Friday 27 May 2022
താഴ്‌വാരത്തിന്റെ സുഗന്ധം

By priya.05 May, 2022

imran-azhar


പ്രകൃതിയോട്‌ ചേര്‍ന്ന് ജീവിക്കുകയെന്ന ആശയത്തിന്റെ പ്രചാരകന്‍,ഗാന്ധിയന്‍ ആശയങ്ങള്‍ സ്വന്തം ജീവിതത്തിലേയ്്ക്ക് പകര്‍ത്തി ഒരു നാടിന് മൊത്തത്തില്‍ മാതൃകയായ ആള്‍,അതിലുമുപരി വള്ളനാട് പഞ്ചായത്തിലെ പുനലാല്‍ എന്ന് ഉള്‍നാടന്‍ മലയോര ഗ്രാമത്തിന്റെ ഹൃദയതാളം എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്ക് അനുയോജ്യമായ ഒരു പേരാണ് ഡെയില്‍വ്യു സ്ഥാപകന്‍ ക്രിസ്തുദാസിന്റേത്. നന്മയുടെ പൂമരങ്ങള്‍ നട്ടുപിടിപ്പിച്ച് ഊര്‍ജ്ജവും തണലും ആശ്വാസവും നല്‍കി ജീവിതംകൊണ്ട് മാതൃക തീര്‍ത്തയാള്‍ വിടവാങ്ങിയിട്ട് ഒരുവര്‍ഷം തികയുന്നു. ഒപ്പം അദ്ദേഹത്തിന് സ്വന്തം ചിറകുകള്‍ നല്‍കി, പ്രവര്‍ത്തനപത്ഥാവില്‍ കൂട്ടിനുകൂട്ടായി, ഒരു പക്ഷെ അദ്ദേഹത്തിന്റെ നട്ടെല്ലായികരുത്തേകിയ സഹദര്‍മ്മിണി ശാന്താദാസും കെകോര്‍ത്ത് അദ്ദേഹത്തോടൊപ്പം'കടന്നുപോയിരിക്കുന്നു. അവര്‍സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും മുക്തമാകുവാന്‍ 'ഡെയില്‍വ്യു'വിന് കഴിഞ്ഞിട്ടില്ലായെങ്കിവും അടുത്ത തലമുറ, അവരുടെ അവശേഷിപ്പിച്ച സ്വപ്ന സാക്ഷാത്കാരത്തിനായി അവര്‍ തെളിയിച്ച പാതയിലൂടെ നടന്ന് നീങ്ങുകയാണ്.

 

 


തിരുവനന്തപുരം ജില്ലയില്‍, വെള്ളനാട് പഞ്ചായത്തിലെ ഒരു ഉള്‍നാടന്‍ മലയോര ഗ്രാമപ്രദേശവുമായ പുനലാലില്‍ ക്രിസ്തുദാസും പത്‌നിയായശാന്താദാസും സന്നദ്ധസേവകരായി കടന്നുവന്നത് 1976 ലാണ്. 'താഴ്‌വാരകാഴ്ച'എന്ന്അര്‍ത്ഥംവരുന്ന 'ഡെയില്‍വ്യു'എന്ന് പേര് നല്‍കി ആരംഭിച്ച പ്രസ്ഥാനം സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ആദ്യം മിഴിതുറന്നത്. ദാരിദ്രം, ഔപചാരിക വിദ്യാഭ്യാസത്തിനുള്ള അസൗകര്യം എന്നിവ നാടിന്റെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു എന്ന് മനസ്സിലാക്കിയ അദ്ദേഹം പ്രൈമറിസ്‌കൂള്‍ സ്ഥാപിച്ചു കൊണ്ട ്‌ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചു. 'കൂട്ടായ്മകൊണ്ട് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക' എന്ന ശ്രീ നാരായണഗുരുവിന്റെ സന്ദേശത്തിന്റെ അന്തസത്ത ഉള്‍കൊണ്ട് കൊണ്ട് തന്റെ അക്ഷീണമായ, സന്നദ്ധപ്രവര്‍ത്തനത്തിലൂടെ പുനലാല്‍ എന്ന ഗ്രാമത്തെ സാമൂഹ്യ പരിവര്‍ത്തനം നടത്തി.

