Sunday 12 July 2020




ദീപാവലി പടിവാതില്‍ക്കലെത്തി, പൂഴിക്കുന്നിലെ പടക്കവിപണി സജീവം

By online desk .29 Oct, 2019

imran-azhar

 

 

തിരുവനന്തപുരം: പൂഴിക്കുന്നെന്ന് കേട്ടാല്‍ വെടിക്കെട്ടാശാന്മാരുടെ നാടെന്നാണ് അറിയപ്പെടുന്നത്. ദീപാവലി അടുക്കുമ്പോള്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുളളവര്‍ പടക്കം വാങ്ങാന്‍ എത്തുന്നതും പൂഴിക്കുന്നിലാണ്. ദീപാവലിക്ക് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇത്തവണയും പടക്കവിപണി ഇവിടെ ഉഷാറായിട്ടുണ്ട്. ശിവകാശിയില്‍ നിന്ന് നിരവധി ഫാന്‍സി ഇനങ്ങളാണ് വില്‍പ്പനയ്‌ക്കെത്തിയത്. മിന്നിത്തിളങ്ങുന്ന പൂക്കുറ്റികള്‍ തന്നെ നിരവധി ഇനമുണ്ട്. ന്യൂ ജനറേഷനെ ലക്ഷ്യമിട്ട് അപകടരഹിതമായ ഡിജിറ്റല്‍ മോഡല്‍ വെടിയും എത്തിയിട്ടുണ്ട്. ഒരു മിനിട്ടില്‍ ചെറിയ ശബ്ദത്തില്‍ ആറായിരം പ്രാവശ്യം പൊട്ടുന്ന പടക്കവും പ്രത്യേകതയാണ്. കമ്പിത്തിരികള്‍ പല വര്‍ണങ്ങളിലുണ്ട്. നീളമനുസരിച്ചാണ് കമ്പിത്തിരിയുടെ വില. ഒരേസമയം ഇരുപത്തിയഞ്ച് ഷോട്ടുള്ള മെഹന്തിക്കും ഡിമാന്റുണ്ട്. പടക്കങ്ങളെക്കാള്‍ വൈവിദ്ധ്യമാര്‍ന്ന ഫാന്‍സി ഇനങ്ങളോടാണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താത്പര്യം. ശബ്ദമലിനീകരണം കുറയ്ക്കുന്ന ഹരിത പടക്കവും വിപണിയിലുണ്ട്. ബിഗ് ഷോ ,ക്രേസി ബൂം, ബോണ്‍സായ് ഗാര്‍ഡന്‍, മോറി മാജിക്, തുടങ്ങി ശിവകാശിയില്‍ ലഭിക്കുന്ന മിക്കയിനങ്ങളും പൂഴിക്കുന്നിലും വില്‍പ്പനയ്ക്കുണ്ടെന്നുളളത് ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. വെടിക്കെട്ട് ആശാനായിരുന്ന ഗോവിന്ദനാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് പൂഴിക്കുന്നിന് പ്രശസ്തിയുണ്ടാക്കിക്കൊടുത്തത്. ഗോവിന്ദനാശാന്റെ മരണശേഷം മക്കളായ മണിയനാശാനും ശശിയാശാനും ഈ രംഗത്ത് പേരെടുത്തു. മണിയനാശാനും ശശി ആശാനും മരിച്ചതോടെ ആശാ•ാരുടെ പെരുമ നിലനിര്‍ത്താന്‍ പിന്‍തലമുറക്കാരാണ് ഇപ്പോള്‍ രംഗത്തുള്ളത്. ഇനിയുളള രണ്ട് ദിവസം പൂഴിക്കുന്നില്‍ കൂടുതല്‍ ചെറു പടക്ക കടകളും തുറക്കും. ഇതോടെ പടക്കം വാങ്ങാനെത്തുന്നവരുടെ തിരക്കും കൂടും.