്‍ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റും, കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സര്‍വ്വ സൈന്യാധിപന്‍ എന്നീ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് 1965ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്‌ളിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 2006ല്‍ ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിഞ്ഞ് അധികാരം പിന്‍ഗാമിയായിരുന്ന സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് റൗള്‍ കാസ്‌ട്രോയുടെ ഉറ്റ അനുയായികൂടിയായ മിഗ്വേല്‍ ഡിയാസ് കാനേല്‍ ക്യൂബന്‍ രാഷ്ര്ടത്തലവനായി എത്തുന്നത്.


അറുപത് വര്‍ഷങ്ങളായി നീണ്ടു നിന്ന കാസ്‌ട്രോ യുഗത്തിനാണ് പുതിയ പ്രസിഡന്റ് സ്ഥാനാരോഹണം നടത്തുന്നതു വഴി വിരാമമാകുക. എന്നിരുന്നാലും കാസ്‌ട്രോ സഹോദരന്മാരോടൊപ്പം നിന്ന് അവരുടെ വലം കൈയായി പ്രവര്‍ത്തിച്ച ക്യൂബന്‍ രാഷ്ര്ടീയത്തിന്റെ ആണിക്കല്ലുകൂടിയാണ് മിഗ്വേല്‍. ക്യൂബന്‍ വിപ്‌ളവത്തിന് ശേഷം ആദ്യമായിട്ടാണ് വിപ്‌ളവത്തിന് ശേഷം ജനിച്ച ഒരാള്‍ പ്രസിഡന്റ് ആകുന്നത്. മുന്‍ഗാമികള്‍ പടുത്തുയര്‍ത്തിയ സോഷ്യലിസ്റ്റ് ഭരണരീതി തുടര്‍ന്ന് വിപ്‌ളവം തുടരും. ഇത് അട്ടിമറിക്കാന്‍ മുതലാളിത്തശക്തികളെ അനുവദിക്കില്ലെന്നും പുതിയ പ്രസിഡന്റ് ഡയസ് കാനല്‍ പ്രഖ്യാപിച്ചു. അമേരിക്കയുമായുള്ള സംഘര്‍ഷവും താറുമാറായ ക്യൂബന്‍ സമ്പദ് വ്യവസ്ഥയെ ഉടച്ചുവാര്‍ക്കുകയെന്നതുമായിരിക്കും പദവി ഏറ്റെടുക്കുന്ന മിഗ്വേലിനെ കാത്തിരിക്കുന്നത്.


1960 ഏപ്രില്‍ 20 ന് വില്ല ക്‌ളാരയിലെ പ്‌ളാസെറ്റാസില്‍ ഫാക്ടറി തൊഴിലാളിയുടെ മകനായാണ് മിഗ്വേല്‍ ജനിക്കുന്നത്. ലാസ് വില്ലാസിലെ സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്രേ്ടാണിക് എന്‍ജിനീയറിങില്‍ ബിരുദം നേടിയ ശേഷം മൂന്നുവര്‍ഷം സൈനികസേവനമനുഷ്ഠിച്ചു. 1985 ല്‍ സെന്‍ട്രല്‍ സര്‍വകലാശാലയില്‍ അധ്യാപകനായി. രണ്ടുവര്‍ഷത്തിനു ശേഷം വില്ല ക്‌ളാരയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജനവിഭാഗം സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി നിക്കരാഗ്വയിലേക്ക് പോവുകയും തുടര്‍ന്ന് 1993 ല്‍ വില്ല ക്‌ളാരയിലെ പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറിയായി ചുമതലയേല്‍ക്കുകയുമായിരുന്നു.


പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ക്യൂബയിലെ സാധാരണക്കാരുടെ വിഷമതകള്‍ കാണാനും നേരിട്ട് അനുഭവിച്ചറിയാനും മിഗ്വേല്‍ ശ്രമിച്ചിരുന്നു. നാട്ടിന്‍പുറത്തുകൂടി സൈക്കിളില്‍ ചുറ്റിയടിച്ച് സാധാരണക്കാരന്റെ പ്രയാസങ്ങള്‍ നേരിട്ടു മനസ്‌സിലാക്കുകയായിരുന്നു മിഗ്വേല്‍. യുദ്ധക്കെടുതിയും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെയും തുടര്‍ന്നു പ്രതിസന്ധിയിലായ രാജ്യത്ത് അച്ചടക്കവും പാര്‍ട്ടി ഐക്യവും നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കു വഹിച്ച് പിന്നീട് മിഗ്വേല്‍ കാസ്‌ട്രോ സഹോദരന്മാരുടെ വലംകയ്യായി മാറുകയായിരുന്നു. തുടര്‍ന്ന് പത്തു വര്‍ഷത്തോളം ജനങ്ങളോടും രാജ്യത്തോടുമുളള മിഗ്വേലിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ക്യൂബയ്ക്കു തലസ്ഥാനമായ ഹവാന പോലെ പ്രധാനപ്പെട്ട വടക്കന്‍ സംസ്ഥാനമായ ഹോള്‍ഗുവിനിലെ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയേല്‍പ്പിച്ചു. തുടര്‍ന്ന് ആ വര്‍ഷം തന്നെ രാജ്യത്തെയും പാര്‍ട്ടിയെയും നയിക്കുന്ന 14 നേതാക്കളില്‍ ഒരാളായും പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയിലേക്കും മിഗ്വേല്‍ എത്തപ്പെട്ടു. 2008 ല്‍ ഫിദല്‍ കാസ്‌ട്രോ അധികാരം ഒഴിഞ്ഞശേഷം പ്രസിഡന്റായ സഹോദരന്‍ റൗള്‍, അടുത്ത കൊല്ലം മിഗ്വേലിനെ ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നു. പിന്നീട് 2013 മുതല്‍ നാഷണല്‍ അസംബ്‌ളി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അധികാരമൊഴിയുമെങ്കിലും റൗള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തലപ്പത്ത് 2021വരെ തുടരും.
ഔപചാരികതയില്ലാത്ത നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തയാളാണ് മിഗ്വേല്‍. പ്രസിഡന്റ് സ്ഥാനമൊഴിയുന്ന റൗളിന് പകരം 57 കാരനായ മിഗ്വേലിന്റെ പേര് നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. റൗള്‍ കാസ്‌ട്രോയുടെ മകള്‍ നാഷനല്‍ അസംബ്‌ളി അംഗം മരിയേലയോ, രഹസ്യാന്വേഷണ വിഭാഗത്തില്‍ കേണലായ മകന്‍ അലിജാന്‍ഡ്രോയോ പിന്‍ഗാമികളാകുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാലിത് തള്ളിയാണ് മിഗ്വേല്‍ പ്രസിഡന്റാകുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഏക സ്ഥാനാര്‍ഥിയായിരുന്ന മിഗ്വേല്‍ 604 അംഗ പാര്‍ലമെന്റിന്റെ 603 വോട്ടും നേടിയാണ് ക്യൂബയുടെ തലപ്പത്തേക്ക് എത്തുന്നത്.


റൗള്‍ കാസ്‌ട്രോയുടെ പിന്‍ഗാമിയായി പുതിയ രാഷ്ര്ടത്തലവന്‍ എത്തുമ്പോള്‍ ക്യൂബക്ക് പ്രതീക്ഷകളേറെയാണ്. കാസ്‌ട്രോ സഹോദരന്മാരുടെ കൈയില്‍ 60 വര്‍ഷം ഭദ്രമായിരുന്ന ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം മിഗ്വേലിന്റെ കരങ്ങളില്‍ എത്തരത്തിലാകും പ്രവര്‍ത്തിക്കുകയെന്നും ഉറ്റുനോക്കുകയാണ് ലോകരാഷ്ര്ടങ്ങള്‍.