By sisira.24 Jan, 2021
അമേരിക്കയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് അടുത്തിടെ നടന്നത്. എല്ലാത്തിനും ഒരേയൊരു ഉത്തരവാദി മാത്രമേയുള്ളു അത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്.
തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കാട്ടിക്കൂട്ടിയ കോലാഹലങ്ങളും പിന്നീട് നടന്ന സംഭവങ്ങളും മാത്രമല്ല അദ്ദേഹത്തെ വേട്ടയാടുന്നത്.
ഭരണത്തിലിരുന്ന കാലമത്രയും ചെയ്തുകൂട്ടിയ പ്രവൃത്തികള്‍ കാരണം അങ്ങേയറ്റം വെറുപ്പ് സമ്പാദിച്ച് ഒടുവില്‍ നാണം കെട്ട് പടിയിറങ്ങുയായിരുന്നു.
ക്യാപ്പിറ്റോളില്‍ നടന്ന ജനാധിപത്യവിരുദ്ധ പ്രക്രിയയില്‍ ട്രംപിന്റെ ആരാധകനായ ഒരു മലയാളി ഇന്ത്യന്‍ പതാക ഉയര്‍ത്തിക്കാട്ടി ആ നാണക്കേടിലും പങ്കാളിയായതും നാം കണ്ടു.
കലാപത്തിന് ആഹ്വാനം നല്കിയ ട്രംപ് ജോ ബൈഡനെപ്പോലെ ഒരാളോട് തോറ്റാല്‍ രാജ്യം വിടുന്നതായിരിക്കും നല്ലതെന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.
വൈകാതെ അത് സംഭവിച്ചേക്കുമെന്ന സൂചനകളാണ് പൂറത്തുവരുന്നത്.
അത്തരമൊരു പ്രസ്താവനയ്ക്ക് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും അധികാരമില്ലാതായാല്‍ ട്രംപ് നേരിടേണ്ടിവരുന്ന നിയമ നടപടികള്‍ തന്നെയാണ് അതില്‍ പ്രധാനം.
ഇത്രനാളും പ്രസിഡന്റിന് ലഭിച്ച നിയമ പരിരക്ഷ നഷ്ടമായതോടെ, ഇതുവരെ മുടങ്ങിക്കിടന്ന കേസുകളില്‍ ഉള്‍പ്പെടെ ട്രംപിന് വിചാരണ നേരിടേണ്ടിവരും. മറ്റാരേക്കാളും ട്രംപിന് അക്കാര്യം നന്നായി അറിയാം.
അതുകൊണ്ടാണ് പരാജയം ഒഴിവാക്കാനുള്ള സകല തന്ത്രങ്ങളും പയറ്റി തോറ്റപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ റിപ്പബ്ലിക്കന്‍ അനുകൂലികളെ ട്രംപ് ഒപ്പംകൂട്ടിയത്.
ഫെഡറല്‍ ക്രിമിനല്‍ നിയമങ്ങളില്‍നിന്നെല്ലാം പ്രസിഡന്റ് പദവി ട്രംപിന് നിയമപരമായ സംരക്ഷണം നല്‍കിയിരുന്നു.
ട്രംപിനും അദ്ദേഹത്തിന്റെ ബിസിനസിനുമെതിരായ കേസുകളിലെല്ലാം ഇത്തരം സവിശേഷ നിയമസംരക്ഷണം ഗുണം ചെയ്തു.
ഏതാനും കേസുകള്‍ മാറ്റിവയ്ക്കാന്‍ ട്രംപിന് സാധിച്ചു. എന്നാല്‍ നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍ കോടതികള്‍ അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചിട്ടില്ല.
ഇനി അദ്ദേഹത്തിന് സാധാരണ അമേരിക്കന്‍ പൗരനുള്ള നിയമ പരിരക്ഷ മാത്രമേ ഉള്ളൂ. എന്നാല്‍, മുന്‍ പ്രസിഡന്റിനെതിരായ ക്രിമിനല്‍ നടപടികള്‍ രാജ്യത്ത് സംഘര്‍ഷത്തിനു തന്നെ കാരണമായേക്കാമെന്ന തിരച്ചറിവില്‍ ബൈഡന് സര്‍ക്കാര്‍ സാവധാനത്തിലായിരിക്കും ഇക്കാര്യങ്ങളില്‍ നടപടിയെടുക്കുക.
2016 മുതല്‍ പ്രസിഡന്റ് പദവിയില്‍ എത്തിയശേഷം ചെയ്തുകൂട്ടിയ നിരവധി നിയമവിരുദ്ധ, ക്രമരഹിത ഇടപാടുകള്‍ ട്രംപിന്റെ പേരിലുണ്ട്.