 

 


സമാനതകളില്ലാത്ത വ്യക്തി പ്രവാഹം കൊണ്ടും സമസൃഷ്ടിസ്‌നേഹംകൊണ്ടും താരതമ്യം ചെയ്യാന്‍ കഴിയാത്ത സവിശേഷതകള്‍ കൊണ്ടും കഠിനപ്രയത്‌നം കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന കാരുണ്യത്തിന്റെ കാവലാളായിരുന്നു ക്രിസ്തുദാസ് എന്നത് നിസംശയം പറയുവാന്‍ കഴിയുന്ന സത്യമാണ്. സ്വന്തം പേര് അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ ജീവിതലക്ഷ്യം കൈവരിക്കുവാന്‍ അശ്രാന്തം പരിശ്രമിച്ച ജനകീയന്‍. തന്റെ ആശയാഭിലാഷങ്ങള്‍ എപ്പോഴും തന്റെ അനുയായികളോട് പങ്കുവയ്ക്കുവാന്‍ ഒരിക്കലും മടിച്ചിരുന്നില്ല. മദര്‍തെരേസയെ ആരാധിച്ചിരുന്ന അദ്ദേഹം ആ മാതൃകാവനിതയുടെ ആശയങ്ങളില്‍ ആകൃഷ്ടനായിട്ടാണ ്‌സേവനതത്പരനായി രൂപംകൊണ്ടത് എന്ന് പറഞ്ഞിട്ടുണ്ട്.

 

 


സാമൂഹ്യസേവകനെന്ന നിലയില്‍ തന്റെ പ്രയാണത്തില്‍ വിഘാതങ്ങള്‍ സന്ധിച്ചപ്പോഴൊക്കെ, ആത്മവിശ്വാസവും, അര്‍പ്പണമനോഭാവവും അതു മറികടക്കുവാന്‍ 'വിനയവും'ആയുധമാക്കിവിജയഭൂവിലേയ്ക്ക് നടന്നുകയറിയ അത്ഭുത പ്രതിഭാസമാണ് ക്രിസ്തുദാസ്. ഇന്ന് പ്രബലമായി നിലകൊള്ളുന്ന 'കുടുംബശ്രീ' പ്രസ്ഥാനങ്ങള്‍ക്ക് സമമായി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പായിതന്നെ സ്ത്രീ ശാക്തീകരണത്തിനായി നൂറ് കണക്കിന് സ്ത്രീകളുടെ ചെറുകൂട്ടായ്മകള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന ദീര്‍ഘദര്‍ശികളായിരുന്നു ക്രിസ്തുദാസും ശാന്താദാസും. ഇതേകാലയളവില്‍തന്നെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചും ഭാവിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും ഇവയിലൂടെയാകും എന്ന് പ്രവചിച്ച ദാര്‍ശികനുമായിരുന്നു അദ്ദേഹം.

 

 ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വായമായി മദ്യപാനത്തില്‍ നിന്നും, ലഹരിയില്‍ നിന്നും മുക്തി നേടുവാനും മാനസികസംഘഷത്തില്‍ നിന്നും മോചനം നേടാനും സഹായമായി 'ഡെയില്‍വ്യുകെയര്‍ പോയിന്റ്' എന്ന പ്രശസ്തമായ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു. ഗാര്‍ഹികപീഢനങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സംരക്ഷണകേന്ദ്രം, എച്ച്. ഐ.വി. ബോധവത്കരണപദ്ധതി, സമൂഹത്തിലെന്നും അവഗണന നേരിടുന്ന ഭിന്നലിംഗക്കാര്‍ക്കായിട്ടുള്ള 'ട്രാന്‍സ് ജെന്‍ടര്‍' പ്രോജക്ട് എന്നിങ്ങനെ സമകാലിക പദ്ധതികള്‍ നടന്നുവരുന്നതും ക്രിസ്തുദാസ് ശാന്താദാസ് ദമ്പതികളുടെ ചിന്തയില്‍ ഉരിത്തിരിഞ്ഞവയാണ്. കൃഷിത്തോട്ടം, ഹാച്ചറി, ലൈവ്‌സ്റ്റോക്ക് പരിശീലനം, നീര്‍ത്തട പദ്ധതികള്‍, കുടിവെള്ള ക്ഷാമ പരിഹാര പദ്ധതികള്‍, നിര്‍ദ്ധനര്‍ക്കുള്ളഗൃഹനിര്‍മ്മാണ പദ്ധതി, മൂന്ന് ബ്‌ളോക്കുകളായി നടന്നുവന്നിരുന്ന അനവധി ആരോഗ്യകേന്ദ്രങ്ങള്‍, സംയുക്ത എന്ന പേരില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സംഘടനയുടെകീഴില്‍വരുന്ന ചെറുസംഘടനകള്‍, സോഷ്യല്‍ അനിമേറ്റേഴ്‌സ് ട്രെയിനിംഗുകള്‍, ശൗചാലയ നിര്‍മ്മാണങ്ങള്‍, കന്നുകാലിവളര്‍ത്തല്‍, പ്രകൃതിവിഭവങ്ങളുടെശാസ്ത്രീയവുംസമഗ്രവുമായവിനിയോഗത്തിനും ഉല്‍പാദനക്ഷമതകൂട്ടുന്നതിനുമായുള്ള പരിശീലനങ്ങളുംസെന്ററുകളുംറൂഫ്ഹാര്‍വെസ്റ്റിംഗ് തുടങ്ങി എത്രയെത്ര പറഞ്ഞാല്‍തീരാത്ത പദ്ധതികളിലൂടെ നാടിന്റെ ഉന്നമനത്തിന് ഉദകിയ ഉദാത്തമായ പദ്ധതികള്‍ നടപ്പിലാക്കിയവര്‍ ആയിരുന്നു രണ്ടുപേരും.

 

 


നിരവധി ലോകനേതാക്കളും പ്രമുഖവ്യക്തികളുംസന്ദര്‍ശിച്ചുവരുന്ന മാതൃകാസ്ഥാപനമായി വളര്‍ന്ന് തണലായി മാറിയ ഡെയില്‍വ്യു-വിലെ ഡോ. അബ്ദുള്‍കലാം ഇന്റര്‍നാഷണല്‍ സ്മൃതിസെന്ററും മ്യൂസിയവും ലോകജനതയെതന്നെ ആകര്‍ഷിക്കുന്ന തരത്തിലായിട്ടുണ്ട്.

 

 

ഒരു പുരുഷായുസ്‌കൊണ്ട് ചെയ്യാവുന്നതിലുമധികം വേഗത്തില്‍ ചെയ്തുതീര്‍ത്ത്, നിയോഗം പൂര്‍ത്തിയാക്കി, കുറെയേറെ ബാക്കിയാക്കി കാലയവനികയ്ക്കുള്ളില്‍ അവര്‍മടങ്ങിയിരിക്കുന്നു. 'എല്ലാത്തിനെയുംസ്‌നേഹിക്കുക, നല്ലതിനെ ആദരിക്കുക, ദു:ഖങ്ങളില്‍ പങ്കാളിയാകുക എന്നീ തത്വങ്ങളില്‍ പിന്‍തുടര്‍ച്ചക്കാരായ ഡീനാദാസ്, ഡിപിന്‍ ദാസ്, ഡിനില്‍ദാസ് എന്നിവര്‍ക്ക് പകര്‍ന്ന് നല്‍കികൊണ്ട്'മാര്‍ഗ്ഗദീപമായിവഴികാട്ടുന്നു.

 

 


താഴ്‌വാരകാഴ്ചകള്‍ക്ക് തുടിപ്പായി, ജീവശ്വാസമായി, നീര്‍കണങ്ങളായി, പൊന്‍വെളിച്ചമായികൈയൊപ്പ് ചാര്‍ത്തിയ പ്രതിഭകള്‍ ഇന്ന് ഡെയില്‍വ്യു ക്യാമ്പസിലെ 'ഓറാ ക്രിപ്റ്റ്'ല്‍ ശാന്തമായി വിശ്രമിക്കുകയാണ്, വര്‍ണ്ണച്ചിറകുകള്‍ അനുയായികള്‍ക്ക് കൈമാറി പറന്നുയരാന്‍ ആത്മശക്തിയേകി തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞ സമര്‍പ്പിത ജീവിതങ്ങളുടെ മഹനീയ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശതകോടി പ്രണാമം.