2017ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും 2019ലെ സ്പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ റിപ്പോര്‍ട്ടിലും അവയെല്ലാം അക്കമിട്ടു നിരത്തിയിട്ടുണ്ട്.
ട്രംപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന് ഉള്‍പ്പെടെ അഴിക്കുള്ളിലായപ്പോഴും ട്രംപിന് തുണയായത് പ്രസിഡന്റിനുള്ള നിയമ പരിരക്ഷ ഒന്നുമാത്രമാണ്.
തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ റഷ്യയെ കൂട്ടുപിടിച്ചതു മുതല്‍ നീതിനിര്‍വഹണം തടസപ്പെടുത്തിയതും പരസ്ത്രീ ബന്ധം ഒതുക്കാന്‍ നടത്തിയ സാമ്പത്തിക കരാറും വര്‍ഷങ്ങള്‍ നീണ്ട നികുതി വെട്ടിപ്പും വരെ എത്തിനില്‍ക്കുന്നതാണ് ട്രംപിനെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍.
നീതിനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസില്‍ ഏറ്റവും പ്രധാനം എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിയെ അകാരണമായി പുറത്താക്കിയതാണ്.
2016ലെ തിരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന ഹിലരി ക്ലിന്റന്റെ വിവാദ ഇ-മെയിലുകളുമായി ബന്ധപ്പെട്ട കേസുകളില്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ല എന്നാരോപിച്ചാണ് ട്രംപ് കോമിയെ പുറത്താക്കിയത്.
എന്നാല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ പങ്കിനെക്കുറിച്ച് അന്വേഷിച്ചതാണ് കോമിക്ക് വിനയായതെന്നതാണ് വാസ്തവം.
10 വര്‍ഷ കാലാവധിയില്‍ മൂന്നര വര്‍ഷം എത്തിയപ്പോഴായിരുന്നു കോമിയെ പുറത്താക്കിയത്.
ട്രംപിന്റെ റഷ്യന്‍ ബന്ധത്തിന്റെ തെളിവുകള്‍ 2017ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും വിവരിക്കുന്നുണ്ട്.
കേസില്‍ വിചാരണയ്ക്കിടെ ട്രംപിന്റെ ഉപദേശകനായിരുന്ന ജോര്‍ജ് പാപ്പാഡോപോള്‍സിന് തടവുശിക്ഷ വിധിച്ചിരുന്നു.
ട്രംപിന്റെ പ്രചാരണ സംഘത്തിന്റെ തലവനായിരുന്ന പോള്‍ മാനഫോര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ വ്യാപാര പങ്കാളി റിക്ക് ഗേറ്റ്സിന്റെയും പേരിലും രാജ്യത്തിനെതിരായ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ ഏജന്റാണെന്ന് അറിയിക്കാതിരിക്കല്‍, കള്ളമൊഴി നല്കല്, വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കല്‍ എന്നിങ്ങനെ അതിഗുരുതരമായ 15 കുറ്റങ്ങളാണ് മുള്ളര്‍ ചുമത്തിയത്.
റഷ്യന്‍ ബന്ധം സംബന്ധിച്ച ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചെങ്കിലും സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്നിന്റെ രാജി ഉള്‍പ്പെടെ ട്രംപിന് തിരിച്ചടിയായി.
ട്രംപ് അധികാരത്തിലെത്തും മുമ്പായി റഷ്യക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ ഫ്ളിന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നായിരുന്നു ആരോപണം.
കുരുക്ക് മുറുകുമെന്ന് തിരിച്ചറിഞ്ഞ ട്രംപ് ഒരുപറ്റം ഉദ്യോഗസ്ഥരെ ഒഴിവാക്കിയപ്പോള്‍ വിദേശ നയം സംബന്ധിച്ച അഭിപ്രായ ഭിന്നതക്കൊടുവില്‍, ഫ്ലിന്നിനു പകരം വന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെപ്പോലുള്ളവര്‍ രാജിവച്ചൊഴിയുകയും ചെയ്തു.
പിന്നീട് ഇവര്‍ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ട്രംപിനെ കൂടുതല്‍ കുഴപ്പങ്ങളിലാണെത്തിച്ചത്.
അതിനിടെ, എതിര് സ്ഥാനാര്‍ഥി ജോ ബൈഡനെതിരായ കേസുകള്‍ കുത്തിപ്പൊക്കാന്‍ ട്രംപ് ഉക്രെയിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം ഇംപീച്ച്മെന്റ് നടപടിയോളം എത്തി.
ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുര്‍വിനിയോഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇംപീച്ച്മെന്റിന് ശുപാര്‍ശ ചെയ്തത്.
1990കളില്‍ ട്രംപ് ബലാത്സംഗം ചെയ്തെന്ന ഓണ്‍ലൈന്‍ മാഗസിന് കോളമിസ്റ്റായ ജീന്‍ കരോളിന്റെ ആരോപണവും 2007ല്‍ ട്രംപ് പീഡിപ്പിച്ചെന്ന സമ്മര്‍ സെര്‍വോസിന്റെ മാനനഷ്ടക്കേസിലും കോടതി നടപടികള്‍ വൈകുകയാണ്.
പോണ് താരം സ്റ്റോമി ഡാനിയേലിന്റെ വെളിപ്പെടുത്തലും ദീര്‍ഘകാലം അഭിഭാഷകനും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മൈക്കല്‍ കോഹന്റെ അറസ്റ്റും ട്രംപിനെ എങ്ങനെ ബാധിക്കുമെന്നതും കണ്ടറിയണം.
2006നും 2007നും ഇടയില്‍ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും ഇത് മറച്ചുവയ്ക്കാന്‍ കോഹെന് പണം നല്കിയെന്നുമുള്ള സ്റ്റോമിയുടെ വെളിപ്പെടുത്തലാണ് കോഹന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വാങ്ങിനല്‍കിയത്.
2015ലാണ് ട്രംപുമായുള്ള ബന്ധം പരസ്യമായി പ്രഖ്യാപിക്കുമെന്ന് സ്റ്റോമി അറിയിച്ചത്. തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നു കണ്ട ട്രംപ് കോഹന് വഴി അത് തടയുകയായിരുന്നു.
2016 തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു 1.30 ലക്ഷം ഡോളര്‍ നല്കി രഹസ്യബന്ധം പുറത്തുപറയാതിരിക്കാന്‍ ധാരണയുണ്ടാക്കിയത്. സ്റ്റോമി നുണച്ചിയാണെന്ന് ആരോപിച്ചതോടെ മാനനഷ്ടക്കേസും കോഹനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.
മുള്ളെറുടെ നിര്‍ദേശ പ്രകാരം എഫ്ബിഐ കോഹന്റെ ഓഫീസും വസതിയും റെയ്ഡ് ചെയ്തതോടെ നിരവധി രഹസ്യങ്ങളാണ് ചുരുളഴിഞ്ഞത്.
പ്ലേ ബോയ് മോഡല്‍ കാരല്‍ മക്ഡഗലിനു പണം നല്കി ട്രംപിന്റെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചതും കോഹനായിരുന്നു. മക്ഡഗലിന്റെ വെളിപ്പെടുത്തല്‍ പുറത്തുവരാതിരിക്കാന്‍ സായാഹ്ന പത്രത്തെ വിലയ്ക്കെടുത്തു.
ട്രംപിന്റെ റഷ്യന്‍ ബന്ധത്തിന്റെ ഇടനിലക്കാരനും മറ്റാരുമായിരുന്നില്ല. ട്രംപിന്റെ എട്ടുവര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണുകള്‍ സംബന്ധിച്ച രേഖകളാണ് മാന്‍ഹട്ടന്‍ ജില്ല കോടതി ആവശ്യപ്പെട്ടത്.
ട്രംപിന്റെ അക്കൗണ്ടിംഗ് സ്ഥാപനമായ മസാറിനോട് ഇവ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തിക രേഖകള്‍ വിളിച്ചുവരുത്താനുള്ള നടപടിയെ ട്രംപ് ചോദ്യം ചെയ്തെങ്കിലും സുപ്രീം കോടതി ആവശ്യം തള്ളി.
പദവിയിലിരിക്കുന്ന പ്രസിഡന്റിന് ക്രിമിനല്‍ അന്വേഷണങ്ങളില്‍ നിന്നും പരിരക്ഷയുണ്ട് എന്ന ട്രംപിന്റെ വാദമാണ് കോടതി തള്ളിയത്.
ട്രംപ് പദവി ഒഴിയുന്നതിനു പിന്നാലെ കേസ് വീണ്ടും കോടതി പരിഗണിക്കും. അതിനിടെയാണ് പത്ത് വര്‍ഷമായി ട്രംപ് നികുതി അടക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അധികാരത്തിലേറിയശേഷം 750 ഡോളര്‍ മാത്രമാണ് ട്രംപ് അടച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.